പ്രചരിക്കുന്ന പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകൾ | കടപ്പാട്: ഫേസ്ബുക്ക്
കുറേ ആളുകളെ പട്ടാളക്കാർ കുഴിയിലേക്ക് തള്ളിയിട്ട് വെടിവെച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇസ്രയേൽ പട്ടാളം പലസ്തീൻ യുവാക്കളെ കൊല്ലുന്നു എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. ഒരു ടെലിവിഷൻ ചാനലും ഇതിനെക്കുറിച്ച് ലോകത്തെ അറിയിക്കാൻ തയ്യാറാകുന്നില്ല എന്നും ദൃശ്യത്തിനോടൊപ്പമുള്ള വാട്സാപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്.

ദൃശ്യങ്ങളുടെ വാസ്തവം പരിശോധിക്കുന്നു.
അന്വേഷണം
കുറേ മൃതദേഹങ്ങളും ടയറുകളും നിറഞ്ഞ ഒരു കുഴി ദൃശ്യങ്ങളിൽ കാണാം. ഈ കുഴിയിലേയ്ക്കാണ് പട്ടാള യൂണിഫോം ധരിച്ചവർ ആളുകളെ തള്ളിയിട്ട് വെടിവെച്ച് കൊല്ലുന്നത്. കണ്ണുകൾക്ക് ചുറ്റും ടേപ്പ് ഒട്ടിച്ച്, കൈകൾ കൂട്ടിക്കെട്ടിയാണ് ആളുകളെ കുഴിയുടെ അടുത്തേയ്ക്ക് കൊണ്ടുവരുന്നത്. എന്നാൽ ഇസ്രയേൽ പട്ടാളത്തിന്റെ യൂണിഫോം അല്ല ദൃശ്യങ്ങളിലുള്ളവർക്ക് എന്ന് ശ്രദ്ധയിൽപ്പെട്ടു.
സെർച്ച് ടൂളുകൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ, വേറെയും വാദങ്ങളോടെ പ്രസ്തുത ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് കണ്ടെത്തി. സിറിയയിൽ റംസാൻ വ്രതാനുഷ്ഠാനം നടത്താൻ വിസമ്മതിച്ചതിന് ആളുകളെ വെടിവെച്ച് കൊന്ന്, കുഴിയിൽ വലിച്ചെറിയുന്നു എന്ന തരത്തിലും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങൾക്കൊപ്പം പ്രചരിക്കുന്ന വിവരണം,
'This is in Islamic Nation Syria..where those who have been shot dead are the Kafirs who didn't observe the fast during the Ramzan festival. A mass grave has been dugged (sic) and all those who didn't fast were blindfolded and shot dead and burrows in the mass grave,'
.png?$p=6022737&w=610&q=0.8)
പരിശോധിച്ചപ്പോൾ, സിറിയൻ സേനയുടെ യൂണിഫോമിനോട് സാമ്യമുള്ള യൂണിഫോം ആണ് ദൃശ്യങ്ങളിലുള്ളവർക്ക്. തുടർന്നുള്ള അന്വേഷണത്തിൽ ബ്രിട്ടീഷ് വാർത്താ മാധ്യമം ആയ ദി ഗാർഡിയനും, ഓൺലൈൻ മാസികയായ ന്യൂ ലൈൻസും 2022 ഏപ്രിൽ ഇരുപത്തിയേഴിന് പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ കണ്ടെത്തി. പ്രചരിക്കുന്ന ദൃശ്യങ്ങളിലെ സംഭവം കുറച്ചു വർഷങ്ങൾക്ക് മുൻപ് നടന്നതാണെന്ന് പ്രസ്തുത റിപ്പോർട്ടുകളിൽ പറയുന്നു. 2013 ഏപ്രിൽ പതിനാറിന് സിറിയയിലെ ദമാസ്കസ് പ്രവിശ്യയിലെ ടാഡമണിലാണ് കൂട്ടക്കൊല നടന്നത്. ദൃശ്യങ്ങളിലുള്ള സംഭവത്തിൽ നാൽപ്പത്തൊന്നോളം സാധാരണക്കാരെയാണ് സിറിയൻ സേനാംഗങ്ങൾ അന്ന് കൊന്നൊടുക്കിയതെന്നാണ് പ്രസ്തുത റിപ്പോർട്ടുകളിൽ. യഥാർത്ഥ സംഭവത്തിന്റെ ഒരു ഭാഗം മാത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഒന്നിനു മുകളിൽ ഒന്നായി കൂട്ടിയിട്ട മൃതദേഹങ്ങൾ പിന്നീട് തീകൊളുത്തി നശിപ്പിക്കുകയും ചെയ്തുവെന്ന് സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ പറയുന്നു.
എന്താണ് ഈ വീഡിയോയ്ക്ക് പിന്നിലെ കഥ?
സിറിയൻ സേനയിലേക്ക് പുതുതായി ചേർന്ന ഒരാൾക്ക് സിറിയൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ (മുഖ്ബറാത്ത്) തകരാറിലായ ഒരു ലാപ്ടോപ്പിന്റെ ചുമതല നൽകുകയുണ്ടായി. അതിന്റെ ഹാർഡ് ഡ്രൈവ് പരിശോധിച്ചപ്പോൾ ടാഡമണിൽ നടന്ന കൂട്ടക്കൊലയുടെ ദൃശ്യങ്ങൾ അയാൾ കാണാനിടയായി. കൊലയാളികൾ തന്നെ പകർത്തിയ ക്രൂരമായ സംഭവത്തിന്റെ ദൃശ്യങ്ങൾ കണ്ട് മനംനൊന്ത ഇയാൾ, ദൃശ്യങ്ങൾ ഒരു സിറിയൻ ഭരണവിരുദ്ധ ആക്റ്റിവിസ്റ്റിനെ കണ്ടെത്തി ഏൽപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെ, 2019-ൽ വീഡിയോയുടെ പകർപ്പ് ആംസ്റ്റർഡാം സർവ്വകലാശാലയിലെ ഹോളോകോസ്റ്റ്-വംശഹത്യ വിഭാഗത്തിൽ പ്രൊഫസ്സറായ ഉയേ ഉൻഗോ (Ugur Ümit Üngör) എന്ന വിദഗ്ധനു കൈമാറി. അദ്ദേഹവും വംശഹത്യയിൽ പഠനം നടത്തുന്ന അൻസാർ ഷഹൂദ് എന്ന വിദഗ്ധയും ദൃശ്യങ്ങൾ പരിശോധിച്ചു.
സംഭവുമായി ബന്ധപ്പെട്ട, വിവിധ ഘട്ടങ്ങളിലെടുത്ത ഇരുപത്തിയേഴ് വീഡിയോകളാണ് ഇവർക്ക് ലഭിച്ചത്. സംഭവം നടന്ന തീയതി ഈ വീഡിയോകളിൽ ഒന്നിൽ നിന്നാണ് ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടത്. ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ കൊല ചെയ്യുന്ന സൈനിക ഉദ്യോഗസ്ഥർ ആരാണെന്നും കണ്ടെത്തി. പിന്നീട് ഗവേഷകർ ഒരു വ്യാജ സമൂഹമാധ്യമ പ്രൊഫൈൽ ഉണ്ടാക്കുകയും, അതിലൂടെ സൈനിക ഉദ്യോഗസ്ഥരിൽനിന്ന് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. 2019 മുതൽ നടത്തിയ പരിശോധനകളുടെ കണ്ടെത്തലുകളാണ് ഈ വർഷം ഏപ്രിലിലിൽ ഇവർ ദി ഗാർഡിയൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലൂടെ പുറത്തുവിട്ടത്.
ആരാണ് കൊലയാളികൾ? കൂട്ടക്കൊലയ്ക്ക് പിന്നിലെ കാരണം എന്താണ്?
സിറിയയുടെ പ്രസിഡന്റും സിറിയൻ സായുധ സേനയുടെ കമാൻഡർ ഇൻ ചീഫുമാണ് ബാഷർ അൽ അസദ്. ഇദ്ദേഹത്തിന്റെ സേനയിലെ ഉദ്യോഗസ്ഥരാണ് ബന്ദികളാക്കി ആളുകളെ കൊന്നത്. സിറിയൻ ഇന്റലിജൻസ് ഉദ്യോഗസ്ഥനായ അംജദ് യൂസഫ് ആണ് പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ആളുകളെ വെടിവയ്ക്കുന്നത്. കൂട്ടക്കൊല ചെയ്തതിൽ പ്രധാനിയായ അംജദ് ഇപ്പോഴും സിറിയൻ പട്ടാളത്തിന്റെ 227 യൂണിറ്റിൽ സേവനമനുഷ്ഠിക്കുന്നുണ്ടെന്നാണ് വാർത്താ റിപ്പോർട്ടുകളിൽ.
സംഭവം അന്വേഷിച്ച ഗവേഷകരുടെ നിഗമനമിതാണ്: സിറിയൻ തലസ്ഥാനമായ ദമാസ്കസിന് തെക്ക് ടാഡമൺ എന്ന ജില്ലയിൽ സിറിയൻ സർക്കാരും കലാപകാരികളും തമ്മിൽ യുദ്ധം നടക്കുകയാണ്. ഈ അവസരത്തിൽ പ്രദേശത്തെ ജനങ്ങൾ കലാപകാരികളോടൊപ്പം ചേരുന്നതിനെതിരെ ആളുകളെ ഭീഷണിപ്പെടുത്താൻ സൈന്യം ആളുകളെ കൂട്ടക്കൊല ചെയ്തു.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ, കൊല്ലപ്പെട്ട ആളുകളിൽ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരിൽ ടാഡമൺ നിവാസികളാണ് ഏറെയും. എങ്കിലും അതിനടുത്തുള്ള യാർമൗക്ക് അഭയാർത്ഥി ക്യാമ്പിലെ കുറച്ച് പലസ്തീനികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു എന്ന് ദി ഗാർഡിയൻ 2022 മെയ് ആറിന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ നൽകിയിട്ടുണ്ട്.

അൽ ജസീറ- https://www.aljazeera.com/news/2022/5/5/family-discoveres-missing-member-in-syrias-tadamon-massacre
ദി ജെറുസലേം പോസ്റ്റ്- https://www.jpost.com/middle-east/article-706203
പ്രചരിക്കുന്ന പോലെ പലസ്തീൻ യുവാക്കളെ ഇസ്രയേൽ പട്ടാളം കൂട്ടക്കൊല ചെയ്യുന്നതിന്റെ ദൃശ്യങ്ങളല്ല ഇതെന്ന് സ്ഥിരീകരിച്ചു. കൂടാതെ, റംസാൻ വ്രതാനുഷ്ഠാനമായും ഈ ദൃശ്യങ്ങൾക്ക് ബന്ധമില്ല എന്ന് കണ്ടെത്തി. 2013-ൽ റംസാൻ ജൂലൈ 9 മുതൽ ആഗസ്ത് 7 വരെയായിരുന്നു.
വാർത്താ മാധ്യമങ്ങൾ ഈ ദൃശ്യങ്ങളോ സംഭവങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതും വ്യാജ പ്രചാരണമാണ്. സംഭവത്തെക്കുറിച്ചുള്ള ചില വാർത്തകൾ,
അറബ് ന്യൂസ്- https://www.arabnews.com/node/2079441/middle-east
അനാഡൊലു ഏജൻസി- https://twitter.com/anadoluagency/status/1519709858383241218
വാസ്തവം
കുറേ ആൾക്കാരെ പട്ടാളക്കാർ കുഴിയിലേക്ക് തള്ളിയിട്ട് വെടിവെച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങൾ തെറ്റായ വിവരണങ്ങളോടെയാണ് പ്രചരിക്കുന്നത്. പ്രസ്തുത വീഡിയോ പാലസ്തീൻ യുവാക്കളെ ഇസ്രയേൽ പട്ടാളം കൂട്ടക്കൊല ചെയ്യുന്നതിന്റെയോ റംസാൻ വ്രതം എടുക്കാത്തതിൽ സിറിയക്കാരെ കൊല്ലുന്നതിന്റെയോ അല്ല. 2013-ൽ സിറിയയിലെ ടാഡമണിൽ സൈന്യം നടത്തിയ കൂട്ടക്കൊലയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ തെറ്റായ വിവരങ്ങളോടെ പ്രചരിക്കുന്നത്. അവിടുത്തെ ജനങ്ങൾ കലാപകാരികളോടൊപ്പം ചേരുന്നതിൽനിന്ന് ഭീഷണിപ്പെടുത്തുന്നതിനാണ് ഇത്തരത്തിൽ ക്രൂരമായി സൈന്യം ആളുകളെ കൂട്ടക്കൊല ചെയ്തതെന്നാണ് വിദഗ്ധരുടെ നിഗമനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..