ബിപ്ളവ് കുമാർ ദേവ് | ഫോട്ടോ: പ്രവീൺ ദാസ് എം.|മാതൃഭൂമി
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽകെയാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ളവ് കുമാർ ദേബ് രാജിവെച്ചത്. 2022 മെയ് 14-ന് ഗവർണർക്ക് രാജി സമർപ്പിച്ചതിന് ശേഷം, രാജ്ഭവനിൽ അദ്ദേഹം വാർത്താസമ്മേളനവും നടത്തി. പ്രധാനമന്ത്രിയുടെ നേതൃത്വം രാജ്യത്തെ നശിപ്പിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ബിപ്ളവ് രാജിവെച്ചതെന്ന വാദവുമായി ചില പോസ്റ്റുകൾ ഫേസ്ബുക്കിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

'മോദിയുടെ നേതൃത്വത്തിൽ രാജ്യം തകർന്നുകൊണ്ടിരിക്കുകയാണെന്ന് ത്രിപുര മുഖ്യമന്ത്രി രാജിവച്ചു.'
'രാജ്യം നശിച്ചുകൊണ്ടിരിക്കുകയാണ്, എനിക്ക് അതിന്റെ ഭാഗമാകാൻ കഴിയില്ല - ത്രിപുര മുഖ്യമന്ത്രി രാജിവെച്ചു.'
ഈ പോസ്റ്റുകളാണ് ഫേസ്ബുക്കിൽ പ്രചരിക്കുന്നത്.
എന്താണ് ഈ പോസ്റ്റുകളുടെ പിന്നിലെ വാസ്തവം?
അന്വേഷണം
ബിപ്ളവ് കുമാറിന്റെ ഭാഗത്തുനിന്ന് ഇപ്രകാരമൊരു പ്രസ്താവന ഉണ്ടായിട്ടുണ്ടെങ്കിൽ അത് ദേശീയതലത്തിൽ വലിയ ചർച്ചയാകേണ്ടതും മാധ്യമങ്ങൾ വർത്തയാക്കേണ്ടതുമാണ്. എന്നാൽ, അത്തരത്തിലൊന്നും തന്നെ അന്വേഷണത്തിൽ കണ്ടെത്താനായില്ല. കൂടാതെ അദ്ദേഹത്തിന്റെ ഔദ്യോഗിക സമൂഹ മാധ്യമ പേജുകളും പരിശോധിച്ചു. എന്നാൽ, പ്രധാനമന്ത്രിയുടെ നേതൃത്വം രാജ്യത്തെ നശിപ്പിക്കുന്നുവെന്നൊരു പ്രസ്താവന അതിലൊന്നും കണ്ടെത്താനായില്ല. മറിച്ച്, തനിക്ക് ശേഷം ത്രിപുര മുഖ്യമന്ത്രിയായി ചുമതലയേറ്റ ഡോ. മണിക് സാഹയെ അഭിനന്ദിച്ച് കൊണ്ടുള്ള ട്വീറ്റും ഫേസ്ബുക്ക് പോസ്റ്റും കണ്ടെത്താൻ കഴിഞ്ഞു.

മണിക് സാഹയുടെ സത്യപ്രതിജ്ഞ ചടങ്ങിലും ബിപ്ളവ് പങ്കെടുത്തിരുന്നുവെന്നും കണ്ടെത്തി. പ്രസ്തുത ചടങ്ങിന്റെ ചിത്രങ്ങളും ബിപ്ളവിന്റെ സമൂഹ മാധ്യമ പേജുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

2018-ലാണ് ബിപ്ലവിന്റെ നേതൃത്വത്തിൽ ബി.ജെ.പി. സർക്കാർ ത്രിപുരയിൽ അധികാരത്തിൽ വന്നത്. കഴിഞ്ഞ കുറേക്കാലമായി, ഭരണനേതൃത്വവുമായുള്ള അസ്വാരസ്യങ്ങളെ തുടർന്ന് സംസ്ഥാനത്തെ ഒരുവിഭാഗം ബി.ജെ.പി. എം.എൽ.എമാർ ബിപ്ളവിനെ മാറ്റണമെന്ന് തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടിക്കുള്ളിലെ പ്രശ്നപരിഹാരത്തിന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് ബിപ്ളവ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്.
വാസ്തവം
പ്രധാനമന്ത്രിയുടെ നേതൃത്വം രാജ്യത്തെ നശിപ്പിക്കുന്നുവെന്ന പ്രസ്താവനയോടെയാണ് ബിപ്ളവ് കുമാർ ദേവ് ത്രിപുര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതെന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. കഴിഞ്ഞ കുറേക്കാലമായി, സംസ്ഥാനത്തെ ഒരുവിഭാഗം ബി.ജെ.പി. എം.എൽ.എമാർ ബിപ്ളവിനെ മാറ്റണമെന്ന് തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായി ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതിനാലായിരുന്നു രാജി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..