സോളാര്‍ തിരക്കഥ ആരുടേത്? കണ്ടെത്തേണ്ടേ-പുകമറ നീങ്ങുമ്പോള്‍ അവര്‍ക്കും ചിലത് പറയാനുണ്ട്...


അജ്മല്‍ മൂന്നിയൂര്‍പെരുമ്പാവൂര്‍ ഡിവൈഎസ്പി ആയിരുന്ന കെ.ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരുവനന്തപുരത്തുള്ള വാടകവീട്ടില്‍ നിന്ന് ഇവരെ പിടികൂടുമ്പോള്‍ കൊട്ടാരക്കര സ്വദേശി ബിജു രാധാകൃഷ്ണന്റെ ഭാര്യ ചെങ്ങന്നൂര്‍ വട്ടപ്പാറ സ്വദേശി ലക്ഷ്മി എന്ന സരിത എസ് നായര്‍ മാത്രമായിരുന്നു കേരളീയ പൊതുസമൂഹത്തില്‍ ഇവരുടെ വിലാസം

Premium

സോളാർ സമരാഗ്നിയും ഉമ്മൻചാണ്ടിയും

2013 ജൂണ്‍ മൂന്ന് തിങ്കളാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെ ഒരു വാടകവീട് പോലീസ് വളഞ്ഞു. പെരുമ്പാവൂരില്‍ നിന്നെത്തിയ പോലീസ് സംഘം അവിടെയുണ്ടായിരുന്ന യുവതിയെ പിടികൂടുന്നു. 'സോളാര്‍ പവര്‍ പ്ലാന്റുകളും വിന്‍ഡ്മില്‍ ഫാമുകളും നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു' ഒരു സാധാരണ വാര്‍ത്തയായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പെരുമ്പാവൂര്‍ ഡിവൈഎസ്പി ആയിരുന്ന കെ.ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരുവനന്തപുരത്തുള്ള വാടകവീട്ടില്‍ നിന്ന് ഇവരെ പിടികൂടുമ്പോള്‍ കൊട്ടാരക്കര സ്വദേശി ബിജു രാധാകൃഷ്ണന്റെ ഭാര്യ ചെങ്ങന്നൂര്‍ വട്ടപ്പാറ സ്വദേശി ലക്ഷ്മി എന്ന സരിത എസ് നായര്‍ മാത്രമായിരുന്നു കേരളീയ പൊതുസമൂഹത്തില്‍ ഇവരുടെ വിലാസം. മാധ്യമങ്ങളുടെ ഉള്‍പേജില്‍ ഒതുങ്ങിയ ഈ അറസ്റ്റ് വാര്‍ത്ത പിന്നീട് നീണ്ട ഒമ്പതു വര്‍ഷം കേരള രാഷ്ട്രീയത്തേയും അതിലേറെ കോണ്‍ഗ്രസിനേയും പിടിച്ചുലച്ച ശേഷം ഇപ്പോള്‍ കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെ ആയി മാറിയിരിക്കുകയാണ്. രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രധാന ചര്‍ച്ച വിഷയമാക്കി അധികാരം പിടിക്കാന്‍ ഇടതുപക്ഷത്തിനെ സഹായിച്ച 'സോളാര്‍ കേസ്' സിബിഐ കണ്ടെത്തലുകളോടെയാണ് അപ്രസക്തമായി മാറിയത്.

ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടി (അന്ന് കോണ്‍ഗ്രസില്‍), മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍, ഹൈബി ഈഡന്‍ എം.പി., ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ മുന്‍മന്ത്രിമാരായിരുന്ന അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍ എന്നിവരായിരുന്നു ലൈംഗിക ആരോപണ കേസിലെ പ്രതികള്‍.

കൂട്ടത്തില്‍ പ്രധാനമായും വേട്ടയാടപ്പെട്ടത് ഉമ്മന്‍ചാണ്ടിയായിരുന്നു. സംസ്ഥാന, കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചിട്ടും ഒന്നുംകണ്ടെത്താനാവാത്ത സോളാര്‍ക്കേസിന്റെ ചൂടുംചൂരും വട്ടംചുറ്റുമ്പോഴെല്ലാം അദ്ദേഹം പറഞ്ഞത് ഒരേയൊരുകാര്യം 'തെറ്റ് ചെയ്തിട്ടില്ലെന്ന് ഉത്തമബോധ്യമുണ്ട്. സത്യം ജയിക്കും. ഞാന്‍ പറഞ്ഞത് നിങ്ങള്‍ ഇപ്പോള്‍ പ്രസിദ്ധീകരിക്കേണ്ട കുറിച്ചുവെച്ചോ...', ഇപ്പോള്‍ സജീവരാഷ്ട്രീയത്തില്‍ നിന്ന് മാറി നിന്ന് ചികിത്സയില്‍ കഴിയുമ്പോഴും അദ്ദേഹം ആവര്‍ത്തിക്കുകയാണ് 'സത്യം മൂടിവെക്കാനാകില്ലെന്ന് ഉത്തമബോധ്യം തനിക്കുണ്ട്'. വാക്കുകളെ പോലെ തെറ്റുചെയ്തില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നടപടികളും. കേസ് മാറ്റിവെക്കാനോ അറസ്റ്റ് ഭയന്ന് മാറിനില്‍ക്കാനോ അദ്ദേഹം തയ്യാറായിരുന്നില്ല. തന്നെക്കുറിച്ചുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ജസ്റ്റിസ് ശിവരാജനെ ജുഡീഷ്യല്‍ കമ്മിഷനായി നിയമിച്ചതും ഉമ്മന്‍ചാണ്ടി തന്നെയാണ്.

നിയമസഭയ്ക്കകത്തും പുറത്തും തന്നെക്കുറിച്ചു വന്നതെല്ലാം ചേര്‍ത്ത് കമ്മിഷന് ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ചതും പോലീസ് അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയമിച്ചതും ഉമ്മന്‍ചാണ്ടിതന്നെ. ഇടവേളയില്ലാതെ 13 മണിക്കൂറാണ് ശിവരാജന്‍ കമ്മിഷനു മുന്നിലിരുന്ന് ചോദ്യങ്ങളെ നേരിട്ടത്. അതും മാധ്യമങ്ങള്‍ക്കുമുമ്പില്‍ തത്സമയം.

സോളാര്‍ ആരോപണങ്ങളില്‍ ആടിയുലഞ്ഞ യുഡിഎഫിനെ തകര്‍ത്ത് 2016-ല്‍ അധികാരത്തിലേറിയ ഇടതുമുന്നണി സര്‍ക്കാരിന് കേസില്‍ കുറ്റാരോപിതരെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പോയിട്ട് കേസില്‍ ഒരു പുരോഗതി പോലും ഉണ്ടാക്കാനായില്ല. 2021-ലെ തിരഞ്ഞെടുപ്പിലും സോളാര്‍ കത്തിക്കാന്‍ നോക്കിയ ഇടതുപക്ഷം തിരഞ്ഞെടുപ്പിന് മുമ്പായി കേസ് സിബിഐക്ക് വിട്ടു. എന്നാല്‍ രണ്ടു വര്‍ഷം അന്വേഷിച്ചിട്ടും പുറത്തുവന്ന ആരോപണങ്ങളൊന്നും തന്നെ തെളിയിക്കാന്‍ കഴിയാത്തതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍.

'ആരോപണത്തില്‍ എന്തെങ്കിലും സത്യത്തിന്റെ അംശമുണ്ടെങ്കില്‍ പൊതു ജീവിതത്തിന് പോലും അര്‍ഹനല്ലെന്ന് അന്നു തന്നെ അപ്പ പറഞ്ഞിരുന്നു. സിബിഐ കണ്ടെത്തലില്‍ ഞങ്ങള്‍ക്ക് പുതുമ തോന്നുന്നില്ല. സത്യം ഞങ്ങള്‍ക്ക് നേരത്തെ ബോധ്യപ്പെട്ടതാണ്. സിബിഐ കണ്ടെത്തലോടെ യാഥാര്‍ഥ്യം പൊതുസമൂഹത്തിന് ഒന്നുകൂടി അരയ്ക്കിട്ടുറപ്പിക്കാനായി' ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി മാതൃഭൂമി ഡോട്ട്‌കോമിനോട് ചാണ്ടി ഉമ്മന്‍ പറഞ്ഞു.

സോളാര്‍ സമര നാളിലെ പത്രവാര്‍ത്ത

'ആരോപണം വന്ന ഉടനെ തന്നെ അപ്പയുടെ വാക്കുകള്‍ ഞങ്ങള്‍ വിശ്വസിച്ചതാണ്. അതിനപ്പുറം ഒന്നുമില്ല. ഇപ്പോള്‍ വന്നതൊക്കെ ഉദ്യോഗസ്ഥര്‍ സത്യത്തിനൊപ്പം നിന്നു എന്നു മാത്രം. ഒരു വിശ്വാസ്യതയും ഇതിനുണ്ടായിരുന്നില്ല. കേസെടുക്കുന്നതിന് വേണ്ടി ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചപ്പോള്‍ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാല്‍ അന്യായമായ ഒന്നിനും അവര്‍ കൂട്ടുനിന്നില്ല. അതിന് കേരള പോലീസിനേയും സിബിഐയേയും അഭിനന്ദിക്കുന്നു. ഏതൊരു കാര്യത്തിലും അമിതമായി ആഹ്ലാദിക്കുന്നയാളല്ല അപ്പന്‍. കേസ് വരട്ടെ നമുക്ക് പഠിക്കാം, നോക്കാം എന്നുമാത്രമാണ് അദ്ദേഹത്തിന് സിബിഐ ക്ലീന്‍ചിറ്റ് നല്‍കിയപ്പോഴും പറയാനുണ്ടായിരുന്നത്. മാനനഷ്ട കേസ് അടക്കം തുടര്‍നടപടികളിലേക്ക് കടക്കുന്നത് ആലോചിക്കുന്നുണ്ട്. പാര്‍ട്ടിയുമായും നേതാക്കളുമായും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ഇനി ഒരു നേതാവിനും ഇത്തരമൊരു അനുഭവം ഉണ്ടാകാന്‍ പാടില്ല. എനിക്ക് അമേരിക്കയില്‍ ഭൂമിയുണ്ടെന്നും കമ്പനിയുണ്ടെന്നുമൊക്കെ പറഞ്ഞിരുന്നു. അത് അന്വേഷിച്ച് നടക്കുകയാണ് ഞാനിപ്പോള്‍.ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ആരോപണത്തില്‍ എന്തെങ്കിലും സത്യത്തിന്റെ അംശമുണ്ടെങ്കില്‍ പൊതു ജീവിതത്തിന് പോലും അര്‍ഹനല്ലെന്ന് അന്നു തന്നെ അപ്പ പറഞ്ഞിരുന്നു. ഇതിന്റെ പുറകില്‍ കളിച്ചവരെ കൊണ്ടുവരാന്‍ സത്യാന്വേഷണ കമ്മീഷനെ നിയോഗിക്കണം. സര്‍ക്കാര്‍ തന്നെ അതിന് മുന്‍കൈ എടുക്കണമെന്നാണ് ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ആരുടേയും പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. അവരുടെ വ്യക്തിപരമായ നേട്ടത്തിനാണ് ഇങ്ങനെ ചെയ്തതെന്ന് വിശ്വസിക്കുന്നുമില്ല. രാഷ്ട്രീയ ലക്ഷ്യമാണ് പിന്നിലെന്ന് തന്നെയാണ് വിശ്വസിക്കുന്നത്, അതുകൊണ്ട് തന്നെ ആരോടും വ്യക്തിപരമായ വിദ്വേഷമോ വൈരാഗ്യമോ ഇല്ല' ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.


കോടികള്‍ തട്ടിയ ദമ്പതികളുടെ അറസ്റ്റും ഉമ്മന്‍ചാണ്ടിക്കുള്ള കുരുക്കും

സോളാര്‍ പവര്‍ പ്ലാന്റുകളും തമിഴ്നാട്ടില്‍ വിന്‍ഡ്മില്‍ ഫാമുകളും നിര്‍മിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സ്ഥാപനങ്ങളേയും വ്യക്തികളേയും കബളിപ്പിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ 2013-ലാണ് സരിത എസ് നായര്‍ അറസ്റ്റിലാകുന്നത്. കൂട്ടുപ്രതിയായ ഭര്‍ത്താവ് ബിജു രാധാകൃഷ്ണനും പിന്നീട് അറസ്റ്റിലായി. എറണാകുളം ചിറ്റൂര്‍ റോഡില്‍ 'ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊലൂഷന്‍സ് പ്രൈ.ലിമിറ്റഡ്' എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഇവര്‍.

2012 സെപ്തംബറില്‍ പെരുമ്പാവൂര്‍ മുടിക്കല്‍ കുറ്റപ്പാലില്‍ സജ്ജാദിന് വിന്‍ഡ്മില്‍ ഫാമും സോളാര്‍ പ്ലാന്റും നിര്‍മിച്ചുനല്‍കാമെന്ന ധരിപ്പിച്ച് 40.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലായിരുന്നു അറസ്റ്റ്. മറ്റു പല ആളുകളില്‍ നിന്നും ഇത്തരത്തില്‍ കോടികള്‍ ഇവര്‍ തട്ടിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. അതിന് മുമ്പായി ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. തട്ടിപ്പില്‍ വ്യവസായി മല്ലേലില്‍ ശ്രീധരന്‍ നായര്‍ അടക്കം പരാതിയുമായി എത്തി. സരിത അറസ്റ്റിലായി ഒമ്പത് ദിവസം കഴിഞ്ഞ് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രതിയുമായി മുഖ്യമന്ത്രിക്കുള്ള ബന്ധം വ്യക്തമാക്കണമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

സരിത അറസ്റ്റിലാകും മുമ്പ് മുഖ്യമന്ത്രിയുടെ പി.എ ടെന്നി ജോപ്പന്‍, സലിംരാജ് എന്നിവരുമായി ബന്ധപ്പെട്ടുവെന്നായിരുന്നു ആരോപണം. ഇവര്‍ ഫോണില്‍ സരിതയെ ബന്ധപ്പെട്ടതിനെ കുറിച്ച് അന്വേഷിച്ച ഡി.ജി.പി സെന്‍കുമാറിന്റെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇരുവരേയും സ്ഥാനങ്ങളില്‍ നിന്ന് ഉമ്മന്‍ചാണ്ടി നീക്കി. തട്ടിപ്പിനെ കുറിച്ച് മുഖ്യമന്ത്രിക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയെന്ന അന്നത്തെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് നടത്തിയ വെളിപ്പെടുത്തല്‍ ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള നീക്കത്തിന് ഇടതുപക്ഷത്തിന് ആയുധമായി. ഉമ്മന്‍ചാണ്ടി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള ഇടത് നേതാക്കള്‍ ആവശ്യപ്പെട്ടു.

വിവാദം നിയമസഭയ്ക്കകത്തും പുറത്തും കത്തിനില്‍ക്കവെ സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്നതിന് എഡിജിപി എ.ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയമിച്ചു. ഇതിനിടെ ഒളിവിലിരുന്ന് ചില നേതാക്കള്‍ക്കെതിരെ സരിതയുടെ ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്‍ ടെലിഫോണ്‍ സംഭാഷണത്തിലൂടെ ആരോപണങ്ങള്‍ ഉന്നയിച്ചതും രാഷ്ട്രീയ രംഗം ചൂടുപിടിപ്പിച്ചു. വൈകാതെ തന്നെ ജൂണ്‍ 17-ന് ബിജു രാധാകൃഷ്ണന്‍ അറസ്റ്റിലായി.

വ്യവസായി മല്ലേലില്‍ ശ്രീധരന്‍ നായരുടെ പരാതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരും പരാമര്‍ശിച്ചിരിക്കുന്നതിനെച്ചൊല്ലി വിവാദം രൂക്ഷമായി. ഇതിനിടെ സോളാര്‍ വിവാദത്തില്‍ ഉമ്മന്‍ചാണ്ടിക്ക് പാര്‍ട്ടിക്കുള്ളിലും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു. ഐ ഗ്രൂപ്പ് അദ്ദേഹത്തിന് കാര്യമായി പിന്തുണച്ചില്ല. ഉമ്മന്‍ചാണ്ടിക്കൊപ്പം നിന്ന മുസ്ലിംലീഗ് കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കത്തില്‍ പരസ്യപ്രതികരണവുമായി രംഗത്തെത്തി.

സരിതയുടെ ഫോണ്‍ രേഖകളില്‍ ഞെട്ടി കേരളം

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പടെ നാലു മന്ത്രിമാര്‍ സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്.നായരെ ഫോണ്‍ ചെയ്തതിന്റെ രേഖകള്‍ ജൂലായി നാലിന് മാധ്യമങ്ങളിലൂടെ പുറത്തുവന്നു. പിന്നീട് കൂടുതല്‍ മന്ത്രിമാരും കൂടാതെ മറ്റു നിരവധി നേതാക്കളുടേയും എംഎല്‍എമാരുടേയും പേരുകള്‍ പുറത്തുവന്നത് കോണ്‍ഗ്രസിനെ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചു. ഫോണ്‍ രേഖകള്‍ ചോര്‍ന്നതിനെ കുറിച്ച് അന്വേഷണം നടത്താന്‍ അന്നത്തെ ഇന്റലിന്‍ജന്‍സ് മേധാവിയായ ടി.പി.സെന്‍കുമാറിനോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിക്കുകയുണ്ടായി.
കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, എ.പി.അനില്‍ കുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.ബി.ഗണേഷ് കുമാര്‍, ഹൈബി ഈഡന്‍ തുടങ്ങിയ 30 ഓളം യുഡിഎഫ് നേതാക്കളുടെ ഫോണ്‍ രേഖകളാണ് പുറത്തുവന്നത്.

തിരുവഞ്ചൂരും ശാലുമേനോന്റെ പാലുകാച്ചലും

ഇതിനിടെ സോളാര്‍ തട്ടിപ്പ് കേസില്‍ നടി ശാലുമേനോന്റെ പങ്കും പുറത്തുവന്നിരുന്നു. ആരോപണങ്ങള്‍ ഉയര്‍ന്നുനില്‍ക്കെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശാലുമേനോന്റെ വീടിന്റെ പാലു കാച്ചല്‍ ചടങ്ങില്‍ പങ്കെടുത്തതിന്റെ ചിത്രം പുറത്തുവരികയും വിവാദമാകുകയും ചെയ്തിരുന്നു.

ശാലു മേനോന്‍ പോലീസ് പോലീസ് കസ്റ്റഡിയില്‍

വിവാദങ്ങള്‍ക്കും കടുത്ത രാഷ്ട്രീയ സമ്മര്‍ദത്തിനുമൊടുവില്‍ ജൂലായ് അഞ്ചിന് ശാലുമേനോന്‍ അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശിയായ റാസിഖ് അലിയില്‍ നിന്ന് ബിജു രാധാകൃഷ്ണനും ശാലുമേനോനും ചേര്‍ന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്.

സെക്രട്ടറിയേറ്റ് വളഞ്ഞ് പ്രതിപക്ഷം; ജുഡീഷ്യല്‍ അന്വേഷണം

2013 ഓഗസ്റ്റ് 12-ന് മുഖ്യമന്ത്രിയുടെ ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ ഭരണം പൂര്‍ണ്ണമായും സ്തംഭിപ്പിച്ച് ഇടതുമുന്നണി സെക്രട്ടേറിയേറ്റ് വളഞ്ഞു. അര ലക്ഷത്തോളം പേര്‍ തലസ്ഥാനത്തേക്ക് ഇരച്ചെത്തി. സെക്രട്ടേറിയറ്റിന്റെ മൂന്ന് കവാടങ്ങളും സമരക്കാര്‍ നിറഞ്ഞു. സംഘര്‍ഷ ഭീതിയുടെ മുപ്പതുമണിക്കൂറിന് ശേഷം ജുഡീഷ്യല്‍ അന്വേഷണം ആകാമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനത്തിന് പിന്നാലെ എല്‍ഡിഎഫിന്റെ അനിശ്ചിത കാലം സമരം പിന്‍വലിച്ചു. സെക്രട്ടേറിയറ്റിന് അവധി നല്‍കിയതോടെ സമരം തീര്‍ത്ത്‌ തടിതപ്പാന്‍ വേറെ മാര്‍ഗമില്ലാതെ അതിന് ഇടതുപക്ഷം വഴങ്ങുകയായിരുന്നു

ഉപരോധം അവസാനിപ്പിച്ചെങ്കിലും മുഖ്യമന്ത്രി രാജിവെക്കുംവരെ പ്രക്ഷോഭങ്ങള്‍ തുടരുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. സിബിഐ അന്വേഷണത്തിന് യുഡിഎഫ് തയ്യാറെടുത്തെങ്കിലും ജുഡീഷ്യല്‍ അന്വേഷണം തന്നെ വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു പ്രതിപക്ഷം.

സോളാര്‍ രാപ്പകല്‍ സമരത്തില്‍ പങ്കെടുത്ത് സെക്രട്ടേറിയറ്റ് വളപ്പില്‍ അന്തിയുറങ്ങാനൊരുങ്ങുന്ന പിണറായി വിജയന്‍

ഇതിനിടെ ഉമ്മന്‍ചാണ്ടി രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും യുഡിഎഫ് യോഗം ചേര്‍ന്ന് വേണ്ടെന്ന തീരുമാനത്തില്‍ എത്തുകയും കേസില്‍ ഗൂഢാലോചന നടന്നതായും ആരോപിച്ചു. ഒക്ടോബര്‍ 25ന് പിന്നോക്ക വിഭാഗ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ശിവരാജന്‍ അധ്യക്ഷനായി സോളാര്‍ തട്ടിപ്പ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചു. പ്രക്ഷോഭങ്ങള്‍ക്കിടെ ഉമ്മന്‍ചാണ്ടിക്ക് നേരെ കല്ലേറ് നടന്നതിനും രാഷ്ട്രീയ കേരളം സാക്ഷിയായി.

അഴിമതി ആരോപണത്തില്‍ നിന്ന് ലൈംഗിക ആരോപണത്തിലേക്ക്

കേസില്‍ തങ്ങളെ ബലിയാടാക്കുകയാണെന്ന് ആരോപിച്ച് ജയിലില്‍ വെച്ച് അഭിഭാഷകര്‍ മുഖേനെ കത്തുകളും മറ്റും പുറത്തുവിട്ട് യുഡിഎഫ് നേതാക്കളെ പ്രതി കടന്നാക്രമിച്ചിരുന്നു. ഇതിനിടെ ലൈംഗികമായി തന്നെ ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് യുഡിഎഫ് നേതാക്കളുടെ പേരുകള്‍ സഹിതം ഒരു കത്ത് പുറത്തുവന്നു. ആ കത്തില്‍ ജോസ്.കെ മാണിയുടെ പേര് വരെ ഉള്‍പ്പെട്ടു.

2015 ഡിസംബറില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പരാതിക്കാരിയുമായുള്ള രംഗങ്ങളുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ അവകാശപ്പെടുന്ന സിഡി ഹാജരാക്കാന്‍ ശിവരാജന്‍ കമ്മീഷന്‍ ഉത്തരവിട്ടു. സിഡി കണ്ടെടുക്കാന്‍ പോലീസ് സംഘം കോയമ്പത്തൂരിലേക്ക് പോയെങ്കിലും കണ്ടെടുക്കാനായില്ല. രണ്ടു തവണ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്വേഷണ കമ്മീഷന് മുന്നില്‍ ഹാജരായി.

സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് 2017-ല്‍ പിന്നീട് മുഖ്യമന്ത്രിയായി എത്തിയ പിണറായി വിജയന് സമര്‍പ്പിച്ചു. ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തലുള്ള റിപ്പോര്‍ട്ട് അദ്ദേഹമടക്കമുള്ള യുഡിഎഫ് നേതാക്കളെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം, തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസ്, ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് കേസ്, സരിതയുടെ കത്തില്‍ പരാമര്‍ശിക്കുന്നവര്‍ക്കെതിരെ ബലാത്സംഗ കേസിനും മന്ത്രിസഭ അനുമതി നല്‍കി.

പോലീസ് -ക്രൈംബ്രാഞ്ച് അന്വേഷണങ്ങളില്‍ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി സോളാര്‍ പ്രതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2021 ജനുവരിയില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പടെ ആറു പേര്‍ക്കെതിരായ ലൈംഗിക ആരോപണം സിബിഐക്ക് വിട്ടു. വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ തലേദിവസമായിരുന്നു സിബിഐ അന്വേഷണ പ്രഖ്യാപനം. ഇതിനിടെ ഉമ്മന്‍ചാണ്ടിക്കെതിരെയും മറ്റുള്ളവര്‍ക്കെതിരെ ഒരു തെളിവുമില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. പരാതിക്കാരി തെളിവ് ഹാജരാക്കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയത്. പീഡനം നടന്നുവെന്ന് ആരോപിക്കുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍, കൈവശമുണ്ടെന്ന് അവകാശപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ ഇവയൊന്നും പരാതിക്കാരി ഹാജരാക്കിയില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ കുറിച്ചു.

സോളാര്‍ ചീറ്റി പോകുന്നു

അന്വേഷണം ഏറ്റെടുത്ത് രണ്ട് വര്‍ഷത്തിന് ശേഷം െൈക്രംബ്രാഞ്ച് വിധിയെഴുതിയതിന് സമാനമായ കണ്ടെത്തലാണ് സിബിഐയുക്കുമുണ്ടായത്. മുഖ്യപ്രതി ഉന്നയിച്ച ലൈംഗികപീഡന, കൈക്കൂലി ആരോപണക്കേസുകളില്‍ ഉമ്മന്‍ചാണ്ടിയടക്കം ആറു പ്രതികള്‍ക്കെതിരെയും സി.ബി.ഐ.യുടെ ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ്. ഓരോ പ്രതികളുടേയും കേസ് വ്യത്യസ്തമായി തന്നെ അന്വേഷിച്ചാണ് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയത്.

1-ഉമ്മന്‍ചാണ്ടി

സാഹചര്യത്തെളിവുകള്‍ക്കും യുവതി ഹാജരാക്കിയ രേഖകള്‍ക്കും ഉമ്മന്‍ചാണ്ടി കുറ്റംചെയ്തതായി സ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സി.ബി.ഐ. പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ടില്‍ പറയുന്നു.
താനും മുന്‍ ഭര്‍ത്താവ് ബിജു രാധാകൃഷ്ണനുമായുള്ള കുടുംബപ്രശ്‌നം സംസാരിക്കാന്‍ ക്ലിഫ് ഹൗസില്‍ വിളിച്ചുവരുത്തി ശാരീരികമായി ഉപദ്രവിച്ചുവെന്നായിരുന്നു പരാതി.
ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ഒരു മന്ത്രിയുമായി ഉണ്ടായിരുന്ന ബന്ധത്തിലെ പ്രശ്‌നങ്ങള്‍ സംസാരിക്കാനാണ് യുവതി ക്ലിഫ് ഹൗസില്‍ പോയിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


''അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും എനിക്ക് ആശങ്ക ഉണ്ടായിരുന്നില്ല. ആര് അന്വേഷിക്കുന്നതിലും എനിക്ക് പരാതിയും ഇല്ലായിരുന്നു. കാരണം സത്യം മൂടിവയ്ക്കാന്‍ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് എനിക്ക് എപ്പോഴുമുള്ളത്.വെള്ളക്കടലാസ്സില്‍ എഴുതി വാങ്ങിയ പരാതിയിന്മേല്‍ പോലീസ് റിപ്പോര്‍ട്ട് പോലും തേടാതെയും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് പരിശോധിക്കാതെയും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ് നല്‍കിയതിന്റെ പിന്നിലെ ഉദ്ദേശശുദ്ധി സംശയകരമാണ്.എന്റെ പൊതുജീവിതം എന്നും ജനങ്ങളുടെ മുന്നില്‍ തുറന്ന പുസ്തകമായിരുന്നു. മനസ്സാക്ഷിക്ക് നിരക്കാത്ത ഒരു പ്രവര്‍ത്തിയും ഞാന്‍ ചെയ്തിട്ടില്ല. ജനങ്ങളില്‍ ഒന്നും ഒളിച്ചുവയ്ക്കാനും ഞാന്‍ ശ്രമിച്ചിട്ടില്ല. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പൊതു പ്രവര്‍ത്തകരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതും കളങ്കിതമായി മുദ്രകുത്തുന്നതും ശരിയാണോ എന്ന് ഇനിയെങ്കിലും എല്ലാവരും ആലോചിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു''-ഉമ്മന്‍ചാണ്ടി


2-എ.പി.അബ്ദുള്ളക്കുട്ടി

അബ്ദുള്ളക്കുട്ടി സര്‍ക്കാര്‍ഉടമസ്ഥതയിലുള്ള മസ്‌കോട്ട് ഹോട്ടലില്‍വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. പീഡനവിവരം പരാതിക്കാരി റിസപ്ഷനില്‍പ്പോലും പറഞ്ഞിരുന്നില്ലെന്ന് സി.ബി.ഐ. സംഘം കണ്ടെത്തി.


''എന്റെ രണ്ടു മക്കളാണേ ... സത്യം ജീവിതത്തില്‍ ഒരിക്കലും പരാതിക്കാരിയെ ഞാന്‍ കണ്ടിട്ട് പോലുമില്ല, ഇതായിരുന്നു അന്നത്തെ എന്റെ പ്രതികരണം പിന്നീട് ഇതുവരെ ആ വിഷയത്തെക്കുറിച്ച് ഞാന്‍ എവിടെയും പറയാന്‍ മെനക്കെട്ടിട്ടില്ല. ആരോപണം വന്നപ്പോള്‍ ഞാനും ഭാര്യയും വലിയ പ്രതിസന്ധിയിലായി മകള്‍ തമന്ന ഒരു കണ്ടീഷന്‍ വെച്ചു, മലയാളം വാര്‍ത്തകള്‍ ഇല്ലാത്ത നാട്ടിലേക്ക് പോകാം.അങ്ങനെ ഞാനും വൈഫും ഒക്കെ ആലോചിച്ചിട്ടാണ് ഞങ്ങള്‍ കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്ക് തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് പാലായനം ചെയ്തത് ...ഞാനെന്ന പുത്രനും ഞാനെന്ന പിതാവും ഞാനെന്ന ഭര്‍ത്താവും മാനസികമായി അന്ന് തകര്‍ന്നപ്പോള്‍..കൂടെ കട്ടക്ക് നിന്ന ഉമ്മയേയും ഭാര്യയേയും മക്കളേയും സുഹൃത്തുക്കളേയും ഒക്കെ ഒരുപാട് സ്മരിക്കുന്നു..''- അബ്ദുള്ളക്കുട്ടി

3-എപി അനില്‍ കുമാര്‍


2012ല്‍ കൊച്ചിയിലെ ഹോട്ടലില്‍ ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. എന്നാല്‍ പീഡനം നടന്നതായി പറയുന്ന ഹോട്ടലില്‍ അനില്‍ കുമാര്‍ താമസിച്ചിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കി. അനില്‍ കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ് ഏഴ് ലക്ഷം രൂപ വാങ്ങിയെന്ന ആരോപണവും വ്യാജമാണെന്ന് സിബിഐ പറയുന്നു.

4-കെ.സി.വേണുഗോപാല്‍

മൂന്ന് തവണ മൂന്ന് സ്ഥലങ്ങളില്‍ വെച്ച് കെ.സി. വേണുഗോപാല്‍ പീഡിപ്പിച്ചുവെന്നും അതിന് ശേഷം വൈദ്യസഹായം തേടി എന്നുമായിരുന്നു പരാതിക്കാരിയുടെ ആരോപണം. ഇക്കാര്യം സി.ബി.ഐ. വിശദമായി അന്വേഷിച്ചു. എന്നാല്‍ പീഡന ആരോപണത്തിന് ഒരു തെളിവും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് സി.ബി.ഐ. വ്യക്തമാക്കുന്നത്. അതേസമയം, രണ്ട് തവണ ഇവര്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും സി.ബി.ഐ. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ആരോപിക്കപ്പെട്ടതുപോലെ പീഡനം നടന്നു എന്ന് തെളിയിക്കാനുള്ള ഒരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് സി.ബി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നു.

''സത്യം എന്നായാലും പുറത്തുവരും. ഞങ്ങളെ എല്ലാം പെടുത്താനായി പരമാവാധി കിട്ടാവുന്ന വലിയ ഏജന്‍സിയെ കൊണ്ടുവന്നാണ് അന്വേഷണം നടത്തിയത്. സംസ്ഥാന പോലീസ് അഞ്ചു വര്‍ഷം അന്വേഷിച്ചിട്ടും കണ്ടുപിടിക്കാന്‍ സാധിക്കാത്തത് തിരഞ്ഞെടുപ്പ് സമയത്ത് സിബിഐക്ക് വിട്ടു. കൂടുതല്‍ പറയുന്നില്ല. സത്യം വിജയിക്കും'' -വേണുഗോപാല്‍

5-ഹൈബി ഈഡന്‍

2012 ഡിസംബര്‍ ഒന്‍പതിന് പാളയത്തെ എം.എല്‍.എ. ഹോസ്റ്റലിലെ നിളാ ബ്‌ളോക്കിലെ 34-ാം നമ്പര്‍ മുറിയില്‍വെച്ച് സോളാര്‍ പദ്ധതിയെ ക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ പരാതിക്കാരിയെ അന്ന് എം.എല്‍.എ. ആയിരുന്ന ഹൈബി ഈഡന്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. സി.ബി.ഐ. സംഘം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത ശേഷം 2012-ല്‍ ഹൈബി ഉപയോഗിച്ചിരുന്ന 33, 34 മുറികളില്‍ പരാതിക്കാരിയെ നേരിട്ട് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. ഹൈബിയെ രണ്ട് തവണ സി.ബി.ഐ. സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. പരാതിക്കാരിയെ സി. ബി.ഐ.യുടെ തിരുവനന്തപുരം ഓഫീസിലും ഡല്‍ഹിയിലെ ഓഫീസിലും വിളിച്ചുവരുത്തി സി. ബി.ഐ. സംഘം മൊഴി എടുത്തിരുന്നു.
പരാാതിക്കാരിയുടെ മൊഴികളിലെ വൈരുധ്യമാണ് കേസ് അവസാനിപ്പിക്കാനുള്ള റിപ്പോര്‍ട്ടില്‍ സി.ബി.ഐ. എടുത്തുപറയുന്നത്. മൊഴിയില്‍ ഏറെ വൈരുധ്യങ്ങള്‍ ഉള്ളതിനാല്‍ വിശ്വാസ യോഗ്യമല്ലെന്നാണ് സി.ബി.ഐ. സംഘത്തിന്റെ വിലയിരുത്തല്‍.

6-അടൂര്‍ പ്രകാശ്

2012ല്‍ അടൂര്‍ പ്രകാശ് മന്ത്രിയായിരിക്കെ പരാതിക്കാരിയെ പത്തനംതിട്ടയില്‍െവച്ച് പീഡിപ്പിച്ചുവെന്നും ബെംഗളൂരുവിലേക്കുള്ള വിമാന ടിക്കറ്റ് അയച്ച് ക്ഷണിച്ചുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍, ആരോപണം ശരിവെക്കുന്ന ശാസ്ത്രീയ തെളിവുകളോ സാഹചര്യത്തെളിവുകളോ ലഭ്യമായിട്ടില്ല. ആ സമയത്ത് അടൂര്‍ പ്രകാശ് ബെംഗളൂരുവില്‍ മുറിയോ വിമാന ടിക്കറ്റോ ബുക്ക് ചെയ്തിരുന്നതിന് തെളിവില്ലെന്നും സി.ബി.ഐ. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

''സത്യം എന്നായാലും പുറത്തുവരും. നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് രാഷ്ടീയപ്രേരിതമായാണ് ഇടതുമുന്നണി സര്‍ക്കാര്‍ ഈ കേസ് സി.ബി.ഐ.ക്ക് കൈമാറിയത്. വ്യക്തിഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യം. തെറ്റായ ആരോപണങ്ങള്‍ മാനസികമായി ഏറെ വിഷമം സൃഷ്ടിച്ചു സത്യയും നീതിയും പുലര്‍ന്നു. താന്‍ ഈശ്വരവിശ്വാസിയാണ്. സിബിഐ അന്വേഷണം തേജോവധം ചെയ്യാനായിരുന്നു. ഇപ്പോള്‍ മാനസികമായി സന്തോഷിക്കുന്നു''- അടൂര്‍ പ്രകാശ്.

Content Highlights: sexual exploitation case-solar-kerala politics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented