
പ്രചരിക്കുന്ന വീഡിയോയിലെ ദൃശ്യം
ജനുവരി അഞ്ചാം തിയതി, ട്വിറ്ററിൽ മുസ്ലിം നാമധാരിയായ ഒരു കച്ചവടക്കാരൻ പഴകിയതും മലിനവുമായ ജ്യൂസ് വിൽക്കുന്നു എന്ന രീതിയിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇതാണ്: 'അബ്ദുൾ എന്നാണ് ജ്യൂസ് വില്പനക്കാരന്റെ പേര്. ഫ്രൂട്ട് ജ്യൂസ് കട നടത്തുന്ന ഇയാളുടെ ബന്ധുക്കളും മുസ്ലിം സുഹൃത്തുക്കളും സമാനമായ കടകൾ നടത്തുന്നുണ്ട്. ഹിന്ദു ഉപഭോക്താക്കൾക്ക് വിൽക്കുന്ന പഴച്ചാറിൽ ഇയാൾ വന്ധ്യതാ ഗുളികകളും മറ്റു മരുന്നുകളും കലർത്തുന്നു. അസിഡിറ്റി ഉള്ളതും ഡിപ്രസന്റ് മരുന്നുകളുമാണ് ഇയാൾ പഴച്ചാറിൽ കലർത്തുന്നത്.' ഇതുവരെ 1922 റീട്വീറ്റുകളും 1902 ലൈക്കുകളും പ്രസ്തുത ട്വീറ്റിന് ലഭിച്ചു.
എന്താണ് ഈ ട്വീറ്റിന് പിന്നിലെ വാസ്തവം? മാതൃഭൂമി ഫാക്ട് ചെക്ക് അന്വേഷിക്കുന്നു.
അന്വേഷണം
ആളുകൾ ജ്യൂസ് കടയിൽനിന്ന് മഞ്ഞ നിറത്തിലുള്ള ഒരു ലായനി കണ്ടെത്തുകയും അതിനെക്കുറിച്ച് കടക്കാരനോട് ചോദിക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. മറാത്തിയിലും ഹിന്ദിയിലുമാണ് ആളുകളുടെ സംഭാഷണം. കടയുടമയോട് പേര് ചോദിക്കുന്നുണ്ടെങ്കിലും അയാളുടെ മറുപടി വിഡിയോയിൽ വ്യക്തമല്ല. വിഡിയോയിൽ അവൈർനെസ്സ് നൗ (Awareness now) എന്ന ലോഗോയും facebook.awarenenssow എന്ന വാട്ടർമാർക്കും നൽകിയിട്ടുണ്ട്. ഇതിൽ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിൽ അവൈർനെസ്സ് നൗ എന്ന ഫേസ്ബുക്ക് പേജിൽ ആണ് ആദ്യമായി ഈ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടത് എന്ന് മനസിലായി.

വാസ്തവം
പ്രസ്തുത വിഡിയോയും അതിന്റെ വിവരണവും തമ്മിൽ ഒരു ബന്ധവുമില്ല. അതിനാൽ വസ്തുതാപരമായി ഈ ട്വീറ്റിന് അടിസ്ഥാനമില്ല. ട്വീറ്റിൽ നൽകിയിരിക്കുന്ന വീഡിയോ രണ്ടു വർഷം മുൻപാണ് ആദ്യമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. രാസപദാർത്ഥങ്ങൾ ചേർത്ത ജ്യൂസ് വിൽക്കുന്നു എന്ന തരത്തിലാണ് അന്ന് വീഡിയോ പ്രചരിച്ചത്. അന്ന് കച്ചവടക്കാരന്റെ പേരോ മറ്റു വിവരങ്ങളോ വീഡിയോയിൽ ലഭ്യമായിരുന്നില്ല. കടയുടമയ്ക്ക് മുസ്ലിം പേര് നൽകിയത് സാമുദായിക വിദ്വേഷം വളർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ്. മുൻപും ഈ ദൃശ്യങ്ങൾ തെറ്റായ വിവരങ്ങളോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
Content Highlights: Sells poisonous juice to Hindus...! What is the truth? | Fact Check
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..