
ജർമ്മനിയിൽ നടന്ന വാക്സിൻ യജ്ഞത്തിൽനിന്ന് | Photo: AP
പ്രതിരോധ കുത്തിവയ്പ്പിലൂടെ കൊറോണയെ പ്രതിരോധിക്കാമെന്ന ലക്ഷ്യവുമായി ലോകരാജ്യങ്ങള്‍ വാക്സിനേഷന് പ്രോത്സാഹിപ്പിക്കുകയാണ്. എന്നാല്‍, ജര്‍മ്മനിയിലെ സ്ഥിതി വ്യത്യസ്തമാണെന്നും അവിടെ വാക്സിനേഷന് പൂര്‍ണ്ണമായി നിര്‍ത്തിവച്ചു എന്ന ഞെട്ടിക്കുന്ന വിവരമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. നിലവില്‍ വാക്സിനേഷനെ എതിര്‍ക്കുന്ന ഒരു വിഭാഗം ഇതിന്റെ പ്രചാരകരായി മാറിയിട്ടുണ്ട്. ജര്‍മ്മന്‍ സര്‍ക്കാറിന്റെ ഔദ്യോഗിക വിശദീകരണമെന്ന തരത്തില്‍ ഒരു വീഡിയോയാണ് ഇതിനാധാരമായി പോസ്റ്റ് ചെയ്യപ്പെട്ടത്. വീഡിയോയിലെ വാസ്തവം പരിശോധിക്കാം.
അന്വേഷണം
ഒറ്റനോട്ടത്തില്‍ വിശ്വാസ്യത ലഭിക്കുന്ന വാര്‍ത്താസമ്മേളന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ദൃശ്യത്തില്‍ കാണുന്ന വ്യക്തി പ്രാദേശിക ഭാഷയിലാണ് സംസാരിക്കുന്നതെങ്കിലും ഇതിനൊപ്പം ഇംഗ്ലീഷ് പരിഭാഷയും നല്‍കിയിട്ടുണ്ട്. വീഡിയോയിലുള്ള വ്യക്തി പറഞ്ഞതിന്റെ സാരം ഇതാണ്: കൊറോണ പ്രതിരോധ വാക്സിന്റെ പാര്‍ശ്വഫലങ്ങള്‍ മൂലം സര്‍ക്കാര്‍ വരുന്ന രണ്ടാഴ്ചത്തേക്ക് വാക്സിന്റെ ലൈസന്‍സ് റദ്ദാക്കുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് എത്രയും പെട്ടന്ന് സര്‍ക്കാര്‍ വ്യക്തമായ തീരുമാനത്തിലെത്തും.

ഒട്ടേറെ പേരാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ ഇത് പോസ്റ്റ് ചെയ്തത്. ജര്‍മ്മനിയില്‍ വാക്സിനേഷന് നിര്‍ത്തിവച്ചതായി ഔദ്യോഗിക പ്രഖ്യപനമൊന്നും വന്നിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും രാജ്യത്ത് വാക്സിന് നല്കി തുടങ്ങിയിട്ടുണ്ട്. വീഡിയോയുടെ പിറകിലായി കാണുന്ന BasisCamp.live എന്താണെന്ന് അന്വേഷിച്ചു. ഈ പേരില്‍ സമൂഹമാധ്യമങ്ങളില്‍ അകൗണ്ടുകളുണ്ട്.
യൂട്യൂബ് ചാനലില്‍ ബേസിസ് ക്യാമ്പ് വീഡിയോകള്‍ യഥാര്‍ത്ഥ സംഭവമല്ലെന്ന് (simulation game) നല്‍കിയിട്ടുണ്ട്. 2021 ആഗസ്റ്റ് 16-ലാണ് ബേസിസ് ക്യാമ്പ് യൂട്യൂബില്‍ ആരംഭിച്ചത്. ജര്‍മ്മനിയില്‍ കൊറോണയെ നേരിടുന്നതിനായി അധികൃതര്‍ കൈക്കൊണ്ട നടപടികളെ എതിര്‍ക്കുന്ന കൊറോണ ഇന്‍വെസ്റ്റിഗേഷന്‍ കമ്മിറ്റി എന്ന കൂട്ടായ്മയാണ് ബേസിസ് ക്യാമ്പ് ആരംഭിച്ചത്. ഇവര്‍ പുറത്തിറക്കുന്ന വീഡിയോകളില്‍ 'a global pandemic exit exercise' എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. സിമുലേഷന്‍ ഗെയിം ആണിതെന്ന് യൂട്യൂബിലും വ്യക്തമായി പറഞ്ഞിട്ടുണ്ട്, എന്നിട്ടും പല വാക്സിനേഷന് വിരുദ്ധ കൂട്ടായ്മകളും വ്യക്തികളും സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിക്കുന്നു.
ഈ ഗെയ്മില്‍ ജര്‍മ്മനിയില്‍ കോവഡിനെ നേരിടുന്നതിനായി ഇടക്കാല സര്‍ക്കാരിനെ നിയമിക്കുന്നതായാണ് നടിക്കുന്നത്. സ്റ്റീഫന്‍ കോഹന് എന്നയാളാണ് (വീഡിയോയില്‍ കാണുന്ന വ്യക്തി) ജര്‍മ്മനിയിലെ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് (റോബര്‍ട്ട് കൊഗ് ഇന്‍സ്റ്റിറ്റ്യൂട്ട്) പ്രസിഡന്റായി വേഷമിടുന്നത്. രാജ്യത്തെ ഡെയ് ബേസിസ് എന്ന രാഷ്ട്രീയ പാര്‍ട്ടി അംഗംകൂടിയാണ് ഇദ്ദേഹം. യഥാര്‍ത്ഥത്തില്‍ പ്രൊഫ. ലോദര്‍ വേയ്ലര് ആണ് 2015 മുതല്‍ റോബര്‍ട്ട് കൊച്ച് ഇന്‍സ്റ്റിറ്റിയൂൂട്ട് പ്രസിഡന്റ്.
വാസ്തവം
ജര്‍മ്മനിയുടെ ആകെ ജനസംഖ്യയില്‍ 65%ത്തോളം പേര് ഇതുവരെ പ്രതിരോധ വാക്സിന് ഒരു ഡോസെങ്കിലും സ്വീകരിച്ചതായാണ് ഔദ്യോഗിക കണക്ക്. രാജ്യത്ത് വാക്സിനേഷന് നടപടികള്‍ പുരോഗമിക്കുന്നുമുണ്ട്. ബേസിസ് ക്യാമ്പ്് സിമുലേഷന്‍ ഗെയിമിന്റെ ഭാഗമായി ചിത്രീകരിച്ച് പുറത്തുവിട്ട വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ദൃശ്യങ്ങളില്‍ കാണുന്ന വ്യക്തി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ആളല്ല, മറിച്ച് ജര്‍മ്മനിയിലെ ഡെയ് ബേസിസ് എന്ന പാര്‍ട്ടി അംഗമാണ്. ബേസിസ് ക്യാമ്പ് ദൃശ്യങ്ങള്‍ ഗെയിമിന്റെ ഭാഗമെന്ന് വ്യക്തമാക്കിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ചിലര്‍ സത്യാവസ്ഥ മറച്ചുവച്ച് ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്.
Content Highlights: Has Germany stopped giving the covid vaccine? | Fact Check
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..