
വീഡിയോയിൽ നിന്നുള്ള സ്ക്രീൻഷോട്ടുകൾ
രണ്ട് പെൺസിംഹങ്ങൾ ഒരു സ്ത്രീയോട് സ്നേഹപ്രകടനം കാണിക്കുന്ന ഒരു വീഡിയോ വാട്സാപ്പിൽ പ്രചരിക്കുന്നുണ്ട്. 0:29 സെക്കൻഡാണ് വീഡിയോയുടെ ദൈർഘ്യം. സിംഹങ്ങൾ അവരുടെ മേൽ കുതിച്ചു കയറുന്നതും പിൻകാലുകളിൽ നിൽക്കുന്നതും മുഖം നക്കുന്നതും കഴുത്തിൽ വലിയ ആലിംഗനം നൽകുന്നതുപോലെ മുൻകാലുകൾ ഇടുന്നതുമെല്ലാം ദൃശ്യത്തിൽ കാണാം.സിംഹങ്ങളെ സ്ത്രീ തലോടുന്നുമുണ്ട്. വീഡിയോയുടെ ഒപ്പം നൽകിയിട്ടുള്ള കുറിപ്പ് ഇങ്ങനെയാണ്
'സ്പെയിനിൽ ഒരു സ്ത്രീ വീട്ടിൽ വളർത്തിയിരുന്ന സിംഹക്കുട്ടികളെ സർക്കാർ പിടികൂടി പാർക്കിൽ അടച്ചു. ഏഴു വർഷത്തിന് ശേഷം അവയെ കാണാൻ പാർക്കിലെത്തിയ തങ്ങളുടെ പോറ്റമ്മയെ തിരിച്ചറിഞ്ഞ സിംഹക്കുട്ടികൾ കാണിക്കുന്ന സ്നേഹപ്രകടനം. മനുഷ്യസ്നേഹത്തിന് വില നഷ്ടപ്പെട്ട് തമ്മിൽ തല്ലുന്ന ഈ കാലത്ത് ഈ വീഡിയോ നൽകുന്ന സന്ദേശം വലുതാണ്.'
ആരാണ് ദൃശ്യത്തിലെ സ്ത്രീ? എന്താണ് ഇതിനു പിന്നിലെ വാസ്തവം?
അന്വേഷണം
ദൃശ്യത്തിൽനിന്ന് കീഫ്രയിംസ് എടുത്ത് പരിശോധിച്ചപ്പോൾ വീഡിയോയെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചു. 2017 മുതൽ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നുണ്ട്. വൈകാരികമായ ഈ ദൃശ്യം സ്ലൊവാക്യയിലെ മാൽകിയ പാർക്കിൽനിന്നുള്ളതാണ്. പൂച്ച വർഗ്ഗത്തിൽപ്പെട്ട കടുവ, പുലി, സിംഹം എന്നീ മൃഗങ്ങളെ സംരക്ഷിച്ചു വളർത്തുന്ന സ്ഥലമാണ് മാൽകിയ പാർക്ക്. 2017 ഏപ്രിൽ 12-നാണ് MALKIA PARK Big Cats Rescue എന്ന അവരുടെ യൂട്യൂബ് ചാനലിൽ ഈ വീഡിയോ പ്രസിദ്ധീകരിച്ചത്. മാൽകിയ, അഡേൽ എന്നീ സിംഹങ്ങളാണ് ദൃശ്യത്തിൽ. ചെറുതായിരുന്നപ്പോൾ ഇവരെ സംരക്ഷിച്ച്, നോക്കി വളർത്തിയ മൈക്കെല സിമനോവയാണ് (Michaela Zimanova) ദൃശ്യത്തിൽ കാണുന്ന സ്ത്രീ.
കിഴക്കൻ യൂറോപ്യൻ പ്രവിശ്യയിൽ സർക്കസുകളിൽ ഭാഗമായിരുന്നു ഈ സിംഹക്കുട്ടികളുടെ മാതാപിതാക്കൾ. മാൽകിയയും അഡേലും കുഞ്ഞുങ്ങളായിരിക്കുമ്പോൾ ഇരുവരുടേയും അമ്മമാർ അവരെ ഉപേക്ഷിച്ചതാണ്. അവിടെനിന്നു രക്ഷപ്പെടുത്തിയ ഇവരെ സ്ലൊവാക്യയിലെ ഒരു വലിയ രക്ഷാകേന്ദ്രത്തിലേക്ക് എത്തിക്കുകയായിരുന്നു. ഒടിഞ്ഞ വാലുമായാണ് മാൽകിയ ഇവിടെ എത്തിയത്. ഉപേക്ഷിക്കപ്പെട്ട സാഹചര്യത്തിൽ തന്നെ ഇവിടെയെത്തിയ അഡേൽ നാല് മാസം പ്രായമുള്ളപ്പോൾ മുതൽ മാൽകിയയോടൊപ്പമാണ് വളർന്നത്. മൈക്കെലയാണ് ഇവരെ കുഞ്ഞുനാളിൽ പരിപാലിച്ചത്.
വീഡിയോയിൽ പരാമർശിക്കുന്നപോലെ ഏഴു വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയതിന്റെ ആഹ്ലാദപ്രകടനമല്ല ദൃശ്യത്തിൽ എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇപ്പോൾ ഇവരെ വളർത്തുന്നതിന്റെ ചുമതലകൾ മൈക്കെലയ്ക്കില്ലെങ്കിലും വീഡിയോ എടുത്ത കാലഘട്ടത്തിൽ, മാസത്തിൽ മൂന്ന് തവണയെങ്കിലും മാൽകിയ പാർക്കിൽ അവർ വളർത്തിയ സിംഹങ്ങളെ കാണാൻ മൈക്കെല വരാറുണ്ട്. ഏഴു വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ എന്നത് തെറ്റായ പ്രചാരണമാണെന്ന് പാർക്കിലുള്ള ഒരാൾ പറഞ്ഞതായി യുക്കെയിലെ വാർത്താ മാധ്യമമായ ഡെയ്ലിമെയിൽ 2017 ആഗസ്റ്റ് 25-ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വാസ്തവം
രണ്ട് പെൺസിംഹങ്ങളുടെ സ്നേഹപ്രകടനത്തിന്റെ ദൃശ്യം 2017ൽ സ്ലൊവാക്കിയയിലെ മാൽകിയ പാർക്കിൽ നിന്നുള്ളതാണ്. വീഡിയോയിലുള്ള മാൽകിയ, അഡേൽ എന്നീ സിംഹങ്ങളെ ആദ്യകാലങ്ങളിൽ വളർത്തിയ മൈക്കെല സിമനോവയാണ് ദൃശ്യത്തിൽ കാണുന്ന സ്ത്രീ. എല്ലാ മാസവും മൈക്കല അവരെ കാണാൻ പോകാറുള്ളതായി കണ്ടെത്തി. ഏഴു വർഷത്തിന് ശേഷം കണ്ടുമുട്ടിയപ്പോൾ ഉള്ള സ്നേഹപ്രകടനം എന്ന വിശദീകരണം തെറ്റാണ്.
Content Highlights: The lion cubs' loving expression of recognizing their stepmother after 7 years ...! | Fact Check
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..