അഖിലേഷ് യാദവ് ചർച്ചയ്ക്കിടെ ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ.....വാസ്തവമെന്ത്?


പ്രശാന്ത് എം എസ്/ ഫാക്ട് ചെക്ക് ഡെസ്ക്

അഖിലേഷ് യാദവ് പങ്കെടുത്ത ചാനൽ ചർച്ചയിൽ നിന്നുള്ള ദൃശ്യങ്ങൾ

ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് അടുത്തതോടെ എല്ലാ പാർട്ടികളും സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചുള്ള പ്രചാരണം തുടങ്ങി കഴിഞ്ഞു. അതിന്റെ ഭാഗമായി അനവധി ദൃശ്യങ്ങളും ചിത്രങ്ങളും ട്വിറ്റർ, ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ജനുവരി 27ന് ബിജെപി ഉത്തർപ്രദേശ് എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്ന് സമാജ് വാദി പാർട്ടി നേതാവായ അഖിലേഷ് യാദവിനെ സംബന്ധിച്ചുള്ള 54 സെക്കന്റ് നീളമുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു ചാനൽ ചർച്ചയുടെ ദൃശ്യങ്ങൾ ആയിരുന്നു അത്.

ദൃശ്യങ്ങളിൽ അഖിലേഷ് യാദവ് അവതാരകരോട് പറയുന്നതിങ്ങനെ: "ഞാൻ നിങ്ങൾക്ക് നൽകിയ സമയം കഴിഞ്ഞിരിക്കുന്നു. എനിക്ക് ഇനി നിങ്ങളോടു ഒന്നും സംസാരിക്കാനില്ല. ഞാൻ അവസാനമായിട്ടാണ് നിങ്ങളുടെ ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നത്. നിങ്ങൾ ഉത്തർപ്രദേശിൽ സംഭവിച്ച വികസനം എന്താന്നെന്നു സംസാരിക്കുന്നില്ല. ബി ജെ പി ടിക്കറ്റ് നൽകിയ ക്രിമിനലുകളെ പറ്റി നിങ്ങൾ സംസാരിക്കുന്നില്ല. ഈ സംസ്ഥാനത്തെ നശിപ്പിച്ച കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണത്തെപ്പറ്റി താങ്കൾ സംസാരിക്കുന്നില്ല. നിങ്ങൾ വളരെ ബയസ്ഡ് ആണ്. അരമണിക്കൂറാണ് ഞാൻ നിങ്ങൾക്ക് നൽകിയത്. അതുകൊണ്ട് ഞാൻ കൂടുതൽ സംസാരിക്കുന്നില്ല. ഞാൻ പോവുകയാണ്." ഇതുവരെ 3,692 ലൈക്കുകളും, 1,451 റീട്വീറ്റുകളും കിട്ടിയ ഈ ട്വീറ്റ്, അഖിലേഷ് യാദവ് ചർച്ച വേദിയിൽനിന്നു ഇറങ്ങി പോകുന്ന പ്രതീതിയും സൃഷ്ടിക്കുന്നു. ദൃശ്യങ്ങളോടൊപ്പം ട്വീറ്റിൽ നൽകിയ വിവരണമിതാണ്, "തെരഞ്ഞെടുപ്പിൽ ഉണ്ടാകാവുന്ന തോൽ‌വിയിൽ അഖിലേഷ് യാദവ് ഭയന്നിരിക്കുകയാണ്. അവർ തോൽക്കുമെന്ന് അവർക്കറിയാം അതുകൊണ്ട് അവർ കോപിഷ്ഠരാണ്." എന്താണ് ഈ ട്വീറ്റിന് പിന്നിലെ വാസ്തവം, മാതൃഭൂമി ഫാക്ട് ചെക്ക് അന്വേഷിക്കുന്നു.

അന്വേഷണം

ഇൻവിഡ് കീ ഫ്രെയിംസ് ടൂൾ ഉപയോഗിച്ചുമുള്ള റിവേഴ്‌സ് ഇമേജ് സെർച്ചിൽ, ദൃശ്യങ്ങൾ സംബന്ധിച്ച യഥാർത്ഥ വീഡിയോ കണ്ടെത്താനായി. ടി വി 9 ഭാരത് വർഷ് എന്ന ഹിന്ദി വാർത്ത ചാനൽ നടത്തിയ പ്രത്യേക തിരഞ്ഞെടുപ്പ് സംവാദവുമായി ബന്ധപ്പെട്ടതാണ് ട്വീറ്റിലെ ദൃശ്യങ്ങൾ. ചർച്ചയുടെ പൂർണ രൂപം പ്രസ്തുത ടി വി ചാനൽ യൂട്യൂബിൽ ലൈവ് സ്ട്രീം ചെയ്തിരുന്നു. ചാനൽ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ജനുവരി 27 ന് നടന്ന പരിപാടിയാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചു.

"അധികാരത്തിനു വേണ്ടിയുള്ള 22 ലെ മത്സരത്തിൽ അഖിലേഷ് യാദവ്" എന്നതായിരുന്നു പ്രത്യേക തിരഞ്ഞെടുപ്പ് പരിപാടിക്ക്‌ നൽകിയിരുന്ന പേര്. ഒരു മണിക്കൂറിലധികം ദൈർഘ്യമുണ്ടായിരുന്ന ഈ ചർച്ചയിൽ ഉത്തർപ്രദേശിലെ പല പ്രശ്നങ്ങളും ചർച്ചാവിഷയമായി. വികസന പ്രൊജക്ടുകൾ, ക്രമസമാധാനം, മുന്നണി രാഷ്ട്രീയം, കോൺഗ്രസ്, ബി എസ് പി എന്നി പാർട്ടികളോടുള്ള സമാജ്‍വാദിയുടെ സമീപനം എന്നിവയാണ് ചർച്ച ചെയ്ത പ്രധാന വിഷയങ്ങൾ. എന്നാൽ ചർച്ചയുടെ മധ്യത്തിൽ ചില ചോദ്യങ്ങൾ അഖിലേഷിനെ അലോസരപ്പെടുത്തുകയും, ചാനൽ അവതാരകരോട് നിങ്ങൾ വളരെ ബയസ്ഡ്‌ ആണ് എന്ന് ആരോപിക്കുകയും ചെയ്തു. എന്നാൽ ഇതിനു ശേഷവും ചർച്ച പുരോഗമിക്കുകയും, പിന്നീട് നല്ല രീതിയിൽ അവസാനിക്കുകയുമാണ്.

വാസ്തവം

ഒരു മണിക്കൂർ ദൈർഘ്യമുള്ള പരിപാടിയുടെ, ചില പ്രതേക ദൃശ്യങ്ങൾ മാത്രമാണ് ട്വീറ്റിൽ ചേർത്തിരിക്കുന്നത്. അഖിലേഷ് യാദവ് തിരഞ്ഞെടുപ്പ് പരിപാടി പൂർത്തീകരിക്കാതെ മടങ്ങി എന്ന പ്രതീതിയും ട്വീറ്റ് നൽകുന്നു. എന്നാൽ ഇത് അടിസ്ഥാനരഹിതമാണ്. അവതാരകരുടെ ചില ചോദ്യങ്ങൾ അഖിലേഷ് യാദവിന്നെ അലോസരപ്പെടുത്തുകയും അദ്ദേഹം രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. എന്നാൽ ചർച്ച മുന്നോട്ടു പോവുകയും, സദസിൽ നിന്നുള്ള ആൾക്കാരുടെ ചോദ്യങ്ങൾക്കു മറുപടി പറയുന്നതും, യഥാർത്ഥ ദൃശ്യങ്ങളിൽ കാണാവുന്നതാണ്. അതിനാൽ ട്വീറ്റിലെ വിവരങ്ങളും, ദൃശ്യങ്ങളും വസ്തുതാപരമായി തെറ്റാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented