
പ്രചരിക്കുന്ന ചിത്രം
പാകിസ്താന്റെ സ്ഥാപകനും മുസ്ലിം ലീഗ് നേതാവുമായിരുന്ന മുഹമ്മദ് അലി ജിന്ന ഓൾ ഇന്ത്യ മുസ്ലീം സ്റ്റുഡന്റ്സ് ഫെഡറേഷൻ വനിത അംഗങ്ങളുടെ കൂടെ ഇരിക്കുന്നു എന്ന തരത്തിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 'Jinnah with members of the women's wing of the All India Muslim Students Federation. The wing was also called 'Muslim Women's Guards.' എന്ന അടിക്കുറിപ്പും ചിത്രത്തിനുണ്ട്.
കഴിഞ്ഞ 100 വർഷത്തിനിടയിൽ നമ്മൾ പുരോഗമിച്ചോ അതോ പിന്നോട്ട് പോയോ എന്ന് ഈ ചിത്രം വ്യക്തമാക്കുന്നു എന്ന അർത്ഥത്തിൽ തലക്കെട്ടുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് (2022 മാർച്ച് 8):
2022 ഫെബ്രുവരി 18ന് വന്ന ഒരു ട്വീറ്റ്:
വെള്ള ചുരിദാറും ദേഹത്തിന് കുറുകെ ഒരു ഷാളും കെട്ടിയ കുറച്ച് പെൺകുട്ടികളെ ഈ ചിത്രത്തിൽ കാണാം. ഓൾ ഇന്ത്യ മുസ്ലീം സ്റ്റുഡന്റ്സ് ഫെഡറേഷൻ അംഗങ്ങളായ ഇവരിൽ ഒരു വിദ്യാർത്ഥി പോലും ഹിജാബോ നിക്കാബോ ധരിച്ചിട്ടില്ല എന്ന വാദം ചൂണ്ടികാണിച്ചാണ് ഒരു പ്രചാരണം.

#BanHijab in India എന്ന ഹാഷ്ടാഗിലും കർണ്ണാടകയിലെ ഹിജാബ് വിഷയം ഉയർന്നു വന്ന സമയത്ത് പാകിസ്ഥാന്റെ പ്രതികരണത്തിന് മറുപടിയെന്ന തരത്തിലും ഈ ചിത്രം നിരവധി പേർ പങ്കുവെച്ചിട്ടുണ്ട്.
എന്താണ് ഈ ചിത്രത്തിനു പിന്നിലെ വാസ്തവം?
അന്വേഷണം
കാഴ്ചയിൽ വളരെ പഴയതും യഥാർത്ഥ പകർപ്പുമാണെന്ന് തോന്നിപ്പിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. പ്രചരിക്കുന്ന പോലെ ചിത്രത്തിലെ ആരും ഹിജാബോ നിക്കാബോ ധരിച്ചിട്ടില്ല. 42 പേരിൽ നാലു പേർ സാരിയാണ് ഉടുത്തിട്ടുള്ളത്. അതിൽ രണ്ടു പേർ സാരിത്തുമ്പ് തോളിലൂടെ ഇടുകയും ഒരാൾ പകുതിയോളം തലയിലൂടെയും ധരിച്ചിട്ടുണ്ട് എന്ന് ചിത്രത്തിൽ കാണാം.
ചിത്രത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി, റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തു നോക്കി. മുൻകാലങ്ങളിൽ ഈ ചിത്രം പ്രസിദ്ധീകരിച്ചിട്ടുള്ള നിരവധി സൈറ്റുകൾ ലഭ്യമായി. അതിൽ ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ള സമൂഹമാധ്യമ അക്കൗണ്ടുകളും പത്രങ്ങളുടെ സൈറ്റുകളും ആർക്കൈവുകളും ഉൾപ്പെടുന്നു. ഇവയെല്ലാം പരിശോധിച്ചപ്പോൾ അടിക്കുറിപ്പോടെ പ്രചരിക്കുന്ന ഈ ചിത്രം പാകിസ്ഥാൻ വാർത്താ മാധ്യമമായ ഡോണിന്റെ സൈറ്റിൽ നിന്നുള്ളതാണ്. 2014-ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ ലിങ്ക്:
പക്ഷേ, ഡോണിന്റെ സൈറ്റിൽ തന്നെ ഇതേ ചിത്രം മറ്റൊരു ഫീച്ചറിലും നൽകിയിട്ടുണ്ട്. 'Mrs Haroon (front centre) with Mr Jinnah and other members of the Pakistan Women National Guard' എന്ന അടിക്കുറിപ്പാണ് പാകിസ്താന്റെ നാഷണൽ വിമെൻസ് ഗാർഡിലെ ഓഫീസറായ പാഷാ ഹാറൂണിനെ കുറിച്ചുള്ള പ്രസ്തുത ഫീച്ചറിലും നൽകിയിട്ടുള്ളത്.
2016-ൽ പ്രസിദ്ധീകരിച്ച ഫീച്ചറിന്റെ ലിങ്ക്:
വിശദമായ അന്വേഷണത്തിൽ, 1948ൽ- കറാച്ചിയിൽവെച്ച് എടുത്തതാണ് പ്രസ്തുത ചിത്രം എന്ന് കണ്ടെത്താനായി. ഈ ചിത്രത്തോടൊപ്പം ഏറ്റവും കൂടുതൽ വിശദീകരണം നൽകിയിട്ടുള്ളത് പാകിസ്താനിന്റെ വനിത നാഷണൽ ഗാർഡ് അംഗങ്ങൾ ആണെന്ന തരത്തിലാണ്. വിമെൻസ് നാഷണൽ ഗാർഡ്, സിന്ധ് വിമെൻസ് നാഷണൽ ഗാർഡ്, മുസ്ലീം ലീഗ് നാഷണൽ ഗാർഡ് എന്നീ വിശദീകരണങ്ങളോടെയും ഈ ചിത്രം പലയിടത്തും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മുഹമ്മദലി ജിന്നയ്ക്ക് ഏറെ അടുപ്പമുള്ള കുടുംബമാണ് പാകിസ്ഥാനിലെ ഹാറൂൺ കുടുംബം. പാകിസ്ഥാനുവേണ്ടി ആദ്യ ഘട്ടം മുതൽ ഇവർ പ്രവർത്തനസജ്ജമായിരുന്നു. ഈ കുടുംബത്തിലെ അംഗങ്ങളായ പാഷാ ഹാറൂൺ, സീനത്ത് ഹാറൂൺ എന്നിവരെ പ്രചരിക്കുന്ന ചിത്രത്തിൽ തിരിച്ചറിയാൻ സാധിച്ചു. ഇവർ വിമെൻസ് നാഷ്ണൽ ഗാർഡ് രൂപീകരണവും തുടർന്നുള്ള സേവനങ്ങളിലും പ്രധാന പങ്കുവഹിച്ചവരാണ്. ഹാറൂൺ കുടുംബത്തിലെ ഇപ്പോഴത്തെ തലമുറയിലെ അംഗമായ ഫിഫി ഹാറൂൺ മുൻ വർഷങ്ങളിൽ ട്വിറ്ററിൽ പ്രചരിക്കുന്ന ചിത്രം പങ്കുവച്ചിട്ടുണ്ട്. ഇതിൽ വിമെൻസ് നാഷണൽ ഗാർഡ് എന്നാണ് പരാമർശിക്കുന്നത്.
ട്വീറ്റുകളുടെ സ്ക്രീൻഷോട്ട്:
.png?$p=a1d9630&w=610&q=0.8)
1937-ൽ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷനിൽനിന്ന് വേർപിരിഞ്ഞ്, മുഹമ്മദ് അലി ജിന്നയുടെ രക്ഷാകർതൃത്വത്തിൽ 1941-ൽ അദ്ദേഹത്തിന്റെ സഹോദരി ഫാത്തിമ ജിന്ന സംഘടിപ്പിക്കുകയും പാകിസ്താൻ പ്രസ്ഥാനത്തിന്റെ ഒരു പ്രധാന ഭാഗമായി മാറുകയും ചെയ്തതാണ് ഓൾ ഇന്ത്യ മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ (എ.ഐ.എം.എസ്.എഫ്.). വിഭജനത്തിന് മുൻപ് തന്നെ മുസ്ലീം ലീഗ് വിമെൻസ് നാഷണൽ ഗാർഡ് എന്ന വനിതാ വിഭാഗം നിലവിലുണ്ടായിരുന്നു. പാകിസ്താൻ രൂപീകരിച്ചതിനു ശേഷം 1948-ലാണ് പാകിസ്താൻ സൈന്യത്തിന്റെ ഭാഗമായി നാഷണൽ ഗാർഡ് വന്നത്. വിമെൻസ് നാഷണൽ ഗാർഡ് പാകിസ്താൻ നാഷണൽ ഗാർഡിന്റെ ഒരു ഭാഗമായിരുന്നു. ഇപ്പോൾ പാകിസ്താൻ സൈന്യത്തിൽ നാഷണൽ വിമെൻസ് ഗാർഡ് ഇല്ല. സാമ്പത്തിക പ്രതിസന്ധിയും സർക്കാരിന്റെ നിസ്സംഗതയും കാരണം പാകിസ്താൻ വനിതാ ദേശീയ ഗാർഡ് പിരിച്ചുവിട്ടു.
ബീഗം റാണ ലിയാഖത്ത് അലി ഖാൻ ആണ് പാകിസ്താൻ വിമെൻസ് നാഷണൽ ഗാർഡ് സ്ഥാപിച്ചത്. ഈ സംഘം വെള്ള യൂണിഫോം ആണ് ധരിച്ചിരുന്നത്. ഇതിലെ അംഗങ്ങൾക്ക് വെൽഫെയർ, ക്ലെറിക്കൽ ജോലി, പ്രഥമശുശ്രൂഷ, നഴ്സിംഗ് എന്നിവയ്ക്കൊപ്പം സ്വയം പ്രതിരോധമുറകളിലും ലാത്തി ഉപയോഗിക്കുന്നതിനും പരിശീലനം നൽകിയിരുന്നു. കൂടാതെ, പൗരന്മാരെ വോട്ടുചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ആദ്യത്തേതും സിന്ധിലെ സംഘവുമായ സിന്ധ് വിമെൻസ് നാഷണൽ ഗാർഡ്, പാകിസ്ഥാൻ വിമെൻസ് നാഷണൽ ഗാർഡ്, ഓൾ ഇന്ത്യ മുസ്ലീം സ്റ്റുഡന്റ്സ് ഫെഡറേഷന്റെ വിമെൻസ് ഗാർഡ്, ഓൾ ഇന്ത്യ മുസ്ലീം ലീഗിന്റെ വിമെൻസ് ഗാർഡ് എന്നീ പേരുകളിൽ ഈ ചിത്രം അറിയപ്പെട്ടിരുന്നതായി കണ്ടെത്തി.
വിമെൻസ് നാഷണൽ ഗാർഡിനെ കുറിച്ച്, സീനത്ത് ഹാറൂൺ സംസാരിക്കുന്ന ഒരു ഡോക്കുമെന്ററി (4:15):
വിമെൻസ് നാഷ്ണൽ ഗാർഡിനെ കുറിച്ച്, സീനത്ത് ഹാറൂൺ സംസാരിക്കുന്ന ഓഡിയോ (രണ്ടാമത്തെ സ്ലൈഡ്):
എന്തുകൊണ്ടാണ് പർദ്ദയോ ഹിജാബോ ധരിക്കാത്തത് എന്നതിനെ കുറിച്ച് ലൈഫ് എന്ന മാസികയ്ക്ക് 1949-ൽ നൽകിയ ഒരു ഇന്റർവ്യൂവിൽ സീനത്ത് വ്യക്തമാക്കിയിട്ടുണ്ട്. അവർ പറഞ്ഞത് ഇപ്രകാരമാണ്,
''We were a symbol. Jinnah wanted to show people that in Pakistan, women would do things. We didn't cover our heads! What nonsense. We were a symbol of progress' (ഞങ്ങൾ ഒരു പ്രതീകമായിരുന്നു. പാക്കിസ്ഥാനിൽ സ്ത്രീകൾക്ക് കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ജിന്നയ്ക്ക് ആഗ്രഹമുണ്ടായി. ഞങ്ങൾ തല മറച്ചില്ല! എന്തൊരു വിഡ്ഢിത്തം. ഞങ്ങൾ പുരോഗമനത്തിന്റെ പ്രതീകമായിരുന്നു.)
വിമെൻസ് നാഷണൽ ഗാർഡിന്റെ വേറെയും ചിത്രങ്ങൾ പ്രശസ്തമാണ്. 1948-ൽ പ്രസിദ്ധീകരിച്ച ലൈഫ് മാസികയിൽ തലയിൽ ഹിജാബ് ധരിക്കാതെ, ലാത്തി വീശി പരിശീലിക്കുന്ന പാകിസ്ഥാൻ വനിത സേനാംഗങ്ങളുടെ ചിത്രത്തിന് 'മോഡേൺ വിമെൻ' എന്ന പരാമർശത്തോടെയാണ് അടിക്കുറിപ്പ് നൽകിയത്. 1947-ൽ എടുത്ത ചിത്രമാണത്.
ചിത്രം:

മാസികയുടെ ലിങ്ക്:
നാഷണൽ വിമെൻസ് ഗാർഡ് (1947):
വിമെൻസ് നാഷണൽ ഗാർഡ്, റാവൽപിണ്ടി (1948):
ആദ്യ കാലഘട്ടങ്ങളിൽനിന്നു വ്യത്യസ്തമായി പിന്നീടുള്ള വർഷങ്ങളിലെ ചിത്രങ്ങളിൽ, തല മറയ്ക്കുന്ന രീതിയിലുള്ള യൂണിഫോമും കാണാൻ സാധിക്കും.
ബീഗം റാണ ലിയാഖത്ത് അലി ഖാൻ വിമെൻസ് നാഷ്ണൽ ഗാർഡിലെ അംഗങ്ങളോടൊപ്പം (1949):
വാസ്തവം
മുഹമ്മദ് അലി ജിന്ന വനിതകളുടെ കൂടെ ഇരിക്കുന്ന ചിത്രം വ്യാജമല്ല. പാകിസ്ഥാനിലെ വിമെൻസ് നാഷ്ണൽ ഗാർഡ് അംഗങ്ങളാണ് ചിത്രത്തിൽ. എന്നാൽ പ്രചരിക്കുന്ന പോലെ, ഈ ചിത്രം ഇന്ത്യയിൽ നിന്നുളളതല്ല, പാകിസ്ഥാനിൽ നിന്നുള്ളതാണ്. പുരോഗമനപരമായി ചിന്തിക്കുന്ന ഒരു വിഭാഗം ജനങ്ങളുടെ പ്രതീകമായിട്ടാണ് അവർ ഹിജാബ് പോലെയുള്ള വസ്ത്രധാരണം സ്വീകരിക്കാതിരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..