കടപ്പാട് : ട്വിറ്റർ
രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിര വേദിയിലെ അലങ്കാരങ്ങൾ ത്രിവർണ പതാകയോട് അനാദരവ് കാണിക്കുന്നു എന്ന വാദവുമായി അനേകം പോസ്റ്റുകളാണ് ട്വിറ്ററിലൂടെ വ്യാപകമായി പ്രചരിക്കപ്പെടുന്നത്.

'ത്രിവർണ്ണ പതാകയെ അപമാനിച്ചുകൊണ്ട് തലക്ക് മുകളിൽ പച്ചയും കാൽ ചുവട്ടിൽ കുങ്കുമവും', 'പാക്കിസ്ഥാൻ പതാകയുടെ നിറങ്ങളായ പച്ചയും വെള്ളയും മുകളിലും കുങ്കുമ നിറം കാൽകീഴിലും'. എന്നീ അടികുറിപ്പുകളോടെയാണ് ചിന്തൻ ശിബിരത്തിന്റെ ചിത്രം വ്യാപകമായി ട്വിറ്ററിൽ പ്രചരിപ്പിക്കപ്പെടുന്നത്.
എന്താണ് ഇതിന് പിന്നിലെ വാസ്തവം?
അന്വേഷണം
2022 മെയ് 13 മുതൽ 15 വരെ രാജസ്ഥാനിലെ ഉദയ്പൂരിലായിരുന്നു കോൺഗ്രസ് പാർട്ടിയുടെ ത്രിദിന ചിന്തൻ ശിബിരം നടന്നത്. പ്രസ്തുത പരിപാടിയുടെ വേദിയിലെ പരവതാനിയുടെ നിറം കുങ്കുമനിറമെന്നുള്ള വാദമാണ് ആദ്യം അന്വേഷിച്ചത്. മെയ് 15-ന് കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പ്രസിദ്ധീകരിച്ച ചില ചിത്രങ്ങളിൽനിന്ന് വേദിയിൽ വിരിച്ചിരിക്കുന്ന പരവതാനിയുടെ നിറം കുങ്കുമമല്ല മറിച്ച് ചുവപ്പു നിറമാണെന്ന് തിരിച്ചറിഞ്ഞു.

ചിന്തൻ ശിബിരത്തിനായി നിർമ്മിച്ച താത്കാലിക വേദിയുടെ മേൽക്കൂരയിലെ പച്ചയും വെള്ളയും നിറം പാക്കിസ്ഥാൻ പതാകയുടെ നിറമാണെന്നാണ് പ്രചരിക്കുന്ന മറ്റൊരു വാദം. ഇതുമായി ബന്ധപ്പെട്ട് പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ പേജുകളിൽ നടത്തിയ അന്വേഷണത്തിൽനിന്ന് ചിന്തൻ ശിബിര വേദിയിലെ കൂടാരം ത്രിവർണ പതാകയോട് സമാനമായ രീതിയിലാണ് അലങ്കരിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. മറ്റ് ആംഗിളിൽ നിന്നെടുത്തിട്ടുള്ള ചിത്രങ്ങളിൽ കുങ്കുമനിറം കാണാൻ കഴിയും.

ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് പാർട്ടിയിലെ നാന്നൂറിലധികം നേതാക്കൾ പങ്കെടുത്ത ചിന്തൻ ശിബിരം ഞായറാഴ്ച (15/05 /2022) അവസാനിച്ചിരുന്നു. താജ് ആരവല്ലി റിസോർട്ടിൽ മൂന്നു ദിവസങ്ങളിലായാണ് ശിബിരം സംഘടിപ്പിച്ചത്.
https://newspaper.mathrubhumi.com/news/india/congress-chintan-shivir-1.7509393
https://www.mathrubhumi.com/in-depth/columns/last-chance-for-congress-vazhipokkan-1.7514934
വാസ്തവം
രാജസ്ഥാനിലെ ഉദയ്പൂരിൽ കോൺഗ്രസ് പാർട്ടി സംഘടിപ്പിച്ച ചിന്തൻ ശിബിരത്തിൽ, ത്രിവർണ പതാകയിലെ കുങ്കുമ നിറം പരവതാനിയാക്കിയെന്ന വാദം വാസ്തവവിരുദ്ധമാണ്. ശിബിര വേദിയിലെ പരവതാനി കുങ്കുമനിറമല്ല മറിച്ച് ചുവപ്പു നിറമായിരുന്നു. മാത്രമല്ല, ത്രിവർണ പതാകയോട് സമാനമായ രീതിയിലാണ് താത്കാലിക വേദിയുടെ മേൽക്കൂര നിർമ്മിച്ചിരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..