പ്രചരിക്കുന്ന സന്ദേശത്തിന്റെ സ്ക്രീൻഷോട്ട്
1991-നും 2021-നും ഇടയിൽ തൊഴിലെടുത്തവർക്ക് കേന്ദ്ര തൊഴിൽ മന്ത്രാലയം ഒന്നര ലക്ഷം രൂപയുടെ ആനുകൂല്യം നൽകുന്നുണ്ടെന്ന തരത്തിലൊരു സന്ദേശം വാട്സാപ്പിലൂടെ പ്രചരിക്കുന്നുണ്ട്. തങ്ങളുടെ പേര് അർഹരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ടോ എന്നറിയാനായി സന്ദേശത്തിനോടൊപ്പമുള്ള ലിങ്ക് പരിശോധിക്കാനും ഇതിൽ പറയുന്നു. ഈ സന്ദേശത്തിന്റെ വാസ്തവമെന്തെന്ന് പരിശോധിക്കുന്നു.
പ്രചരിക്കുന്ന സന്ദേശത്തിന്റെ സ്ക്രീൻഷോട്ട്
അന്വേഷണം
വളരെ അവ്യക്തമായ ഒരു സന്ദേശമാണ് പ്രചരിക്കുന്നത്. ഏത് മേഖലയിൽ ജോലി ചെയ്ത തൊഴിലാളികൾക്കാണ് ആനുകൂല്യം നൽകുന്നതെന്ന് അതിൽ വ്യക്തമാക്കിയിട്ടില്ല. കൂടാതെ, അർഹരുടെ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാനായി നൽകിയിട്ടുള്ള ലിങ്ക് ഷോർട്ടൻഡ് യു.ആർ.എൽ. ആണ് (നീളം കൂടിയ ലിങ്കുകളുടെ ചുരുക്കിയ രൂപമാണ് ഷോർട്ടൻഡ് യു.ആർ.എൽ.).
സാധാരണഗതിയിൽ സർക്കാർ ഇത്തരം ഷോർട്ടൻഡ് യു.ആർ.എല്ലുകൾ ഉപയോഗിക്കാറില്ല. ഔദ്യോഗിക വെബ്സൈറ്റുകളുടെ ലിങ്കുകൾ അതേപടി ഉപയോഗിക്കുകയാണ് പതിവ്. പ്രചരിക്കുന്ന യു.ആർ.എൽ. പരിശോധനയ്ക്ക് വിധേയമാക്കി. ഈ ലിങ്ക് സർക്കാർ വെബ്സൈറ്റിലേക്കല്ല മറിച്ച് സ്വകാര്യ ബ്ലോഗിങ് സൈറ്റിലേക്കാണ് എത്തിക്കുന്നത്. അങ്ങനെ സന്ദേശം വ്യാജമാകാനുള്ള സാധ്യതകൾ ഉറപ്പിച്ചു. ഔദ്യോഗിക വെബ്സൈറ്റിന്റെ അതേ മാതൃകയിലാണ് ഈ വെബ്സൈറ്റും ഡിസൈൻ ചെയ്തിരിക്കുന്നത്. അതിനാൽ ജനങ്ങൾ കബളിപ്പിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
പുതിയ പദ്ധതികളുടെയോ ആനുകൂല്യങ്ങളുടെയോ വിവരങ്ങൾ സർക്കാർ ഔദ്യോഗിക വെബ്സൈറ്റിലൂടെയും മുഖ്യധാരാ മാധ്യമങ്ങളിലൂടെയുമാണ് പൊതുജനങ്ങളെ അറിയിക്കുന്നത്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഇത്തരത്തിലൊരു പദ്ധതിയുടെ വിവരങ്ങളൊന്നും നൽകിയിട്ടില്ല. കൂടാതെ, ഇതുമായി ബന്ധപ്പെട്ട വാർത്തകളും കണ്ടെത്താനായില്ല. തുടർന്ന്, കേന്ദ്ര സർക്കാരിന്റെ പി.ഐ.ബി.(പ്രസ് ഇൻഫർമേഷൻ ബ്യൂറോ) ഫാക്ട് ചെക്ക് ഇതുമായി ബന്ധപ്പെട്ട് അറിയിപ്പുകൾ നൽകിയിട്ടുണ്ടോ എന്ന് പരിശോധിച്ചു. അങ്ങനെ പ്രസ്തുത സന്ദേശം വ്യാജമാണെന്ന് അറിയിക്കുന്ന അവരുടെ ട്വീറ്റ് കണ്ടെത്തി.
തൊഴിൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ ലിങ്ക്: https://labour.gov.in/
ഓൺലൈൻ തട്ടിപ്പുകൾക്കും സ്വകാര്യ വിവരങ്ങൾ ചോർത്താനും വേണ്ടിയായിരിക്കാം ഇത്തരത്തിലുള്ള വ്യാജസന്ദേശങ്ങളും ലിങ്കുകളും നിർമിച്ച് പ്രചരിപ്പിക്കുന്നത്. അതിനാൽ സംശയം തോന്നുന്ന ലിങ്കുകൾ തുറക്കാതിരിക്കുക.
വാസ്തവം
1991-നും 2021-നും ഇടയിൽ തൊഴിലെടുത്തവർക്ക് കേന്ദ്ര തൊഴിൽ മന്ത്രാലയം ആനുകൂല്യം നൽകുന്നുവെന്ന പ്രചാരണം വ്യാജമാണ്. ഇത്തരത്തിലുള്ള ആനുകൂല്യങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല എന്ന് സർക്കാർ പി.ഐ.ബി. മുഖേന വ്യക്തമാക്കിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..