
ദിഗംബർ കാമത്ത് ബി.ജെ.പിയിൽ ചേർന്നുവന്ന് പ്രചരിക്കുന്ന പോസ്റ്റുകൾ
ഗോവ കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗംബർ കാമത്ത് ബി.ജെ.പിയിൽ ചേർന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന ചില പോസ്റ്റുകളിലെ അവകാശവാദങ്ങൾ ഇതാണ്:
'കഴിഞ്ഞ ഗോവ നിയമസഭ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ബി.ജെ.പിയിലേക്ക് പോകില്ലെന്ന് കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്ത മുതിർന്ന കോൺഗ്രസ് നേതാവിനെ അറിയുമോ...? ദിഗംബർ കാമത്ത്. അയാൾ ജയിച്ച് MLA ആയി. ഇന്ന് ബി.ജെ.പിയിൽ ചേർന്നു.'
'ജയിച്ചാൽ ബി.ജെ.പിയിൽ ചേരില്ലാ എന്ന് സ്ഥാനാർത്ഥികളെ കൊണ്ട് സത്യം ചെയ്യിപ്പിച്ച ഗോവ മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് ബി.ജെ.പിയിൽ ചേർന്നു.. ചിരിക്കാൻ വരട്ടെ... കെ.വി. തോമസിനെതിരെ നടപടിയെടുക്കാൻ പോകുന്ന അച്ചടക്ക സമിതിയിലെ അംഗം കൂടിയായിരുന്നു അദ്ദേഹം'.
ഈ പ്രചാരണങ്ങൾക്ക് പിന്നിലെ വാസ്തവം പരിശോധിക്കുന്നു.
അന്വേഷണം
വിശദമായ അന്വേഷണത്തിൽ ദിഗംബർ കാമത്ത് ബി.ജെ.പിയിലേക്ക് പോയേക്കും എന്ന തരത്തിൽ വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി കണ്ടെത്തി. ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടിരുന്നു. പാർട്ടിക്ക് വീണ്ടും തിരിച്ചടി നൽകികൊണ്ട് മുതിർന്ന നേതാവായ ദിഗംബർ കാമത്ത് ബി.ജെ.പിയിലേക്ക് ചേക്കേറുന്നു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പ്രമോദ് സാവന്ത് മന്ത്രിസഭയിൽ കാമത്ത് വൈദ്യുതി മന്ത്രിയായേക്കുമെന്നും ചില റിപ്പോർട്ടുകളിലുണ്ട്.

എന്നാൽ, ഈ പ്രചാരണങ്ങളെ തള്ളി ദിഗംബർ കാമത്ത് രംഗത്തെത്തിയിരുന്നു. കൂടുതൽ വിവരങ്ങൾക്കായി അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോൾ ലഭിച്ച മറുപടിയിങ്ങനെ, 'ഞാൻ ബി.ജെ.പിയിൽ ചേരാൻ പോകുന്നു എന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ഇത്തരം പ്രചാരണങ്ങൾക്കെതിരെ ഞാൻ മുൻപും പ്രതികരിച്ചിരുന്നു.'
പല മാധ്യമങ്ങളും കാമത്തിന്റെ പ്രതികരണം റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധപ്പെടുത്തിയ വാർത്തയുടെ ലിങ്ക്:
ദിഗംബർ കാമത്ത് ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന വാർത്ത നിഷേധിച്ചുകൊണ്ട് ഗോവയിലെ ബി.ജെ.പി. നേതാക്കളും പ്രതികരിച്ചിരുന്നു.
കെ.വി. തോമസിനെ വിലക്കിയ അച്ചടക്ക സമിതിയിൽ കാമത്ത് അംഗമായിരുന്നോ?
കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവായ കെ.വി. തോമസ് പാർട്ടി വിലക്ക് ധിക്കരിച്ചുകൊണ്ട്, സി.പി.എം. പാർട്ടി കോൺഗ്രസ്സിൽ പങ്കെടുത്തിരുന്നു. ഇതിൽ പ്രകോപിതരായ കേരളത്തിലെ കോൺഗ്രസ് പാർട്ടി നേതാക്കൾ, കേന്ദ്ര നേതൃത്വത്തോട് പരാതിപ്പെട്ടു. ഇതിനെ തുടർന്ന് എ.കെ. ആന്റണി അധ്യക്ഷനായ എ.ഐ.സി.സിയുടെ അച്ചടക്ക സമിതി കെ.വി. തോമസിന് കാരണം കാണിക്കൽ നോട്ടീസ് (Show cause notice) നൽകിയിരുന്നു. പ്രസ്തുത സമിതിയിൽ ദിഗംബർ കാമത്ത് അംഗമായിരുന്നു എന്നാണ് മറ്റൊരു പ്രചാരണം. എന്നാൽ ഇത് തെറ്റാണെന്നും താൻ അച്ചടക്ക സമിതിയിൽ അംഗമല്ലെന്നും കെ.വി. തോമസിന്റെ വിഷയം തനിക്കറിവില്ലെന്നും ദിഗംബർ കാമത്ത് മാതൃഭൂമിയോട് പ്രതികരിച്ചു.
എ.കെ. ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയിലെ മറ്റ് അംഗങ്ങൾ അംബിക സോണി, താരിഖ് അൻവർ (മെംബർ സെക്രട്ടറി), ജയ് പ്രകാശ് അഗർവാൾ, ഡോ. ജി പരമേശ്വർ എന്നിവരാണ്.
കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റ്: https://inc.in/aicc-committees/disciplinary-action-committee
വാസ്തവം
ഗോവയിലെ മുതിർന്ന കോൺഗ്രസ് നേതാവായ ദിഗംബർ കാമത്ത് ബി.ജെ.പിയിൽ ചേർന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. അതോടൊപ്പം, കെ.വി. തോമസിനെ വിലക്കിയ പാർട്ടിയുടെ അച്ചടക്ക സമിതിയിൽ കാമത്ത് അംഗമാണ് എന്ന പ്രചാരണവും തെറ്റാണ്. എ.കെ. ആന്റണി അധ്യക്ഷനായ സമിതിയിൽ താൻ അംഗമല്ലെന്നും കെ.വി. തോമസിനെ സംബന്ധിക്കുന്ന വിഷയം അറിയില്ലെന്നും കാമത്ത് പ്രതികരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..