-
ആലപ്പുഴയിലെ കൊലപാതകങ്ങൾ കേരള രാഷ്ട്രീയത്തെ വീണ്ടും കലുഷിതമാക്കിയിരിക്കുകയാണ്. ഈ അവസരത്തിലാണ് അമ്പലപ്പുഴ എം.എൽ.എ. എച്ച്. സലാമിനും ആലപ്പുഴ എം.എൽ.എ. പി.പി. ചിത്തരഞ്ജനുമെതിരെ ഫെയ്സ്ബുക്കിൽ ചില പ്രചാരണങ്ങൾ നടക്കുന്നത്.
കൊല്ലപ്പെട്ട ബി.ജെ.പി. നേതാവിന്റെ വീട് സന്ദർശിക്കാതെ ഇരുവരും എസ്.ഡി.പി.ഐ. നേതാവിന്റെ വീട്ടിൽ മാത്രം സന്ദർശനം നടത്തിയെന്നാണ് ആരോപിക്കുന്നത്.
എച്ച്. സലാം എം.എൽ.എ. കൊല്ലപ്പെട്ട ഷാനിന്റെ വീട്ടിൽ സന്ദർശനം നടത്തിയപ്പോഴെടുത്ത ചിത്രം എസ്.ഡി.പി.ഐ. അവരുടെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. പി.പി. ചിത്തരഞ്ജൻ എം.എൽ.എയുടെ സന്ദർശനം തേജസ് ന്യൂസ് വാർത്തയാക്കുകയും ചെയ്തു. ഇവയുടെ സ്ക്രീൻഷോട്ടുകൾ കൊളാഷാക്കിയാണ് ഇപ്പോൾ പ്രചാരണം നടക്കുന്നത്.
വാസ്തവമെന്തെന്ന് പരിശോധിക്കാം.
അന്വേഷണം
അന്വേഷണത്തിന്റെ ഭാഗമായി എച്ച്. സലാമിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് പരിശോധിച്ചു. അങ്ങനെ ഡിസംബർ പത്തൊമ്പതിന് അദ്ദേഹം പോസ്റ്റ് ചെയ്ത ചില ചിത്രങ്ങൾ കണ്ടെത്തി . രഞ്ജിത്ത് ശ്രീനിവാസന്റെയും കെ.എസ്. ഷാനിന്റെയും വീടുകൾ സന്ദർശിച്ചപ്പോഴുള്ള ചിത്രങ്ങളാണവ. ഒപ്പമുള്ള വിശദീകരണത്തിൽ രണ്ടു പേരുടെയും വീട്ടിൽ പോയിരുന്നുവെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.
എന്നാൽ, പി.പി. ചിത്തരഞ്ജന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ വീടുകൾ സന്ദർശിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭിച്ചില്ല. പ്രചരിക്കുന്ന ചിത്രം പരിശോധിച്ചപ്പോൾ അത് കെ.എസ്. ഷാനിന്റെ വീട്ടിൽ സന്ദർശനം നടത്തിയതിന്റേതാണെന്ന് ഉറപ്പിക്കാൻ കഴിഞ്ഞു.
കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസന്റെ വീട് അദ്ദേഹം സന്ദർശിച്ചോ എന്നറിയാൻ മാതൃഭൂമിയുടെ പ്രാദേശിക ലേഖകനുമായി ബന്ധപ്പെട്ടു. അങ്ങനെ മാതൃഭൂമിയുടെ ആലപ്പുഴ എഡിഷനിൽ പ്രസിദ്ധീകരിച്ച വാർത്ത ലഭിച്ചു. അതിൽ രഞ്ജിത്തിന്റെ സഹോദരനുമായി ചിത്തരഞ്ജൻ സംസാരിക്കുന്ന ചിത്രം നൽകിയിട്ടുണ്ട്. രഞ്ജിത്തിന്റെ വീട്ടിൽ എം.എൽ.എ. സന്ദർശിച്ചപ്പോൾ എടുത്ത ചിത്രമാണ് പത്രത്തിൽ നൽകിയിട്ടുള്ളതെന്ന് ഫോട്ടോഗ്രാഫർ സ്ഥിരീകരിച്ചു.
അങ്ങനെ എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ എന്നിവർക്കെതിരെയുള്ള പ്രചാരണങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞു.
വാസ്തവം
അമ്പലപ്പുഴ എം.എൽ.എ. എച്ച്. സലാമും, ആലപ്പുഴ എം.എൽ.എ. പി.പി. ചിത്തരഞ്ജനും കൊല്ലപ്പെട്ട ബി.ജെ.പി. നേതാവിന്റെ വീട് ഒഴിവാക്കി എസ്.ഡി.പി.ഐ. നേതാവിന്റെ വീട്ടിൽ മാത്രം സന്ദർശനം നടത്തിയെന്ന വാദം വസ്തുതാവിരുദ്ധമാണ്. ഇരുവരും രണ്ടു വീടുകളിലും സന്ദർശനം നടത്തിയിരുന്നു.
Content Highlights: Did CPM MLAs only visited Shan's house? | Fact Check
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..