പ്രചരിക്കുന്ന സ്ക്രീൻഷോട്ട്
വാക്സിൻ നിർമാതാക്കളായ ഫൈസർ കമ്പനിയുടെ വൈസ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു എന്ന തരത്തിൽ ഒരു പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.
ഇതു സംബന്ധിച്ച വസ്തുത പരിശോധനക്കായി മാതൃഭൂമിക്ക് വാട്സാപ്പിൽ ലഭിച്ച സന്ദേശമിതാണ്. 'ഫൈസർ ഗ്രൂപ്പിന്റെ ചില രേഖകൾ പുറത്തായതിനെ തുടർന്ന് വാക്സിന്റെ ഫലപ്രാപ്തി വെറും 12 ശതമാനമാണ് എന്ന് തിരിച്ചറിയുകയും അധികൃതർ കമ്പനിയുടെ വൈസ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇന്ത്യയിൽ ഫൈസർ അനുവദിക്കാത്തതിന് സർക്കാരിന് നന്ദി. കെജ്രിവാൾ, ഉദ്ധവ് താക്കറെ, അശോക് ഗെഹ്ലോട്ട് എന്നീ നേതാക്കൾ ഫൈസർ നിർമ്മിച്ച വാക്സിനെ പിന്തുണച്ചിരുന്നു എന്ന് മറക്കരുത്.' സന്ദേശത്തോടൊപ്പം ഒരു വെബ്സൈറ്റ് ലിങ്കും നൽകിയിട്ടുണ്ട്. പ്രസ്തുത സന്ദേശത്തിന് പിന്നിലെ വാസ്തവം പരിശോധിക്കുന്നു.
അന്വേഷണം
സന്ദേശത്തിൽ നൽകിയിരിക്കുന്ന വെബ് ലിങ്ക് വാൻകൂവർ ടൈംസ് (https://vancouvertimes.org/) എന്ന വെബ്സൈറ്റിന്റേതാണ്. ഇത് കൂടാതെ വെബ്സൈറ്റിൽ വാർത്തയോടൊപ്പം നൽകിയ ടാഗുകളിലൊന്ന് 'സറ്റയർ'(Satire) എന്നാണ്. വെബ്സൈറ്റിന്റെ വിവരണത്തിൽ (About us) തങ്ങൾ ആക്ഷേപഹാസ്യവുമായി ബന്ധപ്പെട്ട വാർത്ത മാധ്യമമാണെന്ന് (Satirical website) അവകാശപ്പെടുന്നു. മുഖ്യധാരാ മാധ്യമങ്ങളുമായി തങ്ങൾക്ക് ബന്ധമില്ലെന്നും വിവരണത്തിൽ അവർ പറയുന്നു.
വെബ്സൈറ്റിൽ പ്രസീദ്ധികരിച്ച വാർത്തയിതാണ്: ''ഫൈസർ കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റാഡി ജോൺസണെ (Rady Johnson) ഫെഡറൽ ഏജന്റുമാർ അറസ്റ്റ് ചെയ്തു. ഫൈസറിനെ സംബന്ധിക്കുന്ന ആയിരത്തോളം രേഖകൾ പുറത്താവുകയും പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയ വാക്സിൻ എത്രമാത്രം ആപത്താണ് എന്ന തിരിച്ചറിവുമാണ് അറസ്റ്റിനു കാരണം.'' സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത് പ്രസ്തുത വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ ലിങ്കാണ്.

സമൂഹ മാധ്യമങ്ങളിൽ ഈ പ്രചാരണം ശക്തമായതോടെ പല മാധ്യമങ്ങളും പ്രതികരണത്തിനായി ഫൈസറിനെ സമീപിച്ചിരുന്നു. ഫൈസർ കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് യു.എസ്.എ. ടുഡേ (USA Today) എന്ന അമേരിക്കൻ മാധ്യമം പ്രസീദ്ധികരിച്ച റിപ്പോർട്ടിൽ കമ്പനി ഈ വാർത്ത നിഷേധിക്കുകയും വൈസ് പ്രസിഡന്റിനെ ആരും അറസ്റ്റ് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി.
വാസ്തവം
വാക്സിൻ നിർമ്മാതാക്കളായ ഫൈസർ കമ്പനിയുടെ വൈസ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു എന്ന വാർത്ത വാസ്തവവിരുദ്ധമാണ്. ഇത് പ്രസിദ്ധികരിക്കപ്പെട്ടത് വാൻകൂവർ ടൈംസ് എന്ന ആക്ഷേപഹാസ്യത്തിന് (Satirical) വേണ്ടിയുള്ള ഒരു വെബ്സൈറ്റിലാണ്. മാത്രമല്ല, ഈ വാർത്ത നിഷേധിച്ചുകൊണ്ട് ഫൈസർ രംഗത്തെത്തുകയും ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..