ഇന്ത്യ ഏറ്റവും വിലക്കുറവിൽ ഡാറ്റ ലഭ്യമാക്കുന്ന രാജ്യമോ..! | Fact Check


പ്രശാന്ത് എം.എസ്. / ഫാക്ട് ചെക്ക് ഡെസ്‌ക്

-

ക്കഴിഞ്ഞ നവംബർ 25-ന് നേഷൻ വിത്ത് നമോ(Nation with Namo) എന്ന ഫേസ്ബുക്ക് പേജിൽ ലോകത്തെ ഏറ്റവും വിലക്കുറവിൽ ഡാറ്റ ലഭ്യമാകുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ് എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപമിതാണ്:

'നിങ്ങൾക്കറിയാമോ?.....ലോകത്ത് ഏറ്റവും വിലക്കുറവിൽ ഡാറ്റാ ലഭ്യമാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഒരു ഉപയോക്താവിന് ഒരു മാസം 12 ജി.ബി. എന്ന നിരക്കിൽ, ഏറ്റവും ഉയർന്ന മൊബൈൽ ഡാറ്റ ഉപഭോഗ നിരക്ക് ഇന്ത്യയിലാണ്. ആഗോളതലത്തിൽ ഡാറ്റയുടെ ശരാശരി ചെലവ് ഒരു ജിബിക്ക് 4.21 ഡോളറാണെങ്കിൽ(316.04 രൂപ ), ഇന്ത്യൻ ശരാശരി വെറും 0.68 ഡോളർ(51 രൂപ) മാത്രമാണ്. പ്രധാനമന്ത്രി മോദിയുടെ 'ഡിജിറ്റൽ ഇന്ത്യ' മുമ്പെങ്ങുമില്ലാത്ത വിധം ഡിജിറ്റൽ അസമത്വം (digital divide) നിയന്ത്രിച്ചു!'

ഇതിനകം 3,800 ലൈക്കുകളും 799 ഷെയറുകളും കിട്ടിയ പ്രസ്തുത ഫേസ്ബുക്ക് പോസ്റ്റ് മറ്റു സമൂഹമാധ്യമങ്ങളിലും പങ്കുവയ്ക്കപ്പെടുന്നുണ്ട്. എന്താണ് ഈ ഫേസ്ബുക്ക് പോസ്റ്റിന് പിന്നിലെ വാസ്തവം? മാതൃഭൂമി ഫാക്ട് ചെക്ക് അന്വേഷിക്കുന്നു.

അന്വേഷണം

യു.കെയിൽ പ്രവർത്തിക്കുന്ന cable.co.uk എന്ന വെബ്‌സൈറ്റ് ലോകരാജ്യങ്ങളിലെ ഇന്റർനെറ്റ് പ്ലാനുകളെപറ്റി ഒരു പഠനം നടത്തിയിരുന്നു. പ്രസ്തുത പഠനം ഡാറ്റ വിതരണത്തിന്റെ വിലയുടെ അടിസ്ഥാനത്തിൽ രാജ്യങ്ങൾക്ക് കൃത്യമായ റാങ്കുകളും നൽകിയിട്ടുണ്ട്. ഈ പഠനമനുസരിച്ച് ലോകത്ത് ഏറ്റവും വിലക്കുറവിൽ ഡാറ്റ വിതരണം ചെയുന്നത് ഇസ്രയേലാണ്. ഒരു ജി.ബി. ഡാറ്റയ്ക്ക് ഇസ്രയേൽ ഈടാക്കുന്ന ശരാശരി വില 0.05 ഡോളർ ( 3.76 രൂപ) ആണ്. പട്ടികയിൽ രണ്ടാമത് നിൽക്കുന്ന കിർഗിസ്ഥാൻ ഈടാക്കുന്നതാകട്ടെ 0.15 ഡോളറും (11.27 രൂപ ).

റിപ്പോർട്ടിന്റെ ലിങ്ക്: https://www.cable.co.uk/mobiles/worldwide-data-pricing/

പ്രസ്തുത പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ഇരുപത്തിയെട്ടാമതാണ്. ഇന്ത്യയിൽ ഒരു ജി.ബി. ഡാറ്റയ്ക്ക് ഈടാക്കുന്ന ശരാശരി വില 0.68 ഡോളറാണ് (51 രൂപ). ഇന്ത്യയിൽനിന്ന് 58 ഡാറ്റ പ്ലാനുകളാണ് പഠനത്തിനായി ഉപയോഗിച്ചത്. 2019-ൽ പ്രസ്തുത പട്ടികയിൽ ഒന്നാമത് ഇന്ത്യയായിരുന്നു.

വാർത്തയുടെ ലിങ്ക്: https://www.statista.com/chart/17247/the-average-cost-of-mobile-data-in-selected-countries/

അന്ന് ഇന്ത്യയിൽ ഒരു ജി.ബി. ഡാറ്റയുടെ ശരാശരി വില 0.26 ഡോളർ (19.54 രൂപ) മാത്രമായിരുന്നു. അതായത് രണ്ടു വർഷത്തിനകം ഇന്ത്യയുടെ ഇന്റർനെറ്റ് ഡാറ്റ പ്ലാനുകളിൽ ഉണ്ടായ ശരാശരി നിരക്ക് വർദ്ധന 0.42 ഡോളറാണ് (31.57 രൂപ). പട്ടികയിൽ ഏഷ്യൻ മേഖലയിൽ ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങൾ പിന്നോട്ടു പോയപ്പോൾ, നേപ്പാൾ നില മെച്ചപ്പെടുത്തി. 2019-ൽ മുപ്പതാം സ്ഥാനത്തുണ്ടായിരുന്ന നേപ്പാൾ ഇപ്പോൾ ഇരുപത്തിനാലാം സ്ഥാനത്താണ്.

ഒന്നാം സ്ഥാനത്തുനിന്ന് ഇരുപത്തിയെട്ടാം സ്ഥാനത്തേക്കുള്ള ഇന്ത്യയുടെ വീഴ്ചയ്ക്ക് കാരണങ്ങൾ പലതാണ്:

2016 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യൻ മൊബൈൽ ഡാറ്റ രംഗത്ത് റിലൈൻസ് ജിയോയുടെ സമ്പൂർണ ആധിപത്യമായിരുന്നു. ജിയോയുടെ വില കുറഞ്ഞ ഡാറ്റ പ്ലാനുകൾ കാരണം, മറ്റു ഡാറ്റ സേവനദാതാക്കൾ അവരുടെ നിരക്കുകൾ കുറയ്ക്കാൻ നിർബന്ധിതരായി.

എന്നാൽ, 2020-ന് ശേഷം സുപ്രീം കോടതിയുടെ ഇടപെടലിന്നെ തുടർന്ന്, കാലങ്ങളായി നൽകാതിരുന്ന ക്രമീകരിച്ച മൊത്ത വരുമാനം (Adjusted Gross Revenue) നൽകാൻ ഇന്റർനെറ്റ് സേവനദാതാക്കളായ കമ്പനികൾ നിർബന്ധിതരാവുകയും അതേതുടർന്ന് ഡാറ്റ പ്ലാനുകളിൽ നിരക്ക് വർദ്ധന നടപ്പാക്കുകയും ചെയ്തു.

വാസ്തവം

പ്രസ്തുത ഫേസ്ബുക്ക് പോസ്റ്റിലെ വിവരങ്ങൾ അപൂർണവും വസ്തുതാവിരുദ്ധവുമാണ്. കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ നിരക്കുവർധന സംബന്ധിച്ച വിവരങ്ങൾ പോസ്റ്റിൽ നൽകിയിട്ടില്ല. അതോടൊപ്പം ലോകത്ത് ഏറ്റവും വിലക്കുറവിൽ ഡാറ്റ നൽകുന്ന രാജ്യവും ഇന്ത്യയല്ല. 'cable.co.uk' എന്ന വെബ്‌സൈറ്റിന്റെ പഠനങ്ങൾ പ്രകാരം ഇസ്രേയേലാണ് ലോകത്ത് ഏറ്റവും വിലക്കുറവിൽ മൊബൈൽ ഡാറ്റ ലഭ്യമാകുന്ന രാജ്യം.

പ്രസ്തുത പഠനത്തിൽ ഇന്ത്യയ്ക്ക് ഇരുപത്തിയെട്ടാം സ്ഥാനമാണ്. അതോടൊപ്പം 2019-ൽ പ്രസ്തുത വെബ്‌സൈറ്റിന്റെ പഠനങ്ങൾ പ്രകാരം വിലക്കുറവിൽ ഡാറ്റ വിൽക്കുന്ന രാജ്യങ്ങളിൽ ഒന്നാമത് ഇന്ത്യയായിരുന്നു. 2019-21 സമയത്തെ നിരക്ക് വർധന ഉൾപ്പെടെയുള്ള ഘടകങ്ങൾ കാരണമെന്ന് ഇന്ത്യയുടെ സ്ഥാനം ഒന്നിൽനിന്ന് ഇരുപത്തിയെട്ടായത്. അതിനാൽ ഏറ്റവും വിലക്കുറവിൽ ഡാറ്റ ലഭ്യമാക്കുന്ന രാജ്യം എന്ന അവകാശവാദം വസ്തുതാപരമായി തെറ്റാണ്.

Content Highlights: India is the cheapest country to get data ..! | Fact Check

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented