കേരളത്തിൽ പന്നിവളർത്തലിന് അപ്രഖ്യാപിത വിലക്കെന്ന് ആരോപണം; വാസ്തവമെന്ത്? |Fact Check


സച്ചിൻ കുമാർ / ഫാക്ട് ചെക്ക് ഡെസ്‌ക്ക്

-

കേരളം പന്നി വളർത്തൽ നിരോധനത്തിന്റെ പാതയിലാണെന്ന തരത്തിൽ വർഗീയ ചുവയോടു കൂടി പ്രസിദ്ധീകരിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിനു പിന്നിലെ വസ്തുത അന്വേഷിച്ചാൽ നാം ചെന്നെത്തുക വർഗീയ വിദ്വേഷം വളർത്താനുള്ള ശ്രമമെന്ന യാഥാർത്ഥ്യത്തിലേക്കാണ്. ഈ മേഖലയ്ക്ക് സഹായങ്ങൾ നൽകുന്നില്ലെന്നും ആരോപണം ഉന്നയിച്ചുകൊണ്ട് ഒരു ഫേസ്ബുക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒട്ടേറെ പേരാണ് ഇതിനകം ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുള്ളത്.

പോസ്റ്റിന്റെ പൂർണ രൂപം:

  • 'സാധാരണയായി ഇസ്ലാം രാഷ്ട്രങ്ങളാണ് വളർത്തുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്....
  • കേരള സർക്കാരും അതിൻറെ പാതയിലാണെന്ന് വളരെയേറെ സംശയിക്കേണ്ട സാഹചര്യങ്ങളാണ് കാണുന്നത് ...
  • വളർത്തുമൃഗങ്ങളുടെ ലിസ്റ്റിൽ പന്നികളെ ഉൾപ്പെടുത്താതെ കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് മുന്നോട്ടു പോകുന്ന കാഴ്ചയാണ് കാണുന്നത്....
  • വളർത്തു മൃഗങ്ങളിൽ ഏറ്റവും ലാഭകരമായ പന്നി വളർത്തുന്നതിന് പരിശീലനവും ഇല്ല ലോൺ ഇല്ല യാതൊരുവിധ സഹായങ്ങളും കേരളത്തിലില്ല...
  • മൃഗസംരക്ഷണ വകുപ്പ് വഴിയും കൃഷിഭവൻ വഴിയും ആട്, കോഴി, താറാവ്, പശു ഈ ലിസ്റ്റിൽ പന്നികളെ ഇപ്പോൾ കാണാറില്ല...
  • ഒരു 30 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ പന്നി വളർത്തുന്നതിനു പ്രോത്സാഹനം നൽകുവാൻ ഒരു സർക്കാരുകളും ശ്രമിച്ചിട്ടില്ല എന്ന് വ്യക്തമായി മനസ്സിലാക്കുവാൻ സാധിക്കും ...
  • കേരളത്തിൽ ഏറ്റവും ലാഭകരമായി പ്രവർത്തിച്ചിരുന്ന നിരവധി പന്നി ഫാമുകൾ പൂട്ടിക്കാൻ പലരും കൂട്ടുനിൽക്കുന്നതായും സംശയിക്കുന്നു ....
  • ഒരുകാലത്ത് വൻതോതിൽ കയറ്റുമതി ചെയ്തിരുന്ന പന്നിയും, മാംസവും ഏതാണ്ട് നിരോധിച്ചതിന് തുല്യമായ അവസ്ഥയാണ് കാണുന്നത്....
  • കയറ്റുമതി തടഞ്ഞുനിർത്തി പന്നി ഫാമുകൾ ലാഭകരമായി വളർത്തിയിരുന്ന കർഷകരെ ദ്രോഹിച്ചത് കൂടി ചെയ്തിരിക്കുന്നതെന്നും കാണുവാൻ സാധിക്കും.
  • ഇതിനോടൊപ്പം രണ്ട് ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ആട്, പശു, കോഴി എന്നിവ വളർത്താൻ 2021 ഓഗസ്റ്റിൽ വിവിധ ദിവസങ്ങളിലായി ഓൺലൈൻ പരിശീലന പരിപാടി തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രം സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുക്കാനുള്ള അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് പുറത്തിറക്കിയ ഒരു ചിത്രമാണ് എഡിറ്റ് ചെയ്ത് പോസ്റ്റിനൊപ്പം ചേർത്തിട്ടുള്ളത്. പന്നി വളർത്തൽ പരിശീലനം നൽകുന്നില്ല എന്ന് ആരോപിക്കുന്നതിന്റെ തെളിവെന്നോണമാണ് ഈ ചിത്രം നൽകിയിരിക്കുന്നത്.
അന്വേഷണം

പോസ്റ്റിൽ പറയുന്നതുപോലെ ഓഗസ്റ്റ് മാസത്തിൽ ഒരു പരിശീലന പരിപാടി നടന്നിട്ടുണ്ടോ എന്നറിയാൻ മൃഗസംരക്ഷണ പരിശീലന കേന്ദ്രവുമായി ബന്ധപ്പെട്ടു. ചിത്രത്തിൽ പരാമർശിക്കുന്നത് പോലെ വിവിധ ഓൺലൈൻ പരിശീലന പരിപാടികൾ ഓഗസ്റ്റ് മാസത്തിൽ തലയോലപ്പറമ്പ് മൃഗ സംരക്ഷണ പരിശീലന കേന്ദ്രം സംഘടിപ്പിച്ചിരുന്നു എന്ന് ഉറപ്പിക്കാൻ സാധിച്ചു. ഒപ്പം ജൂലായ് 22-നു പന്നി വളർത്തലുമായി ബന്ധപ്പെട്ടും ഒരു ഓൺലൈൻ പരിശീലന പരിപാടി നടന്നിരുന്നു എന്നും പരിശീലന കേന്ദ്രം അധികൃതർ അറിയിച്ചു.

പന്നി വളർത്തലിനു വേണ്ടി സംസ്ഥാന സർക്കാർ വിവിധ ഏജൻസികൾ വഴി സഹായങ്ങൾ നൽകുന്നുണ്ട്. സംസ്ഥാനത്ത് നല്ലയിനം പന്നികളെ ഉത്പാദിപ്പിക്കാനും വിതരണം നടത്താനുമായി കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ് എന്ന സ്ഥാപനം നിലവിലുണ്ട്. എല്ലാ വർഷവും ആയിരം പന്നികളെ വിതരണം നടത്തുക, പന്നി പരിപാലനത്തിന് പരിശീലനം നൽകുക എന്നിവ ഇവരുടെ പ്രവർത്തനത്തിന്റെ ഭാഗമാണ്.

കൂടാതെ, കമ്മ്യൂണിറ്റി എന്റർപ്രൈസ് ഫണ്ട് ഉപയോഗിച്ച് സംസ്ഥാനനത്തെ 155 സി.ഡി.എസ്സുകളിൽ പന്നിവളർത്തലിനു വേണ്ടി ലോൺ നൽകുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചതായി കുടുംബശ്രീ അധികൃതർ അറിയിച്ചു. അതിനാൽ തന്നെ കഴിഞ്ഞ 30 വർഷത്തിനുള്ളിൽ പന്നി വളർത്തുന്നതിനു പ്രോത്സാഹനം നൽകുവാൻ ഒരു സർക്കാരുകളും ശ്രമിച്ചിട്ടില്ല എന്ന് പറയുന്നത് വ്യാജമാണെന്ന് ഉറപ്പിക്കാൻ സാധിക്കും.

'കയറ്റുമതി തടഞ്ഞു നിർത്തി' എന്ന പ്രസ്താവന വളരെ അവ്യക്തമാണ്. പന്നികളുടെ ഇറച്ചിയും തോലും കൂടാതെ നിരവധി മൂല്യാധിഷ്ഠിത ഉൽപ്പന്നങ്ങൾ പന്നിയിൽനിന്ന് ഉൽപ്പാദിപ്പിക്കാനും കയറ്റുമതി നടത്താനും സാധിക്കും. ബീഫ്, കോഴിയിറച്ചി എന്നിവയെ അപേക്ഷിച്ച് കേരളത്തിൽ പന്നിയിറച്ചിയുടെ ഉപഭോഗവും ഉൽപ്പാദനവും കുറവാണ്. അതിനാൽ തന്നെ സംസ്ഥാനത്തുനിന്നു മുൻപ് പന്നിയിറച്ചിയുടെ കയറ്റുമതി നടന്നിരുന്നില്ല. സംസ്ഥാന സർക്കാർ സ്ഥാപനമായ മീറ്റ് പ്രോഡക്റ്റ്‌സ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പന്നിയിറച്ചി ഉൾപ്പെടെയുള്ളവയുടെ കയറ്റുമതി തുടങ്ങാനുള്ള പദ്ധതിക്ക് സംസ്ഥാനം 2018-ൽ തുടക്കമിട്ടിരുന്നു. അതുകൊണ്ടുതന്നെ കയറ്റുമതി തടഞ്ഞു നിർത്തിയെന്നത് വസ്തുതാവിരുദ്ധമാണ്.

ഇറച്ചി കയറ്റുമതിയുമായി ബന്ധപ്പെട്ട് 2018-ൽ മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്ത.
https://english.mathrubhumi.com/news/kerala/govt-to-start-meat-export-from-kerala-soon-meat-products-of-india-state-department-of-animal-husbandry-1.2964708

2019-ലെ കന്നുകാലി സെൻസസ് (ഇരുപതാം കന്നുകാലി സെൻസസ്) പ്രകാരം കേരളത്തിലെ മൊത്തം വളർത്തുപന്നികളുടെ എണ്ണത്തിൽ 2012-2019 കാലയളവിൽ 86.19 % വർധനവുണ്ടായി. സംസ്ഥാനത്തെ ആകെ കന്നുകാലികളിൽ 3.5 ശതമാനവും വളർത്തു പന്നികളാണെന്നും സെൻസസ് റിപ്പോർട്ടിൽ പറയുന്നു.

എല്ലാ മുസ്ലിം രാഷ്ട്രങ്ങളിലും പന്നി ഫാമുകൾക്ക് നിരോധനമില്ല എന്നതാണ് വസ്തുത. ടുണീഷ്യ, മൊറോക്കോ പോലുള്ള രാജ്യങ്ങളിൽ ധാരാളം പന്നി ഫാമുകൾ സ്ഥിതി ചെയ്യുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മൊറോക്കോയിലെ പന്നി ഫാമുകളെ പറ്റിയുള്ള വാർത്ത:
https://www.smh.com.au/world/pig-farms-bloom-in-muslim-morocco-20080401-gds7o9.html

അങ്ങനെ ഈ പോസ്റ്റ് പൂർണ്ണമായും വ്യാജമാണെന്ന് തെളിഞ്ഞു. തെറ്റിദ്ധാരണ പരത്തി വർഗീയ വിദ്വേഷം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രസിദ്ധീകരിച്ച ഒരു ഫേസ്ബുക് പോസ്റ്റാണിത്.

pig

വാസ്തവം

കേരളത്തിൽ പന്നി ഇറച്ചി ഉൽപ്പാദനത്തിന് സർക്കാർ പ്രോത്സാഹനമില്ലെന്ന തരത്തിൽ വർഗീയ ചുവയോടുകൂടി പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റ് വാസ്തവവിരുദ്ധം. ഇരുപതാം കന്നുകാലി സെൻസസ് പ്രകാരം 2012-2019 കാലയളവിൽ കേരളത്തിൽ വളർത്തുപന്നികളുടെ എണ്ണം 86.19% വർദ്ധിക്കുകയാണ് ഉണ്ടായത്. മറ്റ് കന്നുകാലി വളർത്തു മേഖലകളെ പോലെ വിവിധ പദ്ധതികളിലൂടെ സർക്കാർ സഹായവും ഈ മേഖലക്ക് നൽകുന്നതായി അധികൃതർ അറിയിച്ചു. ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെച്ചുകൊണ്ട് വർഗ്ഗീയ വിദ്വേഷം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പോസ്റ്റ് പ്രചരിക്കുന്നത്.

Content Highlights: Unannounced ban on pig farming in Kerala? | Fact Check

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented