
പ്രചരിക്കുന്ന ചിത്രം | കടപ്പാട്: www.instagram.com/andhrapradeshweatherman/
ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്കൻ മേഖലകളിൽ രൂപപ്പെട്ട അസാനി ചുഴലിക്കാറ്റിന്റേതെന്ന തരത്തിൽ ട്വിറ്ററിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഇരുപത് സെക്കന്റോളം ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കടലിനും തീരപ്രദേശങ്ങൾക്കും മുകളിൽ കാർമേഘം വ്യാപിച്ച് കിടക്കുന്ന പോലെയാണ് ഈ ദൃശ്യങ്ങളിലുള്ളത്. ആന്ധ്രപ്രദേശിലെ മച്ചിലി പട്ടണത്ത് നിന്നുള്ളതാണ് പ്രസ്തുത വീഡിയോ എന്നും ചില പോസ്റ്റുകളിൽ പറഞ്ഞിട്ടുണ്ട്. ഇതിലെ വാസ്തവം പരിശോധിക്കാം.
അന്വേഷണം
മെയ് 11-ന് വൈകുന്നേരത്തോടെ മച്ചിലി പട്ടണത്തിനും നർസാപൂരിനും ഇടയിലായി ആന്ധ്രാ തീരത്ത് അസാനി കരതൊട്ടിരുന്നു. ഇതിന്റെ ദൃശ്യങ്ങളെന്ന തരത്തിലാണ് ട്വിറ്ററിൽ വീഡിയോ പ്രചരിക്കുന്നത്. കീ വേർഡ് സെർച്ച് ചെയ്തതിൽനിന്നു മെയ് 11-ാം തിയതി സമാനമായ നിരവധി ട്വീറ്റുകൾ കണ്ടെത്തി.

സെർച്ച് ടൂളുകളുടെ സഹായത്തോടെ വീഡിയോ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽനിന്നു പ്രസ്തുത വീഡിയോ 2021-ലും പോസ്റ്റ് ചെയ്തിരുന്നതായി കണ്ടെത്തി. ആന്ധ്രപ്രദേശ് വെതർമാൻ എന്ന ഇൻസ്റ്റഗ്രാം പേജിൽ 2021 ജൂൺ 17-നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആന്ധ്രയിലെ ശ്രീകാകുളത്തുള്ള കലിംഗപട്ടണം ബീച്ചിൽ നിന്നുള്ള ദൃശ്യങ്ങളെന്നാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.
https://www.instagram.com/p/CQOcZ7IDG2T/ ഇയാളുടെ ഇൻസ്റ്റാഗ്രാം ബയോയിൽ സായി പ്രണീത് ബി, ആന്ധ്രാപ്രദേശിന്റെയും ഹൈദരാബാദിൻറെയും കാലാവസ്ഥാ വിവരങ്ങൾ നൽകുന്ന വെതർ ബ്ലോഗർ എന്നാണ് നൽകിയിരിക്കുന്നത്. വീഡിയോയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾക്കായി ഇയാളുമായി ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും പ്രതികരിച്ചില്ല.
ഈ ദൃശ്യങ്ങൾ അസാനിയുടേതെന്ന തരത്തിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇതിന്റെ സത്യാവസ്ഥ വ്യക്തമാക്കി അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
പ്രസ്തുത ദൃശ്യങ്ങൾ 'വീഡിയോ ചുസാര' എന്ന യൂട്യൂബ് ചാനൽ പ്രസിദ്ധീകരിച്ചതും കണ്ടെത്തി. 2021 സെപ്തംബർ 27-നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
വാസ്തവം
അസാനി ചുഴലിക്കാറ്റിന്റേതെന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ തെറ്റിദ്ധാരണ പരത്തുന്നതാണ്. 2021-ൽ ആന്ധ്രയിലെ കലിംഗപട്ടണം ബീച്ചിൽനിന്നുള്ള ദൃശ്യങ്ങളാണ് അസാനിയുടേതെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..