ദിവ്യയെ കണ്ട് നെറ്റിചുളിക്കുന്നവർ പറയണം; കുഞ്ഞും കരിയറും കാലു കെട്ടുന്ന കയറാണോ?|Discussion


.

കുഞ്ഞ്, കരിയര്‍. ഇതിലേത് കൊളളണം, ഏത് തളളണം! വീടിന്റെ നാലതിരിൽ ഒതുങ്ങാൻ കൂട്ടാക്കാത്ത സ്ത്രീകളുടെ മുന്നിൽ പ്രസവത്തോടെ ഉയരുന്ന പ്രധാന ചോദ്യമാണിത്. മകൻ മൽഹാറിനെയും കൊണ്ട് പൊതു പരിപാടിക്കെത്തിയ പത്തനംതിട്ട ജില്ലാ കലക്ടർ ദിവ്യ എസ് അയ്യർ ചോദിക്കാതെ ഉറക്കെ ചോദിച്ച ചോദ്യവും ഇതാണ്. പ്രിവിലെജ്ഡ് ആയ ദിവ്യയെ പോലൊരാൾക്ക് ഇതിന്റെ ഉത്തരം കണ്ടെത്തുക എളുപ്പമല്ലെങ്കിൽ എന്താവും തുച്ഛമായ വരുമാനത്തിന് വീടുവിട്ടിറങ്ങേണ്ടിവരുന്ന ബഹുഭൂരിപക്ഷം സ്ത്രീകളുടെയും അവസ്ഥ.

കുഞ്ഞ് എന്ന തിരഞ്ഞെടുപ്പിലേക്ക് ഒരു വിഭാഗം എത്തുന്നതിനൊപ്പം കരിയറും കുഞ്ഞും ഒരുമിച്ച് എന്ന ബോള്‍ഡായ തീരുമാനത്തിലെത്തുന്ന സ്ത്രീകൾ ഇന്ന് കുറവല്ല. നിവൃത്തികേടിന്റെ പുറത്താണ് ഇത്തരമൊരു മള്‍ട്ടിടാസ്‌ക്കിങ്ങിലേക്ക് ചിലരെങ്കിലും എത്തുന്നതെങ്കില്‍ ജീവിതത്തിന്റെ പ്രൈംടൈം മുഴുവന്‍ പരിശ്രമിച്ച് നേടിയ കരിയറിനോട് കോംപ്രമൈസില്ല എന്ന ദൃഢനിശ്ചയത്തിന്റെ പുറത്തായിരിക്കാം മറ്റൊരു വിഭാഗം ഈ തിരഞ്ഞെടുപ്പില്‍ ഉറച്ചുനില്‍ക്കുന്നത്. ആ തിരഞ്ഞെടുപ്പില്‍ ഇവര്‍ നേരിടുന്ന അദൃശ്യമായ പ്രതിസന്ധികള്‍ നിരവധിയുണ്ട്. കുഞ്ഞിനെ നോക്കിയിരുന്നാല്‍ പോരേ, ജോലിയോട് ആത്മാര്‍ഥത കുറവാണ്, കുഞ്ഞിന്റെ കാര്യങ്ങളിലാണ് ശ്രദ്ധ തുടങ്ങിയ പരാമര്‍ശങ്ങള്‍ക്ക് പുറമേ പ്രസവശേഷം കരിയറില്‍ രണ്ടാം ഇന്നിങ്ങ്‌സിന് ശ്രമിക്കുന്ന സ്ത്രീകളെ 'കുഞ്ഞുണ്ട്, ലീവെടുക്കും' തുടങ്ങിയ ന്യായങ്ങള്‍ ചൂണ്ടിക്കാണിച്ച് ജോലിക്കെടുക്കാന്‍ പോലും മടിക്കുന്നു. ഒരു നല്ല അമ്മയാണോ, ജോലിയോട് പൂര്‍ണമായി ആത്മാര്‍ഥത പുലര്‍ത്താനാകുന്നുണ്ടോ എന്ന ആന്തരിക സംഘര്‍ഷത്തിന് പുറമേ സമൂഹത്തിന്റെ ചോദ്യംചെയ്യലിന് കൂടി വിധേയയാകപ്പെടുന്ന സ്ത്രീ. പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ സ്വകാര്യചടങ്ങില്‍ പങ്കെടുക്കുന്നതിന് കുഞ്ഞിനെ ഒപ്പം കൂട്ടിയതിനെതിന് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളും ആ സാമൂഹിക വിചാരണയുടെ ബാക്കിപത്രമെന്നുതന്നെ വിശേഷിപ്പിക്കേണ്ടി വരും.യുഎന്നിന്റെ ജനറല്‍ അസംബ്ലിയില്‍ കുഞ്ഞുമായെത്തിയ ജസിന്‍ഡ

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ കുഞ്ഞിനെ മുലയൂട്ടുന്ന ആദ്യ സെനറ്റര്‍ എന്ന വിശേഷണത്തോടെ ലാരിസ വാള്‍ട്ടേഴ്‌സ് പാര്‍ലമെന്റിലിരുന്ന് കുഞ്ഞിനെ മുലയൂട്ടിയത് ആഘോഷിച്ചവരാണ് നാം. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ കുഞ്ഞുമായി ന്യുസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍ എത്തിയതിനെ ചരിത്രമെന്ന് വിദേശമാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് 2018-ലാണ്. ഇതേ വര്‍ഷം തന്നെയാണ് കാനഡ മന്ത്രിയായിരുന്ന കരീന ഗോള്‍ഡ് പാര്‍ലമെന്റ് സമ്മേളനത്തിനിടയില്‍ കുഞ്ഞിന് മുലയൂട്ടിയത് വാര്‍ത്തയായതും. പാശ്ചാത്യസംസ്‌കാരത്തെയും അവരുടെ പുരോഗമനചിന്താഗതിയെയും വാഴ്ത്തുകയും ചരിത്രമെന്ന് വിശേഷിപ്പിക്കുകയും ചെയ്യുമ്പോള്‍ അതേ നടപടികള്‍ സ്വന്തമിടത്തില്‍ അശ്ലീലമെന്ന് കരുതുന്നു നാം. കുഞ്ഞുമായി പാര്‍ലമെന്റിലിരിക്കുന്ന ചിത്രം പ്രചരിച്ചതോടെ ഇതുസംബന്ധിച്ച് ലാരിസ ട്വീറ്റ് ചെയ്തിരുന്നു. അതിപ്രകാരമാണ്, 'ഫെഡറല്‍ പാര്‍ലമെന്റില്‍ ആദ്യം മുലയൂട്ടപ്പെട്ടത് എന്റെ മകള്‍ ആലിയയാണ് എന്നതില്‍ എനിക്ക് അഭിമാനമുണ്ട്. നമുക്ക് കൂടുതല്‍ കുടുംബ സൗഹാര്‍ദമായ ഫ്‌ളെക്‌സിബിള്‍ ആയ തൊഴിലിടങ്ങളും ചെലവു താങ്ങാനാവുന്ന ശിശുപരിപാലന കേന്ദ്രങ്ങളും ആവശ്യമുണ്ട്.' പത്തനംതിട്ട ജില്ലാ കളക്ടറുടെയും മകന്റെയും ചിത്രം ലാരിസ പറഞ്ഞതുപോലൊരു അന്തരീക്ഷം നമുക്കും ആവശ്യമുണ്ടെന്ന തുറന്ന ചര്‍ച്ചകളിലേക്കാണ് വാതില്‍ തുറക്കേണ്ടത്. ഒരു സ്ത്രീയുടെ ആകാശത്തിന് കുറുകേ നില്‍ക്കുന്ന ആ 'ഗ്ലാസ് സീലിങ്ങുകളെ' തകര്‍ക്കാര്‍ ഈ ചിത്രം ഒരു നിമിത്തമാകട്ടേ.


കാണാതെ പോകരുത് അമ്മമാരുടെ നെഞ്ചുരുക്കം - ധന്യ രാമന്‍ (സാമൂഹിക പ്രവര്‍ത്തക)

നമ്മളെ സംബന്ധിച്ച് തൊഴിലെടുത്ത് മാത്രം ജീവിക്കാന്‍ സാധിക്കുന്ന സ്ത്രീകളാണ്. കേരളത്തിലെ 60-70 ശതമാനം സ്ത്രീകളും അങ്ങനെ തന്നെയാണ്. ബാക്കിയുളള മുപ്പത് ശതമാനം പേര്‍ വീട്ടിലെ സാഹചര്യം കൊണ്ടോ, അല്ലെങ്കില്‍ ആരെങ്കിലും ജോലിക്ക് പോകേണ്ട എന്ന് ബലമായി പറഞ്ഞിരിക്കുന്നതുകൊണ്ടോ ജോലിക്ക് പോകാന്‍ സാധിക്കാത്ത സ്ത്രീകളാണ്. പ്രായമായ സ്ത്രീകള്‍ പോലും നമ്മുടെ നാട്ടില്‍ ജോലിക്ക് പോകുന്നുണ്ട്. അതിലുള്‍പ്പെട്ടവരാണ് തൊഴിലെടുത്ത് ജീവിക്കുന്ന അമ്മമാര്‍. സുരക്ഷിതമായി കുഞ്ഞിനെ ഏല്‍പ്പിച്ച് പോകാന്‍ കഴിയാത്തിടത്തോളം ജോലിക്ക് നില്‍ക്കുന്ന ഓരോ നിമിഷവും അമ്മയെ സംബന്ധിച്ചിടത്തോളം അത് നെഞ്ചുരക്കത്തിന്റേതാണ്. കുഞ്ഞ് വീഴുമോ, കൃത്യസമയത്ത് ആഹാരം കഴിക്കുമോ? തുടങ്ങി നൂറുകൂട്ടം ആവലാതികളായിരിക്കും. വീട്ടിലുളള പ്രായമായ ആളുകളെ കുഞ്ഞിനെ ഏല്‍പ്പിച്ചാണ് വരുന്നതെങ്കിലും അവര്‍ പലതരത്തിലുളള അസുഖമുളളവരായിരിക്കും. എല്ലാവര്‍ക്കും വീട്ടില്‍ ജോലിക്കാരെ വെക്കാന്‍ കഴിയണം എന്നില്ലല്ലോ. മറ്റുളളവരെ മാത്രം ആശ്രയിച്ച് നില്‍ക്കുന്ന ഒരു സമാധാനമാണ് അമ്മമാരുടേത്. കുഞ്ഞുങ്ങളുളള അമ്മമാര്‍ ജോലിയില്‍ നന്നായി പെര്‍ഫോം ചെയ്യുന്നവരായിരിക്കും. എത്രനന്നായി പെര്‍ഫോം ചെയ്യുമ്പോഴും അവരുടെ ഉളളില്‍ വേദനയുടെ ഒരുപിടിത്തമുണ്ടാകും. നമ്മള്‍ കുഞ്ഞിനെ മിസ് ചെയ്യുന്ന സുരക്ഷിതത്വത്തിന്റെ വേദനയാണ് അത്.

ധന്യ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം

എന്നെ സംബന്ധിച്ച് പ്രസവം കഴിഞ്ഞ് മൂന്നാംമാസം മുതല്‍ ജോലി ചെയ്യേണ്ട സാഹചര്യമായിരുന്നു. സ്വാഭാവികമായിട്ടും എനിക്ക് പോകേണ്ടി വന്നു. എന്റേത് കഠിനമായ ജോലിയായിരുന്നു. വിശ്രമമില്ലായ്മയേക്കാള്‍ എന്റെ കുഞ്ഞിനെ കുറിച്ചോര്‍ത്താണ് അന്നെല്ലാം എനിക്ക് വിഷമമുണ്ടായിട്ടുളളത്. കുഞ്ഞിന് പാലുകൊടുക്കാന്‍ കഴിയാത്തതിന്റെ പ്രശ്‌നങ്ങളൊക്കെ എന്നെ സംബന്ധിച്ച് വളരെ വലിയ വേദനയായിരുന്നു.

ഈ അവസ്ഥ മാറണം. സര്‍ക്കാര്‍ ഓഫീസുകളുടെ അടുത്തൊക്കെ സ്ത്രീക്ക് ഇടയ്ക്ക് പോയിവരാന്‍ സൗകര്യത്തില്‍ ശിശുപരിപാലന സംവിധാനങ്ങള്‍ ഒരുക്കാന്‍ കഴിയണം. കാലം ഒരുപാട് മാറേണ്ടിയിരിക്കുന്നു. തിരുവനന്തപുരത്ത് സ്റ്റാറ്റ്ച്യുവിന് അടുത്ത് ഒരുപാട് സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകളുണ്ട്. ഇവിടെ ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് ഈ പ്രദേശത്ത് എവിടെയെങ്കിലും കുഞ്ഞിനെ ഏല്‍പിച്ചുപോകാനുളള ഇടമുണ്ടാക്കണം. ഉച്ചയ്ക്ക് ഇടവേളയില്‍ ഓടിപ്പോയി കുഞ്ഞിനെ കാണാനും എടുക്കാനും കൂടെ ഇരിക്കാനും കഴിയണം. ആ രീതിയിലേക്ക് സമൂഹം മാറണം. കാരണം ഈ സമയത്ത് അമ്മയുടെ ശ്രദ്ധ കിട്ടേണ്ട കുഞ്ഞാണ്. ആ കെയര്‍ കിട്ടിയേ മതിയാവൂ. കുഞ്ഞിന് അതിന് അവകാശമുണ്ട്. വളരെ ദൂരെ ജോലിക്ക് പോയി വരുന്ന അമ്മമാരുണ്ട്. ട്രെയിനില്‍ സീസണ്‍ ടിക്കറ്റെടുത്ത് പോയി വരുന്ന അമ്മമാര്‍ പറയുന്നത് കേട്ടിട്ടുണ്ട് ജോലി കഴിഞ്ഞ് ചെന്നപാടേ കുഞ്ഞിനെ എടുക്കാന്‍ ആവില്ലല്ലോ. കുളിച്ചിട്ടല്ലേ കഴിയൂ. അതുവരെ കുഞ്ഞിങ്ങനെ അക്ഷമയോടെ നോക്കിയിരിക്കുന്നത്..

അമ്മയെ സമയത്തിന് കിട്ടുന്നില്ലെന്നുളളത് കുഞ്ഞിനെ ബാധിക്കും. ഞാന്‍ സ്‌കൂളില്‍ പോകും മുമ്പേ അമ്മയെ കാണാനായി കരഞ്ഞത് ഓര്‍ക്കുന്നുണ്ട്. ഞാന്‍ ഒറ്റമകളായിരുന്നു. സഹോദരിയോ സഹോദരനോ ഉണ്ടെങ്കില്‍ അതെന്നെ ബാധിക്കില്ലായിരുന്നു. അമ്മയെ കാണാന്‍ കൊതിച്ചിട്ടുണ്ട്. അമ്മ ജോലിയെടുക്കുന്ന കണ്‍സ്ട്രക്ഷന്‍ സൈറ്റിന്റെ മുന്നില്‍ പോയി നില്‍ക്കുന്ന നിസ്സഹായാവസ്ഥയെല്ലാം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. അമ്മയെ കാണുക, തൊടുക, ആ മണം കിട്ടുക അതിനപ്പുറത്തേക്ക് ഒരു മനുഷ്യന് വേറെ സന്തോഷമില്ല അത് ഒരു ഉരുക്കമാണ്. എന്റെ പ്രീഡിഗ്രി വരെ എനിക്ക് അമ്മയെ കിട്ടിയിട്ടേ ഇല്ല. ഞാന്‍ ഡിഗ്രി ഫസ്റ്റിയറിന് പഠിക്കുന്നത് വരെ അമ്മ കൂലിപ്പണിയായിരുന്നു. കുട്ടിക്കാലത്തെ ആ വേദന അങ്ങനെ കിടക്കും. കുഞ്ഞിന് സ്‌നേഹവും കരുതലും സാന്നിധ്യവും ആവശ്യമാണ്. അച്ഛനില്ലെങ്കിലും ഒരു കുഞ്ഞ് ജീവിക്കും. പക്ഷേ അമ്മയില്ലെങ്കില്‍ സര്‍വൈവ് ചെയ്യുക എളുപ്പമല്ല, ആദ്യം കിട്ടുന്ന ചൂട് അമ്മയുടെ നെഞ്ചിലേതല്ലേ.

ലാരിസ പാര്‍ലമെന്റില്‍ കുഞ്ഞുമായെത്തിയപ്പോള്‍

എന്റെ ആദ്യത്തെ കുഞ്ഞ് മരിച്ചുപോയ സമയത്ത് പാല് കെട്ടിക്കിടക്കുമായുരിന്നു. വേറെ കുഞ്ഞിന്റൈ കരച്ചില്‍ കേട്ടാല്‍ എന്റെ നെഞ്ചില്‍ പാല് പൊട്ടിയൊഴികുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അത് മാറാന്‍ കുറച്ച് സമയമെടുക്കും. മാതൃത്വം അങ്ങനെയാണ്, അത് നമുക്ക് അനുഭവിക്കാന്‍ മാത്രം കഴിയുന്ന അവസ്ഥയാണ്. മറ്റൊരാളോട് അവതരിപ്പിക്കാന്‍ കഴിയുന്ന ഒന്നല്ല. അപ്പോള്‍ അത്തരം സാഹചര്യങ്ങള്‍ അമ്മമാര്‍ക്കായി ഒരുക്കാന്‍ സാധിക്കണം. ഏത് ജോലിയായാലും കഴിവുളളവരായതുകൊണ്ടല്ലേ അവരെ ജോലിക്കെടുത്തത്. എല്ലാവര്‍ക്കും അവരവരുടേതായ കഴിവുണ്ട്. ആ കഴിവിനെ ഇന്‍സള്‍ട്ട് ചെയ്യുകയോ ഡിഗ്രേഡ് ചെയ്യുകയോ പാടില്ല. അവര്‍ക്ക് കുറച്ച് സമയം കൊടുക്കണമെന്നു മാത്രം. പൊതുസമൂഹത്തിന്റെ പിന്തുണ ലഭിക്കുമ്പോള്‍ അവര്‍ക്ക് ജോലിയില്‍ കുറച്ചുകൂടി നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കും. സാമൂഹിക ജീവികള്‍ നല്‍കുന്ന ആ പിന്തുണ വളരെ അത്യാവശ്യമാണ്.

ഒരുപാട് ഓഫീസുകളുളള ഒരിടത്ത് സ്ത്രീ ജോലിക്കാര്‍ക്കായി ഒരു ഡേ കെയര്‍ സെന്റര്‍. അമ്മയ്ക്ക് സമാധാനവും ഒരുപാട് മറ്റുസ്ത്രീകള്‍ക്ക് ജോലിയും ലഭിക്കും. കുഞ്ഞ് സുരക്ഷിതരായിരിക്കും. അംഗനവാടിക്ക് വിടാന്‍ പോലും മൂന്നു വയസ്സാകണം. ജനിച്ചപ്പോള്‍ മുതല്‍ 3 വയസ്സുവരെയുളള കാലമാണ് ഏറ്റവും പ്രധാനപ്പെട്ടത് അതുകൊണ്ട് അത് വളരെ അത്യാവശ്യമുളള ഒന്നുതന്നെയാണ്.


അമ്മയ്ക്ക് അര്‍ഹിക്കുന്ന പരിഗണന എന്നു ലഭിക്കും? - അശ്വതി ശ്രീകാന്ത് (അവതാരക)

ആദ്യ കുഞ്ഞിന്റെ ജനനസമയത്താണ് ഏറ്റവും അധികം ബുദ്ധിമുട്ടനുഭവിച്ചത്. രണ്ടാമത്തെ കുഞ്ഞായപ്പോഴേക്കും ആദ്യത്തെ കുഞ്ഞിനെ നോക്കിയ അനുഭവ പരിചയം കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാക്കി. മകളുണ്ടായപ്പോള്‍ ഏകദേശം മൂന്ന് മാസത്തോളം കുഞ്ഞിനെയും കൊണ്ടാണ് ജോലിക്ക് പോയിരുന്നത്. കാരണം എനിക്ക് മകളും ജോലിയും അത്രയും രണ്ടും വളരെ പ്രധാനപ്പെട്ടതായിരുന്നു. ഈ സമയത്ത് ഒരുപാട് കമന്റുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. നമുക്ക് ജോലി തരുന്നവര്‍ പോലും കുഞ്ഞിന്റെ സാന്നിധ്യത്തില്‍ അസ്വസ്ഥത പ്രകടിപ്പിക്കും. നിങ്ങള്‍ക്ക് എംബ്ലോയര്‍ ശമ്പളം തരുന്നത് ജോലിയെടുക്കാനല്ലേ. 'നിങ്ങള്‍ക്ക് കുഞ്ഞിനെ വീട്ടിലാക്കി ജോലി ചെയ്യാന്‍ പറ്റില്ലെങ്കില്‍ എംബ്ലോയര്‍ക്ക് ഒരു പുരുഷനെ ജോലിയ്ക്ക് വച്ചാല്‍ മതിയല്ലോ. കുറച്ചുകൂടി നന്നായി അയാള്‍ പണിയെടുത്തോളും' തുടങ്ങിയ കമന്റുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഈ പറയുന്നവര്‍ ഒരു കാര്യം മനസ്സിലാക്കുന്നില്ല, ജോലിയെടുക്കുന്ന അമ്മമാര്‍ സമ്പദ്ഘടനയിലും സാമൂഹികരംഗത്തും നല്‍കുന്ന സംഭാവനകള്‍ എത്രത്തോളം വലുതാണെന്ന്. ഭാര്യയും ഭര്‍ത്താവും ജോലിയ്ക്ക് പോയില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ സാധിക്കാത്ത ധാരാളം കുടുംബംഗങ്ങളുണ്ട്. ഒരു സ്ത്രീ അമ്മയാകുന്ന സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കേണ്ട സമയത്താണ് ഈ തരത്തിലുള്ള വിചാരണകള്‍ നേരിടേണ്ടി വരുന്നത് എന്ന് കൂടി ഓര്‍ക്കണം. ജോലിയെടുക്കുന്ന ഒരു അമ്മയ്ക്ക് അവര്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നത് ഇപ്പോഴും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായിട്ടില്ല. അതിന് ഇനിയും സമയമെടുക്കും.

'നിങ്ങള്‍ക്ക് പണമുണ്ടെങ്കില്‍ ജോലിയ്ക്ക് ഒരു ആയയെ വച്ചൂകൂടെ' എന്ന് ചോദിക്കുന്ന ഒട്ടേറെ ആളുകളുണ്ട്. അതില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു എന്നതാണ് എന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തുന്നത്. എന്നാല്‍ കുഞ്ഞിന് മുലയൂട്ടുന്ന സാഹചര്യത്തില്‍ ജോലിസംബന്ധമായി മാറി നില്‍ക്കുന്ന അമ്മമാര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷമുണ്ട്. അതൊരിക്കലും വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാധിക്കുകയില്ല. ഞാന്‍ എത്രയോ ദിവസങ്ങളില്‍ സെറ്റില്‍ ഇരുന്ന് കരഞ്ഞിട്ടുണ്ട്. പലപ്പോഴും ഷൂട്ട് തീരാന്‍ വൈകുമ്പോള്‍ കുഞ്ഞിന് വിശക്കുന്നുണ്ടാകുമോ, കരയുന്നുണ്ടാകുമോ അങ്ങനെ നൂറായിരം ചിന്തകള്‍ മനസ്സിലൂടെ കടന്നുപോകും.

അശ്വതി കുഞ്ഞിനൊപ്പം

ഈയിടെ എനിക്കുണ്ടായ അനുഭവം പറയാം. എന്റെ രണ്ടാമത്തെ കുഞ്ഞിന് ഒന്നേകാല്‍ വയസ്സാകുന്നതേയുള്ളൂ. ആറ് മാസം വരെ കൃത്യമായി ഞാന്‍ മുലപ്പാല്‍ കൊടുത്തിരുന്നു. മുലപ്പാല്‍ ഉണ്ടെങ്കില്‍ (മുലപ്പാല്‍ കുറവുള്ള അമ്മമാരുടെ കാര്യം കൂടി ഇവിടെ പരിഗണിക്കണം) അത് കുഞ്ഞിന്റെ അവകാശവും എന്റെ കര്‍ത്തവ്യവുമാണ്. ആറ് മാസത്തിന് ശേഷം എന്റെ വര്‍ക്ക് ഷെഡ്യൂള്‍ മാറി. രാത്രി മാത്രം മുല കൊടുക്കുന്നത് പതിവാക്കി. എന്നാല്‍ കുറച്ച് കാലം മുന്നോട്ട് പോയപ്പോള്‍ എന്റെയും കുഞ്ഞിന്റെയും ഉറക്കത്തെ അത് സാരമായി ബാധിക്കാന്‍ തുടങ്ങി. അതോടെ ജോലിയിലും മറ്റുകാര്യങ്ങളും ശ്രദ്ധിക്കാനാകാതെ കഷ്ടപ്പെട്ടു. അങ്ങനെയാണ് മുലകൊടുക്കുന്നത് നിര്‍ത്താന്‍ തീരുമാനിച്ചത്. ആറ് മാസത്തിന് ശേഷം ചോറും മറ്റു സോളിഡ് ആഹാരങ്ങളും കുട്ടിയ്ക്ക് നല്‍കുമല്ലോ. കുട്ടിയാണെങ്കില്‍ നന്നായി ഭക്ഷണം കഴിക്കുന്നുണ്ട്. എന്നാല്‍ മുലകൊടുക്കല്‍ നിര്‍ത്തിയപ്പോള്‍ അടുപ്പമുള്ളവര്‍ പോലും എന്നെ ഒരുപാട് വിമര്‍ശിച്ചു. ഞാന്‍ എന്തുകൊണ്ടാണ് നിര്‍ത്തിയതെന്നും, ആ സമയത്ത് ഞാന്‍ അനുഭവിച്ച മാനസിക സംഘര്‍ഷം എത്രത്തോളം ആയിരുന്നുവെന്നും ഒരിക്കലും മറ്റുള്ളവര്‍ക്ക് അറിയില്ല. ഇതൊന്നും അറിയാതെയാണ് കുറ്റപ്പെടുത്തുന്നത്. ഈ സമയത്തെല്ലാം എന്റെ ഭര്‍ത്താവ് പൂര്‍ണ പിന്തുണയുമായി എനിക്കൊപ്പം തന്നെ ഉറച്ചുനിന്നു. ഏറ്റവും വ്യക്തിപരമായ തീരുമാനങ്ങളില്‍ പോലും അമ്മമാരെ എത്രമാത്രം ജഡ്ജ്മെന്റ് മനോഭാവത്തോടെയാണ് മറ്റുള്ളവര്‍ നോക്കി കാണുന്നത്. അതില്‍ മാറ്റം വരണമെന്നാണ് ആഗ്രഹിക്കുന്നത്.

(തുടരും)


തയ്യാറാക്കിയത് : അനുശ്രീ മാധവന്‍, രമ്യ ഹരികുമാര്‍

Content Highlights: Divya S Iyer brings child at public place, triggers debate on social media, discussion


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented