
ലാന്റേൺസ് ഹോട്ടൽ
ശിരോവസ്ത്രം അണിഞ്ഞെത്തിയ യുവതിക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ബഹറൈനിൽ ഒരു ഇന്ത്യൻ റെസ്റ്റോറന്റ് അധികൃതർ അടച്ചുപൂട്ടിയിരുന്നു. അദ്ലിയയിലുള്ള ലാൻറൺ എന്ന റസ്റ്റോറന്റിനെതിരെ ആയിരുന്നു നടപടി. സംഭവത്തിന് പിന്നിൽ ഇന്ത്യക്കാരനാണെന്ന തരത്തിൽ ട്വിറ്ററിൽ പ്രചാരണം നടക്കുന്നുണ്ട്.
ട്വീറ്റിന്റെ പരിഭാഷ- 'ബഹറൈനിൽ റസ്റ്റോറൻറ് മാനേജരായ ഒരു ഇന്ത്യക്കാരനായ ഹിന്ദു, ശിരോവസ്ത്രമിട്ട മുസ്ലീം സ്ത്രീക്ക് പ്രവേശനം നിഷേധിച്ചു. റസ്റ്റോറന്റ് അടച്ചുപൂട്ടാൻ ബഹറൈൻ അതോറിറ്റി തീരുമാനിച്ചു. ഹിന്ദു വലതുപക്ഷ മണ്ടത്തരങ്ങൾക്ക് അതിരുകളില്ല.' മാർച്ച് 27-ന് പോസ്റ്റ് ചെയ്യപ്പെട്ട ഈ ട്വീറ്റിന് 18,500 ലൈക്കുകളാണ് ഇതിനകം ലഭിച്ചത്. അയ്യായിരത്തോളം പേരിത് റീ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ഈ പ്രചാരണങ്ങളിലെ വാസ്തവം പരിശോധിക്കാം.
അന്വേഷണം
റസ്റ്റോറന്റിൽ സ്ത്രീക്ക് പ്രവേശനം നിഷേധിച്ചത് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബഹറൈൻ ടൂറിസം ആൻറ് എക്സിബിഷൻ അതോറിറ്റി നടപടി സ്വീകരിച്ചത്. സംഭവം വിവാദമായതോടെ ഇത് ഏറെ വാർത്താ പ്രാധാന്യവും നേടി.
https://www.siasat.com/bahrain-indian-restaurant-sealed-after-veiled-woman-denied-entry-2297444/
സംഭവത്തിന് പിന്നിൽ ഇന്ത്യക്കാരനാണെന്ന് ചില മാധ്യമ റിപ്പോർട്ടുകളിലുണ്ട്. എന്നാൽ, ഈ ജീവനക്കാരനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകിയിട്ടുമില്ല. ബ്രിട്ടീഷ് മാധ്യമമായ ഇൻഡിപെൻറൻറ്, ഇന്ത്യക്കാരനായ ഡ്യൂട്ടി മാനേജരാണ് സംഭവത്തിന് പിന്നിലെന്ന് റിപ്പോർട്ട് ചെയ്തു. ബഹറൈനിലെ ദി ഡെയ്ലി ട്രിബ്യൂൺ, ഗൾഫ് ന്യൂസ് എന്നീ മാധ്യമങ്ങളെ ആധാരമാക്കിയാണ് അവരുടെ വാർത്ത.
ട്രിബ്യൂണിലും ഗൾഫ് ന്യൂസിലും നൽകിയ വാർത്തകൾ പരിശോധിച്ചു. എന്നാൽ, അതിലെവിടെയും ഇന്ത്യക്കാരനാണ് സ്ത്രീക്ക് പ്രവേശനം നിഷേധിച്ചതെന്ന് പറഞ്ഞിട്ടില്ല.
https://www.newsofbahrain.com/business/79849.html
https://gulfnews.com/world/gulf/bahrain/indian-restaurant-in-bahrain-shut-for-not-allowing-woman-in-hijab-to-enter-1.86762657
സംഭവം പുറത്തുകൊണ്ടുവന്ന വീഡിയോ ആണ് പിന്നീട് അന്വേഷിച്ചത്. ഇത്, 'മറിയം നാജി' എന്ന ട്വിറ്റർ അക്കൗണ്ടിൽ കൊണ്ടുചെന്നെത്തിച്ചു. ഇതേ വീഡിയോ അറബ് മാധ്യമങ്ങളും വാർത്തയ്ക്കൊപ്പം നൽകിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് മറിയം പറയുന്നത് - 'ശിരോവസ്ത്രമണിഞ്ഞതിനാൽ എന്റെ സുഹൃത്തിന് ലാൻറൺ റസ്റ്റോറൻറിൽ പ്രവേശനം നിഷേധിച്ചത് തീർത്തും ഞെട്ടിച്ചു. മുസ്ലീം ഭൂരിപക്ഷമുള്ള രാജ്യമായതിനാൽ റസ്റ്റോറന്റുകൾ ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കണം' എന്നാണ് മറിയം നാജി വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.
https://www.nriaffairs.com/manager-of-bahrains-indian-restaurant-that-denied-entry-to-veiled-woman-was-british-says-victims-friend/
അതോടൊപ്പം, സംഭവത്തിന് പിന്നിൽ ഇന്ത്യക്കാരനാണെന്ന പ്രചാരണത്തിനെതിരെയും മറിയം രംഗത്ത് വന്നു. ലോയ്ഡ് എന്നു പേരുള്ള ബ്രിട്ടീഷുകാരനായ മാനേജരാണ് സുഹൃത്തിന് പ്രവേശനം നിഷേധിച്ചതെന്ന് ട്വീറ്റിലൂടെ മറിയം വ്യക്തമാക്കി. ഇയാളെ വ്യക്തമായി തിരിച്ചറിയാമെന്നും അവരുടെ ട്വീറ്റിലുണ്ട്.
വിഷയത്തിൽ ലാൻറൺ റസ്റ്റോറൻറ് അധികൃതരുമായി ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും അവർ പ്രതികരിച്ചിട്ടില്ല.
വാസ്തവം
ഇന്ത്യക്കാരനായ റസ്റ്റോറൻറ് ജീവനക്കാരാണ് ബഹറൈനിൽ ശിരോവസ്ത്രമിട്ട സ്ത്രീക്ക് പ്രവേശനം നിഷേധിച്ചതെന്ന വാദം വാസ്തവവിരുദ്ധമാണ്. റസ്റ്റോറൻറിലെ ഡ്യൂട്ടി മാനേജരായ ബ്രിട്ടീഷ് വംശജനാണ് പ്രവേശനം നിഷേധിച്ചത്. വിഷയം സമൂഹശ്രദ്ധയിൽ കൊണ്ടുവന്ന മറിയം നാജി എന്ന യുവതി തന്നെ ഇത് സ്ഥിരീകിരിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..