കടപ്പാട്: ട്വിറ്റർ
സംസ്ഥാന സർക്കാറിന്റെ പോഷകബാല്യം പദ്ധതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. കേന്ദ്ര സർക്കാറിന്റെ അക്ഷയപാത്രം പദ്ധതിയാണ് പോഷകബാല്യം എന്ന പേരിൽ സംസ്ഥാനത്ത് നടപ്പാക്കുന്നത് എന്നാണ് ആരോപണം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നതിന് മുൻപേ തന്നെ ഇതിനെതിരായി സമൂഹമാധ്യമങ്ങളിൽ പ്രചാരണങ്ങൾ ശക്തമായിരുന്നു.
ഇതിലെ വാസ്തവം പരിശോധിക്കാം.
അന്വേഷണം
സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പാണ് പോഷകബാല്യം പദ്ധതി നടപ്പാക്കുന്നത്. കുട്ടികളുടെ പോഷകാഹാര നിലവാരം ഉയർത്തുന്നതിലൂടെ സുസ്ഥിര ആരോഗ്യം കൈവരിക്കുക എന്നതാണ് ലക്ഷ്യം. മൂന്നു വയസ് മുതൽ ആറ് വയസ് വരെയുളള നാലു ലക്ഷത്തോളം അങ്കണവാടി കുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന ഇൻഫർമേഷൻ ആൻറ് പബ്ലിക് റിലേഷൻ വകുപ്പ് നൽകുന്ന വിവരങ്ങളുടെ ലിങ്കുകൾ ചുവടെ ചേർക്കുന്നു.
അന്വേഷണത്തിന്റെ ഭാഗമായി വനിതാ ശിശുക്ഷേമ ഡയറക്ടറേറ്റുമായി ബന്ധപ്പെട്ടു. 61.5 കോടി രൂപയുടെ പോഷകബാല്യം പദ്ധതിക്ക് പണം അനുവദിക്കുന്നത് സംസ്ഥാന സർക്കാറാണ്. മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പദ്ധതി പ്രകാരം ഓഗ്സ്റ്റ് ഒന്നു മുതൽ അങ്കണവാടി പ്രീ സ്കൂൾ കുട്ടികൾക്ക് പാലും മുട്ടയും നൽകിത്തുടങ്ങിയിട്ടുണ്ട്. വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള 33,115 അങ്കണവാടികളിലെയും കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും രണ്ട് ദിവസം പാലും നൽകും.
പ്രചാരണങ്ങളിൽ പറയുന്ന അക്ഷയപാത്രയെന്ന കേന്ദ്ര പദ്ധതിയെക്കുറിച്ചാണ് പിന്നീട് അന്വേഷിച്ചത്. കേന്ദ്ര സർക്കാറിന് ഇത്തരത്തിൽ ഒരു പദ്ധതിയില്ല. എന്നാൽ, ബംഗളൂരുവിലെ ഇൻർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസ്സി(ഇസ്കോൺ)ന്റെ സന്യാസിമാർ ഉൾപ്പെടുന്ന അക്ഷയപാത്ര എന്ന സന്നദ്ധ സംഘടനയുണ്ട്.
സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകുന്ന പദ്ധതി അക്ഷയപാത്രയ്ക്കുണ്ട്. കുട്ടികളിലെ പോഷകാഹാരക്കുറവ് തടയുന്നതിനും സാമൂഹിക-സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇതെന്നാണ് ഇവരുടെ സൈറ്റിൽ പറയുന്നത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയുമായി 19,039 സ്കൂളുകളിലാണ് ഇവർ പദ്ധതി നടപ്പാക്കിയിട്ടുള്ളത്. സംസ്ഥാനങ്ങൾ തിരിച്ചുള്ള ഇതിൻറെ കണക്ക് അക്ഷയപാത്രയുടെ സൈറ്റിൽ നൽകിയിട്ടുണ്ട്. എന്നാൽ ഇതിൽ കേരളമില്ല.
ലക്ഷദ്വീപിലെ സ്കൂൾ കുട്ടികളുടെ ഉച്ച ഭക്ഷണ പദ്ധതിയിൽനിന്ന് മാംസം ഒഴിവാക്കാനുള്ള നീക്കം ഇതേ സംഘടനയ്ക്ക് വേണ്ടിയാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ദ ഫെഡറൽ എന്ന ഓൺലൈൻ മാധ്യമമായിരുന്നു പ്രസ്തുത വാർത്ത റിപ്പോർട്ട് ചെയ്തത്.
വാസ്തവം
കേന്ദ്ര പദ്ധതിയായി അക്ഷയപാത്രത്തിന്റെ പേരുമാറ്റി നടപ്പാക്കിയതാണ് സംസ്ഥാനത്തെ പോഷകബാല്യം പദ്ധതിയെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണിത്. പദ്ധതി ചെലവായ 61.5 കോടി രൂപ പൂർണ്ണമായും വഹിക്കുന്നത് സംസ്ഥാന സർക്കാറാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..