പ്രചരിക്കുന്ന ദൃശ്യങ്ങളിൽനിന്ന്
മതസ്പർദ്ധയുണ്ടാക്കും വിധം അനേകം പ്രചാരണങ്ങൾ സമൂഹ മാധ്യമങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ വൈദ്യുതി മോഷണം നടത്തുന്ന ഇസ്ലാം മതവിശ്വാസി എന്ന അവകാശവാദത്തോടെ ചില ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹിന്ദി ഭാഷയിൽ വ്യക്തികൾ സംസാരിക്കുന്നതിനാൽ, ദൃശ്യങ്ങൾ ഇന്ത്യയിൽ നിന്നാണെന്ന പ്രതീതിയും ഉണ്ടാകുന്നു. ഈ ദൃശ്യങ്ങളുടെ വാസ്തവം പരിശോധിക്കുന്നു.
അന്വേഷണം
ട്വിറ്ററിലും ഫേസ്ബുക്കിലും പ്രചരിക്കുന്ന ദൃശ്യങ്ങൾക്കൊപ്പം ഇംഗ്ലീഷിലും ഹിന്ദിയിലും നൽകിയിരിക്കുന്ന വിവരണമിതാണ് 'ഞാൻ വൈദ്യുതി മോഷ്ടിക്കും, ബില്ലും അടയ്ക്കില്ല. ലൈൻ മുറിച്ചാൽ, ഒന്നുകിൽ ഞാൻ മരിക്കും അല്ലെങ്കിൽ നിങ്ങളെ കൊല്ലും. സമാധാന സമുദായത്തിലെ പൗരൻ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനോട് അപേക്ഷിക്കുന്നു! എവിടെനിന്നാണ് ഇവർക്ക് ഇതിനുള്ള ധൈര്യം കിട്ടുന്നത്.'
ദൃശ്യങ്ങളിൽ കുറേയാളുകൾ കൂടി നിൽക്കുന്നതും രണ്ടു പേർ സംസാരിക്കുന്നതും കാണാം. വൈദ്യുതി വിഭാഗത്തിലെ ഉദ്യോഗസ്ഥൻ എന്ന് തോന്നിപ്പിക്കുന്ന ഒരാളും തൊപ്പി വച്ച മറ്റൊരാളുമാണ് സംസാരിക്കുന്നത്.
ഉദ്യോഗസ്ഥൻ മീറ്റർ പുനഃസ്ഥാപിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ അത് പറ്റില്ലെന്നും നിങ്ങൾ ബലം പ്രയോഗിച്ചാൽ ഞാൻ മരിക്കുകയോ അല്ലെങ്കിൽ നിങ്ങളെ കൊല്ലുമെന്നും മറുപടി നൽകുന്നു. താൻ വൈദ്യുതി മോഷ്ടിക്കുന്നുണ്ടെന്നും തന്റെ ഗുണ്ടകളെ മീറ്റർ സ്ഥാപിച്ച ഇടത്തുനിന്നും മാറ്റില്ലെന്നും ഇയാൾ ഉദ്യോഗസ്ഥനോട് പറയുന്നുണ്ട്. ദൃശ്യങ്ങളുടെ അവസാന ഭാഗത്ത് മരിക്കും അല്ലെങ്കിൽ കൊല്ലും എന്ന് ഇയാൾ ക്യാമറയിൽ നോക്കി ഉറക്കെ പറയുന്നതും കാണാം. ഹിന്ദിയിലുള്ള വീഡിയോ ദൃശ്യങ്ങൾ ഇന്ത്യയിൽ നിന്നാണെന്ന പ്രതീതിയും ഉണ്ടാക്കുന്നു.
കീ ഫ്രെയിംസ് ടൂൾ ഉപയോഗിച്ചുള്ള പരിശോധനയിൽ ദൃശ്യങ്ങൾ ഇന്ത്യയിൽ നടന്നതല്ല എന്ന് കണ്ടെത്തി. പാകിസ്താനിലെ കറാച്ചിയിൽ 2020-ലാണ് ഈ സംഭവം നടന്നത്. പാക്സിതാനിലെ അറി ന്യൂസ് (Ary Nesw) സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കറാച്ചിയിൽ വൈദ്യുതി മോഷണം നടത്തിയ അതാവുർ റഹ്മാൻ എന്ന വ്യക്തി, മോഷണം കണ്ടെത്തിയ കെ-ഇലക്ട്രിക് എന്ന കമ്പനിയിലെ ജീവനക്കാരനുമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്നതാണ് ദൃശ്യങ്ങളിൽ. പാകിസ്ഥാനിൽ നിന്നുള്ള ചില ട്വിറ്റർ ഹാൻഡിലുകൾ അന്ന് ഇതിന്റെ ദൃശ്യങ്ങൾ ഷെയർ ചെയ്തിരുന്നു.
ഇത് സംബന്ധിക്കുന്ന വാർത്തയുടെ ലിങ്കും ട്വിറ്റർ പോസ്റ്റുകളും:
വാസ്തവം
വൈദ്യുതി മോഷണം നടത്തിയ ദൃശ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ളതല്ല. ഇത് 2020-ൽ പാകിസ്താനിലെ കറാച്ചിയിൽ നടന്ന സംഭവത്തിന്റേതാണ്. ഈ ദൃശ്യങ്ങളാണ് തെറ്റായ വിവരങ്ങളോടെ ഇന്ത്യയിൽ സംഭവിച്ചതാണെന്ന തരത്തിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..