പ്രചരിക്കുന്ന വീഡിയോയിലെ ദൃശ്യം
ഇന്ത്യയിലെ അസാധാരണമായ ഒരു ഗ്രാമത്തിന്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ട്വിറ്ററിൽ വീഡിയോ പ്രചരിക്കുന്നുണ്ട്. അരുണാചൽ പ്രദേശിലെ പാസിഘട്ട് ഗ്രാമത്തിന്റെ ദൃശ്യങ്ങളാണിതെന്നാണ് അവകാശവാദം. മഴമേഘങ്ങളേക്കാൾ ഉയരത്തിലായി സ്ഥിതിചെയ്യുന്ന ലോകത്തെ ഒരേയൊരു ഗ്രാമമാണിതെന്നും ആയതിനാൽ ഇവിടെ മഴ പെയ്യാറില്ല എന്നുമാണ് ട്വീറ്റിൽ പറയുന്നത്.
ഇതിലെ വാസ്തവം പരിശോധിക്കാം.
അന്വേഷണം
പ്രചരിക്കുന്ന വീഡിയോയുടെ ആദ്യഭാഗത്ത് മലനിരകളും അതിൽ നിരവധി കെട്ടിടങ്ങളും കാണാനാകും. എന്നാൽ, ഈ മലകളുടെ മുകൾഭാഗങ്ങൾ ഒഴികെയുള്ളവയൊന്നും കാണാനാവാത്ത വിധം മേഘാവൃതമായി കിടക്കുന്നതാണ് തുടർന്നുള്ള ദൃശ്യങ്ങളിലുള്ളത്. 28 സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ചില മാധ്യമ വാർത്തകൾ കണ്ടെത്തി.
ഈ വാർത്തകൾ അനുസരിച്ച് ദൃശ്യങ്ങളിൽ കാണുന്ന സ്ഥലം യമനിലാണ്. യെമന്റെ തലസ്ഥാനമായ സനയുടെ പശ്ചിമഭാഗത്തായുള്ള ഹിറാജിലെ ഹറാസ് മലമുകളിലുള്ള അൽ ഹുതൈബ് എന്ന ഗ്രാമമാണിത്. ഇതിന്റെ ദൃശ്യങ്ങൾ വർഷങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ദേശീയ മാധ്യമമായ അമർ ഉജാല, അറേബ്യൻ മാധ്യമമായ അൽ അറേബ്യ ന്യൂസ് എന്നിവ നൽകിയ വാർത്തകളുടെ ലിങ്കുകൾ:
2021-ൽ അമർ ഉജാലയുടെ യൂട്യൂബ് ചാനലിൽ അൽ-ഹുതൈബിന്റെ സവിശേഷതകൾ വ്യക്തമാക്കിക്കൊണ്ടുള്ള വീഡിയോയും അപ്ലോഡ് ചെയ്തിട്ടുണ്ട്.
ട്വിറ്ററിൽ പ്രചരിക്കുന്നതിന് സമാനമായ ദൃശ്യങ്ങളോടെ അറബിയിലുള്ള മറ്റൊരു വീഡിയോയും ലഭിച്ചു.
2020-ലാണ് വീഡിയോ അപ്ലോഡ് ചെയ്തത്. ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷനിലും മറ്റ് വാർത്തകളിലും എല്ലാം പറയുന്നത് ഇവിടെ മഴെ പയ്യാറില്ലെന്നാണ്. എന്നാൽ ഇതിന് കൃത്യമായ വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല.
വിശദമായ അന്വേഷണത്തിൽ പിക്ചർ ഓഫ് യമൻ എന്ന യൂട്യൂബ് ചാനലിൽനിന്നു 2019-ൽ അപ്ലോഡ് ചെയ്തിരിക്കുന്ന ഒരു വീഡിയോ ലഭിച്ചു. ഇടിയോടു കൂടിയ ശക്തമായ മഴയുടെ ദൃശ്യമാണിതിൽ. ഹുതൈബിലെ ഹാത്തിമി പള്ളിക്ക് സമാനമായ കെട്ടിടമാണ് വീഡിയോയിലുള്ളത്.
ദൃശ്യം ഹുതൈബിലെ പള്ളിയുടേത് തന്നെയാണോ എന്ന് ഉറപ്പിക്കുന്നതിനായി ചിത്രങ്ങൾ താരതമ്യം ചെയ്തു.

വീഡിയോയിലെ കെട്ടിടവും ഹാത്തിമി പള്ളിയുടെ ചിത്രവുമായി താരതമ്യം ചെയ്തു. രണ്ടും ഒന്നുതന്നെയാണ്. പള്ളിക്ക് സമീപത്തായി ചിത്രത്തിൽ കാണുന്ന മരങ്ങൾ വീഡിയോയിലും ഉണ്ട്. രണ്ടും ഒന്ന് തന്നെ എന്ന് സ്ഥിരീകരിച്ചു.
അരുണാചൽ പ്രദേശിലെ പാസിഘട്ടിനെക്കുറിച്ചാണ് പിന്നീട് അന്വേഷിച്ചത്. ഇവിടെ ഒരിക്കലും മഴ പെയ്യാറില്ല എന്ന വാദം അടിസ്ഥാനരഹിതമാണ്. ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ ഇവിടെ കനത്ത മഴ മൂലം പലസ്ഥലങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ പതിനെട്ട് വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയാണ് ജൂൺ മാസം അവസാനം പാസിഘട്ടിൽ ഉണ്ടായതെന്നാണ് വാർത്തകളിലുള്ളത്.
വാസ്തവം
ഒരിക്കലും മഴ പെയ്യാത്ത സ്ഥലമാണ് അരുണാചൽ പ്രദേശിലെ പാസിഘട്ട് എന്ന പ്രചാരണം വാസ്തവമല്ല. പാസിഘട്ടിലേത് എന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം യെമനിലെ ഹിറാജിലെ ഹറാസ് മലമുകളിലുള്ള അൽ-ഹുതൈബ് എന്ന ഗ്രാമത്തിന്റേതാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..