
പ്രചരിക്കുന്ന വീഡിയോയിൽനിന്ന്
ബോക്കോ ഹറാം തീവ്രവാദികൾ ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഒരു മിനുറ്റ് ദൈർഘ്യമുള്ള വീഡിയോ ആണ് ഫേസ്ബുക്കിൽ പ്രചരിക്കുന്നത്.
മെയ് എട്ടാം തിയതി പോസ്റ്റ് ചെയ്ത വീഡിയോയ്ക്കൊപ്പം നൽകിയിരിക്കുന്ന വിവരണത്തിൽ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്- 'നൈജീരിയയിൽ സ്കൂൾ ആക്രമിച്ചു ബൊക്കോ ഹറാം തീവ്രവാദികൾ 300-ഓളം ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ചു മതം പഠിപ്പിക്കുന്ന കാഴ്ച്ച..
ഇവിടെ ഇത്തരം തട്ടിക്കൊണ്ടു പോകൽ നടക്കാത്തതുകൊണ്ട് ലൗ ജിഹാദ് ചെയ്യുന്നു എന്ന വ്യത്യാസം മാത്രം...'
ഇതിലെ വസ്തുത പരിശോധിക്കാം
അന്വേഷണം
വീഡിയോയുടെ തുടക്കത്തിൽ നിരവധി സ്ത്രീകൾ ഒരു മുറിക്കകത്ത് തറയിൽ കൂട്ടംകൂടി ഇരിക്കുന്നത് കാണാം. നീല വസ്ത്രമിട്ട് വെള്ളത്തലപ്പാവ് ധരിച്ച ഒരാൾ പമ്പ് ഉപയോഗിച്ച് ഇവർക്ക് നേരെ വെള്ളം ചീറ്റുന്നതാണ് ദൃശ്യങ്ങളിൽ പിന്നീട് കാണുന്നത്. തുടർന്ന് ഇയാൾ ഒരു സ്ത്രീയെ കൈകൊണ്ട് അടിക്കുകയും തള്ളി വീഴ്ത്തുകയും ചെയ്യുന്നുണ്ട്. പിന്നീട് അവരെ പിടിച്ചുവലിച്ച് മുറിയുടെ മറ്റൊരു ഭാഗത്തേക്ക് കൊണ്ടിടുന്നതായും കാണാം.
ഭീകരവാദിയെന്ന് ആരോപിക്കപ്പെടുന്ന ആളുടെ മുഖം ദൃശ്യങ്ങളിൽ വ്യക്തമായി കാണാൻ സാധിക്കുന്നില്ല. അതേസമയം, ഇയാൾ ധരിച്ചിരിക്കുന്ന വസ്ത്രം സംബന്ധിച്ച് സംശയം ഉയർന്നു. നീല നിറത്തിലുള്ള നീളൻ വസ്ത്രവും അതിനൊപ്പം ഇരുണ്ട നിറത്തിലുള്ള ഹാഫ് ജാക്കറ്റുമാണ് വേഷം. നൈജീരിയയിലെ ബോക്കോ ഹറാം ഭീകരവാദികളുമായി ബന്ധപ്പെട്ട ചിത്രങ്ങളും ദൃശ്യങ്ങളും പരിശോധിച്ചതിൽനിന്ന് ഇത്തരം വസ്ത്രധാരണം കാണാനായില്ല.
സെർച്ച് ടൂളുകൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ, ദേശീയ വാർത്താ ചാനലായ എൻഡിടിവി 2017 ഓഗസ്റ്റ് 31-ന് സംപ്രേഷണം ചെയ്ത ഒരു വാർത്ത കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോ തന്നെയാണ് ഈ റിപ്പോർട്ടിലുള്ളത്. https://www.ndtv.com/hyderabad-news/how-hyderabad-godman-who-claimed-to-change-sex-of-a-baby-was-arrested-1744165
ഹൈദരാബാദിൽ ആൾദൈവം പിടിയിലായതുമായി ബന്ധപ്പെട്ടാണ് വാർത്ത. മാന്ത്രികവിദ്യയിലൂടെ ഗർഭസ്ഥശിശുവിന്റെ ലിംഗമാറ്റം നടത്താമെന്ന് വാഗ്ദാനം നൽകി അനുചിതമായി സ്പർശിച്ചു എന്ന 19-കാരിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരായ നിർഭയ ആക്ട്, വഞ്ചനാക്കുറ്റം എന്നിവ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തതായി ഹൈദരാബാദ് സൗത്ത് സോൺ ഡി.സി.പി. വി. സത്യനാരായണ വ്യക്തമാക്കുന്നതും റിപ്പോർട്ടിലുണ്ട്.
ഫ്രഞ്ച് വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമായ ഡെയ്ലിമോഷനിലും ഈ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യാജ സിദ്ധന്റെ വീഡിയോ എന്ന തലക്കെട്ടോടെ നാല് വർഷം മുൻപായിരുന്നു ഇത്.
നൈജീരിയയിലെ ബോക്കോ ഹറാം തീവ്രവാദികൾ ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണ്. ഹൈദരാബാദിലെ വ്യാജ സിദ്ധന്റെ വീഡിയോ ആണ് തെറ്റായ തരത്തിൽ പ്രചരിപ്പിക്കുന്നത്. 2017-ൽ വഞ്ചന, ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..