പ്രചരിക്കുന്ന വീഡിയോകളിൽ നിന്നുള്ള സ്ക്രീൻഷോട്ടുകൾ | കടപ്പാട്: ഫേസ്ബുക്ക്
വാഹനങ്ങളിൽ പതിപ്പിച്ചിരിക്കുന്ന ഫാസ്ടാഗിൽനിന്ന് തട്ടിപ്പ് വഴി പണം കവരാൻ സാധ്യതയുണ്ട് എന്ന് മുന്നറിയിപ്പ് നൽകുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഫാസ്ടാഗിലെ ബാർകോഡ് സ്മാർട്ട് വാച്ച് ഉപയോഗിച്ച് സ്കാൻ ചെയ്ത് പണം കവരാൻ സാധിക്കും എന്നതാണ് ദൃശ്യങ്ങളിലെ അവകാശവാദം.
ഇത്തരം തട്ടിപ്പ് യഥാർത്ഥത്തിൽ സാധിക്കുമോ? വാസ്തവം പരിശോധിക്കുന്നു.
അന്വേഷണം
ഒരു ആൺകുട്ടി കാറിന്റെ മുന്നിലെ ഗ്ലാസ്സ് തുടയ്ക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഗ്ലാസ്സ് വൃത്തിയാക്കുന്നതിനിടയ്ക്ക് കുട്ടി കൈകൾ മാറി ഉപയോഗിക്കുന്നുണ്ട്. കൈയ്യിലെ സ്മാർട്ട് വാച്ച് ഗ്ലാസ്സിൽ ഒട്ടിച്ചിട്ടുള്ള ഫാസ്ടാഗിനു മുകളിലൂടെ നീക്കുമ്പോൾ വാച്ചിലൊരു ചുവന്ന വെട്ടം തെളിയുന്നതും കാണാം. ഇതോടെ ചെയ്യുന്ന പണി പെട്ടെന്ന് നിർത്തി കുട്ടി കൂലി വാങ്ങാതെ മടങ്ങി.
കാറിലുണ്ടായിരുന്നവർക്ക് സംശയം തോന്നിയതിനാൽ കുട്ടിയെ വിളിച്ച് കൂലിയുടെയും സ്മാർട്ട് വാച്ചിന്റെയും കാര്യം ചോദിച്ചു. അപ്പോൾ കുട്ടി ഓടി രക്ഷപ്പെടുകയും ചെയ്തു. ആ കുട്ടിയുടെ കൈയ്യിലെ സ്മാർട്ട് വാച്ച് ഉപയോഗിച്ച് ഫാസ്റ്റാഗിലെ ബാർകോഡ് സ്കാൻ ചെയ്തതാണെന്ന് കാറിലുണ്ടായിരുന്ന ഒരാൾ വിശദീകരിക്കുന്നുണ്ട്. പുതിയ തരം തട്ടിപ്പ് രീതിയാണിതെന്ന് ഇതിൽ പറയുന്നു. ഇത്തരം തട്ടിപ്പുകളെ സൂക്ഷിക്കണം എന്നുള്ള മുന്നറിയിപ്പും വീഡിയോയിൽ നൽകുന്നുണ്ട്.
പ്രചരിക്കുന്ന പോസ്റ്റുകളൊന്നിൽ 'Watch more original videos by: BakLol Video' എന്ന ഒരു ലിങ്ക് ശ്രദ്ധയിൽപ്പെട്ടു. ഇതിൽ ക്ലിക്ക് ചെയ്തപ്പോൾ 'ബക്ക്ലോൽ വീഡിയോ' എന്ന ഫേസ്ബുക്ക് പേജിലേക്ക് നയിച്ചു. പരിശോധിച്ചപ്പോൾ, വിനോദത്തിനും ബോധവത്കരണത്തിനുമായി വീഡിയോകൾ നിർമ്മിക്കുന്നവരാണ് ബക്ക്ലോൽ വീഡിയോ എന്ന് മനസ്സിലായി. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത് എന്ന് സ്ഥിരീകരിച്ചു.
കൂടാതെ, ഇതിനു സമാനമായ വേറെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
ഈ ദൃശ്യങ്ങളിൽ പറയുന്ന കാര്യങ്ങളുടെ വസ്തുതയാണ് അടുത്തതായി പരിശോധിച്ചത്. പ്രസ്തുത വീഡിയോ തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് പേടിഎമ്മിന്റെ (Paytm) ഒരു ട്വീറ്റ് കണ്ടെത്തി. നാഷണൽ ഇലക്ട്രോണിക് ടോൾ കളക്ഷന്റെ മാർഗനിർദ്ദേശങ്ങൾ പ്രകാരം അംഗീകാരം ലഭിച്ച വ്യാപാരികൾക്ക് മാത്രമേ ഫാസ്ടാഗ് വഴി തുക ഈടാക്കാൻ കഴിയൂ എന്നിതിൽ വ്യക്തമാക്കുന്നുണ്ട്. അതിനാൽ, വീഡിയോയിൽ പറയുന്നതു പോലെയുള്ള തട്ടിപ്പ് സാധ്യമല്ല.
വ്യാജ പ്രചാരണങ്ങൾക്കെതിരെ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും പ്രതികരിച്ചിട്ടുണ്ട്. പൊതുജന താൽപര്യാർഥം ഫാസ്ടാഗിന്റെ സുരക്ഷയെ പറ്റി എഴുതിയിട്ടുള്ള ഒരു അറിയിപ്പ് അവരുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പണമിടപാടുകൾ തുടക്കം മുതൽ ഒടുക്കം വരെ സുരക്ഷിതമാക്കാൻ പല തലത്തിലുള്ള സുരക്ഷാ പ്രോട്ടോക്കോളുകൾ ഫാസ്ടാഗിൽ ഒരുക്കിയിട്ടുണ്ട്. ടോൾ ബൂത്തുകൾ വഴി മാത്രമേ ഫാസ്ടാഗിൽനിന്ന് സ്കാൻ ചെയ്ത് പണം എടുക്കാൻ സാധിക്കൂ. വീഡിയോയിൽ പറയുന്നതുപോലെ വ്യക്തിയിൽനിന്ന് വ്യക്തിയിലേക്കുള്ള തരം ഇടപാടുകൾ ഇതിൽ സാധ്യമല്ല. ഓരോ ടോൾ പ്ലാസയ്ക്കും പ്രത്യേകം കോഡ് ഉണ്ട്. അതുപോലെ, ഓരോ ടോൾ പ്ലാസയ്ക്കും അനുവദിച്ചിരിക്കുന്ന സുരക്ഷിതമായ ഐ.പി. അഡ്രസ്സിലുള്ള ഇൻറർനെറ്റ് കണക്ഷൻ ഉപയോഗിച്ച് മാത്രമേ പണമിടപാടുകൾ സാധിക്കൂ എന്നും നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ അറിയിപ്പിൽ പരാമർശിക്കുന്നുണ്ട്.
മേൽപ്പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രചരിക്കുന്ന പോലുള്ള തട്ടിപ്പ് ഫാസ്ടാഗിൽ സാധ്യമല്ലെന്ന് സ്ഥിരീകരിച്ചു. സത്യം ഉറപ്പിക്കുന്നതിനായി പി.ഐ.ബിയും ട്വീറ്റ് ചെയ്തിരുന്നു. ഫാസ്ടാഗിന്റെ സുരക്ഷ സംബന്ധിച്ച് പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് അവരും ചൂണ്ടിക്കാണിക്കുന്നുണ്ട്.
വാസ്തവം
ഫാസ്ടാഗിൽനിന്നു തട്ടിപ്പ് വഴി പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. ഫാസ്ടാഗ് ഇത്തരം തട്ടിപ്പുകളിൽനിന്ന് സുരക്ഷിതമായ രീതിയിലാണ് പ്രവർത്തിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..