പ്രചരിക്കുന്ന ട്വീറ്റിൽനിന്ന്
ഹിന്ദുക്കൾക്കെതിരെ ഭീഷണി ഉയർത്തുന്നവർക്കെതിരായി പരാതി നൽകാൻ ദേശീയ അന്വേഷണ എജൻസി(എൻ.ഐ.എ.)യുടെ പ്രത്യേക നമ്പർ എന്ന പേരിൽ ഒരു സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹിന്ദുക്കൾക്കെതിരായ പോസ്റ്റുകളും പോസ്റ്റ് ചെയ്തവരുടെ വിവരങ്ങളും നൽകാനാണ് സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്.
ഇതിലെ വാസ്തവം പരിശോധിക്കാം.
അന്വേഷണം
ഇന്ത്യൻ ന്യൂസ് ഏജൻസിയായ എ.എൻ.ഐയുടെ ട്വീറ്റിന്റെ സ്ക്രീൻഷോട്ട് പ്രചരിക്കുന്ന സന്ദേശത്തിനൊപ്പം നൽകിയിട്ടുണ്ട്. ഇതിൽ 2021 സെപ്തംബർ 17 എന്നാണ് തീയതിയുള്ളത്. പ്രചരിക്കുന്ന സന്ദേശത്തിലെ അവകാശവാദവും ഒപ്പം നൽകിയ സ്ക്രീൻഷോട്ടിലെ വിവരങ്ങളും വ്യത്യസ്തമാണ്.
ഹിന്ദുക്കളെ കൊലപ്പെടുത്തും എന്നതടക്കമുള്ള ഭീഷണി മുഴക്കുന്ന ജിഹാദികളെക്കുറിച്ച് ഹോട്ട്ലൈൻ നമ്പറിലൂടെ NIA-യെ അറിയിക്കാമെന്നാണ് പ്രചരിക്കുന്ന സന്ദേശത്തിലുള്ളത്. എന്നാൽ എ.എൻ.ഐയുടെ സ്ക്രീൻഷോട്ടിൽ പറയുന്നത് ഭീകര സംഘടനയായ ഐ.എസ്.ഐ.എസിനെക്കുറിച്ചാണ്.
യുവാക്കളെ ഐ.എസ്.ഐ.എസിലേക്ക് അടുപ്പിക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തുവരെക്കുറിച്ച് റിപ്പോർട്ട് ചെയ്യണമെന്നാണ് ഇതിൽ പറഞ്ഞിരിക്കുന്നത്. ഇതിനായി 011-24368800 എന്ന ഹോട്ട്ലൈൻ നമ്പറും നൽകിയിട്ടുണ്ട്.
പ്രചരിക്കുന്ന സന്ദേശത്തിലെ വിവരങ്ങൾ കീവേർഡ് സർച്ച് ചെയ്തതിൽനിന്നു ജൂൺ അവസാനം മുതൽ ഇവ വ്യാപകമാണെന്ന് കണ്ടെത്തി. സ്ക്രീൻഷോട്ടിൽ നൽകിയ തരത്തിൽ എ.എൻ.ഐ. ട്വീറ്റ് ചെയ്തിരുന്നോ എന്ന് അന്വേഷിച്ചു. പരിശോധനയിൽ പ്രസ്തുത ട്വീറ്റും കണ്ടെത്തി.
.
പിന്നീട് പരിശോധിച്ചത് ദേശീയ അന്വേഷണ ഏജൻസിയുടെ വെബ്സൈറ്റാണ്. കഴിഞ്ഞ ജൂലൈ ഏഴാം തീയ്യതി പ്രസിദ്ധീകരിച്ച പ്രസ് റിലീസ് ശ്രദ്ധയിൽപ്പെട്ടു. ഇപ്പോൾ നടക്കുന്ന പ്രചാരണവുമായി ബന്ധപ്പെട്ടാണിത്.
എൻ.ഐ.എയുടേതെന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ സന്ദേശം പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതായാണ് വാർത്താക്കുറിപ്പിൽ ആദ്യം പറയുന്നത്. ഇത്തരത്തിലുളള ഒരു നടപടിയും എൻ.ഐ.എയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കുന്നു. അതോടൊപ്പം പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ചില കുബുദ്ധികളാണ് വ്യാജസന്ദേശം പ്രചരിപ്പിക്കുന്നതെന്നും ഇതിൽ പറയുന്നുണ്ട്.
വാസ്തവം
ഹിന്ദുക്കൾക്കെതിരെ ഭീഷണി ഉയർത്തുന്ന ജിഹാദികൾക്കെതിരെ പരാതി നൽകാൻ എൻ.ഐ.എ. ഹോട്ട്ലൈൻ നമ്പർ ആരംഭിച്ചു എന്ന പ്രചാരണം വാസ്തവ വിരുദ്ധമാണ്. 2021 സെപ്തംബറിൽ ഭീകര സംഘടനായ ഐ.എസ്.ഐ.എസുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനായി എൻ.ഐ.എ. നൽകിയ നമ്പറാണ് തെറ്റായ തരത്തിൽ പ്രചാരണത്തിന് ഉപയോഗിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..