150 ദിവസം രാഹുലിന്റെ നടത്തം; എത്ര ചുവടുകൾ അകലെയാണ് കോൺഗ്രസിന്റെ തിരിച്ചുവരവ്?


തയ്യാറാക്കിയത്- അജ്നാസ് നാസർ

rahul gandhi

ലോക്സഭാ തിരഞ്ഞെടുപ്പ് രണ്ടു വർഷം മാത്രം അകലെ നിൽക്കെ കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരാൻ രാഹുൽ ഗാന്ധി നടന്നു മുന്നേറുകയാണ്. തെക്കേയറ്റമായ കന്യാകുമാരിയിൽ തുടങ്ങി വടക്ക് കശ്മീരിൽ സമാപിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിലെ മൂന്ന് ജില്ലകള്‍ പിന്നിട്ടുകഴിഞ്ഞു. കോൺഗ്രസ് മുക്തഭാരതമെന്ന മുദ്രവാക്യം മുഖമുദ്രയാക്കി ബി.ജെ.പി അധികാരത്തിൽ നിൽക്കുന്ന കാലത്ത് യാത്രയുടെ രാഷ്ട്രീയ പ്രസക്തി വലുതാണ്. 150 ദിവസം നീണ്ടുനിൽക്കുന്ന ഈ യാത്ര മൂന്ന് നിർണായക ചോദ്യങ്ങളാണ് ഉയർത്തുന്നത്. വർത്തമാനകാല പ്രതിസന്ധികളൽ നിന്ന് കോണ്‍ഗ്രസിനെ കരകയറ്റാന്‍ ജോഡോ യാത്രയ്ക്ക് കഴിയുമോ? ബി.ജെ.പിയ്ക്ക് വെല്ലുവിളിയുയര്‍ത്താന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുമോ? വരുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗധേയം മാറ്റാൻ ഈ യാത്രയ്ക്ക് കഴിയുമോ? പ്രമുഖർ വിലയിരുത്തുന്നു...

ബി.ജെ.പിയെ വിമര്‍ശിക്കുമ്പോള്‍ സി.പി.എം അസ്വസ്ഥമാകുന്നതെന്തിന്?

രാഹുല്‍ മാങ്കൂട്ടത്തില്‍
യൂത്ത് കോണ്‍ഗ്രസ്

ജോഡോ യാത്ര തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രചാരണപ്രവര്‍ത്തനമല്ല. ഇത് ഇന്ത്യയെ വീണ്ടെടുക്കാനുള്ള മുന്നേറ്റത്തിന്റെ ഭാഗമാണ്. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതരമായ പ്രതിസന്ധികള്‍ നമ്മുടെ മുന്നിലുണ്ട്. തൊഴിലില്ലായ്മ നിരക്ക് മുപ്പത്തഞ്ച് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലാണ്. നാല്‍പ്പത്തഞ്ച് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റത്തില്‍ ബുദ്ധിമുട്ടുകയാണ് ജനങ്ങള്‍. ഗൗതം അദാനി ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ധനികനാവുന്ന ദിവസം തന്നെ രാജ്യത്തെ 97 ശതമാനം ജനങ്ങളുടെ കഴിഞ്ഞ ആറ് വര്‍ഷത്തെ വരുമാനം കുറഞ്ഞു വരികയാണെന്ന പഠനം പുറത്തേക്ക് വരുന്നു. പോവര്‍ട്ടി ഇന്‍ഡക്‌സില്‍ ഇന്ത്യ പുറകോട്ട് പോകുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത് ആളുകള്‍ക്കിടയിലുള്ള ഭിന്നിപ്പ്, അത് മതത്തിന്റെ പേരിലായാലും ജാതിയുടെ പേരിലായാലും വര്‍ധിച്ച് വരുന്നു. ഇതുപോലെയുള്ള പ്രശ്‌നങ്ങളെയെല്ലാം ബി.ജെ.പി കുറേ ബഹളം വെച്ച് വിവാദങ്ങള്‍ സൃഷ്ടിച്ച് മറക്കാനാണ് ശ്രമിക്കുന്നത്. സാധാരണക്കാരന്റെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ബഹുസ്വരതയാണ് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. രാജ്യത്തെ ഏകശിലാവിഗ്രഹമാക്കി മാറ്റുക എന്നതാണ് ഇവരുടെ അജണ്ട. ഇതിനെല്ലാമെതിരേ രാജ്യത്തെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് കോണ്‍ഗ്രസ് ഈ പദയാത്രയുമായി മുന്നോട്ട് പോകുന്നത്. ഇന്ത്യ മുഴുവനായി ഒന്നിച്ചുള്ള ഒരു പദയാത്ര ഇന്നേവരെ ഒരു നേതാവും നടത്തിയിട്ടില്ല. നമ്മുടെ ജനാധിപത്യം വലിയ വെല്ലുവിളി നേരിടുന്ന ഒരു കാലഘട്ടമാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം എട്ട് വര്‍ഷത്തനിടെ പത്തോളം സംസ്ഥാനങ്ങളിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരുകള്‍ അട്ടമറിക്കപ്പെടുന്നത്. ഫെഡറലിസം തകര്‍ക്കപ്പെടുന്നു. മതേതരത്വം തകര്‍ക്കപ്പെടുന്നു എന്ന കാര്യം എല്ലാവര്‍ക്കും ബോധ്യപ്പെട്ട കാര്യമാണ്. മതത്തിന്റെ പേരില്‍ ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുക എന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണ്. ഇതുപോലെയുള്ള വെല്ലുവിളികളെ നേരിടാനായി രാജ്യത്തെ ഒരുമിച്ചു നിര്‍ത്തുക എന്ന മുദ്രാവാക്യമാണ് ഈ ജാഥയ്ക്കുള്ളത്.

ജാഥയ്‌ക്കെതിരായ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയെ പൊളിറ്റ് ബ്യൂറോ തന്നെ തള്ളിക്കളഞ്ഞതെല്ലാം ഈ ജാഥയുടെ പ്രസക്തിയാണ് വ്യക്തമാക്കുന്നത്. രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അക്രമിച്ചും വ്യാജപ്രചാരണങ്ങള്‍ നടത്തിയെല്ലാമാണ് അമിത് ഷാ ഉള്‍പ്പടെയുള്ളവര്‍ ഈ ജാഥയെ എതിര്‍ക്കുന്നത്. പക്ഷെ ഗോവിന്ദന്‍ മാഷില്‍ നിന്നോ എം. സ്വരാജില്‍ നിന്നോ അത്തരമൊരു വിമര്‍ശനമല്ല നമ്മള്‍ പ്രതീക്ഷിക്കുന്നത്. അവര്‍ കുറച്ചുകൂടെ രാഷ്ട്രീയപരമായ വിമര്‍ശനം നടത്തിയിരുന്നെങ്കില്‍ അത് മനസ്സിലാക്കാമായിരുന്നു. ഇത് താമസിക്കുന്ന സ്ഥലമൊക്കെ പറഞ്ഞാണ് വിമര്‍ശനം. ഉദയ്പൂര്‍ ചിന്തന്‍ഷിബിരം മൂന്ന് ജാഥകള്‍ക്കാണ് ആഹ്വാനം നടത്തിയത്. അതിന്റെ ആദ്യ ഘട്ടത്തിലെ യാത്ര മാത്രമാണ് ഇത്. ഇപ്പോള്‍ ഈ ജാഥ കടന്നുപോകാത്ത സംസ്ഥാനങ്ങളിലൊക്കെ വരും ജാഥകള്‍ കടന്നുപോകും.

കന്യാകുമാരിയില്‍ നിന്നാണ് ഈ പദയാത്ര ആരംഭിച്ചത്. മുന്‍ സര്‍ക്കാരിലെ കേന്ദ്രമന്ത്രിയും സംഘപരിവാറിന്റെ ദക്ഷിണേന്ത്യയിലെ മുഖവുമായിരുന്ന പൊന്‍രാധാകൃഷ്ണനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ വിജയ് വസന്ത് എന്ന നേതാവ് ജയിച്ചുവന്ന മണ്ഡലം. തുടര്‍ന്ന് സി.പി.ഐ സീറ്റ് വിറ്റ് ബി.ജെ.പിയെ സഹായിക്കാന്‍ ശ്രമിച്ചിട്ടും കോണ്‍ഗ്രസിന്റെ ശശി തരൂര്‍ വിജയിച്ച് വന്ന തിരുവനന്തപുരത്തേക്കാണ് ജാഥ പിന്നീട് എത്തിയത്. 21 ദിവസമാണ് ഈ ജാഥ കര്‍ണാടകത്തിലുള്ളത്. മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഉള്‍പ്പടെ കോണ്‍ഗ്രസും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളിലൂടെ ഏതാണ് എഴുപത്തഞ്ച് ദിവസവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലൂടെ ഏതാണ്ട് 60 ദിവസവും ഈ ജാഥ കടന്നുപോകുന്നുണ്ട്. ജാഥ പോകുന്ന മറ്റ് സംസ്ഥാനങ്ങളായാലും പലതരത്തില്‍ സംഘപരിവാര്‍ ഇടപെടുന്ന സംസ്ഥാനങ്ങള്‍ തന്നെയാണ്. അവിടെയൊക്കെ ഈ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുക എന്നത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വം തന്നെയാണ്. അതില്‍ സി.പി.എം അസ്വസ്ഥരായിട്ട് കാര്യമില്ല.

പശ്ചാത്തപിക്കാന്‍ കോണ്‍ഗ്രസ് തയ്യാറുണ്ടോ എന്നുള്ളതാണ് ചോദ്യം

കെ.ടി കുഞ്ഞിക്കണ്ണന്‍
സി.പി.എം

കോണ്‍ഗ്രസും ബി.ജെ.പിയും പങ്കുവെക്കുന്ന രാഷ്ട്രീയം നിയോലിബറല്‍ നയങ്ങള്‍ക്ക് അനുകൂലമായിട്ടുള്ളതാണ്. കോണ്‍ഗ്രസ് തുടങ്ങിവെച്ച നയങ്ങളെ അതിന്റെ ഏറ്റവും തീവ്രഗതിയില്‍ നടപ്പിലാക്കുകയാണ് 2014 ന് ശേഷം നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തത്. അത് നമ്മുടെ സമ്പദ്ഘടനയിലുണ്ടാക്കിയ ആഘാതം വലുതാണ്. കോവിഡ് മഹാമാരിക്ക് ശേഷം ഇത് മൂര്‍ധന്യാവസ്ഥയിലായി. കുടിയേറ്റത്തൊഴിലാളികള്‍ പാലായനം ചെയ്യുകയും റെയില്‍പ്പാളങ്ങളിലൊക്കെപ്പെട്ട് മരണപ്പെടുകയും ചെയ്യുന്ന ദയനീയ സ്ഥിതിയുണ്ടായി. കോവിഡ് സാഹചര്യത്തിലും അതിന്റെ വ്യാപനഭീഷണയിലും ഒരു വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന സമരം കര്‍ഷകര്‍ നടത്തിയത് ഈ രാജ്യത്തെ കാര്‍ഷിക ഉത്പാദനത്തിന്റെയും സംഭരണത്തിന്റെയും മണ്ഡലത്തില്‍ വന്‍കിട കുത്തകളുടെ ലാഭതാല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായ നിയമഭേദഗതിക്ക് എതിരായിട്ടാണ്. ഈ നയങ്ങള്‍ക്കെതിരെ സ്വതന്ത്ര- ഇടതുപക്ഷ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ കര്‍ഷകസമരമാരംഭിച്ചു. കോണ്‍ഗ്രസാകട്ടെ ഉത്തരവാദിത്വപ്പെട്ട പ്രതിപക്ഷ കക്ഷിയെന്ന നിലയില്‍ ഈ സമരമേറ്റെടുക്കാന്‍ തയ്യാറായില്ല. ഇപ്പോള്‍ സമാനമായ നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ പോലുള്ളവ വരികയാണ്. കോണ്‍ഗ്രസിന് ഇവയോടൊക്കെയുള്ള നിലപാടെന്താണ്? രാജ്യത്തിന്റെ പൊതുമേഖലയെ തന്നെ വിറ്റുതുലക്കുന്ന രീതിയില്‍ ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് നയങ്ങളാരംഭിച്ചത് കോണ്‍ഗ്രസാണ്. അതുവഴി കോണ്‍ഗ്രസ് തുടങ്ങിവെച്ച നയങ്ങള്‍ തന്നെ ബി.ജെ.പി പിന്തുടരുകയാണ്. കോണ്‍ഗ്രസിന്റെ ഉപരിപ്ലവമായ വിമര്‍ശനങ്ങള്‍ക്ക് ഇവിടെ ഒരു സ്വീകാര്യതയുമില്ലാതെ പോകുകയാണ്. ബി.ജെ.പി നയങ്ങളെ പ്രതിരോധിക്കാന്‍ കഴിയാത്ത നിസ്സഹായതിലേക്ക് കോണ്‍ഗ്രസ് എത്തപ്പെടുകയാണ്. രാജ്യത്തെ സാധാരണക്കാരുടെ ജീവിതം ഇല്ലാതാക്കുന്ന നിയോലിബറല്‍ നയങ്ങളോട് ബി.ജെ.പിയില്‍ നിന്ന് വ്യത്യസ്തമായി എന്ത് ബദല്‍
സമീപനമാണ് ഉള്ളത് എന്ന ചോദ്യത്തിന് ഉത്തരം പറയാതെ ഇന്ത്യന്‍ ജനതയുടെ പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ നേതൃത്വത്തിലേക്ക് ഉയരാന്‍ കോണ്‍ഗ്രസിന് കഴിയുമോ?

വര്‍ഗീയതയുടെ കാര്യമെടുത്താല്‍ കോണ്‍ഗ്രസ് ചരിത്രപരമായി ന്യൂനപക്ഷ വിരുദ്ധമായ ഹിന്ദുത്വ ആശയങ്ങളെ പലതരത്തില്‍ പ്രോത്സാഹിപ്പിക്കുന്ന സമീപനങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. 1949ല്‍ തര്‍ക്കഭൂമിയായി ബാബരിമസ്ജിത് പൂട്ടിയിടുന്ന സ്ഥിതിയിലേക്കെത്തിയത് കോണ്‍ഗ്രസിലെ ഹിന്ദുത്വവാദികളുടെ നിലപാടാണ്. നെഹ്രുവിനെപ്പോലുള്ള നേതാക്കള്‍ പറഞ്ഞിട്ട് പോലും അന്ന് നീതിയുടെ പക്ഷത്ത് നില്‍ക്കാന്‍ ഹിന്ദുത്വവാദികള്‍ക്ക് സ്വാധീനമുള്ള യു.പിയിലെയും അഖിലേന്ത്യ നേതൃത്വത്തിലെയും നേതാക്കള്‍ തയ്യാറായില്ല. തുടര്‍ന്നുണ്ടായ സംഭവങ്ങളിലും 92 ല്‍ ബാബരി മസ്ജിത് തകര്‍ക്കപ്പെട്ടപ്പോഴും കുറ്റകരമായ അനാസ്ഥയാലും മൗനത്താലും സംഘപരിവാരത്തിന് എല്ലാ സഹായവും ചെയ്ത് കൊടുത്തത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. കോടതി നിര്‍ദേശമുണ്ടായിട്ട് പോലും വിഷയത്തിലിടപെടാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായില്ല. ഇത്തരം നടപടികളാണ് രാജ്യത്ത് ബി.ജെ.പിയെ വളര്‍ത്തിയതും നമ്മുടെ സാമൂഹിക ജീവിതത്തിലാകെ വര്‍ഗീയത നിറച്ചതും. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനങ്ങള്‍ ബി.ജെ.പിയെ വളര്‍ത്തിയതിന് വേറെയും ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ കാണാം. ഇപ്പോള്‍ രാജ്യത്തെ കോണ്‍ഗ്രസിന്റെ നേതൃത്വമായിരുന്ന ഉന്നതരായ ഇരുന്നൂറോളം നേതാക്കള്‍ ബി.ജെ.പിയിലേക്ക് കൂറുമാറി. പാര്‍ലമെന്റില്‍ ഇന്ന് മോദിക്ക് അനുകൂലമായി കൈപൊക്കുന്ന അറുപത്തഞ്ച് ശതമാനം എം.പിമാരും പഴയ കോണ്‍ഗ്രസുകാരാണ്. കഴിഞ്ഞ ഒരു പത്ത് വര്‍ഷക്കാലത്തിനിടയില്‍ മാത്രം ബി.ജെ.പിയിലേക്ക് പോയ ആളുകളാണ്. ഈ കാര്യങ്ങളെയെല്ലാം സ്വയംവിമര്‍ശനപരമായി, പശ്ചാത്താപപരമായി കാണാന്‍, തങ്ങളുടെ ഭരണകാലത്ത് സംഭവിച്ച തെറ്റുകള്‍ ഏറ്റുപറയാന്‍ കോണ്‍ഗ്രസ് തയ്യാറാവുമോ എന്നതാണ് ഞങ്ങളുയര്‍ത്തുന്ന ചോദ്യം.

അത്തരം തെറ്റുകള്‍ തിരിത്തിക്കൊണ്ട് രാജ്യത്തെ മതനിരപേക്ഷ ശക്തികളുടെയാകെ വിശ്വാസം നേടണം. ഇന്ന് ഇന്ത്യയിലെ മതനിരപേക്ഷ ശക്തികള്‍ കോണ്‍ഗ്രസിനെ ഭയപ്പെടുകയാണ്. ഈ ജോഡോയാത്ര കേവലം എട്ട് ദിവസം പിന്നിടുന്ന സാഹചര്യത്തില്‍ ഗോവയില്‍ അവശേഷിക്കുന്ന എം.എല്‍.എമാരില്‍ എട്ട് പേരാണ് ബി.ജെ.പിയിലേക്ക് പോയത്. കോണ്‍ഗ്രസ് നേതൃത്വം നിസഹായരായി നോക്കി നില്‍ക്കുകയാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടുയുള്ള മതനിരപേക്ഷ കക്ഷികള്‍ ആകെ ഒന്നിച്ച് ബി.ജെ.പിക്കെതിരായ പ്രതിരോധമുണ്ടാകുക തന്നെ വേണം. അതിനായി കോണ്‍ഗ്രസ് അതിന്റെ മൃദുഹിന്ദുത്വ, നിയോലിബറല്‍ നയങ്ങള്‍ തിരുത്താന്‍ തയ്യാറാവണം. കേരളത്തിലെ ഇടത് സര്‍ക്കാരിനെ വേട്ടയാടാന്‍ ബി.ജെ.പിക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് കോണ്‍ഗ്രസാണെന്ന് നമുക്ക് കാണാന്‍ സാധിക്കും. ഇത്തരം സങ്കുചിതമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളവസാനിപ്പിക്കാതെ എങ്ങനെയാണ് കോണ്‍ഗ്രസിന് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വമാകാന്‍ കഴിയുക?

നേതൃത്വം രാഹുല്‍ ഏറ്റെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷ

എന്‍.കെ പ്രേമചന്ദ്രന്‍ എം.പി
ആര്‍.എസ്.പി

രാജ്യം നേരിടുന്ന വിഭാഗീയതയ്ക്കും വര്‍ഗീയതയ്ക്കുമെതിരേ ശക്തിയുക്തം പ്രതികരിക്കാന്‍ കഴിയുന്ന രാഷ്ട്രീയ നേതൃത്വം കോണ്‍ഗ്രസില്‍ പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഒരു മുന്നേറ്റം രാജ്യത്ത് വളര്‍ന്ന് വരേണ്ടിയിരിക്കുന്നു. കാരണം മതേതര ജനാധിപത്യ രാഷ്ട്ര വ്യവസ്ഥയുടെ നിലനില്‍പ്പിന് അത് അത്യന്താപേക്ഷിതമാണ്. ആ നേത്യത്വം ഈ ജാഥയിലൂടെ ഉയര്‍ന്നുവരുമെന്ന്തന്നെയാണ് എന്റെ വിശ്വാസം. കാരണം കേരളം സംഘടനാപരമായ കരുത്തുള്ള സംസ്ഥാനമാണെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പുറമെ നിഷ്പക്ഷമതികളായ സാധാരണക്കാരാണ് റോഡിനിരുവശത്തും വന്ന്‌ നിന്ന് ഈ ജാഥയ്ക്ക് അഭിവാദ്യമര്‍പ്പിക്കുന്നത്. സ്‌നേഹവായ്‌പോടും പ്രത്യാശയോടും കൂടിയാണ് അവര്‍ രാഹുല്‍ ഗാന്ധിയെ ഉറ്റുനോക്കുന്നത്. ഏതൊരു ജാഥയും പ്രസക്തമാകുന്നത് ആ ജാഥയില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യവും ആ മുദ്രാവാക്യത്തിന് ആധാരമായിട്ടുള്ള രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളുമാണ്. ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യവും ഒന്നപ്പിക്കേണ്ട അനിവാര്യമായ സാഹചര്യവും വളരെ വളരെ പ്രസക്തമായത് കൊണ്ടാണ് ഈ ജാഥയ്ക്ക് ഇത്രയും വലിയ ജനപിന്തുണയുണ്ടാകുന്നത്. രാഹുല്‍ഗാന്ധിയുടെ കരിസ്മാറ്റിക്ക് നേതൃത്വവും അതിന് പ്രധാനപ്പെട്ട ഒരു കാരണം തന്നെയാണ്. ഇത് നല്‍കുന്ന സന്ദേശം ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു എന്നതാണ്. ഈ ജാഥ ജനങ്ങളില്‍ വലിയ പ്രതീക്ഷയും പ്രത്യാശയുമുണ്ടാക്കും. അത് ദേശീയ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും.

രാഹുല്‍ ഗാന്ധി അധികാരത്തോട് അമിതമായ താല്‍പര്യമുള്ള വ്യക്തിയല്ല. ഇന്നത്തെ പ്രായോഗിക രാഷ്ട്രീയത്തില്‍ അതൊരു പോരായ്മയായി വിലയിരുത്തുന്നവരുണ്ടാകാം. അദ്ദേഹം കോണ്‍ഗ്രസിന്റെ രാജ്യത്തെ ജനങ്ങളുടെയും നേതൃത്വമെറ്റുടുക്കാന്‍ തയ്യാറാവണമെന്നാണ് ഞങ്ങളെല്ലാം ആവശ്യപ്പെടുന്നത്. അതിനുള്ള ഒരു കരുത്തും പിന്തുണയും ഈ ജാഥയിലൂടെ അദ്ദേഹത്തിന് ലഭിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതോടൊപ്പം വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളുമായൊക്കെ സംസാരിച്ച് രാഹുലിന്റെ നേതൃത്വം മുന്‍കൂട്ടി പ്രഖ്യാപിച്ച് ഒരു മതേതര ജനാധിപത്യ മുന്നണിയുടെ രൂപീകരിക്കപ്പെടും. അതിനൊരു നേതൃത്വത്തിന്റെ പ്രശ്‌നം നിലവിലുണ്ട്. ആ നേതൃത്വം രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

ഇന്ത്യയെ വിഘടിപ്പിച്ചവരാണ് ഒന്നിപ്പിക്കാന്‍ യാത്ര നടത്തുന്നത്‌

സന്ദീപ് വചസ്പതി
ബി.ജെ.പി

ഇന്ത്യയെ ഒരുമിപ്പിക്കാനായി യാത്ര തുടങ്ങുന്നതിന്റെ മുന്നേ രാഹുല്‍ ഒരു കാര്യത്തിന് മറുപടി പറയണം. ആരാണ് ഇന്ത്യയെ വിഭജിച്ചത് എന്ന്‌. 1947 ല്‍ ഇന്ത്യയെ വിഭജിക്കാന്‍ കൂട്ടുനിന്നവരുടെ കരുത്തിലാണ് രാഹുല്‍ ഇപ്പോഴുള്ളത് എന്ന കാര്യം മറക്കരുത്. അതിന് ശേഷവും നിരവധി വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരുകളും അതില്‍ ഒട്ടും പിറകിലായിരുന്നില്ല. അതിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ച കോടിക്കണക്കിന് ജനങ്ങളോട് മാപ്പ് പറയാന്‍ കോണ്‍ഗ്രസ് തയ്യാറാവണം. രാജ്യത്തെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് എന്ന നിലയില്‍ രാഹുല്‍ നടത്തുന്ന ഈ യാത്രയെ പരിഹസിക്കാനോ എഴുതിത്തള്ളാനോ ബി.ജെ.പി തയ്യാറല്ല. പക്ഷെ, എന്താണ് രാഹുല്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ മുദ്രാവാക്യം. ഈ യാത്ര രാഹുലിന് ഇന്ത്യയെ അറിയാന്‍ സഹായിക്കുന്നുണ്ടെങ്കില്‍ അതില്‍ സന്തോഷം മാത്രമേയുള്ളു. അദ്ദേഹത്തിന് രാഷ്ട്രീയ പക്വത വരുത്താനും ഈ യാത്ര സഹായിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.

സ്വന്തം നേതാക്കള്‍ക്ക് പോലും രാഹുലിനെ വിശ്വാസമില്ല എന്നതാണ് സമീപകാലത്തെ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. രാഹുലിന്റെ മുത്തശ്ശിയോടൊപ്പം പോലും പ്രവര്‍ത്തിച്ച നേതാക്കള്‍ ഇന്ന് അസംതൃപ്തരായി പാര്‍ട്ടി വിടുകയാണ്. അവരില്‍ പലരും രാഹുലിനെ വിമര്‍ശിക്കുകയും കോണ്‍ഗ്രസില്‍ ജനാധിപത്യം തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയുമാണ്. അവരെയൊന്നും കേള്‍ക്കാന്‍ തയ്യാറാകാത്ത സ്വന്തം പാര്‍ട്ടിയില്‍ ജനാധിപത്യം നടപ്പിലാക്കാന്‍ കഴിയാത്ത രാഹുലാണ് ഇപ്പോള്‍ ഇന്ത്യയെ ഒന്നിപ്പിക്കാനായി ജാഥ നടത്തുന്നത്. സ്വന്തം പാര്‍ട്ടിക്കാര്‍ക്കിടയില്‍ വിശ്വാസം ഉണ്ടാക്കിയിടെക്കാനാണ് രാഹുല്‍ ആദ്യം ശ്രമിച്ചത്. അതിനപ്പുറം ബി.ജെ.പിക്ക് രാഷ്ട്രീയ വെല്ലുവിളിയുയര്‍ത്താന്‍ രാഹുലിന് സാധിക്കുമെന്ന് കരുതുന്നില്ല. കഴിഞ്ഞ എഴുപത്തഞ്ച് വര്‍ഷത്തെ പ്രശ്‌നങ്ങള്‍ എട്ട് വര്‍ഷം കൊണ്ട് എന്ത്‌കൊണ്ട് പരിഹരിച്ചില്ല എന്നാണ് രാഹുല്‍ ചോദിക്കുന്നത്. രാഹുല്‍ ഇപ്പോള്‍ ജാഥ നടത്തുന്നത് പോലും വിഘടനവാദികളോടൊപ്പമാണ്. കോണ്‍ഗ്രസിന് അവരുടെ അലകും പിടിയും മാറാതെ രാഷ്ട്രീയ മാനസികാവസ്ഥ മാറാതെ കോണ്‍ഗ്രസിന് രക്ഷപ്പെടാന്‍ സാധിക്കില്ല എന്നതാണ് യാഥാര്‍ഥ്യം.

Content Highlights: rahul gandhi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented