പ്രചരിക്കുന്ന വീഡിയോയുടെ സ്ക്രീൻഷോട്ട് | കടപ്പാട്: ഫേസ്ബുക്ക്
മഴമൂലം പലയിടങ്ങളിലും വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയുണ്ട്. ഇത്തരത്തിൽ വെള്ളം കെട്ടി നിൽക്കുന്ന റോഡിൽ ഓട്ടോറിക്ഷ ഡ്രൈവർ നൃത്തം ചെയ്യുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വസ്തുതാ പരിശോധനയ്ക്കായി ലഭിച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ തലക്കെട്ട് ഇപ്രകാരമാണ്:
''ഒന്നാണ് നമ്മൾ ...
ഒന്നാമതാണ് നമ്മൾ ...??????''
ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തതിനൊപ്പം നൽകിയിട്ടുള്ള തലക്കെട്ടും പോസ്റ്റിനു താഴെയുള്ള കമ്മന്റുകളും ഈ സംഭവം കേരളത്തിൽ നിന്നുള്ളതാണെന്ന പ്രതീതി സൃഷ്ടിക്കുന്നു.

വാസ്തവം പരിശോധിക്കുന്നു.
അന്വേഷണം
മുപ്പത് സെക്കൻഡാണ് വീഡിയോയുടെ ദൈർഘ്യം. നടുറോഡിൽ ഓട്ടോറിക്ഷ നിർത്തി, വണ്ടിയുടെ മുന്നിലേക്ക് കടന്ന് നിന്ന യുവാവ് ഒരു ഹിന്ദി ഗാനത്തിനൊത്ത് ചുവട് വയ്ക്കുന്നതാണ് ദൃശ്യങ്ങളിൽ.
സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ ദൃശ്യങ്ങളിൽ കാണുന്ന ഓട്ടോയിലെയും കെട്ടിടങ്ങളിലെയും എഴുത്ത് മലയാളത്തിലല്ല എന്ന് മനസ്സിലായി. മറ്റേതോ പ്രാദേശിക ഭാഷയാണ്.
സെർച്ച് ടൂളുകളുടെ സഹായത്തോടെ പരിശോധിച്ചപ്പോൾ ഇതേ ദൃശ്യങ്ങൾ ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളതാണെന്ന തരത്തിലും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. കൂടാതെ, ചില പ്രമുഖ വാർത്താ മാധ്യമങ്ങളിലും പ്രസ്തുത വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഭോപാലിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണീ റിപ്പോർട്ടുകളിലുള്ളത്.
ശേഷം, കീവേർഡുകൾ ഉപയോ?ഗിച്ച് നടത്തിയ പരിശോധനയിൽ, ഗുജറാത്തി വാർത്താ മാധ്യമമായ ദിവ്യാഭാസ്കർ, വൈബ്സ് ഓഫ് ഇന്ത്യ എന്നീ സൈറ്റുകളിൽനിന്നു വീഡിയോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിച്ചു. ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽനിന്നാണ് ഈ വീഡിയോ. ദൃശ്യങ്ങളിലുള്ളത് നരേഷ് സോന്ദർവ എന്നയാളാണെന്ന് ഇവയിൽ പറയുന്നുണ്ട്. 2022 ജൂലൈ പതിനാറിനാണ് ഈ വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
നരേഷ് സോന്ദർവ എന്ന പേര് സമൂഹ മാധ്യമങ്ങളിൽ തിരഞ്ഞു. വീഡിയോയിലുള്ള യുവാവിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ കണ്ടെത്തി. ഇയാളുടെ സ്വദേശം ഗുജറാത്തിലെ ബറൂച്ച് ആണെന്നാണ് ഫേസ്ബുക്കിൽ നൽകിയിരിക്കുന്നത്. 2022 ജൂലൈ പന്ത്രണ്ടിന് പ്രസ്തുത വീഡിയോ അദ്ദേഹത്തിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോയുടെ ദൈർഘ്യം ഒരു മിനിറ്റാണ്. വെള്ളക്കെട്ടിൽ നിന്നുപോയ ഓട്ടോറിക്ഷ തള്ളി നീക്കാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളുടെ ആദ്യ പകുതിയിൽ. ഇതിനുശേഷമുള്ള ഭാഗമാണ് ഇപ്പോൾ പ്രചരിക്കുന്നത്.
ദൃശ്യങ്ങൾ വൈറൽ ആയതിനെ തുടർന്ന് ജനങ്ങളോട് നന്ദി പറയുന്ന വീഡിയോയും നരേഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അങ്ങനെ, പ്രചരിക്കുന്ന വീഡിയോ കേരളത്തിൽ നിന്നുള്ളതല്ല എന്ന് സ്ഥിരീകരിച്ചു.
വാസ്തവം
റോഡിലെ വെള്ളക്കെട്ടിൽ നൃത്തം ചെയ്യുന്ന ഓട്ടോറിക്ഷ ഡ്രൈവറുടെ വീഡിയോ കേരളം, , രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളതല്ല. 2022 ജൂലൈ പന്ത്രണ്ടിന് ഗുജറാത്തിലെ ബറൂച്ചിൽ നിന്നുള്ളതാണ് വീഡിയോ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..