ആരാന്റെ വീട്ടില്‍ അന്തി ഉറങ്ങുന്ന പെണ്ണുങ്ങള്‍


കെ കെ റസീന

*സ്വന്തം എന്ന് രേഖകള്‍ പ്രകാരം അവകാശപ്പെടാവുന്ന വീട് മിക്കവാറും സ്ത്രീകള്‍ക്ക് ഇല്ല എന്നതാണ് വാസ്തവം.

-

രസ്പരം പരിചയപ്പെടുന്നതിനിടയില്‍ വീടെവിടെയാ എന്ന പതിവ് ചോദ്യത്തിന് പിറകെ, സ്വന്തം വീട് എവിടെയാ എന്ന ഒരു ഉപചോദ്യം കൂടി വിവാഹിതരായ സ്ത്രീകള്‍ കേള്‍ക്കേണ്ടി വരാറുണ്ട്. നിലവില്‍ പറഞ്ഞ സ്ഥലം ഭര്‍ത്താവിന്റെ വീടാവും എന്ന ഊഹത്തില്‍ നിന്നുമുണ്ടാവുന്ന ഈ ചോദ്യത്തിന്, ജനിച്ചു വളര്‍ന്ന വീടിരിക്കുന്ന സ്ഥലപേരാണ് സാമ്പ്രദായിക ഉത്തരം! ആ വീട്ടില്‍ നിലവില്‍ സഹോദരനോ മറ്റോ ആയിരിക്കും താമസം. സ്വന്തം എന്ന് രേഖകള്‍ പ്രകാരം അവകാശപ്പെടാവുന്ന വീട് മിക്കവാറും സ്ത്രീകള്‍ക്ക് ഇല്ല എന്നതാണ് വാസ്തവം.

കെട്ടുറപ്പും സുരക്ഷിതത്വവുമുള്ള അനുയോജ്യമായ വാസസ്ഥലം, ജീവിതത്തിന്റെ മൗലികാവശ്യവും ഒരു അടിസ്ഥാന മനുഷ്യാവകാശവുമാണ്. വിവാഹ കേന്ദ്രീകൃത കുടുംബവ്യവസ്ഥയില്‍ സ്ത്രീകള്‍ക്ക് അപ്രാപ്യമാവുന്നവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്വന്തമായോ കൂട്ട് ഉടമസ്ഥതയിലുള്ള ഒരു പാര്‍പ്പിടം എന്നത്.'നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴി ഇടങ്ങഴി മണ്ണുണ്ട് ...... നോമ്പും നോറ്റന്നെ കാത്തിരിക്കുന്ന വഴക്കൂമ്പ് പോലൊരു പെണ്ണുണ്ട് ' എന്ന പുരുഷ സങ്കല്പത്തില്‍ പൂണ്ടു വിളയാടി വളര്‍ന്ന ഒരു സമൂഹത്തില്‍ സ്ത്രീക്കൊറ്റയ്‌ക്കോ സ്ത്രീക്ക് കൂടി അവകാശമുള്ളതോ ആയ വീട് എന്നത് അത്ര പ്രചാരം സിദ്ധിച്ച ചിന്തയല്ല.

സ്വന്തം വീട്ടില്‍ കെട്ടിച്ച് അയക്കപ്പെടേണ്ടവള്‍ എന്ന മേല്‍വിലാസത്തില്‍ വിവാഹം വരെ മാത്രം താമസിക്കാന്‍ വിധിക്കപ്പെടുന്ന സ്ത്രീകള്‍ വിവാഹ ശേഷം ഭര്‍തൃവീട്ടിലേക്ക് താമസം മാറാന്‍ നിര്‍ബന്ധിതരാവുന്നു. സാമ്പ്രദായിക രീതികള്‍ പ്രകാരം മിക്ക മതസ്ഥരിലും കുടുംബവീട് ആണ്‍ മക്കള്‍ക്കുള്ളതാണ്. ജനിച്ചു വളര്‍ന്ന വീട്ടിലുള്ള എല്ലാ അവകാശങ്ങളും വിവാഹത്തോടെ നഷ്ടപെടുന്ന സ്ത്രീ ഭര്‍തൃ വീട്ടിലെ സ്ഥിരം അന്തേവാസിയാവുന്നു. ഒന്നോ രണ്ടോ മക്കള്‍ ആവുന്നതോടെ ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം മറ്റൊരു വീട്ടിലേക്ക് മാറി താമസിക്കുക എന്നത് പല സ്ത്രീകളുടെയും സ്വപ്ന സാക്ഷാത്കാരമാണ്.

പിതൃ സ്വത്തവകാശം മുന്‍നിര്‍ത്തി ആണുങ്ങള്‍ പണിയുന്ന വീട്ടില്‍ ജോലി ഇല്ലാത്ത സ്ത്രീയുടെ സാമ്പത്തികമായ പങ്കാളിത്തം വീട്ടില്‍ നിന്നും സ്ത്രീധനമായി കിട്ടിയ സ്വര്‍ണ്ണം വിറ്റതുകയോ മറ്റോ ആയിരിക്കും. സ്വന്തം പിതൃ സ്വത്തോ അധ്വാനഫലമോ ഉള്‍പ്പെടുത്തി പുരുഷന് ഒപ്പമോ അതില്‍ കൂടുതലോ ആയി വീട് നിര്‍മ്മാണത്തില്‍ പങ്കുകൊള്ളുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. പക്ഷേ അപ്പോഴും അതില്‍ വീടിന്റെ രേഖകള്‍ പ്രകാരമുള്ള അവകാശി പുരുഷന്‍ തന്നെയാവുന്നു എന്നത് ശ്രദ്ധേയമാണ്. പുതുതലമുറയില്‍ പെട്ട ആളുകള്‍ക്കിടയില്‍ പോലും വീടിന്റെ ഉടമസ്ഥതയുടെ കാര്യം വരുമ്പോള്‍ പലവിധ ന്യായങ്ങള്‍ പറഞ്ഞു കൊണ്ട് വീടും സ്ഥലവും രജിസ്റ്റര്‍ ചെയ്യുന്നത് പുരുഷന്റെ പേരിലാണ്.

നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വെ (2020 2021 )പുറത്തു വിട്ട കണക്കുകള്‍ പ്രകാരം കേരളത്തില്‍, 15 മുതല്‍ 49 വയസു വരെ ഉള്ള സ്ത്രീകളില്‍, 25 ശതമാനം പേര്‍ക്ക് മാത്രമാണ് സ്വന്തം പേരിലോ മറ്റു ആരുടെ എങ്കിലും പേരിലോ ഭൂമിയോ വീടോ ഉള്ളത്. മറ്റേതെങ്കിലും കുടുംബത്തോടൊപ്പമെങ്കിലും ഭൂമിയോ വീടോ സ്വന്തമായുള്ള സ്ത്രീകളുടെ കണക്കാണിത്.

ബാക്കി 75 ശതമാനം സ്ത്രീകളും വീടോ, ഒരുതരി ഭൂമിയോ സ്വന്തമായി ഇല്ലാത്തവരോ ഭര്‍ത്താവിന്റെയോ മറ്റോ പേരിലുള്ള വീടുകളില്‍ അന്തേവാസികളായവരോ ആണ്. 2011-ലെ പാര്‍പ്പിട സെന്‍സസ് പ്രകാരം ഓരോ 1000 പേര്‍ക്കും കേരളത്തില്‍ 336 വീടുകളുണ്ട്. (ഇന്ത്യ മൊത്തത്തില്‍ ഇത് 1000 പേര്‍ക്ക് 273 വീടുകളാണ്). 1961 മുതല്‍ 2011 വരെയുള്ള കാലയളവില്‍ കേരളത്തിലെ വാസയോഗ്യമായ കെട്ടിടങ്ങളുടെ വളര്‍ച്ച 3 മടങ്ങും, ദേശീയതലത്തില്‍ ഇത് 2 മടങ്ങുമാണ്. ദേശീയനിലവാരത്തില്‍ നിന്നും കേരളത്തില്‍ കാണുന്ന ഈ വ്യത്യാസത്തിന്റെ പ്രധാന ഗുണഭോക്താവ് പുരുഷനാണ് എന്നത് നാഷണല്‍ ഫാമിലി ഹെല്‍ത് സര്‍വേ ഫലം കൂടി ചേര്‍ത്തു വായിച്ചാല്‍ മനസിലാവും.

വീടിന്റെയോ ഭൂമിയുടെയോ മേല്‍ സ്ത്രീകള്‍ക്കുള്ള അവകാശത്തെ കുറിച്ച് ഡല്‍ഹി നഗരത്തില്‍ നിന്നുമുള്ള 2020-21 നാഷണല്‍ ഫാമിലി ഹെല്‍ത് സര്‍വേ ഫലവും ഏറെ ശ്രദ്ധേയമാണ്. സ്വന്തമായൊ മാറ്റാര്‍ക്കെങ്കിലും ഒപ്പമോ വീടോ ഭൂമിയോ ഉള്ള സ്ത്രീകളുടെ എണ്ണം 2015-16 സര്‍വേയില്‍ മുപ്പത്തിയഞ്ച് ശതമാനമായിരുന്നു. എന്നാല്‍ 2020-21 സര്‍വേയില്‍ ഇത് ഇരുപത്തി രണ്ട് പോയിന്റ് ഏഴു ശതമാനമായി കുറഞ്ഞു. അഥവാ, സ്ത്രീകള്‍ ദ്രുതഗതിയില്‍ കൈവരിച്ചു കൊണ്ടിരിക്കുന്ന വിദ്യാഭ്യാസമുന്നേറ്റവും, സാമ്പത്തിക സ്വാതന്ത്ര്യവും നഗര പ്രദേശങ്ങളില്‍ പോലും സ്ത്രീക്ക് ഉതകുന്ന വിധത്തിലുള്ള ജീവിതസാഹചര്യമായി മാറുന്നില്ല എന്ന് ചുരുക്കം.

പുരുഷന് തുല്യമോ അതില്‍ കൂടുതലോ ആയി സ്ത്രീ സമ്പാദിക്കുകയും വീട് നിര്‍മ്മാണത്തിലും സ്വത്ത് സമ്പാദനത്തിലും തുല്യ പങ്കാളിത്തം വഹിച്ചു തുടങ്ങുകയും ചെയ്തിട്ടും സ്വത്തിന്റെ അവകാശി പുരുഷനാവണം എന്ന പരമ്പരാഗത ശൈലിക്ക് കാര്യമായ മാറ്റം സംഭവിക്കുന്നില്ല. പല മതങ്ങളിലും പിതൃ സ്വത്തില്‍ സ്ത്രീകള്‍ക്ക് പുരുഷന് തുല്യം അവകാശമില്ല. നിയമപരമായി പിതൃ സ്വത്തില്‍ തുല്യ അവകാശം ഉള്ള മതങ്ങളില്‍ പോലും അത് സ്ത്രീകള്‍ക്ക് വകവെച്ചുകിട്ടുന്നതിന് പരിമിതികള്‍ ഉണ്ട് എന്നതുമാണ് പ്രധാന കാരണം.

വിവാഹ ശേഷം വീട് പണിയുന്നത് ഭര്‍ത്താവിന്റെ വീടിനോട് ചേര്‍ന്നോ ഭര്‍ത്താവിനു സൗകര്യമുള്ള ഇടത്തോ ആവുന്നതോടെ പിതൃ സ്വത്തില്‍ അവകാശം ലഭിച്ച സ്ത്രീകള്‍ക്ക് പോലും ആ സ്വത്ത് വീട് നിര്‍മ്മാണത്തിനായി ഉപയോഗിക്കാന്‍ കഴിയാതെയും വരുന്നു. സ്വന്തമായി സമ്പാദിക്കുന്നതോ പരമ്പരാഗത അവകാശമായി ലഭിക്കുന്നതോ ആയ പണം ഇഷ്ടം പോലെ കൈകാര്യം ചെയ്യാനുള്ള അവകാശം പല സ്ത്രീകള്‍ക്കും ഇല്ല എന്നതാണ് മറ്റൊരു വാസ്തവം. പലപ്പോഴും ഭര്‍തൃ പിതാവിന്റെയോ മറ്റോ ഭൂമിയില്‍ ഒരു പങ്ക് പതിച്ചു വാങ്ങി അതില്‍ പണിയുന്ന വീട്ടില്‍ ഭൂമിയുടെ സ്വാഭാവിക അവകാശി പുരുഷനായിരിക്കും. ആരാന്റെ പറമ്പില്‍ പണിയുന്ന വീട്ടില്‍ വന്നു കയറിയ പെണ്ണിന് എന്ത് തരം ഉടമസ്ഥതയാണ് സ്ഥാപിക്കുവാനാവുക?ഇപ്പറഞ്ഞ സാഹചര്യങ്ങള്‍ ഒക്കെ അനുകൂലമായി വന്നാല്‍ പോലും എല്ലാറ്റിന്റെയും അധികാരി താനാണവണം എന്ന പുരുഷധിപത്യ വ്യവസ്ഥയെ വെല്ലുവിളിക്കുക അത്ര എളുപ്പമല്ല, അതിന് മുതിര്‍ന്നാല്‍ തന്നെ സ്വന്തം കുടുംബത്തിന്റെ പോലും പിന്തുണ ലഭിച്ചു കൊള്ളണമെന്നും ഇല്ല.

വീടുപണി പൂര്‍ത്തീകരിക്കാന്‍ സ്വന്തം പേരില്‍ ബാങ്ക് ലോണ്‍ അടക്കം ഉള്ള പല ഉദ്യോഗസ്ഥകളും മാസമാസം ലോണടച്ചുകൊണ്ടിരിക്കുന്നത് ഭര്‍ത്താവിന്റെ പേരില്‍ ആധാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വീടിന് വേണ്ടിയാണ്. വീട്ടുടമസ്ഥ ആവണോ ഭര്‍തൃമതിയായി തുടരണോ എന്ന ചോദ്യത്തിന് മുമ്പില്‍ രണ്ടാമത്തെ ഓപ്ഷന്‍ തിരഞ്ഞെടുക്കാനുള്ള സാമൂഹിക സാഹചര്യമേ ഇന്ന് സ്ത്രീകള്‍ക്ക് നിലനില്‍ക്കുന്നുള്ളു.

പലപ്പോഴും മരണത്തില്‍ വരെ കൊണ്ടെത്തിക്കുന്ന ഭര്‍തൃ പീഡനങ്ങള്‍ സഹിക്കാന്‍ സ്ത്രീ നിര്‍ബന്ധിതയാവുന്നതിന്റെ കാരണങ്ങളില്‍ ഒന്ന് ഈ വീടില്ലായ്മയാണ്. ഇവിടെ നിന്നും ഇറങ്ങിയാല്‍ എങ്ങോട്ട് എന്ന ചോദ്യത്തിന് ഉത്തരമില്ലാത്ത അവസ്ഥയാണ് സ്ത്രീകളെ എന്തിനോടും പൊരുത്ത പെടുന്ന ഭാര്യമാരാക്കി നിലനിര്‍ത്തുന്നത്. ജോലി എടുത്ത് അധ്വാനിച്ചു ജീവിച്ചിട്ട് പോലും വിവാഹ മോചിതരാവുന്നതോടെ ജന്മ വീട്ടിലേക്ക് മടങ്ങേണ്ടി വരുന്ന സ്ത്രീകള്‍ ധാരാളമുണ്ട്.

പരസ്പരം ഉണ്ടായിരുന്ന സ്‌നേഹത്തിന്റെയോ വിശ്വാസത്തിന്റെയോ പേരില്‍ ഭൂമി വാങ്ങി വീട് വെക്കുമ്പോള്‍ കാണിച്ച വിട്ടുവീഴ്ച, അതല്ലെങ്കില്‍ കരുതലില്ലായ്മ ദാമ്പത്യബന്ധത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളോടെ സ്ത്രീകളെ അന്തി ഉറങ്ങാന്‍ ഇടമില്ലാത്തവരാക്കി മാറ്റിയേക്കും. എപ്പോള്‍ വേണമെങ്കിലും ഭാര്യയെ വേണ്ടന്നു വെക്കാന്‍ എല്ലാവിധ സാമൂഹിക സാഹചര്യവുമുള്ള,തരാതരം പോലെ ആ സാഹചര്യം ഏകപക്ഷീയമായി ഉപയോഗിക്കുകയും ചെയ്യുന്ന പുരുഷന്‍ അവന്റെ സ്വന്തം പേരില്‍ പണികഴിപ്പിക്കുന്ന വീട്ടില്‍ ഭാര്യാ പദവിയില്‍ ഉള്ള സ്ത്രീയെ കൂടി കലാകാലം താമസിക്കുവാന്‍ അനുവദിക്കുന്ന ഈ ഔദാര്യത്തിന് പറയുന്ന പേരാണ് സംതൃപ്തകുടുംബമെന്നത്!

വിവാഹത്തിന് പുറത്തു സ്വതന്ത്ര്യമായി ജീവക്കുന്ന ചില സ്ത്രീകള്‍ സ്വന്തം നിലക്ക് പാര്‍പ്പിടം കണ്ടതുന്നുണ്ട്. സര്‍ക്കാരിന്റെ പലവിധത്തിലുള്ള പാര്‍പ്പിട പദ്ധതികളും ഇതില്‍ വലിയ പങ്കാളിത്തം വഹിക്കുന്നുണ്ട്. വിവാഹസമയത്തു സ്ത്രീധനമായി പിതൃ സ്വത്ത്‌ ഭൂമിയായി തന്നെ സ്ത്രീയുടെ പേരില്‍ നല്‍കുന്ന പതിവ് തെക്കന്‍ കേരളത്തില്‍ കുറച്ചിടങ്ങളില്‍ നിലവിലുണ്ട്, ആ ഭൂമിയില്‍ വീട് ഉണ്ടാകുന്നവര്‍ക്ക് ഭൂമിയിലുള്ള സ്വാഭാവിക അവകാശം വഴി സ്വന്തം വീട്ടില്‍ താമസിക്കാന്‍ ഭാഗ്യമുണ്ടാവുന്നുണ്ട്.

പിതൃ സ്വത്തിലുള്ള സ്ത്രീകളുടെ അവകാശമില്ലായ്മ കൂടി മുന്‍നിര്‍ത്തി ആലോചിക്കുമ്പോള്‍ സ്ത്രീധനമെന്ന ഏറ്റവും സ്ത്രീ വിരുദ്ധമായ ആശയത്തിന്റെ മറുവശം കൂടിയാണിത്. ഭര്‍ത്താവ് ഭാര്യവീട്ടില്‍ താമസിക്കുന്ന,കണ്ണൂരിലെ ചില പ്രദേശങ്ങളിലും, സ്ത്രീകള്‍ക്ക് ജനിച്ച വീടിന്റെ മേല്‍ സ്വാഭാവികമായ അവകാശം കൈവരുന്നുണ്ട്. പരമ്പരാഗത സ്വത്തിലുള്ള അവകാശം സ്ത്രീക്കും പുരുഷനും തുല്യമായി ഏകീകരിക്കുകയും അത് സ്ത്രീകള്‍ക്ക് അനുഭവേദ്യമാവുകയും ചെയ്യേണ്ടതുണ്ട്. അതോടൊപ്പം തന്നെ വിവാഹ കേന്ദ്രീകൃത ജീവിതസ്വപ്നങ്ങള്‍ക്ക് അപ്പുറത്തേക്ക് സ്വന്തമായ വ്യക്തിത്വവും ജീവിത പരിസരങ്ങളും സ്വയമൊരുക്കുന്നതില്‍ സ്ത്രീകള്‍ പരുവപ്പെടേണ്ടതായും..

Content Highlights: Women empowerment column by Raseena T K


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented