
പ്രചരിക്കുന്ന ചിത്രം
ചിരിച്ചുകൊണ്ട് വധശിക്ഷ ഏറ്റുവാങ്ങിയ ഹാക്കറുടേതെന്ന തരത്തിലൊരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തൂക്കിലേറ്റാനുള്ള കയർ കഴുത്തിലിട്ടുകൊണ്ട് ചിരിക്കുന്ന ഒരു വ്യക്തിയുടേതാണ് പ്രസ്തുത ചിത്രം.
217 അമേരിക്കൻ ബാങ്കുകൾ ഹാക്ക് ചെയ്ത് 40 കോടി മില്യൺ യു.എസ്. ഡോളർ കൈക്കലാക്കിയ മജീദ് കവുസിഫർ എന്ന അൾജീരിയൻ ഹാക്കറാണ് ചിത്രത്തിലെന്നാണ് അതോടൊപ്പമുള്ള കുറിപ്പിൽ വിശദീകരിക്കുന്നത്. കൊള്ളയടിച്ച പണം ആഫ്രിക്കയിലെയും പലസ്തീനിലെയും സാധാരണക്കാർക്ക്് ഉപകരിക്കുംവിധം ചാരിറ്റി പ്രവർത്തനങ്ങൾക്കായി അയാൾ വിനിയോഗിച്ചു എന്നും അതിൽ വിശദീകരിക്കുന്നുണ്ട്. #Smiling_Hacker എന്ന ഹാഷ്ടാഗോടു കൂടിയാണ് പ്രസ്തുത പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നത്.
അന്വേഷണം
ആദ്യം സ്മൈലിങ് ഹാക്കറിനെ കുറിച്ച് അന്വേഷണം നടത്തി. പരിശോധനയിൽ സ്മൈലിങ് ഹാക്കർ എന്ന പേരിലറിയപ്പെടുന്നത് മജീദ് കവുസിഫറല്ല അല്ലെന്ന് കണ്ടെത്തി. ഹംസ ബന്ദെല്ലാജ് (Hamza Bandelladj) എന്ന വ്യക്തിയാണ് സ്മൈലിങ് ഹാക്കറെന്ന് അറിയപ്പെടുന്നത്. ഇരുന്നൂറോളം അമേരിക്കൻ ബാങ്കുകളിൽനിന്നായി 100 കോടി ഡോളർ കൊള്ളയടിച്ച വ്യക്തിയാണ് ഹംസ. സ്പൈ ഐ (spy eye) എന്ന മാൽവെയർ ഉപയോഗിച്ചാണ് ഹംസയും റഷ്യക്കാരൻ അലക്സാണ്ടർ പാനിനും ചേർന്ന് കൊള്ള നടത്തിയത്. ആ പണം അവർ പലസ്തീനിൽ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ കുറ്റത്തിന് ഹംസയെ വധശിക്ഷയ്ക്ക് വിധിച്ചിട്ടില്ല. ബാങ്കോക്കിൽനിന്നു 2013-ലാണ് അയാളെ തായ്ലൻഡ് പോലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിനു ശേഷം അവർ ഹംസയെ അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐക്ക് കൈമാറി. ഇതേ തുടർന്ന് ഹംസയ്ക്ക് വധശിക്ഷ വിധിച്ചുവെന്ന തരത്തിൽ അന്നും പ്രചാരങ്ങളുണ്ടായിരുന്നു. എന്നാൽ, അത്തരം പ്രചാരങ്ങളെ അൾജീരിയയിലെ അന്നത്തെ യു.എസ്. അംബാസിഡർ ജോൻ പൊളാഷിക് തള്ളിപ്പറഞ്ഞു. സൈബർ ആക്രമണങ്ങൾ വധശിക്ഷ വിധിക്കാൻ സാധിക്കുന്നവയല്ല എന്നാണു അദ്ദേഹം പറഞ്ഞത്. ഹംസയ്ക്ക് 15 വർഷത്തെ ജയിൽ ശിക്ഷയാണ് അമേരിക്കയിലെ കോടതി വിധിച്ചത്.

ഹംസ ബന്ദെല്ലാജിനെ പറ്റി അൽ ജസീറയിൽ വന്ന വാർത്ത: https://www.aljazeera.com/news/2015/9/21/hamza-bendelladj-is-the-algerian-hacker-a-hero
ചിത്രത്തിലുള്ള വ്യക്തി മജീദ് കവുസിഫറർ തന്നെയാണ്. പക്ഷെ, മജീദ് ഒരു ഹാക്കറല്ല. ഇറാനിൽ ജഡ്ജിയെ കൊന്നതിനു തൂക്കിലേറ്റപ്പെട്ട വ്യക്തിയാണ് അയാൾ. 2007-ലാണ് പ്രസ്തുത വധശിക്ഷ നടന്നത്. ചിരിച്ചുകൊണ്ടാണ് മജീദ് തന്റെ ശിക്ഷ ഏറ്റുവാങ്ങിയത്. നിരവധി പരിഷ്കരണവാദികളെയും വിമതരെയും ജയിൽശിക്ഷയ്ക്ക് വിധിച്ച വ്യക്തിയായിരുന്നു കൊല്ലപ്പെട്ട ജഡ്ജിയെന്ന് അന്താരഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഇതിനും മുൻപും ഇത്തരത്തിലുള്ള നിരവധി പോസ്റ്റുകൾ ഫേസ്ബുക്കിൽ വന്നിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ധരണി എന്ന ഫേസ്ബുക് പേജിൽ 2018-ൽ വന്ന അത്തരമൊരു പോസ്റ്റാണ് ചെറിയ തിരുത്തലോടുകൂടി വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
2018-ലെ പോസ്റ്റിൽ ഹംസ ബന്ദെല്ലാജ് എന്ന പേര് തന്നെയാണ് സ്മൈലിങ് ഹാക്കർക്ക് നൽകിയിരുന്നത്. പക്ഷെ അത് തിരുത്തി മജീദ് കവുസിഫർ എന്നാക്കി മാറ്റിയിട്ടാണ് ഇപ്പോഴത്തെ പ്രചാരണം.
മജീദ് കവുസിഫറിനെക്കുറിച്ചുള്ള റോയിട്ടേഴ്സിന്റെ റിപ്പോർട്ട്: https://www.reuters.com/article/uk-iran-rights-execution-idUKHOS22472320070802
സ്മൈലിങ് ഹാക്കർ എന്ന പേരിൽ പ്രശസ്തിയാർജിച്ച വ്യക്തിയുടെ യഥാർത്ഥ പേര് ഹംസ ബന്ദെല്ലാജ് എന്നാണ്. അമേരിക്കൻ ബാങ്കുകൾ സ്പൈ ഐ എന്ന മാൽവെയർ ഉപയോഗിച്ച് കൊള്ളയടിച്ചുവെന്നതാണ് കുറ്റം. ഈ കുറ്റത്തിന് ഹംസയെ വധശിക്ഷയ്ക്ക് വിധിച്ചിട്ടില്ല. 15 വർഷത്തെ ജയിൽ ശിക്ഷയ്ക്കു വിധിക്കപ്പെട്ട അയാൾ ഇപ്പോഴും അമേരിക്കയിലെ ജയിലിലാണ്.
പ്രചരിക്കുന്ന ചിത്രം മജീദ് കവുസിഫർ എന്ന വ്യക്തിയുടേതാണ്. അയാൾ ഒരു ഹാക്കറല്ല. ജഡ്ജിയെ കൊന്ന കുറ്റത്തിന് 2007 ൽ ഇറാൻ തൂക്കിലേറ്റിയ വ്യക്തിയാണ് മജീദ്. അയാളെ തൂക്കിലേറ്റുന്നതിനു മുൻപുള്ള ചിത്രങ്ങളാണ് ഇപ്പോൾ തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നത്.
വാസ്തവം
സ്മൈലിങ് ഹാക്കറുടെ പേരിൽ പ്രചരിക്കുന്ന ഫേസ്ബുക് പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നത്. സ്മൈലിങ് ഹാക്കർ എന്ന പേരിൽ പ്രശസ്തിയാര്‍ജിച്ച വ്യക്തിയുടെ യഥാർത്ഥ പേര് ഹംസ ബന്ദെല്ലാജ് എന്നാണ്. യു എസ് കോടതി അയാളെ വധശിക്ഷയ്ക്ക് വിധിച്ചിട്ടില്ല. 15 വർഷത്തെ ജയിൽ ശിക്ഷയയ്ക്ക് വിധിക്കപ്പെട്ട അയാൾ ഇപ്പോഴും അമേരിക്കയിലെ ജയിലിലാണ്.
പ്രചരിക്കുന്ന ചിത്രത്തിലെ വ്യക്തി പോസ്റ്റിൽ പരാമർശിക്കുന്ന മജീദ് കവുസിഫർ തന്നെയാണ്. പക്ഷെ അയാൾ ഒരു ഹാക്കറല്ല. നിരവധി വിമതരെ ജയിൽ ശിക്ഷയ്ക്ക് വിധിച്ച ഒരു ഇറാനിയൻ ജഡ്ജിയെ കൊന്നതിനു 2007-ലാണ് മജീദ് വധശിക്ഷക്ക് വിധേയനാക്കപ്പെട്ടത്.
Content Highlights: The hacker who accepted the death sentence with smile...! What is the truth?
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..