പ്രചരിക്കുന്ന ചിത്രം
സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകനെ കേന്ദ്ര സർക്കാർ കസ്റ്റംസ് അഭിഭാഷകനായി നിയമിച്ചതായി സമൂഹ മാധ്യമങ്ങളിൽ പ്രചാരണം. @suthanezhava എന്ന ഹാൻറിലിൽനിന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 19-നാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ സ്വപ്ന സുരേഷിനൊപ്പം കേന്ദ്രമന്ദ്രി വി. മുരളീധരന്റെയും മറ്റൊരാളുടേയും ചിത്രവും നൽകിയിട്ടുണ്ട്.
ഇതിലെ വിവരങ്ങൾ വസ്തുതാ പരിശോധനയ്ക്ക് വിധേയമാക്കാം.
അന്വേഷണം
പോസ്റ്ററിന്റെ ഇടതുവശത്ത് ചിത്രത്തിന് താഴെയായി കേരള ഡയലോഗ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പം അതിന് തൊട്ടു താഴെയായി പ്രസിദ്ധികരിച്ച തിയതിയായി 2021 ജനുവരി 7 എന്നും നൽകിയിട്ടുണ്ട്. ഫേസ്ബുക്കിൽ കേരള ഡയലോഗിന്റെ അക്കൗണ്ട് കണ്ടെത്തി. @thekeraladialogue.journalist എന്നാണ് ഇതിന്റെ പേജിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പേജിൽ പ്രസിദ്ധീകരിച്ച വാർത്തയ്ക്കൊപ്പം നൽകിയ ചിത്രമാണ് ട്വിറ്ററിൽ പ്രചരിക്കുന്നത് എന്ന് ഉറപ്പാക്കി. ഫേസ്ബുക്കിൽ നൽകിയിരിക്കുന്ന യഥാർത്ഥ പോസ്റ്റ് ഇതാണ്.
സമാന വാർത്ത മറ്റിടങ്ങളിലും പോസ്റ്റ് ചെയ്തതായി കണ്ടെത്തി.
പ്രചരിക്കുന്ന പോസ്റ്ററിൽ മുരളീധരനും സ്വപ്നയ്ക്കും ഒപ്പം നൽകിയിരിക്കുന്ന ചിത്രം അഡ്വ. ടി.കെ. രാജേഷിന്റേതാണ്. വാർത്താ എജൻസിയായ എ.എൻ.ഐയുടെ ചിത്രമാണ് പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്നത്.
https://www.aninews.in/news/national/general-news/gold-smuggling-case-not-possible-to-disclose-whether-swapna-met-me-or-not-says-advocate-rajesh-kumar-tk20200709233351/
സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് ജൂലൈ അഞ്ചിന് ഒളിവിൽ പോയതിന് പിന്നാലെ രാജേഷാണ് ഹൈക്കോടതിയിൽ അവർക്കായി ജാമ്യഹർജി സമർപ്പിച്ചത്. അറസ്റ്റിലായ ശേഷം സ്വപ്നയ്ക്ക് വേണ്ടി ഹാജരായത് അഡ്വ. ജിയോ പോൾ അണ്.
2021 ജനുവരി ആദ്യവാരമാണ് അഡ്വ. രാജേഷിനെ കസ്റ്റംസ് സ്റ്റാൻഡിംഗ് കൗൺസിലായി കേന്ദ്രസർക്കാർ നിയമിച്ചത്. അന്ന് ഇത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. വിഷയത്തിൽ രാജേഷിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു- സ്വപ്നയുടെ അഭിഭാഷകനാകുന്നതിന് മുൻപ് 2018-ൽ പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. 2019-ലാണ് അഭിമുഖ പരീക്ഷ നടന്നത്. തുടർന്ന് 2021-ൽ താനടക്കം 14 പേർക്ക് സംസ്ഥാനത്ത് നിയമനം ലഭിച്ചു എന്നാണ്.
സ്വപ്നയുടെ അഭിഭാഷകനായ ജിയോ പോൾ 2020 ഡിസംബർ മൂന്നിന് വക്കാലത്ത് ഒഴിഞ്ഞിരുന്നു. തുടർന്ന് സൂരജ് ടി. ഇലഞ്ഞിക്കൽ സ്വപ്നയുടെ അഭിഭാഷകനായി. എന്നാൽ ഇക്കഴിഞ്ഞ ഫെബ്രുവരി 17-ന് ഇയാളും വക്കാലത്ത് ഒഴിഞ്ഞു. കൊച്ചി എൻ.ഐ.എ. കോടതിയിൽ കേസ് പരിഗണിക്കുന്നതിനിടെയാണ് താൻ പിന്മാറുന്നതായി അഭിഭാഷകൻ കോടതിയെ അറിയിച്ചത്. സൂരജ് വക്കാലത്തൊഴിഞ്ഞ് ദിവസങ്ങൾക്കകമാണ് പഴയ പോസ്റ്റർ വീണ്ടും പ്രചരിക്കാൻ തുടങ്ങിയത്.
വാസ്തവം
സ്വർണ്ണക്കടത്ത് കേസിൽ സരിതയുടെ അഭിഭാഷകന്റെ നിയമനം സംബന്ധിച്ച് സമൂഹമാധ്യമത്തിൽ നടക്കുന്ന പ്രചരണം തെറ്റിദ്ധാരണ പരത്തുന്നതാണ്. സ്വപ്നയുടെ അഭിഭാഷകൻ സൂരജ് ടി. ഇലഞ്ഞിക്കൽ ഇക്കഴിഞ്ഞ ഫെബ്രുവരി 17-ന് വക്കാലത്ത് ഒഴിഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് ഈ പ്രചാരണം തുടങ്ങിയത്. സ്വപ്നക്ക് വേണ്ടി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹരജി സമർപ്പിച്ച അഡ്വ. ടി.കെ. രാജേഷിനാണ് 2021-ൽ കസ്റ്റംസ് കോൺസലായി നിയമനം ലഭിച്ചത്. ആ സമയത്തിറങ്ങിയ പോസ്റ്ററാണ് ഇപ്പോൾ വീണ്ടും പ്രചരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..