പ്രചരിക്കുന്ന വീഡിയോയിൽനിന്ന്
റോഡിലൂടെ മഴവെള്ളം കുത്തിയൊലിച്ച് പോകുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളിൽ കാണുന്ന പ്രദേശം അടിമാലി-മൂന്നാർ റൂട്ടിലാണെന്നും ഊട്ടി-ഗൂഢല്ലൂർ റോഡിലാണെന്നുമുള്ള രണ്ട് അവകാശവാദങ്ങളാണുള്ളത്.
എന്താണിതിന്റെ വാസ്തവമെന്ന് പരിശോധിക്കുന്നു.
പ്രചരിക്കുന്ന പോസ്റ്റിന്റെ ആർക്കൈവ് ലിങ്ക്: https://web.archive.org/web/20220717082734/https://www.facebook.com/jomikjohnson/videos/1188539002000011
അന്വേഷണം
വെള്ളച്ചാട്ടത്തിനു സമാനമായ രീതിയിൽ വെള്ളം കുത്തിയൊലിച്ച് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീഡിയോ സൂക്ഷ്മമായി പരിശോധിച്ചാൽ വെള്ളച്ചാട്ടത്തിന് സമീപത്തായി ഒരു അമ്പലം കാണാൻ സാധിക്കും. ഉത്തരേന്ത്യൻ മാതൃകയിലുള്ള ഒരു ചെറിയ അമ്പലമാണിത്. അതിനാൽ തന്നെ ദൃശ്യങ്ങളിലുള്ളത് മൂന്നാർ റോഡോ ഊട്ടി റോഡോ ആകാനുള്ള സാധ്യത കുറവാണെന്ന അനുമാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
ദൃശ്യങ്ങളിലുള്ളത് മഹാരാഷ്ട്രയിലെ അമ്പൊലി ഘട്ട് ആണെന്ന തരത്തിലുള്ള പ്രചാരണമുള്ളതായും ഫേസ്ബുക്കിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. അമ്പൊലി ഘട്ടിന്റെ ചിത്രങ്ങളും പ്രചരിക്കുന്ന ദൃശ്യങ്ങളും തമ്മിൽ നടത്തിയ താരതമ്യപഠനത്തിൽ ഇത് അവിടെ നിന്നുള്ളതല്ല എന്ന് മനസ്സിലാക്കാൻ സാധിച്ചു. പ്രസ്തുത പ്രദേശത്തേക്കുള്ള റോഡിൽ സമാനമായ വെള്ളച്ചാട്ടമുണ്ടോ എന്ന് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലും പ്രതികൂലമായ ഫലമാണ് ലഭിച്ചത്.
സെർച്ച് ടൂളുകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഗുജറാത്തിലെ ശിവ്ഘട്ടിന്റെ ദൃശ്യങ്ങളാണിവയെന്ന വിശദീകരണത്തോടെയുള്ള ഒരു യൂട്യൂബ് വീഡിയോ കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിൽ, സമാന അവകാശവാദത്തോടെയുള്ള നിരവധി ഫേസ്ബുക് പോസ്റ്റുകളും ലഭിച്ചു. ദൃശ്യങ്ങളിലുള്ളത് ശിവ്ഘട്ടാണെന്ന് ഗൂഗിൾ മാപ്പ്, ഫേസ്ബുക് എന്നിവയിൽനിന്നും ലഭിച്ച ചിത്രങ്ങളുടെ പരിശോധനയിലൂടെ ഉറപ്പിച്ചു. ഗുജറാത്തിലെ ദാങ് ജില്ലയിലാണ് ശിവ്ഘട്ട് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്.
.jpg?$p=a7b0161&w=610&q=0.8)
ഗുജറാത്തിലെ പ്രമുഖ മാധ്യമമായ 'അകിലാ ന്യൂസ്', 'ടി.വി. ഭാരത്' എന്നിവരും ശിവ് ഘട്ടിലെ മഴവെള്ളപാച്ചിലിന്റെ ദൃശ്യങ്ങൾ വർത്തയാക്കിയിട്ടുണ്ട്. 2022 ജൂലൈ 12-ന് ചിത്രീകരിച്ച വീഡിയോയാണിതെന്നാണ് 'അകിലാ ന്യൂസ്' റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ടി.വി. ഭാരത് വാർത്തയുടെ ലിങ്ക്:
https://www.youtube.com/watch?v=dvFcMudmzbE
വാസ്തവം
റോഡിലൂടെ മഴവെള്ളം കുത്തിയൊലിച്ച് പോകുന്നതിന്റെ ദൃശ്യങ്ങൾ കേരളത്തിൽ നിന്നുള്ളതല്ല. ഗുജറാത്തിലെ ദാങ് ജില്ലയിലുള്ള ശിവ്ഘട്ട് വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിക്കുന്നത്. മഹാരാഷ്ട്രയിലെ അമ്പൊലി ഘട്ട് ആണിതെന്ന തരത്തിലും പ്രസ്തുത ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..