പ്രചരിക്കുന്ന സന്ദേശം
ബിൽ കുടിശ്ശിക ഉള്ളവർക്ക് കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ് എന്ന തരത്തിൽ ഒരു എസ്.എം.എസ്. സന്ദേശം പ്രചരിക്കുന്നുണ്ട്. കുടിശ്ശിക തീർക്കാത്ത പക്ഷം രാത്രി ഒമ്പതരയ്ക്ക് വൈദ്യുതി വിച്ഛേദിക്കുമെന്നാണ് ഇതിൽ പറയുന്നത്. നടപടകിൾ ഒഴിവാക്കുന്നതിനായി എത്രയും വേഗം കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനുമായി ബന്ധപ്പെടണമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. ഇതിനായി ഒരു മൊബൈൽ നമ്പറും നൽകിയിട്ടുണ്ട്. ഈ സന്ദേശത്തിന്റെ വാസ്തവമെന്തെന്ന് പരിശോധിക്കുന്നു.

അന്വേഷണം
കൺസ്യൂമർ നമ്പറും ബിൽ തുകയും ഉൾപ്പടെയുള്ള വിവരങ്ങൾ നൽകാതെയുള്ള എസ്.എം.എസ്. ആണ് ഉപഭോക്താക്കൾക്ക് ലഭിച്ചിട്ടുള്ളത്. അന്വേഷണത്തിൽ, മുൻവർഷങ്ങളിലും സമാനമായമായ രീതിയിലുള്ള എസ് എം എസുകൾ പ്രചരിച്ചതായി കണ്ടെത്തി. ഇത്തരത്തിലുള്ള സന്ദേശങ്ങൾ വ്യാജമാണെന്ന് അറിയിച്ചുകൊണ്ട് മാതൃഭൂമി ഉൾപ്പടെയുള്ള മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വാർത്തകളും അന്വേഷണത്തിൽ ലഭിച്ചു. 2021, 2022 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച വർത്തകളാണിവ.
സത്യാവസ്ഥ അറിയുന്നതിനായി കെ.എസ്.ഇ.ബി. അധികൃതരുമായി ബന്ധപ്പെട്ടു. പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് അവർ വ്യക്തമാക്കി. മുൻകാലങ്ങളിൽ ഇത്തരത്തിലുള്ള സന്ദേശങ്ങൾ വന്നപ്പോൾ കൃത്യമായ നടപടികൾ എടുത്തിരുന്നുവെന്നും എന്നാൽ, പുതിയ നമ്പറുകൾ ഉപയോഗിച്ച് ഇത്തരം തട്ടിപ്പുകാർ വീണ്ടും പ്രത്യക്ഷപ്പെടുകയാണെന്നും അവർ പറഞ്ഞു. കൂടാതെ, ഇത്തരം സന്ദേശങ്ങൾ വ്യാജമാണെന്ന് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ കെ.എസ്.ഇ.ബി. മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെട്ടു. ഇംഗ്ലീഷിലാണ് മറുതലയ്ക്കലുള്ള ആൾ സംസാരിച്ചത്. കെ.എസ്.ഇ.ബിയുടെ തിരുവനന്തപുരം ഓഫീസിലാണ് ജോലി ചെയ്യുന്നതെന്നും തനിക്ക് മലയാളം അറിയില്ലെന്നുമാണ് അയാൾ പറഞ്ഞത്. ഉപഭോക്താക്കളുടെ അക്കൗണ്ട് നമ്പർ അടക്കമുളള വ്യക്തി വിവരങ്ങളാണ് അയാൾക്ക് വേണ്ടിയിരുന്നത്. ഇവരുമായി ബന്ധപ്പെടാൻ നൽകിയിരിക്കുന്ന നമ്പർ പശ്ചിമബംഗാളിൽ നിന്നുള്ളതാണെന്ന് പരിശോധനയിൽ കണ്ടെത്തി.
വാസ്തവം
ബിൽ കുടിശ്ശിക വരുത്തിയവരുടെ വൈദ്യുതി ബന്ധം രാത്രി വിച്ഛേദിക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന എസ്.എം.എസ്. സന്ദേശം വ്യാജമാണ്. കെ.എസ്.ഇ.ബി. ഇത്തരത്തിലുള്ള ഒരു മുന്നറിയിപ്പും നൽകിയിട്ടില്ല. ബിൽ അടയ്ക്കുന്നതിനുള്ള സന്ദേശങ്ങളിൽ ഉപഭോക്താവിന്റെ കൺസ്യൂമർ നമ്പർ, അടയ്ക്കേണ്ട തുക, പണമടയ്ക്കാനുള്ള ലിങ്ക് തുടങ്ങിയവ ഉൾപ്പെടുത്താറുണ്ട്. കുടിശ്ശിക വരുത്തുന്നവർക്കുള്ള വൈദ്യുതിബന്ധം കെ.എസ്.ഇ.ബി. രാത്രികാലങ്ങളിൽ വിച്ഛേദിക്കാറില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..