ഷഹീൻ ചുഴലിക്കാറ്റ് എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം
ഇക്കഴിഞ്ഞ ഒക്ടോബർ 22-ന് 'കറാച്ചി കി ആവാസ്'(Karachi Ki Awaz) എന്ന ട്വിറ്റർ പ്രൊഫൈലിൽ ഒമാനിലെ ഷഹീൻ ചുഴലിക്കാറ്റിനെപ്പറ്റി ഒരു ട്വീറ്റ് പ്രസിദ്ധികരിച്ചിരുന്നു, പ്രസ്തുത ട്വീറ്റ് ഇതാണ്: 'ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്ത്... ദുബായിലെ ബുർജ് ഖലീഫയിൽനിന്ന് പകർത്തിയത്.. പടച്ചവന്റെ മഹത്വം നോക്കൂ.'
ഇതുകൂടാതെ പ്രസ്തുത ചിത്രം ഷഹീൻ ചുഴലികാറ്റിന്റേതെന്ന പേരിൽ മറ്റു പല ട്വിറ്റർ ഉപയോക്താക്കളും ട്വീറ്റ് ചെയ്തിരുന്നു. എല്ലാ ട്വീറ്റുകളുടെയും വിവരണം സമാനമാണ്.
എന്താണ് പ്രസ്തുത ട്വീറ്റുകൾക്ക് പിന്നിലെ യാഥാർഥ്യം? മാതൃഭൂമി ഫാക്ട് ചെക്ക് പരിശോധിക്കുന്നു.
അന്വേഷണം
ഇൻവിഡ് ടൂൾ ഉപയോഗിച്ചുള്ള റിവേഴ്സ് ഇമേജ് സെർച്ചിലൂടെ ട്വീറ്റിൽ ഉപയോഗിച്ചിരിക്കുന്ന വീഡിയോ വ്യാജമാണെന്ന് കണ്ടെത്തി. 2019 ഏപ്രിൽ 12-ന് ബ്രെന്റ് ശവ്നോർ(Brent Shavnor) എന്ന ഡിജിറ്റൽ ആർട്ടിസ്റ്റ് തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽനിന്നാണ് ഈ ചിതം ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ശവ്നോർ വരച്ച ഒരു ഡിജിറ്റൽ ചിത്രമായിരുന്നു ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. എന്നാൽ അതിനുശേഷം പ്രസ്തുത ചിത്രം വ്യാപകമായി പല സമൂഹ മാധ്യമങ്ങളിലും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിച്ചിരുന്നു.
പ്രസ്തുത ചിത്രം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ ടോറിയാൻ ചുഴലിക്കാറ്റ് മിയാമിയിൽ എത്താൻപോകുന്നു എന്ന വ്യാജപ്രചാരണം നടന്നിരുന്നു. ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ന്യൂസ്.കോം എന്ന ഓസ്ട്രേലിയൻ പോർട്ടൽ വാർത്ത പ്രസിദ്ധികരിച്ചിരുന്നു.
Crazy clouds above Florida എന്ന തലക്കെട്ടോടെ പ്രസ്തുത ചിത്രം 2020 ഏപ്രിൽ 15-ന് ഫേസ്ബുക്കിലും പ്രസിദ്ധികരിച്ചിരുന്നു. കഴിഞ്ഞ ചില ദിവസങ്ങളായി പ്രസ്തുത ചിത്രം ട്വിറ്ററിലും പ്രചരിക്കുന്നുണ്ട്. പ്രസ്തുത ചിത്രം ഒമാനിലെ ഷഹീൻ ചുഴലികാറ്റിന്റേതാണെന്ന പേരിൽ ആണ് ഇപ്പോൾ പ്രചാരണം നടക്കുന്നത്. എന്നാൽ ഷഹീൻ ചുഴലിക്കാറ്റുമായി ഈ ചിത്രത്തിന് ഒരു ബന്ധവുമില്ല.

വാസ്തവം
ട്വീറ്റിലെ ചിത്രത്തിന് ഒമാനിലെ ഷഹീൻ ചുഴലിക്കാറ്റുമായി ബന്ധമില്ല. രണ്ടു വർഷം മുൻപ്, ബ്രെന്റ് ശവ്നോർ എന്ന അമേരിക്കൻ ഡിജിറ്റൽ ആർട്ടിസ്റ്റ് തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെ പ്രസിദ്ധികരിച്ച ഒരു ഡിജിറ്റൽ ചിത്രമാണ്, ഷഹീൻ ചുഴലിക്കാറ്റിന്റേതെന്ന രീതിയിൽ പ്രചരിക്കുന്നത്. പ്രസ്തുത ചിത്രം മുൻപും ചുഴലിക്കാറ്റുകൾ സംബന്ധിച്ച് അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. അതിനാൽ പ്രസ്തുത ട്വീറ്റുകൾ വാസ്തവവിരുദ്ധമാണ്.
Content Highlights: Shaheen cyclone in Oman: Question raises about image | Fact Check
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..