പ്രചരിക്കുന്ന കാർഡുകൾ
രാജ്യത്ത് വർധിച്ച വരുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം, ഭക്ഷ്യവസ്തുക്കളിൽ ചുമത്തിയ അമിതമായ ജി.എസ്.ടി. നികുതി എന്നിവയ്ക്കെതിരെ കോൺഗ്രസ് അനിശ്ചിതകാല പ്രക്ഷോഭങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഓഗസ്റ്റ് അഞ്ചാം തിയതി മുതൽ തുടങ്ങിയ പ്രക്ഷോഭങ്ങളുടെ ഭാഗമായി കോൺഗ്രസ് എം.പിമാർ കറുത്ത വസ്ത്രമണിഞ്ഞു പാർലമെൻറിൽ എത്തുകയും ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന് പുറത്ത് അവർ പ്രകടനം നടത്തുകയും ചെയ്തു.
ഈ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയുടെ ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളിൽ അദ്ദേഹം പറയുന്നത് ഇതാണ്: 'ഞങ്ങൾ പൊരുതുന്നത് ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയല്ല. മറിച്ച്, രാജ്യത്തെ മുഴുവൻ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെയാണ്.' ഫേസ്ബുക്കിലും ട്വിറ്ററിലും പ്രചരിക്കുന്ന ഈ ദൃശ്യങ്ങൾക്ക് പിന്നിലെ വാസ്തവം പരിശോധിക്കുന്നു.
അന്വേഷണം
10 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയാണ് ട്വീറ്റിൽ നൽകിയിരിക്കുന്നത്. ഫേസ്ബുക്കിൽ നേഷൻ വിത്ത് നമോ എന്ന പേജിലും ഈ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദൃശ്യങ്ങളിൽ അദ്ദേഹം പറയുന്നതിതാണ്: 'ഞങ്ങൾ പൊരുതുന്നത് ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയല്ല മറിച്ച് രാജ്യത്തെ മുഴുവൻ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെയാണ്.' എ.ബി.പി. ന്യൂസ് ചാനലിന്റെ ലോഗോയും ദൃശ്യങ്ങളിൽ കാണാം.
സെർച്ച് ടൂളുകൾ ഉപയോഗിച്ചുള്ള പരിശോധനയിൽ ദൃശ്യങ്ങളുടെ പൂർണരൂപം കണ്ടെത്തി. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയ്ക്കെതിരെ കോൺഗ്രസ് ആഹ്വാനം ചെയ്ത അനിശ്ചിതകാല പ്രക്ഷോഭങ്ങളുടെ മുന്നോടിയായി എ.ഐ.സി.സി. ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. ഏതാണ്ട് അര മണിക്കൂറോളം നീണ്ട വാർത്തസമ്മേളനത്തിന്റെ 10 സെക്കന്റ് ദൈർഘ്യമുള്ള ഒരു ഭാഗം മാത്രമാണ് ട്വീറ്റിൽ നൽകിയിട്ടുള്ളത്.
രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന പല വിഷയങ്ങളും താങ്കൾ പാർലമെൻറിൽ ഉന്നയിക്കുകയും അതിനു വേണ്ടി പ്രക്ഷോഭങ്ങൾ നടത്തുകയും ചെയ്തിട്ടും സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ കോൺഗ്രസിന് കഴിയാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഇതിനു രാഹുൽ ഗാന്ധിയുടെ മറുപിടി ഇതായിരുന്നു: 'ഞാൻ മുൻപ് പറഞ്ഞത് പോലെ, ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ, പ്രതിപക്ഷം പോരാടുന്നത് രാജ്യത്തെ നിഷ്പക്ഷമായ ഭരണഘടനാ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ്. അതായത് രാജ്യത്തെ ജുഡീഷ്യൽ സംവിധാനങ്ങൾ, നിയമ സംവിധാനങ്ങൾ, തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, മാധ്യമങ്ങൾ. ഇവരുടെ പിന്തുണയോടെയാണ് പ്രതിപക്ഷം പ്രവർത്തിക്കുന്നത്. ഇപ്പോൾ ഈ സംവിധാനങ്ങളെല്ലാം സർക്കാരിനെ പിന്തുണയ്ക്കുകയാണ് കാരണം സർക്കാർ അവരുടെ ആളുകളെയാണ് അവിടെ നിയമിച്ചിരിക്കുന്നത്. ഹിന്ദുസ്ഥാനിലെ ഒരു സർക്കാർ സംവിധാനവും ഇന്ന് സ്വതന്ത്രമല്ല. അവയെല്ലാം ഇപ്പോൾ ആർ.എസ്.എസിന്റെ നിയന്ത്രണത്തിലാണ്. അവിടങ്ങളിലെല്ലാം ഇരിക്കുന്നത് ആർ.എസ്.എസിന്റെ ആളുകളാണ്. അതുകൊണ്ട് ഞങ്ങൾ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരെയല്ല പോരാടുന്നത് മറിച്ച് ഹിന്ദുസ്ഥാനിലെ മുഴുവൻ അടിസ്ഥാന സംവിധാനങ്ങൾക്കുമെതിരെയാണ്. ഞങ്ങളുടെ സർക്കാരിന്റെ സമയത്ത് ഇത്തരം സംവിധാനങ്ങൾ നിഷ്പക്ഷമായാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇന്ന് എല്ലാത്തരം അടിസ്ഥാന സംവിധാനങ്ങളും സർക്കാരിന്റെ കൈയിലാണ്. രാജ്യത്തെ സാമ്പത്തിക സംവിധാനങ്ങൾ പൂർണമായും നിയന്ത്രിക്കുന്നത് സർക്കാരാണ്. പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ തിരിഞ്ഞാൽ ഉടനെ ഇ.ഡി., സി.ബി.ഐ. എന്നീ സ്ഥാപനങ്ങളെ ഉപയോഗിച്ച ഭീഷണിപ്പെടുത്തും. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ആർ.എസ്.എസിന്റെയും ബി.ജെ.പി യുടെയും കുത്തകയായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിൽ പ്രതിപക്ഷം നന്നായി പ്രവർത്തിക്കുന്നുണ്ടെങ്കിലും അതിന്റെ സ്വാധീനശക്തി കുറവായിരിക്കും.
എ.ബി.പി. ന്യൂസ് അവരുടെ യൂട്യൂബ് ചാനലിൽ നൽകിയ വാർത്താസമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങൾ:
വാർത്ത സമ്മേളനത്തിന്റെ പൂർണ രൂപം:
വാസ്തവം
കോൺഗ്രസിന്റെ യുദ്ധം രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങൾക്കെതിരെയാണ് എന്ന് രാഹുൽ ഗാന്ധി പറയുന്ന ദൃശ്യങ്ങൾ വാസ്തവവിരുദ്ധമാണ്. അരമണിക്കൂറോളം ദൈർഘ്യമുള്ള രാഹുൽ ഗാന്ധിയുടെ വാർത്ത സമ്മേളനത്തിൽനിന്ന് അടർത്തിമാറ്റിയ ഒരു പ്രസ്താവനയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ആർ.എസ്.എസ്.- ബി.ജെ.പി. സഖ്യം രാജ്യത്തെ എല്ലാ സംവിധാനങ്ങളെയും പിടിമുറുക്കിയെന്നും അതിനാൽ കോൺഗ്രസ് പോരാടുന്നത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരെയല്ല മറിച്ച് അത് നിയന്ത്രിക്കുന്ന എല്ലാ സംവിധാനങ്ങൾക്കുമെതിരെയാണ് എന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന. ഇതിന്റെ രണ്ടാം ഭാഗം അടർത്തിയെടുത്ത് ചില ബി.ജെ.പി. ഹാൻഡിലുകൾ തെറ്റായി പ്രചരിപ്പിക്കുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..