മോർബി പാലം തകരുന്നതിനു മുൻപുള്ള ദൃശ്യങ്ങൾ! വാസ്തവമെന്ത്? | Fact Check


പ്രശാന്ത് എം.എസ്./ ഫാക്ട് ചെക്ക് ഡെസ്‌ക്

.

ഇക്കഴിഞ്ഞ ഒക്ടോബർ മുപ്പതിന് ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് നൂറ്റിനാല്പതോളം പേർ മരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ പാലം തകരുന്നതിനു തൊട്ടു മുൻപുള്ള ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെ ഒരു വീഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്.

പ്രചരിക്കുന്ന ട്വീറ്റിൽ പറയുന്നത്- 'മോർബി പാലം തകരുന്നതിന് മുൻപ് പാലത്തിൽ കയറിയ യുവാക്കൾ തൂക്കുപാലത്തിന്റെ കേബിളുകളിൽ ചവിട്ടുന്നു. ഗുജറാത്തിന്റെ സൽപ്പേര് തകർക്കാനുള്ള ഗൂഢാലോചനയാണിത്. ഇവരെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യുക.'ഇതിനു പിന്നിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

നദിക്ക് കുറുകെയുള്ള തൂക്കുപാലത്തിൽ തിങ്ങി നിറയുംവിധം നിരവധി പേരെ കാണാം. അവരിൽ ചില യുവാക്കൾ കേബിളുകളിൽ പിടിച്ച് പാലം കുലുക്കാൻ ശ്രമിക്കുന്നതും മറ്റൊരാൾ കേബിളുകളിൽ ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. വസ്തുതാ പരിശോധനക്കെടുത്ത ട്വീറ്റിൽ പറയുന്നത് പാലം തകരുന്നതിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങളാണതെന്നാണ്. എന്നാൽ പാലം തകരുന്നതിന് തലേ ദിവസത്തെ ദൃശ്യങ്ങളെന്ന വാദത്തോടെ ഇതേ വീഡിയോ പ്രചരിക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

കീ ഫ്രെയിംസ് ഉപയോഗിച്ചുള്ള പരിശോധനയിൽ പ്രസ്തുത വീഡിയോ മോർബി പാലത്തിന്റേതാണ് തന്നെയെന്ന് സ്ഥിരീകരിച്ചു. വിശദമായ അന്വേഷണത്തിൽ, ട്വിറ്ററിൽ മറ്റൊരു യൂസർ പ്രചരിക്കുന്ന ദൃശ്യത്തിന് സമാനമായ ഒരു ഫോട്ടോ പങ്കു വച്ചതായി കണ്ടെത്തി. പ്രസ്തുത ഫോട്ടോയിലെ വാട്ടർമാർക്കിൽ ഇത് ഒക്ടോബർ 26-ന് 5.57-ന് എടുത്താണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.

മോർബി പാലം തകരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പ്രചരിക്കുന്ന വീഡിയോയുമായി താരമ്യം ചെയ്തു. സിസിടിവി ദൃശ്യങ്ങളിൽ താഴെകാണുന്ന പുഴയിൽ പായലില്ല. എന്നാൽ പ്രചരിക്കുന്ന വീഡിയോയിൽ പാലത്തിന് താഴെയായി പുഴയിൽ പായൽ മൂടിക്കിടക്കുന്നതായി കാണാം. ഒക്ടോബർ 26-ന് എടുത്ത പാലത്തിന്റെ ഫോട്ടോയിലും പുഴ പയൽമൂടി സമാന സ്ഥിതിയിലാണ്. ഇതിൽനിന്നു പാലം തകരുന്നതിന്റെ തൊട്ടുമുൻപത്തേതല്ല ദൃശ്യങ്ങളെന്ന് ഉറപ്പിച്ചു.

തിയതിയും സമയവും അടങ്ങുന്ന ചിത്രം(മുകളിൽ ), സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയുടെ സ്‌ക്രീൻഷോട്ട്(താഴെ) | കടപ്പാട്: ട്വിറ്റർ

പാലം തകരുന്നതിനു മുൻപുള്ള സിസിടിവി ദൃശ്യം | കടപ്പാട്: യൂട്യൂബ്

ഈ ചിത്രത്തിന്റെയും ദൃശ്യങ്ങളുടെയും ആധികാരികത ഉറപ്പിക്കാൻ ദൈനിക് ജാഗരണിന്റെ ഗുജറാത്തിലെ പ്രതിനിധിയുമായി ബന്ധപെട്ടു. അദ്ദേഹം നൽകിയ വിവരങ്ങൾ അനുസരിച്ച്, ഈ ദൃശ്യങ്ങൾ അപകടം നടന്നതിന്റെ തലേദിവസത്തേതല്ല. ഇക്കഴിഞ്ഞ മാർച്ചിൽ അറ്റകുറ്റപ്പണികൾക്കായി അടച്ച മോർബി പാലം ഒക്ടോബർ 26-നാണ് പൊതുജനത്തിനായി തുറന്നു കൊടുത്തത്. പാലം കാണാൻ ഏറ്റുവുമധികം തിരക്കുണ്ടായതും അന്നാണ്. ഒരു പക്ഷെ അന്നെടുത്ത ദൃശ്യങ്ങളാവാം ഇതെന്നും അദ്ദേഹം പറഞ്ഞു.

വിശദമായ അന്വേഷണത്തിൽ ഇത് സാധൂകരിക്കുന്ന കൂടുതൽ തെളിവുകൾ കണ്ടെത്തി. മോർബി ഓൺലൈൻ എന്ന ഗുജാർത്തി വാർത്ത പോർട്ടൽ അവരുടെ ഫേസ്ബുക് പേജിൽ ഒക്ടോബർ 26-ന് മോർബി പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.

ഈ വീഡിയോയിലെ പരിസരവും താഴെ നദിയിലുള്ള പായലിന്റെ കിടപ്പും പ്രചരിക്കുന്ന വീഡിയോയിലേതിന് സമാനമാണ്. മോർബി ഓൺലൈനുമായി ബന്ധപെട്ടപ്പോൾ പ്രചരിക്കുന്ന വീഡിയോ പാലം ഉദ്ഘാടനം ചെയ്ത ദിവസത്തേതാകാം എന്ന് അവരും പ്രതികരിച്ചു. ഇതിൽനിന്നു പ്രചരിക്കുന്ന ദൃശ്യങ്ങൾ അപകടം നടക്കുന്നതിന്റെ തലേ ദിവസമോ തൊട്ടു മുൻപോ ഉള്ളതല്ല.

വാസ്തവം

മോർബി പാലം തകരുന്നതിനു തൊട്ടുമുൻപുള്ള വീഡിയോ എന്ന തരത്തിൽ നടക്കുന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കഴിഞ്ഞ മാർച്ചിൽ അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട പാലം ഒക്ടോബർ 26-നാണ് പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു കൊടുത്തത്. അന്ന് ചിത്രികരിച്ച ദൃശ്യങ്ങളാണ് പാലം തകരുന്നതിനു തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Content Highlights: Morbi Hanging bridge, Collapsed, Causality, Viral Visuals, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented