പ്രചരിക്കുന്ന കാർഡ്
അമ്മയെ നോക്കാൻ സമയമില്ലാതിരുന്ന അമേരിക്കക്കാരനായ മകന്റെയും ആരും നോക്കാനില്ലാതെ മരണത്തിനു കീഴടങ്ങിയ അമ്മയുടെയും ഒരു കഥ ഇപ്പോൾ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. അമേരിക്കയിൽനിന്നു രണ്ടു വർഷത്തിനു ശേഷം നാട്ടിലേയ്ക്ക് വന്ന മകന് കാണാൻ സാധിച്ചത് അമ്മയുടെ അസ്ഥികൂടമാണെന്നാണ് പ്രചാരണം. ഒന്നേകാൽ വർഷമായി രണ്ടുപേരും തമ്മിൽ ഒരു ബന്ധവുമുണ്ടായിരുന്നില്ലെന്നും പോസ്റ്റിൽ പറയുന്നു. മുംബൈയിലെ ആശ സാഹ്നി എന്ന അമ്മയുടെയും അവരുടെ മകന്റെയും കഥയാണിതെന്നാണ് അവകാശവാദം. വിവരണങ്ങൾക്കൊപ്പം സോഫയിൽ കിടക്കുന്ന ഒരു അസ്ഥികൂടത്തിന്റെ ചിത്രവും നൽകിയിട്ടുണ്ട്. ഇവയുടെ പിന്നിലെ വാസ്തവമെന്തെന്ന് പരിശോധിക്കുന്നു.
പ്രചരിക്കുന്ന പോസ്റ്റിന്റെ ആർക്കൈവ് ലിങ്ക്:
https://web.archive.org/save/https://www.facebook.com/V4MediaOfficial/posts/pfbid021mWNvahz5ivTSRmUpPXhYrXJWciKwT8H14GFQZc1okyqXDa2p4H8jNW5yxjNAAngl
അന്വേഷണം
പ്രചരിക്കുന്ന പോസ്റ്റിനൊപ്പമുള്ള ചിത്രമാണ് ആദ്യം പരിശോധനയ്ക്ക് വിധേയമാക്കിയത്. സെർച്ച് ടൂളുകളുടെ സഹായത്തോടെയുള്ള അന്വേഷണത്തിൽ, ബ്രിട്ടീഷ് മാധ്യമമായ ദി സൺ, നൈജീരിയൻ ഓൺലൈൻ മാധ്യമങ്ങളായ നൈജീരിയൻ മോണിറ്റർ, ഈസ്റ്റ്- വെസ്റ്റ് റിപ്പോർട്ടേഴ്സ് എന്നിവയുടെ സൈറ്റുകളിൽ പ്രസ്തുത ചിത്രം കണ്ടെത്താനായി. 2016-ൽ പ്രസിദ്ധീകരിച്ച വർത്തയിലാണ് ചിത്രം നൽകിയിട്ടുള്ളത്. നൈജീരിയയിലെ ഓഗുൺ സംസ്ഥാനത്ത് ഒരു പാസ്റ്ററിന്റെ വീട്ടിൽനിന്നു കണ്ടെത്തിയ അസ്ഥികൂടത്തിന്റെ ചിത്രമാണിതെന്നാണ് റിപ്പോർട്ടുകളിലുള്ളത്. പാസ്റ്ററിന്റെ സഹോദരിയുടെ അസ്ഥികൂടമാണിതെന്നും അവരുടെ മൃതദേഹം കസേരയിൽ തന്നെ കിടന്ന് ദ്രവിക്കുകയായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതായാണ് റിപ്പോർട്ടിലുള്ളത്.
പ്രചരിക്കുന്ന പോസ്റ്റിലെ വിവരണത്തിലെ വസ്തുതയാണ് അടുത്തതായി പരിശോധിച്ചത്. ഇത്തരത്തിലൊരു സംഭവം നടന്നതായി അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചു. എന്നാൽ, നൽകിയിരിക്കുന്ന വിവരങ്ങൾ അപൂർണ്ണമാണ്. വിവിധ മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ വസ്തുത ഇപ്രകാരമാണ്.
മുംബൈയിലെ ലോഖണ്ഡ്വാല എന്ന പ്രദേശത്തെ ഫ്ളാറ്റിൽ ആശാ സാഹ്നി എന്ന അറുപത്തിമൂന്നുകാരിയുടെ അസ്ഥികൂടം 2017 ഓഗസ്റ്റിലാണ് കണ്ടെത്തിയത്. യു.എസിൽനിന്നു കുറച്ച് വർഷങ്ങൾക്ക് ശേഷം മുംബൈയിലെ അപ്പാർട്മെന്റിലെത്തിയ ആശയുടെ മകനാണ് ആദ്യം അസ്ഥികൂടം കണ്ടത്. അപ്പാർട്മെന്റിലെത്തി അമ്മയെ വിളിച്ചിട്ട് പ്രതികരിക്കാതിരുന്നതിനാൽ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് കതക് തുറക്കുകയായിരുന്നു.
2016 ഏപ്രിലിലാണ് അവസാനമായി ഇരുവരും ഫോണിലൂടെ സംസാരിച്ചത്. പിന്നീട് അമ്മയെ ഫോൺ വിളിച്ചിട്ട് കിട്ടാതിരുന്നതിനാൽ ഓൺലൈനായി പോലീസിൽ പരാതി നൽകിയിരുന്നു എന്ന് ദി ക്വിൻറ് എന്ന മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡിവോഴ്സ് കേസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്നാണ് ആശയുടെ മകന് നാട്ടിലേയ്ക്ക് വരാൻ സാധിക്കാതിരുന്നതെന്നും ദി ക്വിന്ററ്, ഇന്ത്യ ടുഡേ എന്നിവരുടെ റിപ്പോർട്ടുകളിലുണ്ട്.
ഭർത്താവിന്റെ മരണത്തെ തുടർന്ന് മാനസികമായി തളർന്നുപോയ ആശയെ മകൻ യു.എസിലേക്ക് കൊണ്ടുപോയിരുന്നെങ്കിലും അവർ ഒരാഴ്ചയായപ്പോഴേക്കും തിരികെ നാട്ടിലേയ്ക്ക് വന്നു. അവിടുത്തെ കാലാവസ്ഥ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനാലാണ് തിരികെയെത്തിയതെന്ന് അയൽവാസികളോട് ആശ പറഞ്ഞതായും ക്വിന്റിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അപ്പാർട്ട്മെന്റിൽനിന്ന് അവരുടെ ആത്മഹത്യാക്കുറിപ്പും ലഭിച്ചിരുന്നു.
വാസ്തവം
മുംബൈയിലെ ആശ സാഹ്നിയെന്ന വ്യക്തിയുടെ കഥ എന്ന തരത്തിൽ ഫേസ്ബുക്കിൽ പ്രചരിക്കുന്ന വിവരണം ഭാഗികമായി സത്യമാണ്. സംഭവത്തിന്റെ പൂർണ്ണവിവരങ്ങൾ ഫേസ്ബുക് പോസ്റ്റിൽ നൽകിയിട്ടില്ല ഇക്കാരണത്താൽ ഒട്ടേറെ തെറ്റിദ്ധാരണകൾ അത് സൃഷ്ടിക്കുന്നുണ്ട്. പ്രസ്തുത പോസ്റ്റിനൊപ്പം നൽകിയിട്ടുള്ള ചിത്രത്തിന് സംഭവുമായി ബന്ധമില്ല. നൈജീരിയയിൽ നടന്ന ഒരു സംഭവത്തിന്റെ ചിത്രമാണ് മുംബൈയിലേതെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..