പ്രചരിക്കുന്ന പോസ്റ്റിന്റെ സ്ക്രീൻഷോട്ട് | കടപ്പാട്: ഫേസ്ബുക്
സ്ത്രീകളെ കർട്ടനിട്ട് മറച്ച് കുടുംബശ്രീയുടെ ബോധവൽക്കരണ ക്ലാസ് നടത്തി എന്ന തരത്തിൽ, ഒരു കൊളാഷ് ഇപ്പോൾ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കർട്ടനു മുന്നിൽനിന്ന് ഒരു വ്യക്തി സംസാരിക്കുന്നതും കർട്ടനു പിന്നിലായി പർദ്ദയിട്ട സ്ത്രീകൾ ഇരിക്കുന്നതുമാണ് കൊളാഷിലെ ചിത്രങ്ങളിലുള്ളത്.
ഫേസ്ബുക് പോസ്റ്റിൽ കൊളാഷിനോടൊപ്പം നൽകിയിരിക്കുന്ന വിവരണം ഇപ്രകാരമാണ്: 'ഒരു കുടുംബശ്രീ ബോധവൽക്കരണ ക്ലാസിൽ സർക്കാർ ഉദ്യോഗസ്ഥൻ സംസാരിക്കുന്നു. സ്ഥലം: കാസർഗോഡ്. തുണികെട്ടി മറച്ചുള്ള മതിൽ പണിയുന്ന നവോത്ഥാന കേരളം എങ്ങിനെയുണ്ട്?'
ഇതിനു പിന്നിലെ വാസ്തവമെന്താണെന്ന് പരിശോധിക്കുന്നു.

അന്വേഷണം
കൊളാഷിന്റെ ഏറ്റവും താഴെയായി ഒരു ഫേസ്ബുക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് കാണാൻ സാധിക്കും. സ്ക്രീൻഷോട്ടിനു വ്യക്തത വളരെ കുറവാണ്. അതിനാൽ ചിത്രം സൂം ചെയ്ത് അതിലെ വിശദശാംശങ്ങൾ കണ്ടെത്തി. 'നീലേശ്വരം കരുവാച്ചേരിയിൽ വെച്ച് മുസ്ലിം വനിതകൾക്കായി പൾസ് പോളിയോ ബോധവൽക്കരണ ക്ലാസ്സ് നീലേശ്വരം താലൂക്കാശുപത്രി സൂപ്രണ്ട് മറകെട്ടി വെച്ച് നടത്തുന്നു' എന്നാണു അതിൽ എഴുതിയിരിക്കുന്നത്.
തുടർന്നുള്ള അന്വേഷണത്തിൽ 'ദി ന്യൂസ് മിനിറ്റ്' എന്ന ഇംഗ്ലീഷ് ഓൺലൈൻ മാധ്യമത്തിന്റെ വാർത്തയിൽ ഇതേ ചിത്രം കണ്ടെത്തി. 2017 ജനുവരി 28-നു പ്രസിദ്ധീകരിച്ച വാർത്തയാണിത്. കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തിയതിന്റെ ചിത്രങ്ങളാണിവ.
കാസർഗോഡ് നീലേശ്വരത്തെ ഒരു മദ്രസ്സയിൽ 2017 ജനുവരിയിലാണ് സംഭവം നടന്നത്. പ്രദേശത്തെ വാക്സിൻ വിമുഖത പരിഹരിക്കുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. നീലേശ്വരം താലൂക്ക് ആശുപത്രിയിലെ അന്നത്തെ മെഡിക്കൽ സൂപ്രണ്ടായിരുന്നു ക്ലാസ് കൈകാര്യം ചെയ്തത്. ഇതിന് കുടുംബശ്രീയുമായി ബന്ധമില്ലെന്ന് സൂപ്രണ്ടുമായും പ്രാദേശിക ജനപ്രതിനിധിയുമായും ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞു.
''മതപഠന ക്ലാസ്സിനിടെയുള്ള ഇടവേളയിലാണ് അന്ന് ക്ലാസ് നടന്നത്. ഫീൽഡ് സ്റ്റാഫിന്റെ ആവശ്യപ്രകാരമായിരുന്നു താൻ അവിടെ എത്തിയത്. കർട്ടൻ മാറ്റുന്നതിൽ സദസ്സിലുണ്ടായിരുന്ന ചിലർക്ക് ബുദ്ധിമുട്ടുണ്ടായിരുന്നതിനാൽ അത് മാറ്റിയില്ല. തന്റെ ഉദ്ദേശ്യം ക്ലാസ്സ് എടുക്കുക എന്നത് മാത്രമായിരുന്നു. അതിനാൽ ഇക്കാര്യത്തിന് പ്രാധാന്യം നൽകാതെ ക്ലാസ്സെടുക്കുകയായിരുന്നു'' എന്ന് ക്ലാസ്സിന് നേതൃത്വം നൽകിയ ഡോക്ടർ മാതൃഭൂമിയോട് പറഞ്ഞു. സദുദ്ദേശ പ്രകാരം ചെയ്ത ഒരു പ്രവൃത്തി ഇപ്പോൾ മോശമായ രീതിയിൽ ചർച്ചയാകുന്നതിൽ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്തുത സംഭവം അന്ന് സമൂഹമാധ്യമങ്ങളിൽ ഒരു പ്രധാനപ്പെട്ട ചർച്ചാവിഷയവുമായിരുന്നു.

ദി ന്യൂസ് മിനിറ്റ് വാർത്തയുടെ ലിങ്ക്: https://www.thenewsminute.com/article/not-our-legacy-pics-kerala-doctor-talking-veiled-women-behind-curtain-earn-criticism-56436

അങ്ങനെ ഇപ്പോൾ പ്രചരിക്കുന്ന പോസ്റ്റ് പഴയതാണെന്നും അതിന് കുടുംബശ്രീയുമായി ബന്ധമില്ലെന്നും ഉറപ്പിച്ചു.
വാസ്തവം
സ്ത്രീകളെ കർട്ടനിട്ട് മറച്ച് കുടുംബശ്രീയുടെ ബോധവൽക്കരണ ക്ലാസ് നടത്തി എന്ന തരത്തിലുള്ള പ്രചാരണം വസ്തുതാവിരുദ്ധമാണ്. പ്രചരിക്കുന്ന ഫേസ്ബുക് പോസ്റ്റിനോടൊപ്പമുള്ള ചിത്രങ്ങൾ 2017-ൽ കാസർഗോഡ് നീലേശ്വരത്തെ ഒരു മദ്രസ്സയിൽ വെച്ച് നടന്ന പൾസ് പോളിയോ ബോധവൽക്കരണ ക്ലാസ്സിന്റേതാണ്. ഇതിന് കുടുംബശ്രീയുമായി ബന്ധമില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..