പ്രചരിക്കുന്ന പോസ്റ്റുകളുടെ സ്ക്രീൻഷോട്ട് | കടപ്പാട്: ഫേസ്ബുക്
ഉത്തർ പ്രദേശിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചയാളെ പോലീസ് വെടിവെച്ചു എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റർ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. അജയ്പാൽ ശർമ്മ എന്ന ഐ.പി.എസ്. ഓഫീസറെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്ററാണിത്. ഇതിന് പിന്നിലെ വാസ്തവം എന്തെന്ന് പരിശോധിക്കുന്നു.
അന്വേഷണം
പോസ്റ്ററിലെ വിവരങ്ങൾ അപൂർണ്ണമാണ്. സംഭവം എപ്പോൾ, എവിടെ വെച്ചാണ് നടന്നതെന്ന വിവരങ്ങളൊന്നും ഇതിലില്ല. സെർച്ച് ടൂളുകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ 2019-ലും ഇതേ പോസ്റ്റർ പ്രചരിച്ചിരുന്നതായി കണ്ടെത്തി. പോലീസ് എൻകൗണ്ടറിൽ പ്രതി കൊല്ലപ്പെട്ടതായും അന്ന് പ്രചരിച്ചിരുന്നു.

തുടർന്നുള്ള അന്വേഷണത്തിൽ, പല ദേശീയ മാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ട വാർത്തകൾ കണ്ടെത്തി. 2019 ജൂൺ 24-ന് ഉത്തർ പ്രദേശിലെ രാംപുരിലാണ് വാർത്തയ്ക്ക് ആസ്പദമായ സംഭവമുണ്ടായത്. ആറു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന ശേഷം ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെയായിരുന്നു വെടിവെയ്പ്പ്. അന്നത്തെ രാംപൂർ എസ്.പി. അജയ്പാൽ ശർമയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ എൻകൗണ്ടറിലൂടെ കീഴ്പ്പെടുത്തിയത്. മുട്ടിനു താഴെ വെടിവെച്ചതിനാൽ അയാൾക്ക് ജീവഹാനി ഉണ്ടായിട്ടില്ല. ഉത്തർ പ്രദേശ് പോലീസിന്റെ ഈ നടപടിയെ എതിർത്തും അനുകൂലിച്ചും നിരവധിപേർ സമൂഹമാധ്യമങ്ങളിലൂടെ അന്ന് രംഗത്തുവന്നിരുന്നു.
ടൈംസ് ഓഫ് ഇന്ത്യ വാർത്തയുടെ ലിങ്ക്:
https://timesofindia.indiatimes.com/city/meerut/six-year-old-girl-raped-and-murdered-in-rampur-accused-arrested/articleshow/69927013.cms
ഇന്ത്യ ടി.വി. വാർത്തയുടെ ലിങ്ക്:
https://www.indiatvnews.com/news/india-singham-ips-officer-ajay-pal-sharma-uttar-pradesh-encounter-rampur-nazil-accused-of-rape-murder-529590
അങ്ങനെ ഇപ്പോൾ പ്രചരിക്കുന്ന വാർത്ത പഴയതാണെന്ന് സ്ഥിരീകരിച്ചു.
വാസ്തവം
യു.പിയിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചയാളെ പോലീസ് വെടിവെച്ചുവെന്ന പ്രചാരണം തെറ്റിദ്ധാരണ പരത്തുന്നതാണ്. 2019-ൽ യു.പിയിലെ രാംപുരിൽ നടന്ന സംഭവത്തിന്റെ വാർത്തയാണ് ഇപ്പോൾ നടന്നതെന്ന തരത്തിൽ പ്രചരിക്കുന്നത്. അന്നത്തെ വെടിവെപ്പിൽ പ്രതി മരിച്ചുവെന്ന തരത്തിലും മുൻപ് പ്രചാരണം ഉണ്ടായിരുന്നു. അതും വാസ്തവവിരുദ്ധമാണ്. അറസ്റ്റിനിടെയുണ്ടായ വെടിവെപ്പിൽ പ്രതിയുടെ മുട്ടിനു താഴെയാണ് വെടിയേറ്റത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..