ദിലീപിന്റെയും വിജയ്ബാബുവിന്റെയും സിനിമ കാണുന്നതിൽ എന്താണ് പ്രശ്നമെന്ന് ചോദിക്കുന്നവരോട് | വഴിപോക്കൻ


വീഴരുത്, വീണുപോവരുത് എന്നാണ് നമ്മൾ ഈ സ്ത്രീകളോട്, ഈ പെൺകുട്ടികളോട് പറയേണ്ടത്. ജിവിതത്തിന്റെ എല്ലാ വ്യവഹാര മേഖലകളിലും, അതിപ്പോൾ അരങ്ങായാലും അടുക്കളയായാലും, ചെറുത്തുനിൽപ്പിന്റെ പോർമുഖങ്ങൾ നമ്മൾ തുറന്നെടുക്കേണ്ടിയിരിക്കുന്നു.

ദിലീപ്, വിജയ് ബാബു | ഫോട്ടോ: മാതൃഭൂമി

തിനാറ് കൊല്ലം മുമ്പ് 2006-ലാണ് എഡ്വേഡ് സ്വിക്ക് സംവിധാനം ചെയ്ത 'Blood Diamond' എന്ന ഹോളിവുഡ് ചിത്രം പുറത്തിറങ്ങിയത്. ലിയണാഡൊ ഡി കാപ്രിയൊയുടെയും ജയ്മൻ ഹൻസുവിന്റെയും തകർപ്പൻ അഭിനയം കൊണ്ട് ശ്രദ്ധേയമായ ഈ സിനിമ കണ്ടതിനു ശേഷം ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നത് നിർത്തിയ പലരേയും ഈ ലേഖകനറിയാം. ആഫ്രിക്കയിലെ ഖനികളിൽനിന്നു പുറത്തേക്കെത്തുന്ന വജ്രങ്ങളിൽ പുരണ്ടിട്ടുള്ള രക്തത്തിന്റെ കഥയാണ് ബ്ലഡ് ഡയമണ്ട് പറയുന്നത്. ഈ വജ്രങ്ങൾ കണ്ടെടുക്കുന്നതിനും പുറംരാജ്യങ്ങളിലെ വിപണികളിൽ എത്തിക്കുന്നതിനുമിടയിൽ കുട്ടികളടക്കം എത്രയോ മനുഷ്യർ കൊല ചെയ്യപ്പെടുന്നുണ്ടെന്ന അറിവാണ് വജ്രാഭരണങ്ങളുടെ നിരാകരണത്തിലേക്കും തിരസ്‌കരണത്തിലേക്കും എത്തിയത്.

1984-ൽ ഭോപ്പാൽ ദുരന്തത്തിൽ ആയിരക്കണക്കിന് മനുഷ്യർ മരിച്ചുവീണപ്പോൾ അതിനെതിരെയുള്ള പ്രതികരണങ്ങളിലൊന്ന് എവറെഡി ബാറ്ററിയുടെ ബഹിഷ്‌കരണമായിരുന്നു. അന്നുതൊട്ടിന്നോളം ബാറ്ററി വാങ്ങാൻ കടയിൽ കയറിയാൽ എവറെഡി വാങ്ങുന്ന പ്രശ്നമേയില്ല. എവറെഡി എന്ന പേര് കേൾക്കുമ്പോൾ ഭോപ്പാലിൽ മരിച്ചുവീണവരുടെ നിലവിളി കാതിൽ മുഴങ്ങുന്നതുപോലെ തോന്നും.

കൊക്കകോള കാണുമ്പോൾ പ്ലാച്ചിമടയിലെ സാധാരണ മനുഷ്യരുടെ കുടിവെള്ളം ഓർമ്മവരുന്നതു പോലെയാണത്. കൊക്കക്കോള സ്ഥിരം കുടിച്ചിരുന്ന എത്രയോ പേർ പ്ലാച്ചിമട സമരത്തിനു ശേഷം മറ്റ് പാനീയങ്ങളിലേക്ക് തിരിഞ്ഞു. അറിവ് തിരിച്ചറിവാകുന്നതിന്റെ ഫലമാണിത്. ആഹാരത്തിന്റെയും നിത്യോപയോഗ വസ്തുക്കളുടെയും കാര്യത്തിൽ മാത്രമല്ല, കലയുടെ കാര്യത്തിലും ഈ നിലപാടിന് പ്രസക്തിയുണ്ട്.

ശരീരം പോലെ തന്നെ പ്രധാനമാണ് മനസ്സും. നടൻ ദിലിപിന്റെ സിനിമ കാണില്ലെന്ന് പറയുന്നവർ, വിജയ് ബാബുവിന്റെ ചലച്ചിത്രങ്ങൾ ബഹിഷ്‌കരിക്കണമെന്ന് പറയുന്നവർ ഒരു നിലപാട് മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഒരു സിനിമയും കലയും അത് സൃഷ്ടിക്കുന്നവരുടെ ജീവിതത്തിൽനിന്ന് മാറിനിൽക്കുന്ന ഉത്പന്നങ്ങളല്ല എന്ന വീക്ഷണമാണത്. ഒന്നും ശൂന്യതയിൽനിന്ന് ഉണ്ടാവുന്നില്ലെന്ന യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്ന കാഴ്ചപ്പാട്. കലയെ കലാകാരനിൽനിന്ന് അഥവാ കലാകാരിയിൽനിന്ന് മാറ്റി നിർത്തണമെന്നും ഇത് രണ്ടും കൂട്ടിക്കുഴയ്ക്കരുതെന്നുമാണ് ഈ വാദത്തിന്റെ മറുഭാഗത്ത് നിൽക്കുന്നവർ പറയുന്നത്. പാപം വേറെ പാപി വേറെ എന്ന നിലപാട്.

Also Read
EXCLUSIVE

ഇര ശരീരം ക്ഷയിച്ച് ആശുപത്രിയിൽ; പ്രതിയായ ...

EXCLUSIVE

'പടവെട്ട്' സിനിമയുടെ ക്രെഡിറ്റിൽ ലിജു കൃഷ്ണയുടെ ...

പടവെട്ട് സിനിമയിൽ നിന്ന് സംവിധായകന്റെ പേരെടുത്ത് ...

കലയിൽനിന്ന് സ്രഷ്ടാവിനെ മാറ്റിനിർത്താനാവില്ല

ലിജു കൃഷ്ണ എന്ന സംവിധായകന്റെ പേരിൽ പുറത്തിറങ്ങാനിരിക്കുന്ന പടവെട്ട് എന്ന സിനിമയിൽനിന്നു സംവിധായകന്റെ പേര് എടുത്തുമാറ്റണമെന്ന് ഈ സംവിധായകനിൽനിന്ന് ബലാത്സംഗം നേരിട്ട പെൺകുട്ടി കഴിഞ്ഞ ദിവസം മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ ആവശ്യപ്പെട്ടിരുന്നു. ലിജു കൃഷ്ണ തന്നോട് ചെയ്ത കടുത്ത അതിക്രമത്തിന് തനിക്ക് കിട്ടേണ്ട നീതികളിൽ ഒന്നാണിതെന്നാണ് ആ പെൺകുട്ടി പറയുന്നത്.

''ഞാനിവിടെ ജീവൻ നിലനിർത്താൻ പെടാപ്പാട് പെടുമ്പോൾ, അവൻ അവിടെ സിനിമയെടുത്ത് ആഘോഷിച്ച് നടക്കുന്നത് എനിക്ക് ചിന്തിക്കാൻ പോലുമാവില്ല. സിനിമ റിലീസ് ചെയ്യുമ്പോൾ 'പടവെട്ട്' സിനിമയുടെ ക്രെഡിറ്റ് ലൈനിൽനിന്ന് സംവിധായകനായ ലിജു കൃഷ്ണയുടെ പേരെടുത്ത് കളയേണ്ട ചെറിയ നീതിയെങ്കിലും ഞാനർഹിക്കുന്നുണ്ട്.'' ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം അയാൾക്ക് കിട്ടാവുന്ന വലിയ ശിക്ഷകളിൽ ഒന്നാണ് അയാളുടെ പേര് സിനിമയുടെ ക്രെഡിറ്റ് ലൈനിൽനിന്നു നീക്കം ചെയ്യപ്പെടുന്നു എന്നത്. കലയിൽനിന്ന് സ്രഷ്ടാവിനെ മാറ്റി നിർത്തുന്ന പരിപാടി അംഗീകരിക്കാനാവില്ലെന്ന വ്യക്തവും കൃത്യവുമായ നിലപാടാണ് ഈ പെൺകുട്ടി എടുക്കുന്നത്.

'Messengers of the Right: Conservative Media and the Transformation of American Politics' എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ രചയിതാവായ നിക്കൊൾ ഹെമ്മർ ഈ വിഷയത്തിൽ ഒരു ലേഖനമെഴുതിയിട്ടുണ്ട് ( How to think about consuming art made by sexual predators) ലൈംഗിക കുറ്റവാളികളുടെ സൃഷ്ടികൾ ആസ്വദിക്കുന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ചയാർന്ന നിരീക്ഷണങ്ങളാണ് ഈ ലേഖനത്തിൽ നിക്കൊൾ പങ്കുവെയ്ക്കുന്നത്.

പോൾ ഗൊഗാൻ എന്ന ചിത്രകാരന്റെ പെയിന്റിങ്ങുകൾ ലോകപ്രശസ്തമാണ്. ചിത്രകലയിൽ ഈ ഫ്രഞ്ച് ചിത്രകാരനുള്ള സ്ഥാനം പക്ഷേ, അടുത്ത കാലത്ത് ചോദ്യം ചെയ്യപ്പെടാൻ തുടങ്ങിയത് ഇദ്ദേഹത്തിന്റെ ലൈംഗിക പീഡനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെയാണ്. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ തന്റെ പെയിന്റിങ്ങിനുള്ള മോഡലുകളാക്കുകയും അവരെ നിർദ്ദയം ശാരീരികമായി ചൂഷണം ചെയ്യുകയും ചെയ്തിരുന്ന ഗൊഗാന്റെ ചിത്രങ്ങൾ ഇനിയങ്ങോട്ട് ലോകോത്തരം എന്ന് വാഴ്ത്താനാവില്ലെന്നും പ്രശസ്തമായ ഗാലറികളിൽനിന്ന് ഈ ചിത്രങ്ങൾ നീക്കം ചെയ്യപ്പെടണമെന്ന ആവശ്യം ഉയരുന്നുണ്ടെന്നുമാണ് ഹെമ്മർ എഴുതുന്നത്.

ഹാർവ്വി വിൻസ്റ്റിൻ | Photo: AFP

വുഡി അലൻ, ഹാർവ്വി വിൻസ്റ്റിൻ എന്നിവരുടെ സിനിമകൾ വിപണിയിൽനിന്ന് പിൻലിക്കപ്പെടണമെന്ന ആവശ്യം ഉയരുന്നതും ഈ പരിസരത്തിലാണ്. എത്രയോ നടിമാരുടെ ശരീരവും മനസ്സും തകർത്തിട്ടാണ് വിൻസ്റ്റിനെപ്പോലുള്ളവർ സിനിമകൾ എടുക്കുന്നത്. വിൻസ്റ്റിൻ നിർമ്മിച്ച സിനിമകൾക്ക് മേൽ ചൂഷണത്തിന്റെയും പീഡനത്തിന്റെയും വലിയൊരു നിഴലുണ്ട്. ഈ നിഴലിനെ മാറ്റിനിർത്തി ആ സിനിമകൾ കാണാനാവില്ല.

ഒരു പുസതകമോ പെയിൻിങ്ങോ പോലെ ഒരാളുടെ മാത്രം സൃഷ്ടിയല്ല സിനിമകൾ. അതുകൊണ്ടുതന്നെ സിനിമ തിയേറ്ററിലോ ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ വഴിയോ പ്രദർശിപ്പിരുതെന്ന് പറയുന്നത് പ്രായോഗികമായി മാത്രമല്ല, താത്വികമായും ശരിയാണോയെന്ന ചോദ്യം ഉയരാം. ഹോളിവുഡ് നടി സൽമ ഹയക് അനശ്വരമാക്കിയ ഫ്രീഡ എന്ന സിനിമ നിർമ്മിച്ചത് ഹാർവ്വി വിൻസ്റ്റിൻ ആണ്. ഈ സിനിമയുമായി ബന്ധപ്പെട്ട് വിൻസ്റ്റിൻ തന്നെ പീഡിപ്പിച്ചതിനെക്കുറിച്ച് സൽമ തുറന്ന് പറയുകയുണ്ടായി.

സൽമ ഹയക് | Photo: AP

സൽമയുടെ പീഡനത്തിന്റെ നിഴൽ 'ഫ്രീഡ'യ്ക്ക് മേലുണ്ട്. പക്ഷേ, 'ഫ്രീഡ' ബഹിഷ്‌കരിക്കണമെന്ന് അങ്ങിനെയങ്ങ് എളുപ്പത്തിൽ പറയാനാവില്ലെന്നാണ് നിക്കൊൾ പറയുന്നത്. കാരണം സൽമയുടെ സ്വപ്നസാക്ഷാത്കാരമായിരുന്നു ഈ സിനിമ. 'ഫ്രീഡ'യ്ക്ക് വേണ്ടി സൽമ ചെലവഴിച്ച സമയത്തിനും ഊർജ്ജത്തിനും കണക്ക് വെയ്ക്കാനാവില്ല. 'ഫ്രീഡ' ബഹിഷ്‌കരിക്കണമെന്ന് പറഞ്ഞാൽ അതൊരു തലത്തിൽ സൽമയോടുള്ള അനീതിയായി പരിണമിക്കും. ഫ്രീഡ കാലൊ എന്ന ചിത്രകാരിയുടെ ജീവിതം സിനിമയാക്കുക എന്നത് സൽമയുടെ വലിയൊരു അഭിലാഷവും ആഗ്രഹവുമായിരുന്നു. ഈ വിഷയത്തിൽ എല്ലായിടത്തും പ്രയോഗിക്കാവുന്ന ഒരു ഉത്തരമില്ലെന്നും ഓരോ സംഭവവും പ്രത്യേകമായി കാണണമെന്നും നിക്കൊൾ പറയുന്നത് ഈ പശ്ചാത്തലത്തിലാണ്. 'ഫ്രീഡ' നമുക്ക് കാണാതിരിക്കാനാവില്ല. പക്ഷേ, 'ഫ്രീഡ' കാണുമ്പോൾ വിൻസ്റ്റിന്റെ പീഡനങ്ങൾ നമ്മൾ ഓർക്കുക തന്നെ വേണം.

'ഫ്രീഡ'യുടെ കാര്യത്തിലുയരുന്ന സന്ദേഹങ്ങൾ പടവെട്ടിൽ ഉദിക്കുന്നില്ല. കാരണം പടവെട്ട് ഇരയായ പെൺകുട്ടിയുടെ സ്വപ്നസാക്ഷാതകാരമല്ല, മറിച്ച് അവളുടെ സ്വപ്്നങ്ങളുടെ തകർച്ചയും നിഷേധവുമാണ്. അതിനുത്തരവാദിയായ ആൾക്ക് ഏറ്റവുമാദ്യം നൽകാവുന്ന ശിക്ഷ അയാളുടെ പേര് സിനിമയിൽനിന്നു നീക്കം ചെയ്യുക എന്നത് തന്നെയാണ്. കാരണം ഈ സിനിമ നിർമ്മിക്കപ്പെട്ടിരിക്കുന്നത് ആ പെൺകുട്ടിയുടെ കണ്ണീരിലും രക്തത്തിലുമാണ്.

വേണം മുന്നറിയിപ്പ്

കോടതി ശിക്ഷ വിധിക്കുന്നതുവരെ ഒരാൾ നിരപരാധിയല്ലേ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. കോടതിയുടെ ഇടപെടൽ തെളിവുകൾക്ക് പുറത്താണ്. മനഃസാക്ഷിയുടെ കോടതിയിൽ തെളിവുകളല്ല, സത്യമാണ് നിർണ്ണായകം. ഒരു പെൺകുട്ടിയും ഇത്തരം കേസുകളിൽ നുണ പറയില്ലെന്ന പ്രഥമവും പ്രധാനവുമായ തിരിച്ചറിവിന്റെ പുറത്തുള്ള ആവശ്യമാണിത്. ഈ ആവശ്യം സമൂഹം തീർച്ചയായും ചർച്ച ചെയ്യണം. ഇതൊരു കോടതി വിധിയല്ല. ധാർമ്മികതയുടെ തട്ടകത്തിൽനിന്ന് ഉയരുന്ന നിലവിളിയും രോദനവുമാണത്.

മദ്യക്കുപ്പിയിലും സിഗരറ്റ് പായ്ക്കറ്റിലുമുള്ള മുന്നറിയിപ്പുകൾ ഇത്തരം സൃഷ്ടികൾക്ക് മേലും വേണം. നമ്മൾ കാണാൻ പോകുന്നത് ഒരു ലൈംഗിക പീഡകന്റെ സിനിമയും രചനയും ചിത്രവുമാണെന്ന മുന്നറിയിപ്പ്. സിനിമ കാണണോ വേണ്ടയോ എന്നത് ഒരോരുത്തരുടെയും തീരുമാനവും നിശ്ചയവുമാണ്. ദിലീപിന്റെയും വിജയ് ബാബുവിന്റെയും സിനിമകൾ കാണണമോ സിവിക് ചന്ദ്രന്റെ രചനകൾ വായിക്കണമോ എന്നത് ആത്യന്തികമായി വ്യക്തിപരമായ തീർപ്പാണ്. ആർക്കും ആരുടെ മേലും ഇത്തരം തീരുമാനങ്ങൾ അടിച്ചേൽപിക്കാനാവില്ല. പക്ഷേ, ഇത്തരം മുന്നറിയിപ്പുകൾ നമുക്ക് ചില ഉൾക്കാഴ്ചകൾ സമ്മാനിക്കും. സിനിമ നൽകുന്ന വിനോദവുമായി മാത്രമല്ല പൊള്ളിക്കുന്ന ചില യാഥാർത്ഥ്യങ്ങളുമായിക്കൂടി നമ്മൾ മുഖാമുഖം വരുന്ന നിമിഷമാണത്. ആ നിമിഷങ്ങൾ നമ്മുടെ ആസ്വാദനത്തിനെ മാറ്റിമറിക്കും .

നിക്കൊളിന്റെ വാക്കുകൾ ഇവിടെ എടുത്തുചേർക്കുകയാണ്: ''we don't need to erase these men and their art, but we can no longer see it as unalloyed entertainment or drama, hermetically sealed off from the 'real world.' ( ഈ മനുഷ്യരെയും അവരുടെ കലയേയും തുടച്ചുനീക്കേണ്ട കാര്യമില്ല, പക്ഷേ, യഥാർത്ഥ ലോകത്തിൽനിന്നു പൂർണ്ണമായും മാറ്റിനിർത്തപ്പെടുന്ന, കലർപ്പില്ലാത്ത വിനോദവും നാടകീയതയും മാത്രമായി ഇവയെ നമുക്കിനിയങ്ങോട്ട് കാണാനാവില്ല).

ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് സംഭവിക്കുന്നത്

ആൺ മേൽക്കോയ്മ കൊടികുത്തിവാഴുന്ന ലോകമാണ് സിനിമയുടേത്. ഹോളിവുഡ് ആയാലും ബോളിവുഡ് ആയാലും മോളിവുഡ് ആയാലും അവസ്ഥ ഒന്നു തന്നെയാണ്. കാലം മാറി, സിനിമയുടെ ഭാഷയിലും ഘടനയിലും വലിയ മാറ്റങ്ങളുണ്ടായി. ഷീലയുടെയും ശാരദയുടെയും ജയഭാരതിയുടെയും സിനിമയല്ല ഇന്നത്തെ സിനിമ. ഭരണഘടനയെക്കുറിച്ചും നിയമസംവിധാനങ്ങളെക്കുറിച്ചും കൃത്യവും വ്യക്തവുമായ ബോദ്ധ്യങ്ങളുള്ള നടിമാരുള്ള ലോകമാണ് ഇന്നത്തെ മലയാള സിനിമ. ഈ ബോദ്ധ്യത്തിലാണ് ഡബ്ലിയു.സി.സി. (Women in Cinema Collective) പിറവി എടുത്തത്. മലയാള ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണവും വിവേചനവും പീഡനവും അന്വേഷിച്ച് അതിനുള്ള പരിഹാര നടപടികൾ നിർദ്ദേശിക്കുന്നതിനുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് കേരള സർക്കാർ രൂപം നൽകിയതിന് പിന്നിൽ ഡബ്ലിയു.സി.സിയുടെ ഇടപെടൽ നിർണ്ണായകമായിരുന്നു. 2019 ഡിസംബർ 31-നാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി തങ്ങളുടെ പഠന റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

രണ്ടര വർഷം കഴിഞ്ഞിട്ടും ഈ റിപ്പോർട്ടിന്മേൽ പിണറായി സർക്കാർ അടയിരിക്കുകയാണ്. റിപ്പോർട്ട് പഠിക്കാൻ മറ്റൊരു കമ്മിറ്റിയെ നിയോഗിക്കുക എന്ന കലാപരിപാടിയാണ് ഇതിനിടയിൽ സർക്കാർ നടത്തിയത്. ഈ വൃത്തികേടിന്റെ ഫലം കൂടിയാണ് മലയള സിനിമയിൽനിന്ന് ഉയർന്നുകൊണ്ടിരിക്കുന്ന സ്ത്രീപീഡനങ്ങൾ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടിരുന്നെങ്കിൽ മലയാള സിനിമയിലെ പല വമ്പന്മാരും സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടപ്പെടുമായിരുന്നു. മൊത്തം ചലച്ചിത്ര മേഖലയെ തന്നെ അത് അടപടലം തച്ചുടയ്ക്കുകയും നവീകരിക്കുകയും ചെയ്യുമായിരുന്നു.

മലയാള സിനിമയിലെ പുഴുക്കുത്തുകൾ ഇല്ലാതാക്കുന്നതിനുള്ള ഒന്നാന്തരം അവസരമാണ് പിണറായി സർക്കാർ കളഞ്ഞുകുളിച്ചുകൊണ്ടിരിക്കുന്നത്. സംവിധായകന്റെ പീഡനത്തിനിരയായി ആസ്പത്രിയിൽ നിരാലംബയും അശരണയുമായി കഴിയുന്ന പെൺകുട്ടിയുടെ ദുരവസ്ഥയിൽനിന്ന് കേരളത്തിലെ ഇടതുപക്ഷ സർക്കാരിന് കൈകഴുകി മാറിനിൽക്കാനാവില്ല.

വിഗ്രഹങ്ങൾ എന്ന് നമ്മൾ കരുതിയിരുന്ന പലരും നിർദ്ദയരായ സ്ത്രീപീഡകരാണെന്നതാണ് വാസ്തവം. മീ ടു പുറത്തുകൊണ്ടുവന്നത് ഇക്കൂട്ടരുടെ കളിമൺകാലുകളാണ്. സ്ത്രീകൾക്ക് ഇത്രയും ശക്തി പകർന്ന മറ്റൊരു പ്രസ്ഥാനം അടുത്തൊന്നും ഉണ്ടായിട്ടില്ല. ബലാത്സംഗത്തിന് ഇരയാവുന്നവരും മറ്റ് ലൈംഗിക പീഡനങ്ങൾക്ക് വിധേയരാക്കപ്പെടുന്നവരും ആ ഒരു നിമിഷത്തിൽ മാത്രമല്ല തച്ചുടയ്ക്കപ്പെടുന്നത്. സ്ത്രീ വിരുദ്ധത നിറഞ്ഞു തുളുമ്പുന്ന ജീവിതത്തിന്റെ സമസ്ത മേഖലകളിലും അവൾ നിരന്തരം വേട്ടയാടപ്പെടുകയും ഒറ്റപ്പെടുത്തപ്പെടുകയും ചെയ്യുന്നു.

ആംഗലേയ കവി കോളറിഡ്ജിന്റെ വരികൾ കടമെടുത്താൽ ഈ വിശാലമായ കടലിൽ അവൾ തീർത്തും ഒറ്റയ്ക്കാണ്. Alone, alone, all, all alone, Alone on a wide wide sea! And never a saint took pity on My soul in agony. ഒരു ദൈവത്തിന്റെയും സാന്ത്വനവും ആശ്വാസവും എത്താത്ത തീരങ്ങളിലേക്കാണ് ഈ സ്ത്രീകൾ, ഈ പെൺകുട്ടികൾ വലിച്ചെറിയപ്പെടുന്നത്. സമൂഹത്തിന്റെ വെള്ളിവെളിച്ചത്തിൽനിന്ന് അവൾ എന്നെന്നേക്കുമായി നിഷ്‌കാസനം ചെയ്യപ്പെടുന്നു. അതേസമയം, പീഡകൻ സ്വച്ഛന്ദം സാധാരണ ജീവിതം നയിക്കുകയും ചെയ്യുന്നു.

വിൻസ്റ്റൺ ചർച്ചിൽ | Photo: AFP

വീഴരുത്, വീണുപോവരുത്

പത്രപ്രവർത്തകയായ ബർഖ ദത്തുമായുള്ള അഭിമുഖത്തിൽ നടി ഭാവന ഈ യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാവുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നു പറഞ്ഞാൽ അതു വേദനയനുഭവിക്കുന്ന എല്ലാ മനുഷ്യരോടുമുള്ള ഒപ്പം ചേരലാണ്. പീഡകർക്കെതിരെയുള്ള പോരാട്ടങ്ങൾ പോലീസിനും കോടതിക്കും മാത്രമായി വിട്ടുകൊടുക്കാനാവില്ല എന്ന് പറയുന്നതും ഇതകൊണ്ട് തന്നെയാണ്. രണ്ടാം ലോക മഹായുദ്ധത്തിൽ ഫാസിസത്തിനും നാസിസത്തിനുമെതിരെയുള്ള പോരാട്ടത്തിന്റെ മുനമ്പിൽ നിൽക്കവെ ചർച്ചിൽ പറഞ്ഞ വാക്കുകൾ ഓർക്കാതിരിക്കാനാവില്ല: We shall fight on the seas and oceans, we shall fight in the air, we shall defend our Island, whatever the cost may be, we shall fight on the beaches, we shall fight on the landing grounds, we shall fight in the fields and in the streets, we shall fight in the hills; we shall never surrender.

വീഴരുത്, വീണുപോവരുത് എന്നാണ് നമ്മൾ ഈ സ്ത്രീകളോട്, ഈ പെൺകുട്ടികളോട് പറയേണ്ടത്. ജീവിതത്തിന്റെ എല്ലാ വ്യവഹാര മേഖലകളിലും, അതിപ്പോൾ അരങ്ങായാലും അടുക്കളയായാലും, ചെറുത്തുനിൽപ്പിന്റെ പോർമുഖങ്ങൾ നമ്മൾ തുറന്നെടുക്കേണ്ടിയിരിക്കുന്നു.

വഴിയിൽ കേട്ടത്: ആണായിരുന്നെങ്കിൽ കോർട്ടിനോട് വിട പറയേണ്ടി വരുമായിരുന്നില്ലെന്ന് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ടെന്നിസ് താരം സെറിന വില്യംസ്. സെറീനയുടെ ജനനം 1981 സ്പെ്റ്റംബർ 26. റോജർ ഫെഡറർ 1981 ഓഗസ്റ്റ് 8. ഫെഡറർ 20 ഗ്രാൻഡ് സ്ലാമുകൾക്ക് ഉടമയാണെങ്കിൽ സെറീനയുടെ കൈയ്യിൽ 23 ഗ്രാൻഡ് സ്ലാമുകളുണ്ട്. സെറീനയേക്കാൾ ഒന്നര മാസം മുമ്പേ ഈ ഭൂമിയിലെത്തിയ ഫെഡറർ ഇപ്പോഴും കോർട്ടിലുണ്ട്. ഫെഡറർ കളി തുടരട്ടെ! ലോകം ആനന്ദിക്കട്ടെ! പക്ഷേ, സ്ത്രീയായിരിക്കുക ഒട്ടും തന്നെ എളുപ്പമല്ലെന്ന് സെറീന വിളിച്ചുപറയുമ്പോൾ അതൊരു ഒന്നൊന്നര യാഥാർത്ഥ്യമാവുന്നു.

Content Highlights: Dileep, Vijay Babu, Liju Krishna, Malayalam Movies, Sexual Harassment, Vazhipokkan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented