
പ്രചരിക്കുന്ന ചിത്രം
പ്രധാനമന്ത്രി നരേന്ദ്ര മോദി പേപ്പറിൽ പേന മുട്ടിക്കാതെ എഴുതുന്നതായി അഭനയിക്കുന്നു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തുറന്നുവച്ചിരിക്കുന്ന ഒരു പുസ്തകത്തിൽ എഴുതുന്നതുപോലെയാണ് ദൃശ്യത്തിൽ കാണുന്നതും പ്രചരിക്കുന്ന തലക്കെട്ടുകളിൽ പരാമർശിക്കുന്നതും. പക്ഷേ പേന പേപ്പറിൽ തൊടുന്നില്ല, എഴുതുന്നതായി അഭിനയിക്കുകയാണ് എന്നാണ് പ്രചാരണം.
ട്വിറ്ററിൽ നിരവധി പേർ റീട്വീറ്റ് ചെയ്ത ഒരു വീഡിയോയുടെ തലക്കെട്ട് ഇപ്രകാരമാണ്: 'പുതിയ വീഡിയോ: പേപ്പറിൽ പേന തൊടാതെ പുലിറ്റ്സർ സമ്മാനം നേടുന്ന സാഹിത്യം എങ്ങനെ എഴുതാം എന്നതിനെ കുറിച്ചുള്ള മോദിയുടെ മാസ്റ്റർ ക്ലാസ്.' വീഡിയോയിൽ മോദിയുടെ ശബ്ദത്തിലുള്ള ഒരു ഹിന്ദി ശബ്ദരേഖയും കേൾക്കാം.
ട്വീറ്റ് (2022 ഫെബ്രുവരി 17):
എന്താണ് ഇതിന്റെ പിന്നിലെ യാഥാർത്ഥ്യം? അന്വേഷിക്കാം.
അന്വേഷണം
പ്രചരിക്കുന്ന വീഡിയോയുടെ ശബ്ദരേഖയിലുള്ളത് മോദിയുടെ ശബ്ദമല്ല. മോദിയെ പരിഹസിച്ചുകൊണ്ടുള്ള അനുകരണമാണ്. 2022 ഫെബ്രുവരി 16 മുതൽ ഈ ദൃശ്യം (മറ്റ് പകർപ്പുകൾ) സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് എന്ന് കണ്ടെത്തി.
ഇവർ ഉപയോഗിച്ചിട്ടുള്ളത് ദൈനിക് ട്രിബ്യൂണിന്റെ വീഡിയോ ആണെന്ന് ദൃശ്യത്തിലുള്ള വാട്ടർമാർക്കിൽ നിന്ന് കണ്ടെത്തി. 2022 ഫെബ്രുവരി 16-നാണ് ദി ട്രിബ്യൂൺ എന്ന അവരുടെ യൂട്യൂബ് ചാനലിൽ ഈ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുള്ളത്. New Delhi: PM Modi offers prayers at Ravidas Mandir at Karol Bagh, participates in kirtan എന്നാണ് വീഡിയോയുടെ തലക്കെട്ട്. രവിദാസ് ജയന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി കരോൾ ബാഗിലെ ശ്രീ ഗുരു രവിദാസ് വിശ്രം ധാം മന്ദിർ സന്ദർശിച്ചതിന്റെ ദൃശ്യങ്ങളാണിത്. അതിൽ നിന്നുള്ള ഒരു ഭാഗമാണ് ഇപ്പോൾ പ്രചരിക്കുന്നത്.
വീഡിയോയുടെ കീ ഫ്രെയിംസ് എടുത്ത് റിവേർസ് ഇമേജ് സർച്ച് ചെയ്തപ്പോൾ പ്രചരിക്കുന്ന ദൃശ്യത്തിന്റെ കൂടുതൽ വ്യക്തതയുള്ളതും ദൈർഘ്യം ഏറിയതുമായ പകർപ്പ് ലഭിച്ചു. ദൃശ്യം സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ പ്രധാനമന്ത്രി വിസിറ്റേഴ്സ് ബുക്കിലാണ് വായിച്ച്, എഴുതുന്നതെന്ന് മനസ്സിലായി. അദ്ദേഹം ഒപ്പ് ഇടുന്നതിനു മുന്നേ, പുസ്തകത്താളിൽ എഴുതിയിട്ടുള്ള വരികളിലൂടെ പേനയോടിച്ച് വായിച്ചു നോക്കുന്നുണ്ട്. എന്നിട്ടാണ് അദ്ദേഹം ഒപ്പിടുന്നത്. അദ്ദേഹം വായിക്കുന്ന താളിൽ എന്തോ എഴുതിയിട്ടുണ്ട് എന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ശേഷം, ഒപ്പിടുന്ന വേളയിൽ പേന പേപ്പറിൽ മുട്ടിക്കുന്നുമുണ്ട്.

അദ്ദേഹം വായിക്കുന്ന ഭാഗമാണ് തെറ്റായി വ്യാഖ്യാനിച്ച്, കളിയാക്കിക്കൊണ്ട് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്.
വീഡിയോ (7:538:50):
മോദി വിസിറ്റേഴ്സ് ബുക്കിൽ എഴുതിയതിന്റെ ഒരു ചിത്രം HW English എന്ന വാർത്താ സൈറ്റിൽ നിന്നു കണ്ടെത്തി.

വാസ്തവം
പ്രധാനമന്ത്രി നരേന്ദ്ര മോദി പേപറിൽ പേന മുട്ടിക്കാതെ എഴുതുന്നതായി അഭനയിക്കുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വസ്തുതാ വിരുദ്ധമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പുസ്തകത്തിൽ എഴുതിയത് പേനയോടിച്ച് വായിക്കുന്നതാണ് സമൂഹമാധ്യമങ്ങളിൽ തെറ്റായി പ്രചരിക്കുന്നത്. ഒപ്പിടുന്ന വേളയിൽ പേന പേപ്പറിൽ മുട്ടിക്കുന്നുമുണ്ട് എന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..