ഗവര്‍ണറുടേത് സംഘപരിവാര്‍ അജണ്ടയുള്ള രാഷ്ട്രീയ കുത്തിത്തിരിപ്പുകള്‍; കോണ്‍ഗ്രസ് അതേറ്റെടുക്കുന്നു


കെ.ടി. കുഞ്ഞിക്കണ്ണന്‍ഗവര്‍ണറുടെ പെഴ്‌സണല്‍ സ്റ്റാഫിലുള്ള 200 ഓളം ആളുകളില്‍ ഡെപ്യൂട്ടേഷന്‍ വഴി എത്തുന്നവരൊഴിച്ചാല്‍ മഹാഭൂരിപക്ഷം പേരും നേരിട്ട് നിയമിക്കപ്പെട്ടവരാണ്. ആ നിയമനങ്ങള്‍ മെറിറ്റടിസ്ഥാനത്തിലാണോ നടത്തിയതെന്ന കാര്യം ഉയരുമല്ലോ.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും

കേരള ഗവര്‍ണര്‍ എന്ന നിലയിലും സര്‍വകലാശാല ചാന്‍സലര്‍ എന്ന നിലയിലുമുളള ആരിഫ് മുഹമ്മദ് ഖാന്റെ പ്രവൃത്തികളും നിലപാടുകളും വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഇതിനൊപ്പം ഭരണഘടന ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുളള അധികാരങ്ങളെ കുറിച്ചുളള ചര്‍ച്ചകളും സര്‍വകലാശാലകളിലെ ബന്ധുനിയമനം സംബന്ധിച്ച വിവാദങ്ങളും ഉയരുകയാണ്. കേരള സര്‍ക്കാരും ഗവര്‍ണറും തമ്മിലുളള യുദ്ധത്തില്‍ ന്യായം ആരുടെ ഭാഗത്താണ്... സി.പി.എം നേതാവും കേളുവേട്ടന്‍ പഠന കേന്ദ്രം നേതാവുമായ കെ.ടി കുഞ്ഞിക്കണ്ണന്‍ എഴുതുന്നു..

ഡോ.പ്രിയ വര്‍ഗ്ഗീസിന്റെ നിയമന വിവാദം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതിനിധീകരിക്കുന്ന സംഘപരിവാര്‍ അജണ്ടയില്‍ നിന്നുള്ള വില കുറഞ്ഞ രാഷ്ട്രീയ കുത്തിത്തിരിപ്പുകളാണ്. കണ്ണൂര്‍ വിസിക്കെതിരായി വ്യക്തിപരമായ പ്രതികാരബുദ്ധിയോടെ അദ്ദേഹം നീങ്ങുന്നുവെന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ വിസിക്കെതിരായ അധിക്ഷേപ പ്രയോഗം കാണിക്കുന്നത്. വൈസ് ചാന്‍സലര്‍ക്കെതിരായി ഗവര്‍ണര്‍ നടത്തിയത് അയാളുടെ പദവിക്ക് ഒരിക്കലും പാടില്ലാത്ത പ്രതികരണമാണ്. സമീപകാലത്തായി ഗവര്‍ണര്‍ പലപ്രശ്‌നങ്ങളിലും സ്വീകരിക്കുന്ന സംഘപരിവാറിന്റെ ക്ഷുദ്ര രാഷ്ടീയത്തെയാണ് കാണിക്കുന്നത്. ഇപ്പോള്‍ ഗവര്‍ണറുടെ അധിക്ഷേപം ഭരണഘടനാ പദവിക്ക് നിരക്കുന്നതല്ല എന്ന് പല നിയമവിദഗ്ദ്ധന്മാരും ചൂണ്ടിക്കാണിച്ച് കഴിഞ്ഞിട്ടുണ്ട്..

കൃത്യമായ സംഘപരിവാര്‍ അജണ്ടയിലാണ് ഗവര്‍ണര്‍ പദവിക്ക് നിരക്കാത്ത കളികളും നിലവിട്ട അധിക്ഷേപ പ്രയോഗങ്ങളും നടത്തുന്നതെന്ന യാഥാര്‍ഥ്യം കാണാതെ ഇടതുപക്ഷത്തെ എതിര്‍ക്കാനുള്ള അടഞ്ഞ രാഷ്ടീയത്തില്‍ നിന്ന് യുഡിഎഫുകാര്‍ വസ്തുതാ ബന്ധമില്ലാത്ത ആരോപണങ്ങള്‍ ഏറ്റുപിടിക്കുകയും സംഘപരിവാര്‍ ആഗ്രഹിക്കുന്ന തരത്തില്‍ വിവാദം കൊഴുപ്പിച്ചു കൊടുക്കുകയാണ്. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെ പോലുള്ള കോണ്‍ഗ്രസ് നേതാക്കാള്‍ ആങ്ങള ചത്തിട്ടായാലും നാത്തൂന്റ കണ്ണീര് കണ്ടാ മതിയെന്ന മനോഗതിയിലാണ്.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലെ റാങ്ക് ലിസ്റ്റ് രാഷ്ട്രീയപ്രേരിതമായി തയ്യാറാക്കിയതാണെന്നും അതുകൊണ്ട് രാഷ്ട്രീയമായി അതിനെതിരേ നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ ആരോപിച്ചത്. സര്‍വകലാശാലകള്‍ നടത്തുന്ന നിയമനങ്ങളെല്ലാം ചട്ടപ്രകാരമാണ്. ഗവര്‍ണര്‍ നിയമനമാണ് രാഷ്ട്രീയ തീരുമാനത്തെ അടിസ്ഥാനമാക്കി കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. എന്തിന്, ഈ ഗവര്‍ണര്‍ ഈയിടെ നടത്തിയ പേഴ്‌സണല്‍ സ്റ്റാഫ് നിയമനവും രാഷ്ട്രീയ നിയമനമായിരുന്നുവെന്നതിന് വിശദീകരണമാവശ്യമുണ്ടോ. ബിജെപി മുഖപത്രമായ ജന്മഭൂമിയുടെ എഡിറ്ററും അറിയപ്പെടുന്ന ബിജെപി നേതാവുമായ ഒരാളെയാണ് തന്റെ പി.ആര്‍.ഒ ആയി ആരിഫ് മുഹമ്മദ് ഖാന്‍ നിയമിച്ചത്. ഇതുപോലുള്ള തസ്തികകളില്‍ ഗവര്‍ണറാണ് നിയമിക്കുന്നതെങ്കിലും ശമ്പളം നല്‍കുന്നത് സര്‍ക്കാരാണ്. എന്നാല്‍ സര്‍ക്കാരിന്റെ അനുമതിക്കായി ഫയല്‍ എത്തിയപ്പോള്‍ സര്‍ക്കാര്‍ ഏറ്റുമുട്ടാന്‍ നിന്നില്ല. അതിന് അനുമതി നല്‍കിയത് നമ്മുടെ ജനാധിപത്യ സംവിധാനത്തിലെ പദവി തലത്തിലെ ഭരണപരമായ മര്യാദ പാലിക്കണമെന്നതുകൊണ്ടായിരുന്നല്ലോ.

സര്‍വകലാശാലാ നിയമനങ്ങള്‍ യുജിസി റഗുലേഷനും അതത് സര്‍വകലാശാലകളുടെ നിയമനച്ചട്ടവും അനുസരിച്ചാണ് നടത്തിവരുന്നതെന്ന കാര്യം ഗവര്‍ണർക്കറിയാത്തല്ലല്ലോ. എന്നാല്‍ ഗവര്‍ണറുടെ പെഴ്‌സണല്‍ സ്റ്റാഫിലുള്ള 200 ഓളം ആളുകളില്‍ ഡെപ്യൂട്ടേഷന്‍ വഴി എത്തുന്നവരൊഴിച്ചാല്‍ മഹാഭൂരിപക്ഷം പേരും നേരിട്ട് നിയമിക്കപ്പെട്ടവരാണ്. ആ നിയമനങ്ങള്‍ മെറിറ്റടിസ്ഥാനത്തിലാണോ നടത്തിയതെന്ന കാര്യം ഉയരുമല്ലോ. എന്തായാലും നിയമനം പി.എസ്.സി. വഴിയല്ലല്ലോ എന്നുറപ്പാണല്ലോ. കണ്ണൂര്‍ വി.സിയെ വ്യക്തിപരമായി വളരെ മോശമായി ആക്ഷേപിക്കുകയും അദ്ദേഹത്തിന്റെ നടപടികളില്‍ സ്വജനപക്ഷപാതവും ക്രമക്കേടും ആരോപിക്കുകയും ചെയ്ത ഗവര്‍ണര്‍ ചരിത്രപണ്ഡിതനായ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ വി.സി. നിയമനത്തെക്കുറിച്ച് പരിശോധിച്ചിരുന്നുവെങ്കില്‍ ഇത്തരമൊരു അഭിപ്രായം പറയുമായിരുന്നില്ലായെന്ന് പറയാം.

Also Read

പ്രിയ വർഗീസിന്റെ നിയമനവും ഗവർണറുടെ നിലപാടും; ...

In Depth

സഹിക്കുന്നതിനും ഒരു പരിധിയുണ്ടല്ലോ, ഗവർണർ ...

2017ലാണ് കണ്ണൂര്‍ വി.സി.യായി അദ്ദേഹത്തെ നിയമിക്കുന്നത്. നടപടിക്രമം പാലിച്ചുകൊണ്ട് ഗവര്‍ണര്‍ അംഗീകരിച്ച പാനല്‍ അംഗങ്ങള്‍ അടങ്ങിയ സെര്‍ച്ച് കമ്മിറ്റി സമര്‍പ്പിച്ച പേരുകളില്‍ നിന്നാണ് അന്നത്തെ നിയമനം നടത്തിയത്. സുപ്രീംകോടതിയിലെ മുഖ്യന്യായാധിപനായിരുന്ന ജസ്റ്റിസ് പി. സദാശിവം ഗവര്‍ണര്‍ ആയിരുന്നപ്പോഴാണ് ആദ്യ നിയമനം. നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ കാലാവധിക്ക് ശേഷം ഇന്നത്തെ ഗവര്‍ണര്‍ പുനര്‍ നിയമനം നല്‍കി. 2019 മുതല്‍ ഇന്നത്തെ ചാന്‍സലറായ ഗവര്‍ണറുടെ കീഴിലായിരുന്നു വൈസ് ചാന്‍സലര്‍ പ്രവര്‍ത്തിച്ചത്. അതുകൊണ്ട് തന്നെ പുനര്‍ നിയമനം ഡോ. ഗോപിനാഥ് രവീന്ദ്രന്റെ സേവനങ്ങളെല്ലാം പരിശോധിച്ചതിന് ശേഷമായിരിക്കണം ഗവര്‍ണര്‍ അംഗീകരിച്ചത്. ഒരു യോഗ്യതയുമില്ലാത്ത ആളായിരുന്നുവെങ്കില്‍ അന്ന് ഗവര്‍ണര്‍ പുനര്‍നിയമനത്തിന് അനുമതി നല്‍കില്ലായിരുന്നു. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന വി.സി.യുടെ പുനര്‍നിയമനത്തെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും പുനര്‍നിയമനം ശരിവെച്ചല്ലോ. ഇത്തരം ജുഡീഷ്യല്‍ സ്‌ക്രൂട്ട്‌നിക്ക് ശേഷം നടന്ന നിയമനത്തെ കേന്ദ്രസര്‍ക്കാരിന്റെ വെറുമൊരുദ്യോഗസ്ഥനായ ഗവര്‍ണര്‍ തള്ളിപ്പറയുന്നത് അത്ഭുതകരവും സ്വയം ചെറുതാവലും മാത്രമാണ്

കണ്ണൂര്‍ വി.സി. ചൂണ്ടിക്കാണിച്ച ഒരു കാര്യം അസോസിയേറ്റ് പ്രൊഫസറുടെ റാങ്ക് ലിസ്റ്റ് മരവിപ്പിച്ച ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നാണല്ലോ. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ആക്റ്റിലെ 7 (3) വകുപ്പ് പ്രകാരം ഷോക്കോസ് നോട്ടീസ് പോലും കൊടുക്കാതെ റാങ്ക് ലിസ്റ്റ് മരവിപ്പിക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. ഇത്തരം നിയമവിരുദ്ധ നടപടികള്‍ ചൂണ്ടിക്കാണിച്ചയാളുടെമേല്‍ കുതിരകയറുന്നത് മിതമായ ഭാഷയില്‍ ശുദ്ധ വാമനത്വവുമാണ്.

Content Highlights: conflict between Kerala governor and Kerala government, KT Kunhikannan writes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented