സഹിക്കുന്നതിനും ഒരു പരിധിയുണ്ടല്ലോ, ഗവര്‍ണർ ഫക്രുദീൻ അലി അഹമ്മദാവണോ? | Discussion


കെവിഎസ് ഹരിദാസ് കേരള ഗവര്‍ണര്‍ എന്ന നിലയിലും, സര്‍വകലാശാല ചാന്‍സലര്‍ എന്ന നിലയിലുമുളള ആരിഫ് മുഹമ്മദ് ഖാന്റെ പ്രവൃത്തികളും നിലപാടുകളും വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഇതിനൊപ്പം ഭരണഘടന ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുളള അധികാരങ്ങളെ കുറിച്ചുളള ചര്‍ച്ചകളും സര്‍വകലാശാലകളിലെ ബന്ധുനിയമനം സംബന്ധിച്ച വിവാദങ്ങളും ഉയരുകയാണ്. കേരള സര്‍ക്കാരും ഗവര്‍ണറും തമ്മിലുളള അയ്യപ്പനും കോശിയും കളിയില്‍ ന്യായം ആരുടെ ഭാഗത്താണ്. 

In Depth

Arif Mohammed Khan | Photo: PTI

വര്‍ണറെ ചൊല്ലി, ഗവര്‍ണറുടെ അധികാരങ്ങളെക്കുറിച്ച് ഒക്കെ ഇവിടെ ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുകയാണല്ലോ. കേരളത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍, അദ്ദേഹമെടുത്ത ചില നിലപാടുകള്‍ എന്നിവ വലിയ വിവാദമാവുകയും ചെയ്തിട്ടുണ്ട്. ആദ്യമേ സൂചിപ്പിക്കട്ടെ, ഗവര്‍ണര്‍മാരെക്കുറിച്ചുള്ള വിവാദം കേരളത്തില്‍ ഒട്ടും പുതിയതല്ല. ഇടതുപക്ഷ സര്‍ക്കാരുകളുടെ കാലത്ത് അത്തരം പ്രശ്‌നങ്ങള്‍ മുമ്പുമുണ്ടായിട്ടുണ്ട്. ഗവര്‍ണറും ഇടതു സര്‍ക്കാരുകളും തമ്മില്‍ നല്ല യോജിപ്പില്‍ പോയ കാലം കുറവുമായിരിക്കും. അതിനു കാരണം ഗവര്‍ണര്‍മാരാണോ അതോ സിപിഎമ്മാണോ എന്നത് സാമാന്യബുദ്ധിക്ക് ചിന്തിക്കാവുന്നതേയുള്ളൂ. എല്ലാ ചട്ടങ്ങളും വ്യവസ്ഥകളും നിയമങ്ങളുമൊക്കെ തങ്ങളുടെ താല്പര്യങ്ങള്‍ക്ക് വഴങ്ങേണ്ടതാണ് എന്ന് ചിന്തിക്കുന്നവരായിരുന്നല്ലോ പലപ്പോഴും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും അവരുടെ ഭരണകൂടവും. നിയമം നിയമത്തിന്റെ വഴിയേ പോകട്ടെ എന്നു ചിന്തിക്കുന്നവരായാല്‍ പ്രശ്‌നങ്ങള്‍ കുറെയൊക്കെ ഒഴിവാക്കപ്പെടുക തന്നെ ചെയ്യുമായിരുന്നു. കേരളത്തിലെ പുതിയ പ്രതിസന്ധികള്‍, അതിനുള്ള കാരണങ്ങള്‍ ഒന്ന് വിലയിരുത്താം.

ഒന്ന്: കുറെ ഓര്‍ഡിനന്‍സുകള്‍ വീണ്ടും പുറപ്പെടുവിക്കണം; അനവധിവട്ടം ഓര്‍ഡിനനന്‍സായി ഇറങ്ങിയത് ആവര്‍ത്തിക്കപ്പെടുന്നു.
രണ്ട് : സര്‍വകലാശാല നിയമങ്ങള്‍ ഭേദഗതി ചെയ്യുക മാത്രമല്ല ചാന്‍സലറുടെ അധികാരങ്ങള്‍ എടുത്തുകളയുന്നു.
മൂന്ന്: സര്‍വകലാശാലകളില്‍ നിയമനം, മാര്‍ക്ക് ദാനം ഉള്‍പ്പടെ പലതും നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ട് നടക്കുന്നുവെന്നും അതിലൊക്കെ ഭരിക്കുന്ന കക്ഷിയുടെ രാഷ്ട്രീയ ഇടപെടലുകള്‍ നടന്നുവരുന്നു എന്നുമുള്ള വിവാദങ്ങളും ആരോപണങ്ങളും ഉയരുകയും ചെയ്യുന്നു.

ആദ്യമേ സൂചിപ്പിക്കട്ടെ, നമുക്ക് ഗവര്‍ണര്‍ വേണോ വേണ്ടയോ എന്നുള്ള ചര്‍ച്ചകള്‍ക്ക് ഭരണഘടനാ നിര്‍മാണ സഭയോളം പഴക്കമുണ്ട്. അവിടെ ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ചകള്‍ നടന്നിരുന്നുതാനും. ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന 1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടിലെ സെക്ഷന്‍ 93 അതേപടി ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു എന്നുള്ള ആക്ഷേപവും അന്നുയര്‍ന്നതാണ്. ബ്രിട്ടീഷുകാര്‍ക്ക് അങ്ങനെ ഒരു അധികാരകേന്ദ്രം ആവശ്യമായിരുന്നു, അതെന്തിന് സ്വതന്ത്ര ഇന്ത്യയില്‍ എന്നുള്ള ചോദ്യങ്ങളും ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ഉന്നയിക്കപ്പെട്ടു. പക്ഷേ, ബി.ആര്‍.അംബേദ്കര്‍ക്ക് അന്ന് വ്യക്തവും സുദൃഢവുമായ നിലപാടുകള്‍ ഉണ്ടായിരുന്നു. സര്‍ക്കാരിനെ നിലനിര്‍ത്തുക എന്നത് ഗവര്‍ണ്ണറുടെ ഉത്തരവാദിത്തമാണ്, കാരണം ഗവര്‍ണറുടെ തൃപ്തിക്ക് അനുസൃതമായാണ് ഒരു സംസ്ഥാന ഭരണകൂടം നിലകൊള്ളുന്നത് എന്നതായിരുന്നു അംബേദ്കറുടെ ആദ്യ വിശദീകരണം. അതിനൊപ്പം സംസ്ഥാന ഭരണകൂടത്തെ ഉപദേശിക്കാന്‍, ആവശ്യം വന്നാല്‍ മുന്നറിയിപ്പുകള്‍ നല്കാന്‍.. പിന്നെ ചില നിലപാടുകളില്‍ ബദല്‍ നിര്‍ദ്ദേശങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ഒക്കെ ഗവര്‍ണര്‍ക്ക് കഴിയും, കഴിയണം എന്നും അന്നത്തെ കേന്ദ്ര നിയമമന്ത്രി ഭരണഘടനാ നിര്‍മ്മാണ സഭയില്‍ വ്യക്തമാക്കിയതാണ്. അതായത് സര്‍ക്കാരിന്റെ നിലനില്‍പ്പ് ഗവര്‍ണ്ണര്‍ ഉറപ്പാക്കണം; അതെ സമയം സര്‍ക്കാരിനെ ഉപദേശിക്കണം, തെറ്റുകള്‍ ചൂണ്ടിക്കാണിക്കണം, പിന്നെ വഴിതെറ്റിപ്പോയാല്‍ വേണമെങ്കില്‍ ശാസിക്കുകയും ചെയ്യണം. ഗവര്‍ണര്‍മാര്‍ക്ക് പ്രത്യേക പ്രവര്‍ത്തന പദ്ധതിയൊന്നുമില്ല എന്നാല്‍ അവര്‍ക്ക് പലതും ചെയ്യാനുണ്ട്. (Governors will have no 'functions', they will surely have 'duties to perform').

Read More: പ്രിയ വര്‍ഗീസിന്റെ നിയമനവും ഗവര്‍ണറുടെ നിലപാടും; നിയമവശങ്ങള്‍ ആരെ തുണയ്ക്കും?

അനുച്ഛേദം 355, 356 എന്നിവയൊക്കെ സംബന്ധിച്ച വിവാദങ്ങള്‍ പിന്നീട് നമ്മള്‍ അനവധി കണ്ടതാണ്. ഗവര്‍ണര്‍മാര്‍ കേന്ദ്രസര്‍ക്കാരിന്റെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുന്നു എന്നും മറ്റുമുള്ള ആരോപണങ്ങളും. എന്നാല്‍ ചില വേളകളില്‍ ഇത്തരം അധികാരങ്ങള്‍ കൂടിയേ തീരൂ എന്ന് സര്‍വ്വരും സമ്മതിക്കുന്നതും നാം കണ്ടിട്ടുണ്ടല്ലോ. അത് ഈ മഹാരാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാനും സുരക്ഷയുടെ കാര്യത്തില്‍ ശ്രദ്ധിക്കുന്നതിനുമൊക്കെ അനിവാര്യമാണ്. ജസ്റ്റിസ് സര്‍ക്കാരിയാ കമ്മീഷന്‍ കേന്ദ്ര- സംസ്ഥാന ബന്ധങ്ങള്‍ വിലയിരുത്തുമ്പോള്‍ ഗവര്‍ണര്‍മാരുടെ അധികാരങ്ങള്‍, ഗവര്‍ണര്‍മാരുടെ യോഗ്യതകള്‍ സംബന്ധിച്ചും ചില നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ എസ്.ആര്‍.ബൊമ്മെ കേസില്‍ ആ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനോ അത് വിധിയുടെ ഭാഗമാക്കാനോ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് തയ്യാറായില്ല എന്നത് മറന്നുംകൂടാ. പക്ഷെ ഇവിടെ നാം കണ്ടത്, ബൊമ്മെ കേസില്‍ ഗവര്‍ണര്‍മാരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന നിയമസഭകളെ/സര്‍ക്കാരുകളെ പിരിച്ചുവിടുന്നത് ജുഡീഷ്യല്‍ റിവ്യൂവിനു വിധേയമാണ് എന്നത് തീര്‍പ്പായി. ഗവര്‍ണര്‍മാര്‍ രാഷ്ട്രീയം കളിക്കുന്നു, കേന്ദ്രത്തിന്റെ ദല്ലാളന്മാരായി അധപ്പതിക്കുന്നു എന്നും മറ്റുമുള്ള ആക്ഷേപങ്ങള്‍ക്ക് കുറെയൊക്കെ നിയന്ത്രണം കൊണ്ടുവരാന്‍ ഈ വിധിയിലൂടെ സാധ്യമായിട്ടുണ്ട്. ഇവിടെ ഒരു കാര്യംകൂടി ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്; ഗവര്‍ണര്‍മാര്‍ ആവശ്യമാണ് എന്ന് കരുതുമ്പോള്‍ തന്നെ അവര്‍ സംസ്ഥാന ഭരണകൂടങ്ങളുമായി രമ്യതയില്‍ സഹകരിച്ചുകൊണ്ട് നീങ്ങണം എന്നതാണ് ബിജെപിയുടെ നരേന്ദ്ര മോദിയുടെ പ്രഖ്യാപിത നിലപാട്. ചില സംസ്ഥാനങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു എന്നത് മറക്കുകയില്ല, എന്നാല്‍ അതിന് ഗവര്‍ണര്‍മാരാണ് ഉത്തരവാദി എന്ന് കരുതുക വയ്യല്ലോ. ആ സംസ്ഥാനങ്ങളില്‍ എപ്പോഴാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്, അതിലെ രാഷ്ട്രീയം ഒക്കെയും നമ്മുടെ മുന്നിലുണ്ടല്ലോ. കേരളത്തിലെ സാഹചര്യങ്ങളും ഭിന്നമല്ല.

ഓര്‍ഡിനന്‍സുകള്‍ തുടര്‍ച്ചയായി പുറപ്പെടുവിക്കുന്നു, അത് സഭ സമ്മേളിക്കുമ്പോള്‍ നിയമമാക്കുന്നില്ല എന്നത് പുതിയ പ്രശ്‌നമല്ല. കേരളത്തില്‍ വി.എം.സുധീരന്‍ സ്പീക്കറായിരിക്കെ, കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍, നടത്തിയ പരസ്യ വിമര്‍ശനങ്ങള്‍ മറക്കാവുന്നതാണോ; അന്നത് ഏറെ രാഷ്ട്രീയ കോലാഹലവുമുണ്ടാക്കി. കേന്ദ്ര സര്‍ക്കാരുകളും ഇത്തരം വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇതാണ് ഇപ്പോള്‍ കേരളത്തിലെ ഗവര്‍ണര്‍ ഉയര്‍ത്തിയത്. പത്തോ പന്ത്രണ്ടോ ഓര്‍ഡിനന്‍സുകള്‍ വീണ്ടും പുറപ്പെടുവിക്കാന്‍ കൊണ്ടുവന്നാല്‍ തനിക്കത് വായിച്ചുനോക്കണ്ടേ എന്ന് രാജ് ഭവന്റെ നാഥന്‍ പറഞ്ഞാല്‍ തെറ്റാവുമോ? അതല്ലേ ഗവര്‍ണ്ണര്‍ പറയേണ്ടത്? അല്ലാതെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കവേ അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിനെക്കുറിച്ച് പറയാറുള്ളപോലെ കണ്ണടച്ചു ഒപ്പുവെക്കണമോ? ഇവിടെ വേണ്ടുന്ന സമയം ഗവര്‍ണര്‍ക്ക് കൊടുക്കണമെന്ന് എന്തുകൊണ്ടാണ് സംസ്ഥാന മന്ത്രിസഭ കരുതാത്തത്?

ഇക്കാര്യം ഭരണഘടനാ നിര്‍മ്മാണസഭ വിലയിരുത്തിയിരുന്നു എന്നതോര്‍ക്കുക. ഓര്‍ഡിനന്‍സ് വ്യവസ്ഥ തന്നെ അനുവദിക്കണോ എന്നതും അന്ന് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നിരുന്നു; കൊളോണിയല്‍ പാരമ്പര്യത്തിന്റെ ഭാഗമാണ് ഓര്‍ഡിനന്‍സ് എന്ന് കുറ്റപ്പെടുത്തിയവരെയും അന്ന് നാം കണ്ടിരുന്നു. ഒരു ഓര്‍ഡിനനന്‍സ് പുറപ്പെടുവിച്ചത് അത് 30 ദിവസത്തിനകം നിയമമാക്കിയില്ലെങ്കില്‍ അത് അസാധുവാകുമെന്ന ഭേദഗതി ഭരണഘടനാ നിര്‍മ്മാണ സഭ ചര്‍ച്ച ചെയ്തതുമാണ്. എച്ച് എന്‍ കുന്‍സ്‌റു- വാണ് ആ ഭേദഗതി അവിടെ കൊണ്ടുവന്നത്. എന്നാല്‍ അംബേദ്കര്‍ ഓര്‍ഡിനന്‍സ് ആവശ്യമായിവരുമെന്ന നിലപാടിലായിരുന്നു. എന്തെന്നാല്‍ ഓര്‍ഡിനന്‍സ് രാജ് പാടില്ല എന്നതില്‍ നിയമമന്ത്രിക്ക് യോജിപ്പുമായിരുന്നു. എ.കെ.റോയ് കേസില്‍ (1982) അന്നത്തെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഇക്കാര്യത്തില്‍ നിലപാടെടുത്തിരുന്ന ഓര്‍ഡിനന്‍സ് രാജ് ഭരണഘടനയെ മുന്‍നിര്‍ത്തി നടത്തുന്ന തട്ടിപ്പാണ് എന്ന്‌പോലും അന്ന് സുപ്രീം കോടതി വിലയിരുത്തിയിരുന്നു. 1967- 1981 കാലഘട്ടത്തില്‍ ബിഹാര്‍ സര്‍ക്കാര്‍ പാസാക്കിയത് വെറും 189 നിയമങ്ങളാണ്; എന്നാല്‍ അക്കാലത്ത് സംസ്ഥാനത്ത് പുറപ്പെടുവിച്ചത് 2,014 ഓര്‍ഡിനന്‍സുകളും. ഇവിടെയാണ് അംബേദ്കറുടെയും മറ്റും സദ് ചിന്തകള്‍ അവഹേളിക്കപ്പെടുന്നത്. ബിഹാറിലേതുപോലെയായിട്ടില്ലെങ്കിലും കേരളത്തില്‍ നിയമനിര്‍മാണത്തിന് മടി കാണുന്നുണ്ട് എന്നത് വസ്തുതയല്ലേ. അത് വിമര്‍ശിക്കപെടുമ്പോള്‍ അസഹിഷ്ണുത ഉണ്ടാവേണ്ടതില്ല.

ചാന്‍സലര്‍മാര്‍ അധികപ്പറ്റാവുമ്പോള്‍

ഗവര്‍ണര്‍മാരുടെ ഭരണഘടനാപരമായ ഡ്യൂട്ടിയുടെ ഭാഗമായിട്ടാണ് സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി. രണ്ടും രണ്ടാണ്. എന്നാല്‍ സര്‍വകലാശാലകള്‍ക്ക് സജീവ രാഷ്ട്രീയക്കാരല്ലാത്ത ആരെങ്കിലും അധിപന്മാരായി ഉണ്ടാവണമെന്ന് നല്ല ചിന്തയിലാണ് ഗവര്‍ണര്‍മാര്‍ അതിലേക്ക് നിയോഗിക്കപ്പെടുന്നത്. അത് സാധൂകരിക്കപ്പെടുന്നതാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന കാര്യങ്ങള്‍. കേരള സര്‍വകലാശാലയില്‍ പണ്ടൊരു അസിസ്റ്റന്റ് നിയമന വിവാദമുണ്ടായിരുന്നു അന്നത്തെ ഭരണകക്ഷിക്കുവേണ്ടി നടത്തിയ റിക്രൂട്ട്‌മെന്റ് എന്ന് പറയുന്നതാവും ശരി. അതില്‍ കുറെപ്പേര്‍ക്കെതിരേ നടപടിയൊക്കെ ഉണ്ടായി. ഇന്നിപ്പോള്‍ കേരളത്തിന്റെ ചരിത്രത്തില്‍ കേട്ടിട്ടില്ലാത്തവിധം പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസമന്ത്രി തന്നെ മാര്‍ക്ക് ദാനം നടത്തിയത് ഓര്‍ക്കുക. അതിന്റെ ഗുണഭോക്താക്കള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി നേതാക്കള്‍ കൂടിയായാല്‍ പറയേണ്ടതുമില്ലല്ലോ. ഇത്രയ്ക്ക് ലജ്ജാകരമായ അവസ്ഥ ഇവിടെ ഉണ്ടാവുമ്പോള്‍ അത് ഭരണകൂടത്തിന് നേതൃത്വം നല്‍കുന്നവരുടെ നേരെയും ചോദ്യങ്ങള്‍ ഉയരേണ്ടതല്ലേ? സ്വയം തോന്നേണ്ടതല്ലേ? പാഠമാവേണ്ടതല്ലേ ? അതുണ്ടായില്ല എന്ന് മാത്രമല്ല കുറ്റബോധവും തീരെ പ്രകടമായില്ല.അതാണല്ലോ സിപിഎം നേതാക്കളുടെ ബന്ധുക്കളെ സര്‍വകലാശാലകളില്‍ തിരുകിക്കയറ്റാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടത്തിയത്.

മന്ത്രിമാരാവുന്നവര്‍ക്ക് പേഴ്‌സണല്‍സ്റ്റാഫിലോ മറ്റെന്തെങ്കിലും സ്ഥാനത്തോ ബന്ധുക്കളെ നിയമിച്ചുകൂടാ എന്ന് നിഷ്‌കര്‍ഷിച്ച നരേന്ദ്രമോദി രാജ്യം ഭരിക്കുമ്പോഴാണ് ഈ വികൃതികള്‍ കേരളത്തില്‍ നടമാടിയത്. ഇതൊക്കെ പുറത്തുവന്നപ്പോള്‍ ന്യായീകരിക്കാന്‍ ഭരണകൂടത്തിന് നേതൃത്വം നല്‍കുന്നവരടക്കം ശ്രമിക്കുമ്പോള്‍ സാധാരണക്കാര്‍ രക്ഷകനായി ഗവര്‍ണറെ കണ്ടാല്‍ കുറ്റപ്പെടുത്താനാവുമോ? പരാതികള്‍ ലഭിക്കുമ്പോള്‍ കഴമ്പുണ്ട് അതിലൊക്കെ എന്നറിയുമ്പോള്‍ രാജ് ഭവന് കണ്ണടച്ചിരിക്കാന്‍ സാധിക്കുമോ? ഭരണഘടനയെ അപമാനിക്കാന്‍ ഒരു സംസ്ഥന ഭരണകൂടം തയ്യാറായാല്‍ അതിന് മൂകസാക്ഷിയായി ഗവര്‍ണര്‍ക്കെങ്ങനെ നിലകൊളളാനാവും? കേരളത്തില്‍ നാം കണ്ടതെന്താണ് എന്നുകൂടി സ്മരിക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരുമായി പരസ്യമായ ഒരു ഏറ്റുമുട്ടല്‍ വേണ്ട എന്നായിരുന്നല്ലോ ഗവര്‍ണറുട നിലപാട്.

കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ ആക്രമിക്കപ്പെട്ടത്, പിന്നീട് പാര്‍ട്ടി സഖാക്കള്‍ തെരുവില്‍ വേട്ടയാടിയത് ഇതെല്ലാം കേരളം കണ്ടതല്ലേ. രാഷ്ട്രപതിക്ക് ഡി.ലിറ്റ് കൊടുക്കണം എന്ന ചാന്‍സലറുടെ ശുപാര്‍ശ രാഷ്ട്രീയ കാരണങ്ങളാല്‍ തള്ളിയ വൈസ് ചാന്‍സലര്‍മാരുളള നാടുകൂടിയാണല്ലോ ഇത്. അതും ദളിതനായ ഒരു രാഷ്ട്രപതിക്ക്. ഇതൊക്കെ കണ്ടിട്ടും ആരിഫ് മുഹമ്മദ് ഖാന്‍ ക്ഷമിച്ചില്ലേ, സഹിച്ചിരുന്നില്ലേ. 'നിങ്ങള്‍ക്ക് എന്നെ മാറ്റാം ഞാന്‍ ഫയലുകള്‍ നോക്കാനില്ല' എന്ന് പരസ്യമായി പറഞ്ഞ ഗവര്‍ണ്ണര്‍ പിന്നീട് സംയമനം പാലിച്ചതും നാം ശ്രദ്ധിച്ചതാണ്. സംസ്ഥാന സര്‍ക്കാരുകളുമായി അനാവശ്യ വിവാദംവേണ്ട, ഏറ്റുമുട്ടല്‍ പാടില്ല എന്ന മോദിയുടെ നിലപാടിന് അനുസൃതമായിരുന്നു അതൊക്കെയും എന്ന് വിചാരിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ പിന്നീടും തട്ടിപ്പുകളും ക്രമക്കേടുകളും തുടര്‍ന്നാല്‍, ഒരു വൈസ് ചാന്‍സലര്‍ പരസ്യമായി ചാന്‍സലറെ അപമാനിക്കാന്‍ മുതിര്‍ന്നാല്‍, കോടതി കയറ്റുമെന്നു ഭീഷണിപ്പെടുത്തിയാല്‍ സഹിക്കുന്നതിനും ഒരു പരിധിയുണ്ടല്ലോ. അതാണിപ്പോള്‍ കേരളം ഗവര്‍ണറില്‍ നിന്ന് കാണുന്നത് എന്നാണ് വിലയിരുത്തേണ്ടത്.

Content Highlights: conflict between Kerala governor and Kerala government, KVS Haridas writes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented