പ്രചരിക്കുന്ന ചിത്രം
കൊച്ചി പോർട്ടിൽ മത്സ്യബന്ധന ബോട്ട് ഡോക്കിലേക്ക് ഉയർത്തുന്നതിനിടെ ക്രെയിൻ മറിഞ്ഞ് കടലിൽ വീണു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ക്രെയിൻ ഉപയോഗിച്ച് ഒരു ബോട്ട് കുറച്ച് ഉയർത്തിയപ്പോഴേക്കും ക്രെയിൻ സഹിതം വെള്ളത്തിലേക്ക് മറിഞ്ഞ് വീഴുന്നതാണ് ദൃശ്യത്തിൽ. 2022 ഫെബ്രുവരി 18-ന് ഫേസ്ബുക്കിൽ വന്നൊരു പോസ്റ്റ്:
2022 ഫെബ്രുവരി 17ന് വന്ന മറ്റൊരു പോസ്റ്റ്:
എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? വാസ്തവം പരിശോധിക്കാം.
അന്വേഷണം
വീഡിയോയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കീ വേർഡുകൾ ഉപയോഗിച്ച് അന്വേഷിച്ചു. അപ്പോൾ, മുൻ ദിവസങ്ങളിലും ഈ ദൃശ്യം പ്രചരിച്ചിട്ടുള്ളതായി കണ്ടെത്തി.
2022 ഫെബ്രുവരി 10-ന് ഫേസ്ബുക്കിൽ വന്നൊരു പോസ്റ്റ്:
ശേഷം ദൃശ്യങ്ങളുടെ കീഫ്രെയിംസ് എടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തപ്പോൾ, പ്രചരിക്കുന്ന വീഡിയോയുടെ ഒരു പകർപ്പ് യൂട്യൂബിൽനിന്ന് കിട്ടി. അതിൽ വീഡിയോയെ കുറിച്ചുള്ള വിവരങ്ങളും നൽകിയിട്ടുണ്ട്. 2022 ജനുവരി 28-ന് തായ്ലൻഡിലെ പട്ടാനി പ്രവിശ്യയിൽനിന്നുള്ളതാണ് ഈ ദൃശ്യം എന്നാണ് അതിൽ പരാമർശിക്കുന്നത്. അറ്റകുറ്റപ്പണികൾക്കായി ഒരു മത്സ്യബന്ധന ബോട്ടിനെ രണ്ടു ട്രക്ക് ക്രെയിനുകൾ ഉപയോഗിച്ച് സമുദ്രത്തിൽനിന്നു ഡോക്കിലേക്ക് ഉയർത്തുന്നതിനിടയിൽ കേബിളുകൾ പൊട്ടി ക്രെയിൻ കടലിലേക്ക് മറിയുകയായിരുന്നു. ബോട്ടിന്റെ അമരം ഉറപ്പിച്ച കേബിളുകളാണ് പൊട്ടിയത്. ഒരു ഭാഗം താഴ്ന്നപ്പോൾ മുഴുവൻ ഭാരവും എതിർ വശം താങ്ങിയ ക്രെയിനിലേക്കായി. അപ്പോഴാണ് ഫൂട്ടേജിൽ കാണുന്നപോലെ, പ്ലാറ്റ്ഫോമിൽനിന്ന് ക്രെയിൻ മെല്ലെ മറിഞ്ഞ് കടൽവെള്ളത്തിലേക്ക് വീഴുന്നത്. വീഴുന്നതിനിടെ ഡ്രൈവർ ക്രെയിനിൽനിന്ന് ചാടി രക്ഷപ്പെടുന്നതും കാണാം.
2022 ഫെബ്രുവരി 11ന് ഷിപ്പിങ്ങ് ഇൻബോക്സ് എന്ന യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോ:
തുടർന്നുള്ള അന്വേഷണത്തിൽ, 2022 ജനുവരി 29-ന് ഇതിനെപ്പറ്റി അമറിൻ ടിവി എന്ന തായ് ഡിജിറ്റൽ ടെലിവിഷൻ ചാനലിൽ നൽകിയ വാർത്ത കണ്ടെത്തി. അവരുടെ വാർത്തയിൽ സംഭവം നടന്നത് വൈകുന്നേരമാണ് എന്ന് പറയുന്നുണ്ട്.
2022 ജനുവരി 29-ന് അമറിൻ ടിവി ഫേസ്ബുക്കിൽ വാർത്തയായി നൽകിയ വീഡിയോ:
ന്യൂസ്ഫ്ളേർ എന്ന സൈറ്റിലും വാർത്ത വന്നിട്ടുണ്ട് എന്ന് കണ്ടെത്തി:
അങ്ങനെ, പ്രചരിക്കുന്ന വീഡിയോയിലെ സംഭവം കൊച്ചിൻ പോർട്ടിൽ നടന്നതല്ല, തായ്ലൻഡിൽ നിന്നുള്ളതാണെന്ന് ഉറപ്പിച്ചു. ഇതിനോടൊപ്പം തന്നെ ഇന്തോനേഷ്യയിൽ നടന്ന അപകടത്തിന്റേതാണെന്ന വിലയിരുത്തലുമായും ഈ ദൃശ്യം പങ്കുവെച്ചിരിക്കുന്നത് കണ്ടു. അതും തെറ്റായ പ്രചാരണമാണ്.
വാസ്തവം
കൊച്ചി പോർട്ടിൽ മത്സ്യബന്ധന ബോട്ട് ഡോക്കിലേക്ക് ഉയർത്തുന്നതിനിടെ ക്രെയിൻ മറിഞ്ഞ് കടലിൽ വീണു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ യഥാർത്ഥത്തിൽ തായ്ലൻഡിൽ നിന്നുള്ളതാണ്. അതിനാൽ ഈ ദൃശ്യം കൊച്ചി പോർട്ടിൽ നിന്നുള്ളതാണെന്ന പ്രചാരണം തെറ്റാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..