പ്രതീകാത്മക ചിത്രം
വേള്‍ഡ് എക്കണോമിക് ഫോറം രൂപീകരിച്ച സാമ്പത്തിക വിദഗ്ധരുടെ കമ്യൂണിറ്റി വളരെ വിശദമായ ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നു. കോവിഡ് മഹാമാരി അതിജീവിച്ച പുതിയ കാലഘട്ടത്തില്‍ സമ്പദ്ഘടന എങ്ങനെ പ്രതികരിക്കും എന്നറിയുന്നതില്‍ ഏറെ പ്രധാനപ്പെട്ട സാമ്പത്തിക വിദഗ്ധരോട് വിവിധ വിഷയങ്ങളിലുളള അഭിപ്രായം ആരായുകയായിരുന്നു വേള്‍ഡ് എക്കണോമിക് ഫോറം ചെയ്തത്. വിശദമായ സര്‍വേയിലൂടെ വിദഗ്ധരായ സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം തേടുക എന്നതായിരുന്നു ഈ അന്വേഷണത്തിന്റെ രീതി. അതില്‍ ഏറ്റവും പ്രധാനമായത് 2023-ല്‍ ഒരു സാമ്പത്തികമാന്ദ്യം പ്രതീക്ഷിക്കുന്നുണ്ടോ എന്ന അന്വേഷണമാണ്.
പണപ്പെരുപ്പത്തെ കുറിച്ചും ഭക്ഷണത്തിന്റെയും ഊര്‍ജത്തിന്റെയും സങ്കീര്‍ണ സാഹചര്യങ്ങളെ കുറിച്ചും പ്രതിസന്ധികളെ കുറിച്ചും ഈ കമ്യൂണിറ്റിയോട് ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. പുതിയ വര്‍ഷത്തില്‍ വാണിജ്യത്തിന്റെ കാറ്റ് എങ്ങോട്ടായിരിക്കും വീശുക, ലോകത്തെമ്പാടുമുളള വിവിധ മേഖലകളില്‍ അതിന്റെ സാമ്പത്തികാഘാതങ്ങള്‍ ഉണ്ടാവുക എന്നതെല്ലാമായിരുന്നു അന്വേഷണ വിഷയങ്ങള്‍. സ്വാഭാവികമായും ഈ അന്വേഷണങ്ങളില്‍ ഏറ്റവും പ്രധാനം 2023-നെ 2008-ലേതുപോലുളള ഒരു മാന്ദ്യകാലം കാത്തിരിക്കുന്നുണ്ടോ എന്നതുതന്നെയായിരുന്നു. പങ്കെടുത്ത വിദഗ്ധന്മാരില് 45% പേരും മാന്ദ്യത്തിന് സാധ്യത തള്ളിക്കളയാനാകില്ലെന്നും 18% പേര് നിശ്ചയമായും മാന്ദ്യമുണ്ടാകുമെന്നു പറഞ്ഞു. അതായത് പങ്കെടുത്തവരില്‍ 63 ശതമാനം പേരുടെ അഭിപ്രായത്തില്‍ മാന്ദ്യമുണ്ടാകുമെന്ന നിഗമനമാണ് വായിച്ചെടുക്കാനാവുന്നത്.
മാന്ദ്യം എന്നത് ഒരു സാങ്കേതികപദമാണ്. ഒരു സാമ്പത്തിക വര്‍ഷത്തെ മൂന്ന് മാസങ്ങളുളള നാലു ഭാഗങ്ങളായാണ് വിഭജിച്ചിട്ടുളളത്. ഇതില്‍ രണ്ട് ക്വാര്‍ട്ടറില്‍ തുടര്‍ച്ചയായി ജി.ഡി.പിയുടെ വളര്‍ച്ചാനിരക്ക് നെഗറ്റീവ് ആകുന്നതിനെയാണ് മാന്ദ്യം എന്ന് വിളിക്കുന്നത്. രണ്ട് ക്വാര്‍ട്ടറില്‍ തുടര്‍ച്ചയായി മാന്ദ്യമുണ്ടാകുമ്പോള്‍ അത്തരത്തില്‍ മാന്ദ്യമുണ്ടായ രാജ്യങ്ങള്‍ വളരെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് ചെന്നുവീഴും. മാത്രമല്ല, അവിടുത്തെ സര്‍ക്കാരുകള്‍ ഈ മാന്ദ്യത്തെ അതിജീവിക്കാനുളള പാക്കേജുകള്‍ കൊണ്ടുവരേണ്ടതുണ്ട്. മാന്ദ്യമുളള രാജ്യങ്ങളിലെ സെന്റര്‍ ബാങ്കുകള്‍ (റിസര്‍വ് ബാങ്കുകള്‍) പ്രത്യേകമായ മാന്ദ്യവിരുദ്ധ നടപടികളും നയസമീപനങ്ങളും എടുക്കേണ്ടതുണ്ട്.
മാന്ദ്യം വികസിത രാജ്യങ്ങളെ പിടിച്ചുലച്ചാല്‍ നിശ്ചയമായും അത് ഇന്ത്യയേയും കേരളത്തേയും ബാധിക്കും. മുതലാളിത്തത്തിന്റെ പറുദീസയായി അറിയപ്പെടുന്ന അമേരിക്കയില്‍ മാന്ദ്യമുണ്ടാകാനുളള സാധ്യത വളരെക്കൂടുതലാണ്. സര്‍വേയില്‍ പങ്കെടുത്ത 80 ശതമാനത്തിലധികം ആളുകളും ഇത്തരത്തില്‍ അമേരിക്കയില്‍ മാന്ദ്യമുണ്ടാകാനുളള സാധ്യത ഉറപ്പിച്ച് പറയുന്നുണ്ട്. യൂറോപ്പിന്റെയും സ്ഥിതി മെച്ചമല്ല. ഉക്രൈന് യുദ്ധത്തിന്റെ ഫലമായി ഉണ്ടായ വിലക്കയറ്റവും ഊര്‍ജ പ്രതിസന്ധിയും യൂറോപ്പിനെ മാന്ദ്യത്തിലേക്ക് തള്ളിവിടും എന്ന് പറയുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. യൂറോപ്പിന്റെ കാര്യത്തില്‍ 68% ആളുകളും മാന്ദ്യമുണ്ടാകാനുളള സാധ്യത തളളിക്കളയാത്തവരാണ്. മാന്ദ്യമുണ്ടാവുകയില്ല എന്നുകരുതുന്നവര്‍ തീരെയില്ല എന്നതും ഒരു അപകട സൂചന തന്നെ.
ലോകത്തെ സാമ്പത്തിക ക്രമത്തിന്റെ എന്‍ജിനായി പ്രവര്‍ത്തിച്ച ചൈനയില്‍ യൂറോപ്പിലും അമേരിക്കയിലും ഉണ്ടായതുപോലുളള മാന്ദ്യസാധ്യതകള് പ്രവചിക്കപ്പെടുന്നില്ലെങ്കില് പോലും അമ്പതു ശതമാനത്തോളം ആളുകള്‍ മാന്ദ്യം ഉണ്ടാകുമെന്ന് ഉറച്ചുവിശ്വസിക്കുകയും അതില്‍ 14 ശതമാനം പേര് നിശ്ചയമായും അത് സംഭവിക്കുമെന്ന് കരുതുകയും ചെയ്യുന്നു. എന്നാല്‍, ഇന്ത്യ അടങ്ങുന്ന ദക്ഷിണേഷ്യയില്‍ 15% പേര് വളരെ വലിയ മാന്ദ്യസാധ്യത ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും പൊതുവില്‍ 70% പേര് സാമാന്യമായ (മോഡറേറ്റ്) ആയ വളര്‍ച്ച ഉണ്ടാകുമെന്ന് പ്രവചിക്കുന്നവരാണ്. 10% പേരാകട്ടേ അത്തരമൊരു ആപത്തും ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയുന്നു. കേരളീയര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട പ്രദേശമാണല്ലോ മിഡില്‍ ഈസ്റ്റ്. മിഡില്‍ ഈസ്റ്റിലും 15% പേര് ഉറപ്പായും മാന്ദ്യമുണ്ടാകുമെന്ന് പറയുന്നുണ്ടെങ്കിലും 30% പേര് മാന്ദ്യസാധ്യത ഏറെക്കുറവാണെന്നു ചൂണ്ടിക്കാണിക്കുന്നുണ്ട്. പക്ഷേ, 55% ആളുകളും മാന്ദ്യസാധ്യത തള്ളിക്കളയുന്നില്ലെന്നും ഓര്‍ക്കണം
ദക്ഷിണേഷ്യയില്‍ ഇന്ത്യക്കും ബംഗ്ലാദേശിനും ചില പുതിയ സാധ്യതകള്‍ പ്രവചിക്കുന്നവരുണ്ട്. ചൈനയില്‍ ഉണ്ടാകുന്ന തിരിച്ചടികള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന രണ്ടു രാജ്യങ്ങളായാണ് ഇന്ത്യയെയും ബംഗ്ലാദേശിനെയും കാണുന്നത്. ദക്ഷിണേഷ്യയിലുളള പാകിസ്താനോ ശ്രീലങ്കയ്ക്കോ ഈയൊരു സാധ്യത വിദഗ്ധന്മാര് നല്‍കുന്നുമില്ല. ശക്തമായ പണപ്പെരുപ്പം യൂറോപ്പിലുണ്ടാകുമെന്ന് 57% ആളുകളും പറയുന്നു. എന്നാല്‍ 24% പേര് മാത്രമേ അമേരിക്കയില്‍ കടുത്ത പണപ്പെരുപ്പത്തെ കുറിച്ച് പറയുന്നുളളൂ. ദക്ഷിണ ഏഷ്യയില്‍ 24% പേരും പണപ്പെരുപ്പത്തെ കുറിച്ച് പ്രവചിക്കുന്നുണ്ടെങ്കിലും മറ്റ് 26% പേര് പണപ്പെരുപ്പം വലിയ പ്രശ്നമാകില്ലെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഈ പ്രതിസന്ധിയുടെ യഥാര്‍ഥ രുചിയറിയുന്നവര് പൊതുവേ ദരിദ്രരാജ്യങ്ങളില്‍ ഉളളവരും ആ രാജ്യങ്ങളിലെ തന്നെ ദരിദ്രരരും ആണെന്ന് നമുക്കറിയാം. വികസിത രാജ്യങ്ങളില്‍ നേരത്തേ ചൂണ്ടിക്കാണിച്ചതുപോലെ മാന്ദ്യസാധ്യത കൂടുതലാണ്. അമേരിക്കയും യൂറോപ്പും മാന്ദ്യസാധ്യത കൂടുതലുളള പ്രദേശങ്ങളായി കാണുമ്പോള്‍ ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും വടക്കേ ആഫ്രിക്കയുമെല്ലാം മാന്ദ്യസാധ്യതകള് കുറഞ്ഞ പ്രദേശങ്ങളായി കണക്കാക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യക്ക് ചുറ്റുമുളള ഇന്ത്യയുടെ അയല്‍രാജ്യമായ ബംഗ്ലാദേശും മെച്ചപ്പെട്ട ചിത്രമാണ് കാണിക്കുന്നത്. പാകിസ്താന് അങ്ങനെയല്ല, പാകിസ്താന് ഗുരുതരമായ പ്രത്യേക പ്രതിസന്ധികളില്‍ അകപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. ശ്രീലങ്കയുടെ സ്ഥിതിയും അതുതന്നെ.
പൊതുവില്‍ ജി.ഡി.പി. വളര്‍ച്ചാനിരക്കിന്റെ കാര്യത്തില്‍ നമ്മുടേതു പോലുളള രാജ്യങ്ങളും പ്രദേശങ്ങളും മെച്ചപ്പെട്ട നില കൈവരിക്കുമെന്ന് വിദഗ്ധന്മാര് ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കില്‍ പോലും യഥാര്‍ഥ ജീവിതത്തിന്റെ കാര്യത്തില്‍ അവികസിത രാജ്യങ്ങള്‍ വികസിത രാജ്യങ്ങളേക്കാള്‍ ബുദ്ധിമുട്ടാന്‍ പോവുകയാണെന്ന് അവര്‍ പ്രവചിക്കുന്നു. ഉദാഹരണത്തിന് ഭക്ഷണത്തിന്റെ ചെലവ് വന്‍കിട രാജ്യങ്ങളില്‍ വളരെയേറെ കൂടുമെന്ന് പ്രവചിക്കുന്നത് 14% പേരാണെങ്കില്‍ വികസ്വര രാജ്യങ്ങളില്‍ ഭക്ഷണച്ചെലവ് വന്‍തോതില്‍ കുതിച്ചുയരുമെന്ന് 50% വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഊര്‍ജത്തിന്റെ ചെലവും ഏതാണ്ട് ഇതേ പോലെയാണ്. ഊര്‍ജത്തിന്റെ ചെലവ് വികസിത രാജ്യങ്ങളിലുള്ള സാധാരണക്കാര്‍ക്ക് വലിയ ബാധ്യതയാകുമെന്ന് 27% പേരെ പറയുന്നുളളൂവെങ്കില് അവികസിത രാജ്യങ്ങളിലെ സാധാരണക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഊര്‍ജ ചെലവിന്റെ കാര്യത്തില്‍ വരാന്‍ പോകുന്നതെന്ന് 55% വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഈ പശ്ചാത്തലത്തില്‍ ഈ റിപ്പോര്‍ട്ടിനെ എങ്ങനെ വിശകലനം ചെയ്യാമെന്നതാണ് ഇന്നത്തെ പ്രധാനപ്പെട്ട ചര്‍ച്ചാ വിഷയം. ഇന്ത്യയെ ഈ വിശകലനങ്ങള്‍ എങ്ങനെയാണ് ബാധിക്കുകയെന്നു ഗൗരവത്തോടുകൂടി പരിശോധിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. 2008-ലെ അനുഭവം നമ്മുടെ മുമ്പിലുണ്ട്. 2008-ല്‍ അമേരിക്കയിലും യൂറോപ്പിലും വലിയ തോതില്‍ മാന്ദ്യമുണ്ടായെങ്കിലും ഇന്ത്യ മാന്ദ്യത്തെ അതിജീവിച്ചതായാണ് ചരിത്രം. അമേരിക്കയും ഇംഗ്ലണ്ടും അടക്കമുളള രാജ്യങ്ങള്‍ വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയും പരമ്പരാഗതമായ ബാങ്കുകള്‍ പോലും തകര്‍ന്നടിയുകയും ചെയ്തപ്പോഴും ഇന്ത്യയിലെ ബാങ്കിങ് സമ്പ്രദായവും ഇന്ത്യയിലെ സാമ്പത്തികരംഗവും പിടിച്ചുനിന്നു എന്നുമാത്രമല്ല, നല്ല നിലയില്‍ തന്നെ വികസിച്ചതും നമുക്കറിയാം. എന്തുകൊണ്ടാണ് മന്മോഹന് സിങ്ങിന്റെ കാലഘട്ടത്തില്‍ മാന്ദ്യത്തെ മറികടക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞതെന്നാണ് മോദി സര്‍ക്കാര്‍ ചിന്തിക്കേണ്ടത്.
കടത്തില്‍ മുങ്ങി ആത്മഹത്യ ചെയ്തുകൊണ്ടിരുന്ന കോടിക്കണക്കിന് കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുകയാണ് ചെയ്തത്. ആ എഴുതിത്തളളല്‍ തന്നെ ശാസ്ത്രീയമായിരുന്നു. എന്റെ കടം എഴുതിത്തളളണമെന്ന് പറഞ്ഞുകൊണ്ട് ഒരു കര്‍ഷകനും ബാങ്കിനെ സമീപിക്കേണ്ടി വന്നില്ല. മറിച്ച് ബാങ്കില്‍ വെച്ചിരുന്ന ലക്ഷക്കണക്കിന് ആധാരങ്ങളും സ്വര്‍ണവും എടുത്തുകൊണ്ടുപോകാന്‍ ബാങ്ക് അധികൃതര്‍ കര്‍ഷകരോട് പറയുകയായിരുന്നു. ബാങ്കുകള്‍ക്ക് കിട്ടേണ്ട പണം കൃത്യമായി സര്‍ക്കാര്‍ നല്കി. ആ കാലഘട്ടത്തില്‍ തന്നെയാണ് തൊഴിലുറപ്പ് പദ്ധതി മുന്നോട്ടുവന്നത്. നേരത്തേ ആരംഭിച്ചിരുന്ന തൊഴിലുറപ്പ് പദ്ധതിയിലൂടെ കോടാനുകോടി കര്‍ഷക തൊഴിലാളികള്‍ക്ക് കഷ്ടിച്ച് ജീവിക്കാനുളള പണമെങ്കിലും നല്കിയതുകൊണ്ട് അവരുടെ വാങ്ങല്‍ കഴിവും കര്‍ഷകരുടെ വാങ്ങല്‍ കഴിവുപോലെ വര്‍ധിച്ചു.
മൂന്നാമത്തേത് അന്നത്തെ പേ കമ്മിഷനായിരുന്നു. പേ കമ്മിഷന്റെ ഭാഗമായി ഇടത്തരക്കാര്‍ക്ക് നല്ല വരുമാന വര്‍ധന ഉണ്ടായി. ഈ വരുമാന വര്‍ധനവും വാങ്ങല്‍ കഴിവ് വര്‍ധിപ്പിച്ചതുകൊണ്ട് ഇന്ത്യയിലെ മഹാഭൂരിപക്ഷം ആളുകളും മാര്‍ക്കറ്റിലേക്ക് പണവുമായി ഇറങ്ങി. മാര്‍ക്കറ്റ് സജീവമായി. അതുതന്നെയാണല്ലോ മാന്ദ്യത്തെ തകര്‍ക്കാനുളള ഏറ്റവും വലിയ ഒറ്റമൂലി. മോദി സര്‍ക്കാര്‍ ഈ അനുഭവത്തില്‍നിന്ന് പാഠം പഠിക്കണം. മുഖ്യ സാമ്പത്തിക വിദഗ്ധരുടെ സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ച് വേള്‍ഡ് എക്കണോമിക് ഫോറം പാകിസ്താനൊഴികെ ഇന്ത്യ അടക്കമുളള ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ മാന്ദ്യത്തിന്റെ ഗുരുതരാവസ്ഥയില്‍നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്. അമേരിക്കയും യൂറോപ്പും തന്നെയാണ് ഇത്തവണയും മാന്ദ്യത്തില്‍ ഒന്നാമതായി വരാന്‍ സാധ്യതയുളളതെന്നും പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ ഇന്ത്യയുടെ കൊടുക്കല്‍-വാങ്ങല്‍ കഴിവ് കൂടുകയാണോ കുറയുകയാണോ ചെയ്യുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആദ്യം പരിശോധിക്കേണ്ടതുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ വികസന രീതികള്‍ വന്‍കിട പ്രോജക്ടുകളില്‍ ഊന്നിയിട്ടുളളതാണ്. നിശ്ചയമായും നാഷണല്‍ ഹൈവേ പരിപാടികള്‍ അതുമായി ബന്ധപ്പെട്ട വാങ്ങല്‍ കഴിവ് വര്‍ധിപ്പിക്കുകയും ആ ഹൈവേകളുടെ വശങ്ങളില് താമസിക്കുന്നവരും അതിന്റെ വശങ്ങളിലൂടെ കടന്നുപോകുന്നവരുമായ കോടാനുകോടി ആളുകളെ സഹായിക്കുകയും ചെയ്യുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷേ, നമ്മുടെ കുടുംബങ്ങളുടെ സ്ഥിതി എന്താകുമെന്ന് ശ്രദ്ധിക്കാതെയാണ് ഓരോ കാര്യവും മോദി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മുഖ്യ സാമ്പത്തിക വിദഗ്ധരുടെ റിപ്പോര്‍ട്ടില്‍ പറയുന്ന ഒരു പ്രധാന കാര്യം കുടുംബങ്ങളിലെ ബാലന്‍സ് ഷീറ്റിനെ കുറിച്ചാണ്.
സര്‍ക്കാര്‍ മാക്രോ എക്കണോമിക് ഇന്‍ഡിക്കേറ്റേഴ്സ് എന്നറിയപ്പെടുന്ന ജി.ഡി.പിയും അതുപോലെ അനുബന്ധമായിട്ടുളള കമ്മികളുടെ കണക്കും മാത്രം പറഞ്ഞാല്‍ പോരാ. ഓരോ കുടുംബത്തിന്റെയും ബാലന്‍സ് ഷീറ്റ് എങ്ങനെയാണെന്നു പരിശോധിക്കുകയെന്നത് ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ്. ഈ വിഷയത്തില്‍ കോടാനുകോടി ഇന്ത്യന്‍ കുടുംബങ്ങളുടെ ബാലന്‍സ് ഷീറ്റ് എവിടെ നില്ക്കുന്നു എന്ന് മനസ്സിലാക്കാനുളള സര്‍വേകള്‍ക്ക് ഇന്ത്യയില്‍ പഞ്ഞമില്ല. ആ സര്‍വേകളുടെ അടിസ്ഥാനത്തില്‍ അവരെങ്ങനെ ജീവിക്കുന്നു. ഓരോ കര്‍ഷക തൊഴിലാളികളുടെ കുടുംബവും പാവപ്പെട്ടവരുടെ കുടുംബവും ഇടത്തരക്കാരുടെ കുടുംബവും കര്‍ഷകരും എങ്ങനെയാണ് ജീവിക്കുന്നത് എന്ന് മനസ്സിലാക്കുകയും അവരെ നേരിട്ട് സഹായിക്കുകയും ചെയ്യുകയെന്ന സമീപനമാണ് വേണ്ടത്. തൊഴിലുറപ്പ് പദ്ധതി പരാജയപ്പെട്ട സര്‍ക്കാരിന്റെ പ്രതീകമായി മോദി പരിഹസിച്ചെങ്കിലും ഇന്ന് കേരളം പോലുളള സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഒരു ദിവസം 310 രൂപ ലഭിക്കുന്നുണ്ട്.
തൊഴിലുറപ്പ് പദ്ധതിയെ ഞെരിച്ചു കൊല്ലാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്. കാര്‍ഷിക കടങ്ങളെ കുറിച്ച് മോദി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നില്ല. കര്‍ഷകര്‍ സജീവമായാലേ ഇടത്തരം പട്ടണങ്ങളും ഗ്രാമങ്ങളും സജീവമാകൂ എന്നത് വലിയ വൈദഗ്ധ്യം ഒന്നുമില്ലാത്തവര്‍ക്കും മനസ്സിലാക്കാവുന്ന കാര്യമാണ്. അതിലുപരി നമ്മുടെ നാട്ടിലെ ചെറുകിട കച്ചവടക്കാരുടെ, ഇന്നത്തെ ഭാഷയില്‍ സംരംഭകരുടെ, സ്ഥിതിയെന്താണ്? കോവിഡ് മൂലം തകര്‍ന്നുപോയ ചെറുകിട സംരഭകര്‍- ഒന്നും രണ്ടും തൊഴിലാളികളെ നിര്‍ത്തിയിട്ടുളള ചെറുകിട ഹോട്ടലുകള്‍ മുതല്‍ പെട്ടിക്കടകള്‍ വരെയുളള സംരംഭങ്ങള്‍- തകര്‍ന്നുപോയിട്ടുണ്ടെങ്കില്‍ അതിനെ തിരിച്ചുകൊണ്ടുവരാനുളള നടപടികള്‍ മാന്ദ്യത്തിന്റെ മേഘങ്ങള്‍ നില്ക്കുന്ന സന്ദര്‍ഭത്തില്‍ ചെയ്തുതീര്‍ക്കേണ്ടതായിട്ടുണ്ട്.
അവരുടെ ബാങ്കുവായ്പകളും ബാധ്യതകളും കൊച്ചുകൊച്ചു പെട്ടിക്കടകളുടെ ബാലന്‍സ് ഷീറ്റും വലിയ കമ്പനികളുടെ ബാലന്‍സ് ഷീറ്റ് പോലെ പ്രധാനമാണ്. അവിടെയാണ് കോടാനുകോടി ഇന്ത്യക്കാര്‍ ജീവിക്കുന്നത്. തെരുവില്‍ കച്ചവടം ചെയ്യുന്ന തൊഴിലാളിയും പച്ചക്കറി വില്‍ക്കുന്ന സ്ത്രീയും ഇന്ത്യന്‍ സമ്പദ്ഘടനയുടെ അടിസ്ഥാന ഘടകങ്ങളാണ്. അതുകൊണ്ട് അവരുടെ വിഷയങ്ങളില്‍ നേരിട്ട് ഇടപെടുകയും അവരുടെ വാങ്ങല്‍ കഴിവും അവരുടെ ബാലന്‍സ് ഷീറ്റും മെച്ചപ്പെടുത്തുകയും ചെയ്യാനുളള നടപടികള്‍ കൂടിയെടുത്താല്‍ ഇന്ത്യക്ക് വരാന്‍ സാധ്യതയുളള മാന്ദ്യത്തെ മറികടക്കാന്‍ കഴിയും
Content Highlights: world economic forum expects global recession
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..