ചീറ്റ പുനരധിവാസം: ശ്രമമുണ്ടായില്ലെന്ന് മോദി, കള്ളമെന്ന് ജയ്‌റാം രമേശ്; വാസ്തവമെന്ത്? | Fact Check


സച്ചിൻ കുമാർ / ഫാക്ട് ചെക്ക് ഡെസ്‌ക് 

നരേന്ദ്ര മോദി, ജയ്‌റാം രമേശ്‌

ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം ചീറ്റ ഇന്ത്യയിൽ തിരികെയെത്തി, അതോടൊപ്പം വിവാദങ്ങളും. പദ്ധതിയെ തങ്ങളുടെ വിജയമായി കൊണ്ടാടാൻ ബി.ജെ.പി. ശ്രമിക്കുന്നുവെന്നാണ് ആരോപണം. എന്നാൽ പ്രതിരോധവുമായി മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ജയ്‌റാം രമേശും രംഗത്തെത്തി.

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ചീറ്റകളെ എത്തിച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്ററിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഈ വീഡിയോയിൽ അദ്ദേഹം ഉന്നയിച്ച പ്രസ്താവനയാണ് വിവാദത്തിന് വഴിമരുന്നിട്ടത്.

മോദിയുടെ വാക്കുകൾ: '1952-ൽ രാജ്യത്ത് ചീറ്റയ്ക്ക് വംശനാശം സംഭവിച്ചു എന്ന പ്രഖ്യാപനം നടത്തി. എന്നാൽ അതിന്റെ പുനരധിവാസത്തിന് അർത്ഥപൂർണ്ണമായ ഒരു പ്രവൃത്തിയും ദശകങ്ങളായി ഉണ്ടായില്ല.' വിഷയത്തിൽ മുൻ സർക്കാരുകൾ നടത്തിയ ഇടപെടലുകളെ തമസ്‌കരിച്ചുകൊണ്ടുള്ള ഈ പ്രസ്താവന കോൺഗ്രസിനെ ചൊടിപ്പിച്ചു.

തൊട്ടടുത്ത ദിവസംതന്നെ രണ്ടാം യു.പി.എ. സർക്കാരിൽ വനം-പരിസ്ഥിതി സഹമന്ത്രിയായിരുന്ന ജയ്‌റാം രമേശ് തിരിച്ചടിച്ചു. താൻ മന്ത്രിയായിരിക്കെ 2009-ൽ വൈൽഡ്ലൈഫ് ട്രസ്റ്റ് ചെയർമാനായിരുന്ന ഡോ. എം.കെ രഞ്ജിത്ത് സിൻഹിന് അയച്ച കത്തിന്റെ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ഇത്. ഈ കത്താണ് പ്രൊജക്റ്റ് ചീറ്റക്ക് തുടക്കം കുറിച്ചതെന്നും പ്രധാനമന്ത്രി ഒരു 'പാത്തോളജിക്കൽ ലയർ' ആണെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

ഇതിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

2009 മുതൽ 2011 വരെയാണ് ജയറാം രമേശ് വനം-പരിസ്ഥിതി സഹമന്ത്രിയായിരുന്നത്. ചീറ്റ പുനരധിവാസവുമായി ബന്ധപ്പെട്ട് ഇക്കാലത്ത് പ്രസിദ്ധീകരിച്ച മാധ്യമ വാർത്തകളാണ് ആദ്യം പരിശോധിച്ചത്.

ഇതുമായി ബന്ധപ്പെട്ട് ഹിന്ദുസ്ഥാൻ ടൈംസും ദി ഹിന്ദുവും പ്രസിദ്ധീകരിച്ച വാർത്തകൾ കണ്ടെത്തി.

ഹിന്ദുസ്ഥാൻ ടൈംസ് വാർത്ത- 2009 ജൂലൈ 12

ഇറാൻ ഇന്ത്യക്ക് ചീറ്റകളെ നൽകാൻ വിസമ്മതിച്ചതിനാൽ ആഫ്രിക്കയിൽനിന്ന് ഇവയെ കൊണ്ടുവരാൻ സർക്കാർ പദ്ധതിയിടുന്നു. കേന്ദ്രമന്ത്രിയായിരുന്ന ജയ്‌റാം രമേശിനെ ഉദ്ധരിച്ചായിരുന്നു വാർത്ത.

ദി ഹിന്ദു വാർത്ത- 2010 ജൂലൈ 29

വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും (ഡബ്‌ള്യൂ.ടി.ഐ.) വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (ഡബ്‌ള്യൂ.ഡബ്‌ള്യൂ.ഐ.) ചേർന്ന് പ്രസിദ്ധീകരിച്ച 'അസ്സസ്സിങ് ദി പൊട്ടൻഷ്യൽ ഓഫ് ചീറ്റ റീഇൻട്രൊഡക്ഷൻ ഇൻ ഇന്ത്യ' എന്ന പഠന റിപ്പോർട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ചു എന്നത് സംബന്ധിച്ചായിരുന്നു വാർത്ത.

പ്രസ്തുത പഠനറിപ്പോർട്ടാണ് അടുത്തതായി പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിന്റെ ആമുഖത്തിൽ ജയ്‌റാം രമേശിന്റെ പേര് പരാമർശിക്കുന്നുണ്ട്. ചീറ്റ പുനരധിവാസത്തിന് വേണ്ടി ഒരു റോഡ് മാപ്പ് തയാറാക്കാനായി ഡോ. എം.കെ. രഞ്ജിത്ത് സിൻഹിന് ജയറാം രമേശ് നിർദ്ദേശം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളതെന്നും ആമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ( ഈ കത്തിന്റെ ചിത്രമാണ് ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തിട്ടുള്ളത്.)

ഡബ്‌ള്യൂ.ടി.ഐയുടെ ആഭിമുഖ്യത്തിൽ ചീറ്റ പുനരധിവാസവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ ഗജ്‌നരിൽ വിദഗ്ധരുടെ ഒരു യോഗം 2009 സെപ്റ്റംബർ ഒമ്പതിനു സംഘടിപ്പിച്ചിരുന്നു. ജയ്‌റാം രമേശാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഈ ചർച്ചയ്ക്ക് ശേഷമാണ് രഞ്ജിത്ത് സിൻഹിന് റോഡ്മാപ്പ് തയാറാക്കാനുള്ള നിർദ്ദേശം മന്ത്രി നൽകിയത്.

ഗജ്‌നെറിൽ നടന്ന ചർച്ചയുടെ ചിത്രം | കടപ്പാട്: www.eternalmewar.in/media/newsletter/templates/2009/nl96/Vol96_10.html

ചീറ്റകളെ പുനരധിവസിപ്പിക്കാൻ അനുയോജ്യമായ സ്ഥലങ്ങളെക്കുറിച്ച് പഠന റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. അതിലൊന്ന് കുനോ വന്യജീവി സങ്കേതമാണ് (2018-ലാണ് ഈ പ്രദേശം ദേശീയോദ്യാനമായത്). 2021 നവംബറിൽ എൻ.ഡി.എ. സർക്കാർ പ്രസിദ്ധീകരിച്ച ചീറ്റ ഇൻട്രൊഡക്ഷൻ ആക്ഷൻ പ്ലാനിലും ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്.

ചീറ്റ ഇൻട്രൊഡക്ഷൻ ആക്ഷൻ പ്ലാനിന്റെ ആമുഖത്തിൽ നിന്നുള്ള ഭാഗം

ലോക്‌സഭയിലും രാജ്യസഭയിലും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നതിന്റെ രേഖകളും ലഭ്യമാണ്. ചീറ്റകളെ പാർപ്പിക്കാൻ അനുയോജ്യമെന്ന് കണ്ടെത്തിയ സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തിയെന്നും മധ്യപ്രദേശ് സമ്മതം അറിയിച്ചതായും 2010 ഡിസംബർ ഒന്നിന് ജയ്‌റാം രമേശ് ലോക്‌സഭയിൽ അറിയിച്ചിരുന്നു. കുനോ ഉൾപ്പടെ മൂന്ന് പ്രദേശങ്ങൾ പദ്ധതിക്കായി കണ്ടെത്തിയിട്ടുണ്ടെന്ന് 2011 ഓഗസ്റ്റ് 23-ന് അന്നത്തെ വനം പരിസ്ഥിതി സഹമന്ത്രി ജയന്തി നടരാജനും രാജ്യസഭയിൽ മറുപടി നൽകിയിട്ടുണ്ട്.

സഹമന്ത്രി ജയന്തി നടരാജൻ 2011-ൽ രാജ്യസഭയിൽ നൽകിയ മറുപടി

ചീറ്റ കൺസർവേഷൻ ഫണ്ടും ചീറ്റ പുനരധിവാസ പദ്ധതിയും

ചീറ്റ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുന്ന നമീബിയയിലെ സംഘടനയാണ് ചീറ്റ കൺസർവേഷൻ ഫണ്ട് അഥവാ സി.സി.എഫ്. ഇന്ത്യയിലെ ചീറ്റ പുനരധിവാസത്തിനു വേണ്ട ശാസ്ത്രീയ സഹായങ്ങൾ ചെയ്തത് ഇവരാണ്. ഗജ്നറിൽ നടന്ന യോഗത്തിൽ ഇവർ പങ്കെടുത്തിരുന്നു.

അന്വേഷണത്തിൽ, 2011-ൽ പ്രസിദ്ധീകരിച്ച സി.സി.എഫിന്റെ ഒരു പത്രക്കുറിപ്പ് ലഭിച്ചു. ഇന്ത്യയുടെ ചീറ്റ പുനരധിവാസ പദ്ധതിയ്ക്കായി പാൽപുർ-കുനോ വന്യജീവി സങ്കേതം തിരഞ്ഞെടുത്തുവെന്നും അവിടെ 2012 മുതൽ പത്തു വർഷത്തിനകം ചീറ്റകളെ വിജയകരമായി പുനരധിവസിപ്പിക്കാനാകുമെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കുനോയിൽ ഫീൽഡ് ഇൻസ്പെക്ഷൻ നടത്തിയതായും ഇതിൽ സൂചിപ്പിക്കുന്നുണ്ട്.

ചീറ്റ് കൺസർവേഷൻ ഫണ്ടിന്റെ നമീബിയയിലെ റിസർച്ച് സെന്റർ | കടപ്പാട്: Cheetah Conservation Fund

ഏഷ്യാറ്റിക് ചീറ്റകൾക്കായി ഇന്ദിര ഗാന്ധി നടത്തിയ പരിശ്രമം

1970-കളിൽ ഇന്ദിര ഗാന്ധി സർക്കാർ ചീറ്റയെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ തീരുമാനം എടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഇറാൻ സർക്കാരുമായി ചർച്ചകളും നടത്തി. എന്നാൽ, 1979-ൽ ഇറാനിൽ ഭരണ അട്ടിമറി നടന്നതിനെ തുടർന്ന് പദ്ധതി നിലച്ചു. (ബി.ബി.സി., ഡൗൺ ടു എർത്ത് എന്നിവർ ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിരുന്നു).

ഏഷ്യാറ്റിക് ചീറ്റ, ഇറാനിൽ നിന്നുള്ള ചിത്രം | കടപ്പാട്: Tehran Times media.mehrnews.com/d/2019/05/29/4/3141354.jpg

പ്രതികരണത്തിനായി ഡോ. എം.കെ. രഞ്ജിത്ത് സിൻഹുമായി ബന്ധപ്പെട്ടു.

ഡോ. എം.കെ. രഞ്ജിത്ത് സിൻഹ് | കടപ്പാട്: twitter.com/ShivNadarUniv/status/1530525951612026886/photo/2

''വ്യത്യസ്ത സമയങ്ങളിൽ വിവിധ സർക്കാരുകൾ ഈ പദ്ധതിയെ പിന്തുണച്ചിട്ടുണ്ട്. 1972-ൽ അന്നത്തെ പ്രധാനമന്ത്രിയാണ് ഇതിനെ പിന്തുണച്ചതെങ്കിൽ, 2009-ൽ അന്നത്തെ വനം-പരിസ്ഥിതി സഹമന്ത്രി ജയ്റാം രമേശാണ് പ്രവർത്തനങ്ങൾക്ക് മുൻകൈയ്യെടുത്തത്. അവസാനം, 2020-ൽ ചീറ്റ പുനരധിവാസത്തിന് അനുകൂലമായ വിധി സുപ്രീം കോടതിയിൽ നിന്നുണ്ടായ ശേഷം ഇപ്പോഴത്തെ കേന്ദ്ര സർക്കാരും മധ്യപ്രദേശ് സർക്കാരും ഈ സംരഭത്തിന് വേണ്ട എല്ലാ പിന്തുണയും നൽകി.'' അദ്ദേഹം പറഞ്ഞു

ജയ്‌റാം രമേശ് സഹമന്ത്രിയായിരുന്ന കാലത്താണ് ചീറ്റ പുനരധിവാസത്തിന് വേണ്ട പ്രാരംഭ പ്രവർത്തനങ്ങൾ ചെയ്തതെന്നാണ് രേഖകളുടെ അടിസ്ഥാനത്തിൽ വ്യക്തമാകുന്നത്.

സുപ്രീം കോടതി കേസും ചീറ്റ പ്രൊജക്ടും

കുനോ വന്യജീവി സങ്കേതത്തിൽ ഏഷ്യാറ്റിക് സിംഹങ്ങളെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 1995-ൽ ഒരു പൊതുതാൽപ്പര്യ ഹർജി സുപ്രീം കോടതിയിൽ വന്നിരുന്നു. ഈ ഹർജിയിന്മേൽ 2012-ൽ അമിക്കസ് ക്യൂറി പി.എസ്. നരസിംഹ ഒരു ഇടക്കാല അപേക്ഷ നൽകി.

കുനോയിൽ ആഫ്രിക്കൻ ചീറ്റകളെ അധിവസിപ്പിക്കാനുള്ള പദ്ധതിക്ക് എതിരെയായിരുന്നു ഇത്. ഈ അപേക്ഷയിന്മേലുള്ള വാദം കേട്ട ശേഷം പദ്ധതി നിർത്തിവെക്കാനായി കോടതി ആവശ്യപ്പെട്ടു. ഇതിന്റെ തുടർവാദങ്ങൾക്കൊടുവിൽ പദ്ധതി തുടരാനാവില്ലെന്ന് 2013-ൽ സുപ്രീം കോടതി വിധി പറഞ്ഞു.

ആഫ്രിക്കൻ ചീറ്റകളുടെ സ്വാഭാവിക ആവാസ ഇടമല്ല കുനോ എന്നും ഒരു വിദേശ ജന്തുവിഭാഗത്തെ അധിവസിപ്പിക്കുന്നതിനു വേണ്ട ശാസ്ത്രീയ പഠനങ്ങൾ നടത്തിയിട്ടില്ലെന്നും നിരീക്ഷിച്ചുകൊണ്ടായിരുന്നു കോടതി ഉത്തരവ്. കൂടാതെ, ദേശീയ വന്യജീവി ബോർഡുമായി ഇക്കാര്യത്തിൽ കൂടിയാലോചനകൾ സർക്കാർ നടത്തിയില്ലെന്നും കോടതി വിമർശിച്ചിരുന്നു.

2013-ലെ സുപ്രീംകോടതി വിധിയിൽ നിന്നുള്ള ഭാഗം.

പിന്നീട്, എൻ.ഡി.എ. സർക്കാർ 2017-ൽ സുപ്രീം കോടതിയെ സമീപിക്കുകയും 2020-ൽ അനുകൂല വിധി നേടുകയും ചെയ്തു. ശേഷമാണ്, ചീറ്റകളെ ആഫ്രിക്കയിൽനിന്ന് കൊണ്ടുവരുന്നതിനും കുനോയിൽ പരീക്ഷണാടിസ്ഥാനത്തിൽ പാർപ്പിക്കുന്നതിനും വേണ്ട ബാക്കി നടപടികൾ കൈക്കൊണ്ടത്.

എന്തുകൊണ്ട് കുനോ?

1990-കളിൽ ഏഷ്യാറ്റിക് സിംഹങ്ങളെ അധിവസിപ്പിക്കാനായി തിരഞ്ഞെടുത്ത പ്രദേശമായിരുന്നു കുനോ. ഇതുമായി ബന്ധപ്പെട്ട് ഈ പ്രദേശത്തെ ഗ്രാമങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനും സിംഹങ്ങളുടെ ഇരകളുടെ എണ്ണം കൂട്ടുന്നതിനും സർക്കാർ നടപടികളും കൈക്കൊണ്ടിരുന്നു.

എന്നാൽ, ഗുജറാത്ത് സർക്കാറിന്റെ എതിർപ്പ് മൂലം പദ്ധതി നടപ്പായില്ല. അടിസ്ഥാന സൗകര്യങ്ങളൊരുക്കിയ കുനോ ചീറ്റകൾക്കും അനുയോജ്യമാണെന്ന് കണ്ടെത്തി. തുടർന്നാണ് ആഫ്രിക്കൻ ചീറ്റകളെ അധിവസിപ്പിക്കുന്ന പദ്ധതിയിൽ പ്രഥമപരിഗണ ലഭിച്ചത്.

നമീബിയയിൽ നിന്നും കുനോയിലെത്തിച്ച ചീറ്റ | കടപ്പാട്: www.kunonationalpark.org/gallery

വാസ്തവം

ചീറ്റ പുനരധിവാസത്തിന് ദശകങ്ങളോളം അർത്ഥപൂർണ്ണമായ ശ്രമങ്ങൾ നടന്നില്ല എന്ന പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇറാനിൽനിന്ന് ചീറ്റകളെ കൊണ്ടുവരാൻ 1970-കളിൽ തന്നെ സർക്കാർ നടപടിയെടുത്തിരുന്നു. എന്നാൽ, ഇറാനിലെ ഭരണ അട്ടിമറിയെ തുടർന്ന് പദ്ധതി നിലച്ചു. ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് ചർച്ചകൾ നടന്നത്.

രണ്ടാം യു.പി.എ. സർക്കാരും അതിൽ വനം-പരിസ്ഥിതി സഹമന്ത്രിയായിരുന്ന ജയ്‌റാം രമേശുമാണ് ഇപ്പോഴത്തെ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയത്. എന്നാൽ, 2012-ൽ സുപ്രീം കോടതി പദ്ധതി സ്റ്റേ ചെയ്തു. ഇതിനു ശേഷം 2017-ൽ എൻ.ഡി.എ. സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയും 2020-ൽ അനുകൂലവിധി നേടുകയുമായിരുന്നു.

References:

• https://www.theguardian.com/environment/2010/jul/29/india-cheetah
• https://www.hindustantimes.com/bhopal/govt-planning-to-get-cheetah-from-africa-for-translocation/story-ITxSZN3HbND1bwaq6gYhAM.html
• https://www.thehindu.com/news/national/Cheetahs-will-find-a-home-in-India-again/article16213362.ece#!
• http://news.bbc.co.uk/2/hi/south_asia/8262862.stm
• https://www.dnaindia.com/india/report-mp-ready-to-welcome-lions-gujarat-in-no-mood-to-allow-relocation-1329815
• https://www.downtoearth.org.in/news/supreme-court-stalls-centres-plan-to-reintroduce-cheetahs-in-india-38129
• https://moef.gov.in/wp-content/uploads/2018/03/cheeta_report_2010.pdf
• https://cheetah.org/press-releases/ccf-statement-on-reintroduction-of-cheetahs-in-india/
• https://www.downtoearth.org.in/news/supreme-court-stalls-centres-plan-to-reintroduce-cheetahs-in-india-38129
• https://pib.gov.in/newsite/PrintRelease.aspx?relid=67898
• https://pib.gov.in/newsite/PrintRelease.aspx?relid=74872
• https://pib.gov.in/newsite/PrintRelease.aspx?relid=74872
• https://main.sci.gov.in/supremecourt/1995/7468/7468_1995_1_2_20029_Order_28-Jan-2020.pdf
• https://main.sci.gov.in/supremecourt/1995/7468/7468_1995_1_2_20029_Order_28-Jan-2020.pdf

Content Highlights: Cheetah Rehabilitation, Kuno National Park, Narendra Modi, Jairam Ramesh, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


murder

1 min

പാലക്കാട് യുവാവ് കുത്തേറ്റ് മരിച്ചു

Oct 5, 2022

Most Commented