കടപ്പാട് ട്വിറ്റർ
ഇന്ത്യ ആക്രമിക്കുമെന്ന് പാക് താലിബാന്റെ വെല്ലുവിളി എന്ന തരത്തിൽ ഒരു വീഡിയോ വാട്സാപ്പിൽ പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേരെടുത്ത് പരാമർശിച്ചുകൊണ്ടുള്ള ഭീഷണി സന്ദേശമാണിതിൽ. പ്രവാചകനിന്ദ വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്തുമെന്ന അൽ ഖായിദയുടെ ഭീഷണി പുറത്തുവന്ന സാഹചര്യത്തിൽ കൂടിയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. ഇതിലെ വസ്തുത പരിശോധിക്കുന്നു..

അന്വേഷണം
45 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ഇരുകൈകളിലും ആയുധങ്ങളുമായി നിൽക്കുന്ന ഒരാളെ ദൃശ്യങ്ങളിൽ കാണാം. രാവിലത്തെ നമസ്കാരത്തിന് മുമ്പായി ഡൽഹിയിൽ പാക് പതാക ഉയർത്തുമെന്നാണ് വീഡിയോയുടെ തുടക്കത്തിൽ ഇയാൾ അവകാശപ്പെടുന്നത്. തങ്ങളുടെ പക്കലുള്ള ആയുധങ്ങൾ കാഴ്ചയ്ക്ക് വച്ചതല്ലെന്നും ഇവ വഞ്ചകർക്ക് വേണ്ടിയുള്ളതാണെന്നും പറയുന്നുണ്ട്.
വിശദമായ പരിശോധനയിൽ ഈ വീഡിയോയിലെ ചില ഭാഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മറ്റൊരു ട്വീറ്റ് ലഭിച്ചു. ഇന്ത്യയ്ക്കെതിരെ ഭീഷണി മുഴക്കിയവർക്കുണ്ടാകുന്ന അവസ്ഥ, എന്ന തരത്തിലുള്ളതാണ് മെയ് 25-ാം തിയതി പോസ്റ്റ് ചെയ്തിരിക്കുന്ന ഈ ട്വീറ്റിലെ വീഡിയോ.
സെർച്ച് ടൂളുകൾ ഉപയോഗിച്ചുള്ള പരിശോധനയിൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ 2019-ൽ യൂട്യൂബിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ഗ്രേറ്റർ പാകിസ്താൻ എന്ന യൂട്യൂബ് ചാനലിൽ, ട്രൈബൽ പക്തൂൺ ലീഡർ സയ്യീദ് കബീർ അഫ്രീദി ഇന്ത്യക്ക് നൽകുന്ന അവസാന മുന്നറിയിപ്പ് എന്ന തലക്കെട്ടെടെ 2019 ഓഗസ്റ്റ് ആറിനാണ് ഇത് അപ്ലോഡ് ചെയ്തിരിക്കുന്നത്.
സയ്യീദ് കബീർ അഫ്രീദിയെ അധികരിച്ചായിരുന്നു പിന്നീടുള്ള അന്വേഷണം. ഇയാളുടെ പേരിൽ രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ട്. ഇതിൽ ഔദ്യോഗികം എന്ന് രേഖപ്പെടുത്തിയ അകൗണ്ടിൽ പാകിസ്താനിലെ ഖൈബർ ജില്ലയിലെ ജമിയത് ഉലമെ ഇസ്ലാമിന്റെ ജനറൽ സെക്രട്ടറിയെന്നാണുളളത്. ഈ അക്കൗണ്ടിൽനിന്നു യഥാർത്ഥ വീഡിയോ കണ്ടെത്തി. 2019 ഫെബ്രുവരി 25-നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
സയ്യിദ് അഫ്രീദിയുടെ രണ്ടാമത്തെ എഫ്.ബി. അക്കൗണ്ടിൽനിന്ന് ഒരു ചിത്രം ലഭിച്ചു. പ്രചരിക്കുന്ന വീഡിയോയിൽ ഉള്ളതിന് സമാനമായ വേഷത്തിൽ ഇരുകൈകളിലും തോക്കുകളുമായി നിൽക്കുന്ന ചിത്രമാണിത്. വീഡിയോ പോസ്റ്റ് ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
വാസ്തവം
ഇന്ത്യ ആക്രമിക്കുമെന്ന് പാക് താലിബാൻ നേതാവിന്റെ ഭീഷണി എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2019-ലെ വീഡിയോ ആണ് ഇപ്പോഴത്തേതെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്. വീഡിയോയിൽ കാണുന്ന വ്യക്തി പാകിസ്താനിലെ ജമിയത് ഉലമെ ഇസ്ലാമെന്ന പാർട്ടിയുടെ ജനറൽ സെക്രട്ടറിയായ സയ്യിദ് കബീർ അഫ്രീദിയാണ് എന്നും അന്വേഷണത്തിൽ കണ്ടെത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..