.
'ജനഗണമന'യ്ക്ക് മികച്ച ദേശീയ ഗാനത്തിനുള്ള യുനെസ്കോ അംഗീകാരം ലഭിച്ചുവെന്ന പ്രചാരണം തുടരുകയാണ്. ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ള ഈ അവകാശവാദത്തെ വിശ്വാസത്തിലെടുത്തവരിൽ കലാ-സാംസ്കാരിക, രാഷ്ട്രീയ രംഗത്തുള്ള നിരവധി പ്രമുഖരുണ്ട്. ഹരിയാന സർക്കാരിന്റെ നാലാം ക്ലാസ്സ് പാഠപുസ്തകത്തിൽ വരെ ഇത് ഇടം നേടിയിരുന്നു.
ഈ സന്ദേശത്തിന്റെ യാഥാർഥ്യമെന്തെന്ന ചോദ്യവുമായി നിരവധി പേരാണ് സന്ദേശങ്ങൾ അയച്ചിട്ടുള്ളത്. ഇതിനു പിന്നിലെ വസ്തുതകളെന്തെന്ന് മാതൃഭൂമി പരിശോധിക്കുന്നു.

അന്വേഷണം
2008 മുതലേ പ്രചാരത്തിലുള്ള ഒരു സന്ദേശമാണ് ഇത്. അന്ന് ഇ മെയിലിലൂടെയായിരുന്നു ഇതിന്റെ പ്രചാരണം. കാലം മാറിയതോടെ ഫേസ്ബുക്കും വാട്സാപ്പുമായി പ്രധാന മാധ്യമങ്ങൾ. പ്രസ്തുത സന്ദേശത്തിന്റെ വസ്തുത വെളിപ്പെടുത്തുന്ന വാർത്ത ഇന്ത്യ ടുഡേ എന്ന ദേശീയ മാധ്യമം 2008-ൽ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. പ്രചരിക്കുന്നത് വ്യാജസന്ദേശമാണെന്നും യുനെസ്കോ ഇത്തരത്തിലുള്ള പ്രസ്താവനകളൊന്നും ഇറക്കിയിട്ടില്ലെന്നും യുനെസ്കോ അധികൃതർ അറിയിച്ചതായാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തത്.
ഇന്ത്യ ടുഡേ വാർത്തയുടെ ലിങ്ക്: https://www.indiatoday.in/latest-headlines/story/india-anthem-email-false-unesco-30726-2008-09-30
പിന്നീട്, 2016-ലെ പത്ത് പ്രധാന വ്യാജവാർത്തകളിലൊന്നായി ഈ സന്ദേശത്തെ ഇന്ത്യ സ്പെന്റ്സ് എന്ന പ്രമുഖ ഡാറ്റാ അനലിസ്റ്റ് സ്ഥാപനം അവരുടെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യൻ എക്സ്പ്രസ്സ്, ബിസിനസ് സ്റ്റാൻഡേർഡ് പോലുള്ള ദേശീയ മാധ്യമങ്ങളും വാർത്താ ഏജൻസിയായ ഐ.എ.എൻ.എസും ഇത് വാർത്തയായി നൽകുകയും ചെയ്തു.
എന്നിട്ടും 2019-ൽ ഹരിയാന എസ്.സി.ആർ.ടിയുടെ നാലാം ക്ലാസ് പാഠപുസ്തകത്തിൽ ഈ വ്യാജ അവകാശവാദം കടന്നുകൂടി. ഹരിയാനയ്ക്ക് പറ്റിയ അബദ്ധം ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ ദേശീയ മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു. പ്രചരിക്കുന്ന സന്ദേശം തെറ്റാണെന്നും ദേശീയഗാനങ്ങളുടെ മികവ് യുനെസ്കോ രേഖപ്പെടുത്താറില്ലെന്നും യുനെസ്കോയുടെ ഇംഗ്ലീഷ് ഭാഷാ എഡിറ്റർ റോണി അമേലൻ സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ അന്നത്തെ അവരുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ, പൂർണ്ണമായും വ്യാജമാണെന്ന് തെളിഞ്ഞ ഒരു അവകാശവാദമാണ് ഇപ്പോഴും പ്രചരിക്കുന്നതെന്ന് സ്ഥിരീകരിച്ചു.
ഇന്ത്യ സ്പെൻഡ് വാർത്തയുടെ ലിങ്ക്: https://www.indiaspend.com/2016-top-10-fake-news-forwards-that-we-almost-believed-59828
ടൈംസ് ഓഫ് ഇന്ത്യ വാർത്തയുടെ ലിങ്ക്: https://timesofindia.indiatimes.com/city/gurgaon/fake-claim-on-indias-national-anthem-in-scert-book/articleshow/67663907.cms
വർഷങ്ങൾക്ക് മുമ്പേ വ്യാജമാണെന്ന് തെളിഞ്ഞതും നിരവധി തവണ വാർത്തയാക്കപ്പെട്ടതുമായ ഒരു സന്ദേശം ഇപ്പോഴും പ്രചരിക്കുന്നുണ്ടെന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്. നിരവധി പേർ ഇത് ഇന്നും വിശ്വസിക്കുന്നുണ്ടെന്നത് ആശങ്കയും ഉളവാക്കുന്നു.
വാസ്തവം
ജനഗണമനയ്ക്ക് മികച്ച ദേശീയ ഗാനത്തിനുള്ള യുനെസ്കോ അംഗീകാരം ലഭിച്ചുവെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. യുനെസ്കോ ഇത്തരത്തിലുള്ള റാങ്കിങ്ങുകൾ നടത്താറില്ല. വർഷങ്ങൾ പഴക്കമുള്ള വ്യാജസന്ദേശമാണ് ഇപ്പോഴും പ്രചരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..