പ്രചരിക്കുന്ന ദൃശ്യത്തിൽനിന്ന്
ഹരിയാനയിലെ ഫരീദാബാദിലുള്ള മെട്രോ സ്റ്റേഷനിൽനിന്ന് തീവ്രവാദിയെ പിടികൂടി എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൈകൾ മുകളിലേക്കുയർത്തി മുട്ടുകാലിൽ നിൽക്കുന്ന ഒരു വ്യക്തിയും അയാൾക്ക് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന ജവാൻമാരുമാണ് വീഡിയോയിലുള്ളത്. മെട്രോ ട്രെയിനിനുള്ളിൽനിന്നു പകർത്തിയ ദൃശ്യങ്ങളാണ് പ്രചരിക്കുന്നവയെല്ലാം. തീവ്രവാദിയെ പിടികൂടുന്നതിന്റെ വീഡിയോയാണോ ഇതെന്ന് മാതൃഭൂമി പരിശോധിക്കുന്നു.
പ്രചരിക്കുന്ന പോസ്റ്റിന്റെ ആർക്കൈവ് ലിങ്ക്: https://web.archive.org/web/20220630112402/https://www.facebook.com/maheshkumar.kaithakkad/posts/620847319094635/
അന്വേഷണം
പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ഒരു ബഹുനില കെട്ടിടം കാണാൻ സാധിക്കും. കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ 'എസ്.എസ്.ആർ.' എന്ന് എഴുതിയിട്ടുള്ള ഒരു ബോർഡും ദൃശ്യമാണ്. അന്വേഷണത്തിൽ, ഇത് ഫരീദാബാദിലെ മഥുര റോഡിൽ സ്ഥിതി ചെയ്യുന്ന എസ്.എസ്.ആർ. കോർപറേറ്റ് പാർക്കിന്റെ കെട്ടിടമാണെന്ന് കണ്ടെത്തി.

ഈ കെട്ടിടത്തിന്റെ അടുത്തുള്ള മെട്രോ സ്റ്റേഷൻ ഏതാണെന്നാണ് പിന്നീട് അന്വേഷിച്ചത്. 'എൻ.എച്ച്.പി.സി. ചൗക്ക്' എന്ന സ്റ്റേഷനാണ് ഇതിന്റെ അടുത്തുള്ളതെന്ന് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിൽ കണ്ടെത്തി.
ഡൽഹി മെട്രോ റെയിൽ കോർപറേഷനാണ് ഫരീദാബാദിൽ മെട്രോ സേവനം നൽകുന്നത്. അതിനാൽ, ഡൽഹി മെട്രോയുടെ സി.ഐ.എസ്.എഫ്. യൂണിറ്റുമായി ബന്ധപ്പെട്ടു. വീഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സേന നടത്തിയ മോക്ക് ഡ്രില്ലിന്റെ ദൃശ്യങ്ങളാണിതെന്നും അധികൃതർ വ്യക്തമാക്കി.കൂടാതെ, ഇത്തരം മോക്ക് ഡ്രില്ലുകൾ ഇടയ്ക്കിടെ നടത്താറുള്ളതാണെന്നും അവർ കൂട്ടിച്ചേർത്തു.
ദൃശ്യങ്ങളുടെ സത്യാവസ്ഥ വ്യക്തമാക്കി പി.ഐ.ബിയും ട്വീറ്റ് ചെയ്തിട്ടുണ്ട് (കേന്ദ്ര സർക്കാരിന് വേണ്ടി മാധ്യമങ്ങൾക്ക് വാർത്തകൾ നൽകുന്ന നോഡൽ ഏജൻസിയാണ് പി.ഐ.ബി.). പ്രചരിക്കുന്ന വീഡിയോ സി.ഐ.എസ്.എഫിന്റെ മോക്ക് ഡ്രില്ലാണെന്നാണ് അവരും സ്ഥിരീകരിച്ചത്.
വാസ്തവം
ഹരിയാനയിലെ ഫരീദാബാദിലുള്ള മെട്രോ സ്റ്റേഷനിൽനിന്നു തീവ്രവാദിയെ പിടികൂടിയെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. ഫരീദാബാദിലെ 'എൻ.എച്ച്.പി.സി. ചൗക്ക്' മെട്രോ സ്റ്റേഷനിൽ സി.ഐ.എസ്.എഫ്. നടത്തിയ മോക്ക് ഡ്രില്ലിന്റെ ദൃശ്യങ്ങളാണ് തെറ്റായ വിവരണങ്ങളോടെ പ്രചരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..