
-
1952-ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ വന്‍വിജയത്തിനു ശേഷം പുതിയ മന്ത്രിസഭയുണ്ടാക്കാന്‍ തയ്യാറെടുത്തപ്പോള്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ മനസ്സിലെ ആദ്യപേരുകാരന് ജയപ്രകാശ് നാരായാണായിരുന്നു. ഭരണകൂടത്തിലും പാര്‍ട്ടിയിലും രണ്ടാമനായിരുന്ന സര്‍ദാര്‍ പട്ടേല്‍ രണ്ടു വര്‍ഷം മുമ്പ് മരിച്ചിരുന്നു. തനിക്ക് പിന്‍ഗാമിയായി തന്റെ പുതിയ മന്ത്രിസഭയില്‍ രണ്ടാമനായി നെഹ്റു തീവ്രമായി ആഗ്രഹിച്ചത് ജെ.പി. വരണമെന്നായിരുന്നു. ജെ.പിയുടെ പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസുമായുള്ള ലയനത്തിനു വരെ നെഹ്റു ഒരുക്കമായിരുന്നുവെന്നാണ് ജെ.പിയും നെഹ്റുവും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് സാക്ഷ്യം വഹിച്ച ഐ.സി.എസ്. ഓഫീസര്‍ ബ്രജ് കുമാര്‍ നെഹ്റു രേഖപ്പെടുത്തിയിട്ടുള്ളത്.
ജെ.പി. പക്ഷേ, അടിസ്ഥാനപരമായി ഒരു അരാജകവാദിയായിരുന്നു. സ്ഥാപനങ്ങളോടും വ്യവസ്ഥിതികളോടും നിരന്തരമായി കലഹിക്കുകയാണ് തന്റെ ജീവിതദൗത്യം എന്ന വിശ്വാസമാണ് ജെ.പിയെ നയിച്ചത്. 1964-ല്‍ നെഹ്രു മരിച്ചപ്പോള്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി പറഞ്ഞത് ജെ.പി. തയ്യാറാണെങ്കില്‍ താന്‍ മാറിനില്‍ക്കാം എന്നാണ്. അവിടെയും ജെ.പി. ഒഴിഞ്ഞുമാറി.
സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസിനെ നെഹ്റു കുടുംബത്തിന്റെ അധീശത്വത്തില്‍നിന്ന് വിമുക്തമാക്കാനുള്ള സുവര്‍ണ്ണാവസരം ആര്‍ക്കെങ്കിലും ലഭിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ആദ്യത്തെയാള്‍ ജെ.പിയായിരുന്നു. ജെ.പി. അന്ന് നെഹ്റുവിന്റെ ഓഫര്‍ സ്വീകരിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസും ഇന്ത്യയും നടക്കുമായിരുന്നത് മറ്റൊരു വഴിയിലൂടെയാവുമായിരുന്നു.
പിന്നീട് 1977-ല്‍ നെഹ്രുവിന്റെ മകളെ അധികാരത്തില്‍നിന്ന് പുറത്താക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് ജെ.പിയായിരുന്നുവെന്നത് മറ്റൊരു കാര്യം. ആ പരീക്ഷണത്തിന് പക്ഷേ, ആയുസ്സ് കുറവായിരുന്നു. കോണ്‍ഗ്രസില്‍ നെഹ്റു കുടുംബത്തിന്റെ ആധിപത്യം ഒന്നുകൂടി മുറുകുന്നതിനാണ് അത് വഴിയൊരുക്കിയതും.
കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനവും പ്രധാനമന്ത്രി പദവും ഒന്നിച്ച് വഹിക്കാന്‍ നെഹ്റു കുടുംബത്തിന് പുറത്തു നിന്നൊരാള്‍ വന്നത് 1991-ലാണ്. ലാല്‍ ബഹാദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കാമരാജായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്റ്. നരസിംഹ റാവുവിന്റെ സ്ഥാനാരോഹണം അപ്രതീക്ഷിത പ്രതിഭാസമായിരുന്നു. ശങ്കര്‍ ദയാല്‍ ശര്‍മ്മ പ്രധാനമന്ത്രി സ്ഥാനം നിരസിച്ചതുകൊണ്ടാണ് സോണിയ ഗാന്ധി 1991-ല്‍ റാവുവിലേക്ക് തിരിഞ്ഞത്.
നെഹ്റു കുടുംബത്തിന് ഒരു വെല്ലുവിളി റാവുവില്‍നിന്ന് ഉണ്ടാവുമെന്ന് സോണിയ അന്നൊരിക്കലും കരുതിയതേയില്ല. റാവു പക്ഷേ, സോണിയയ്ക്കെതിരെ കലാപക്കൊടിയുയര്‍ത്തി. സോണിയയെ കാണാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ടെന്‍ ജന്‍പഥിലേക്ക് പോവുന്നത് രാഷ്ട്രത്തിന് മോശമാണെന്ന് പറഞ്ഞു. നെഹ്റു കുടുംബത്തിന് പുറത്ത് ഒരാള്‍ ഇന്ത്യയേയും കോണ്‍ഗ്രസിനേയും ഒരു പോലെ നയിക്കുന്നത് ലോകം ആശ്ചര്യത്തോടെ നോക്കി നിന്നു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത് പക്ഷേ, റാവുവിന്റെ സകല പദ്ധതികളും പൊളിച്ചു. ആ അര്‍ത്ഥത്തില്‍ സംഘപരിവാറാണ് കോണ്‍ഗ്രസില്‍ നെഹ്റു കുടുംബത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയതെന്ന് പറയേണ്ടി വരും.
1998-ലാണ് സോണിയ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റാവുന്നത്. ആറു കൊല്ലങ്ങള്‍ക്കപ്പുറത്ത് കോണ്‍ഗ്രസ് കേന്ദ്രത്തില്‍ വീണ്ടും മന്ത്രിസഭയുണ്ടാക്കിയെങ്കില് അത് അടിവരയിച്ചിട്ടു തെളിയിച്ച ഒരു കാര്യം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നെഹ്റു കുടുംബത്തിന്റെ സാന്നിദ്ധ്യവും പ്രസക്തിയുമായിരുന്നു. 2004-ലെ തിരഞ്ഞെടുപ്പിലാണ് രാഹുല്‍ ഗാന്ധി ആദ്യമായി മത്സരിക്കുന്നത്. ടീം രാഹുലിന്റെ രംഗപ്രവേശവും 2004 കണ്ടു. ജ്യോതിരാദിത്യ സിന്ധ്യയും സച്ചിന് പൈലറ്റും ജിതിന് പ്രസാദയും മിലിന്ദ് ദേവ്റയുമടങ്ങിയ ഈ ടീമില്‍ ഒരാളൊഴികെ മറ്റെല്ലാ പ്രമുഖരും അടുത്ത പത്ത് വര്‍ഷങ്ങളില്‍ കേന്ദ്രത്തില്‍ മന്ത്രിമാരായി.
സ്വയം മാറി നിന്ന ഒരാള്‍ രാഹുല്‍ ഗാന്ധിയായിരുന്നു. 2009-ല്‍ രാഹുലിന് പ്രധാനമന്ത്രി സ്ഥാനം അപ്രാപ്യമായിരുന്നില്ല. ഒരു പേക്ഷ, ജെ.പിയുടെ ഒരു നിഴല്‍ രാഹുലിന് മേല്‍ എവിടെയോ ഉണ്ടായിരുന്നിരിക്കാം. ഉത്തരവാദിത്തമില്ലാതെ നേതാവായിരിക്കുന്നതിലെ ആനന്ദം രാഹുല്‍ തീര്‍ച്ചയായും അന്നറിഞ്ഞിരിക്കണം. ശിക്ഷിക്കപ്പെട്ടാല്‍ എം.എല്‍.എമാരും എം.പിമാരും സ്ഥാനങ്ങള്‍ രാജിവെയ്ക്കണമെന്ന സുപ്രീം കോടതി വിധി മറികടക്കാന്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സിന്റെ കോപ്പി കീറിയെറിഞ്ഞ രാഹുലിനെ അങ്ങിനെയങ്ങ് മറക്കാനാവുമോ?
ഇന്നിപ്പോള്‍ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍നിന്ന് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമ്പോള്‍ രാഹുല്‍ ഓര്‍മ്മിപ്പിക്കുന്നത് ആ കോപ്പി കീറിയെറിഞ്ഞ രാഹുലിനെയാണ്. മോദിക്കും ബി.ജെ.പിക്കുമെതിരെ നിരന്തരം യുദ്ധമുഖത്ത് രാഹുലുണ്ടെന്നത് കാണാതിരിക്കാനാവില്ല. രാജ്മോഹന്‍ ഗാന്ധി ചൂണ്ടിക്കാട്ടിയതുപോലെ രാഹുലിന്റെ പോരാട്ടം നിര്‍ഭയവും നിരന്തരവുമാണ്. പേടികൂടാതെ സംഘപരിവാറുമായി മുഖാമുഖം നില്ക്കുന്ന ഒരു നേതാവ് കോണ്‍ഗ്രസിലുണ്ടെങ്കില്‍ അത് രാഹുലാണെന്നതും യാഥാര്‍ത്ഥ്യമാണ്.
പക്ഷേ, രാഹുല്‍ ഇന്നിപ്പോള്‍ കോണ്‍ഗ്രസില്‍ ഒരു ഭരണഘടന അതീതശക്തിയായാണ് നിലകൊള്ളുന്നത്. ബി.ജെ.പിയെ സംഘപരിവാര്‍ നിയന്ത്രിക്കുന്നതു പോലെയാണത്. കോണ്‍ഗ്രസില്‍ ഔദ്യോഗികമായി രാഹുല്‍ ഇന്ന് ഒരു എം.പി. മാത്രമാണ്. പക്ഷേ, എല്ലാ അര്‍ത്ഥത്തിലും പാര്‍ട്ടിയില്‍ ഇപ്പോഴും അന്തിമ തീരുമാനമെടുക്കുന്നത് രാഹുലാണ്.
അടുത്തിടെ രാജസ്ഥാനിലുണ്ടായ പ്രതിസന്ധി പരിഹരിക്കപ്പെട്ടത് ഇതിനുള്ള ഉത്തമ ഉദാഹരണമാണ്. സച്ചിന് പൈലറ്റ് രാഹുലുമായും പ്രിയങ്കയുമായും കൂടിക്കാഴ്ച നടത്തിയതിനു ശേഷം മാത്രമാണ് പരിഹാരത്തിനുള്ള വഴി തെളിഞ്ഞത്. സച്ചിന് പൈലറ്റ് ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിയും രാഹുലിന്റെ നിര്‍ണ്ണായക സ്ഥാനത്തിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. അഹമ്മദ് പട്ടേലും കെ.സി. വേണുഗോപാലും അജയ് മാക്കനുമാണ് ഈ കമ്മിറ്റിയിലുള്ളത്. പട്ടേല്‍ സോണിയയുടെ വിശ്വസ്തനാണ്. രാഹുല്‍ പറയുന്നതിനപ്പുറത്ത് കെ.സിക്കൊരു വാക്കില്ല. പ്രിയങ്കയുടെ നോമിനിയാണ് അജയ് മാക്കന് എന്ന് കേള്‍ക്കുന്നുണ്ട്. ഗെഹ്ലോത്തും മാക്കനായി ശുപാര്‍ശ ചെയ്തിരുന്നു. എന്തായാലും കുടുംബം വിട്ട് കോണ്‍ഗ്രസില്‍ ഒരു കമ്മിറ്റിയുമില്ലെന്നതാണ് വാസ്തവം.
ഗുലാം നബി ആസാദും കബില്‍ സിബലും മനീഷ് തിവാരിയും ശശി തരൂരുമൊക്കെയടങ്ങിയ 23 അംഗ സംഘമാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ നേതാവിനെ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരാരും തന്നെ നെഹ്റു കുടുംബത്തിനതെിരെ ഒരു കലാപത്തിന് കെല്പുള്ളവരല്ല. കോണ്‍ഗ്രസിലെ നാലു മുഖ്യമന്ത്രിമാരും- അമരിന്ദര്‍ സിങ്, ഗെഹ്ലൊത്ത്, ഭൂപഷ് ഭാഗല്‍, വി. നാരയണസ്വാമി- സോണിയയോട് അങ്ങേയറ്റം കൂറും വിധേയത്വവും പുലര്‍ത്തുന്നവരാണ്. അതുകൊണ്ടു തന്നെ നെഹ്റു കുടുംബത്തിനോട് ഒരു തരത്തിലും പരസ്യമായി ഏറ്റുമുട്ടുന്നതിനുള്ള ത്രാണിയോ വിഭവശേഷിയോ ആസാദിനും കൂട്ടര്ക്കുമില്ലെന്നത് പകല്‍പോലെ വ്യക്തമാണ്. എന്നിട്ടും ഇവര്‍ കത്തെഴുതാന്‍ തയ്യാറായി എന്നത് ശ്രദ്ധേയമാണ്. പാര്‍ട്ടി ഇന്നിപ്പോള്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിാച്ചുള്ള ആത്മാര്‍ത്ഥമായ ഉത്ക്കണ്ഠകളും ആശങ്കകളും തന്നെയാവണം ഈ കത്തിനു പിന്നില്‍.
നിത്യേനയെന്നോണം രാഹുല്‍ പ്രസ്താവനകളിറക്കുന്നുണ്ട്. ഈ പ്രസ്താവനകള്‍ക്കു മുമ്പ് പാര്‍ട്ടി നേതൃത്വവുമായി രാഹുല്‍ കൂടിയാലോചനകള്‍ നടത്തുന്നുണ്ടെന്നതിന്റെ ഒരു സൂചനയുമില്ല. രാഹുല്‍ സ്വന്തം നിലയ്ക്ക് പുറത്തിറക്കുന്ന ഈ പ്രസ്താവനകള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നിര്‍ബ്ബന്ധിതമാവുകയാണ്. പിണറായി വിജയന്റെ ഓഫീസ് എടുക്കുന്ന തീരുമാനങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്ന സി.പി.എം. ഗതികേടു പോലെയാണിത്. ഇതിങ്ങനെ തുടരാനാവില്ലെന്നാണ് ഗുലാം നബിയും കൂട്ടരും പറയുന്നത്. അരാജകവാദികള്‍ക്ക് എല്ലാക്കാലത്തേക്കും ഒരു പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകാനാവില്ല. പാര്‍ട്ടിയുടെ മുഖവും ശബ്ദവും ആകണമെങ്കില്‍ രാഹുല്‍ അദ്ധ്യക്ഷപദവിയിലേക്ക് തിരിച്ചു വരണം. അല്ലെങ്കില്‍ മറ്റൊരാളെ സോണിയ കണ്ടെത്തണം. ഇത്രമാത്രമേയുള്ള ഈ പാവം 'വിമതരുടെ ' ആവശ്യം.
ഇതില്‍ നെറികേടോ തോന്നിവാസമോ ഉണ്ടെന്ന് ആര്‍ക്കും പറയാനാവില്ല. പക്ഷേ, പ്രശ്നം വരുന്നത് രാഹുലല്ലെങ്കില് പിന്നെ ആര് കോണ്‍ഗ്രസിനെ നയിക്കും എന്നിടത്താണ്. കേന്ദ്രത്തില്‍ അധികാരത്തിലില്ലാത്ത കോണ്‍ഗ്രസ് ഇന്നിപ്പോള്‍ കെട്ടുറപ്പോടെ നിലനില്ക്കുന്നുണ്ടെങ്കില് അത് അമരിന്ദറും അശ്വനികുമാറുമൊക്കെ പറയുന്നതുപോലെ നെഹ്റു കുടുംബമാണ് പാര്‍ട്ടിയുടെ അമരത്തെന്നുള്ളതുകൊണ്ടാണ്. സോണിയ മാറിയാല്‍ രാഹുലിനും പ്രിയങ്കയ്ക്കുമപ്പുറത്ത് ആരാണ് കോണ്‍ഗ്രസിന്റെ ജനകീയ മുഖം? ബി.ജെ.പിയില്‍ നരേന്ദ്ര മോദി വന്നില്ലേ എന്നാണ് ഇതിനുള്ള മറുചോദ്യം. കോണ്‍ഗ്രസ് പക്ഷേ, ബി.ജെ.പിയല്ല. സംഘപരിവാര്‍ പോലൊരു അസാമാന്യ സംഘടനാ യന്ത്രമോ കേഡറോ കോണ്‍ഗ്രസിനു പിന്നിലില്ല.
2002 മുതല്‍ 2014 വരെയുള്ള ഒരു വ്യാഴവട്ടം നരേന്ദ്ര മോദിയുടെ രൂപാന്തരത്തിനു പിന്നിലുണ്ടെന്നതും മറക്കരുത്. മോദിയില്‍ സംഘപരിവാര്‍ നിക്ഷേപം പൊലിപ്പിച്ചത് 2002-ലാണെങ്കില്‍ തൊട്ടടുത്ത വര്‍ഷമാണ് രാഹുലില്‍ കോണ്‍ഗ്രസും നെഹ്റു കുടുംബവും നിക്ഷേപം തുടങ്ങിയത്. 16 വര്‍ഷത്തെ ആ നിക്ഷേപമാണ് അദ്ധ്യക്ഷപദവിയില്‍നിന്ന് ഇറങ്ങിപ്പോയപ്പോള്‍ രാഹുല്‍ താറുമാറാക്കിയത്. വാസ്തവത്തില്‍ രാഹുലിന്റെ ആ ഒരൊറ്റ നീക്കമാണ് കോണ്‍ഗ്രസിനെ ഉലച്ചുകളഞ്ഞത്.
2009-ല്‍ രാഹുലിനെ കേന്ദ്ര മന്ത്രിസഭയിലേക്ക് കൊണ്ടുവരാതിരുന്നതാണ് സോണിയയുടെ ഭാഗത്തു നിന്നുണ്ടായ വലിയൊരു അബദ്ധമെന്ന നിരീക്ഷണം ഇവിടെ പ്രസക്തമാണ്. കോണ്‍ഗ്രസില്‍ ധാര്‍മ്മിക ശക്തിയായി തുടരാനാണ് തനിക്ക് താല്പര്യമെന്നാണ് രാഹുല്‍ പറയുന്നത്. പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം വീണ്ടുമേറ്റെടുക്കാന് രാഹുല്‍ തയ്യാറാവുന്നതിന്റെ ഒരു സൂചനയും ഇപ്പോഴില്ല. അങ്ങിനെ വരുമ്പോള്‍ വേറെയാര് എന്ന ചോദ്യം ഉയരുക തന്നെ ചെയ്യും.
അമരിന്ദറും ഭൂപേഷ് ഭാഗലുമൊക്കെ കോണ്‍ഗ്രസ് പ്രസിഡന്റാവാന്‍ പ്രാപ്തിയുള്ളവരാണ്. പക്ഷേ, നിലവില്‍ മുഖ്യമന്ത്രി സ്ഥാനം വിട്ട് മുന്നോട്ടു വരാന്‍ ഇവര്‍ തയ്യാറാവില്ല. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാവുന്നത് പോലെയല്ല കോണ്‍ഗ്രസിന്റെ പ്രസിഡന്റാവുന്നത്. കോണ്‍ഗ്രസ് ഒരു കടലാണ്. അതിന്റെ ആഴവും പരപ്പും അമ്പരപ്പിക്കുന്നതാണ്. സുഭാഷ് ചന്ദ്രബോസിനെയും കാമരാജിനെയും നീലം സഞ്ജീവ റെഡ്ഡിയെയുമൊക്കെ വീഴ്ത്തിയിട്ടുള്ള ചുഴികളും ചതുപ്പുകളും നിറഞ്ഞ ഇടമാണത്.
കാറ്റും കോളും നിറഞ്ഞ ഒരു കാലാവസ്ഥയില്‍ ഈ ആഴിയില്‍ അതിജീവിക്കുക എളുപ്പമല്ല. അതിനുള്ള ത്രാണി ഇപ്പോള്‍ നെഹ്റു കുടുംബത്തിനേയുള്ളുവെന്ന് സല്മാന് ഖുര്‍ഷിദ് കഴിഞ്ഞ ദിവസം പറഞ്ഞത് വെറുതെയല്ല. നെഹ്റു കുടുംബം ഈ ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ അമരത്തുനിന്നു മാറിയാല്‍ ഏറ്റവുമധികം ആഹ്ളാദിക്കുക സംഘപരിവാറിയിരിക്കും എന്നതില്‍ സംശയമില്ല.
കേന്ദ്രത്തില്‍ അധികാരത്തിലെത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ മുന്നിലുള്ള ദീര്‍ഘകാല വെല്ലുവിളി. 2024-ല്‍ മോദി തന്നെയായിരിക്കും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്നാണ് ബി.ജെ.പി. നല്കുന്ന സൂചന. മോദി - ഷാ കൂട്ടുകെട്ടിനെ നേരിടാന്‍ നെഹ്റു കുടുംബത്തിനു പുറത്തുനിന്ന് ആരെയാണ് കോണ്‍ഗ്രസിന് കണ്ടെത്തനാവുക? നിലവില്‍ അങ്ങിനെയാരാളെ ചൂണ്ടിക്കാട്ടാന്‍ ഗുലാം നബിക്കോ തരൂരിനോ കഴിയുമെന്ന് തോന്നുന്നില്ല. സോണിയ താത്ക്കാലിക പ്രസിഡന്റായി തുടരുകയും പ്രിയങ്ക വര്‍ക്കിങ് പ്രസിഡന്റാവുകയും ചെയ്യണമെന്ന ആവശ്യമുയരുന്നത് ഈ പരിസരത്തിലാണ്.
കോണ്‍ഗ്രസിന്റെ മരണം ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിലെ കറ കളഞ്ഞ ബിംബമാണ് കോണ്‍ഗ്രസ് എന്ന് എ.കെ. ആന്റണി പോലും പറയില്ല. പക്ഷേ, ഈ ദശാസന്ധിയില്‍ കോണ്‍ഗ്രസ് ഇല്ലാതാവുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് ബലം പകരുമെന്ന് ഒരു തരത്തിലും കരുതാനാവില്ല. സോഷ്യലിസവും മതേതരത്വവും ബഹുസ്വരതയും ഇന്ത്യ ആത്മാവില്‍ പേറുന്ന അടയാളങ്ങളാണ്. ഈ ആശയങ്ങള്‍ ഇതുപോലെ വെല്ലുവിളിക്കപ്പെട്ടിട്ടുള്ള ഒരു കാലം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ല.
ഓരോ പ്രതിസന്ധിയും ഒരു അവസരമാണെന്നാണ് സുനാമി ആഞ്ഞടിച്ചപ്പോള്‍ 2004-ല്‍ അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിങ് പറഞ്ഞത്. കോണ്‍ഗ്രസില്‍ തീര്‍ച്ചയായും പാലാഴിമഥനത്തിന്റെ സമയമാണിത്. കടഞ്ഞെടുക്കുമ്പോള്‍ അമൃത് മാത്രമല്ല കാളകൂടവും പുറത്തു വരും. വിഷം കുടിച്ച് നീലകണ്ഠനായി അല്ലെങ്കില്‍ നീലകണ്ഠയായി കോണ്‍ഗ്രസിനെ രക്ഷിക്കുന്ന അഭിനവ കൈലാസാധിപതി ആരായിരിക്കും?
ഈ ചോദ്യത്തിനുള്ള ഉത്തരം ഇനിയിപ്പോള്‍ ഏറെ വൈകാനിടയില്ല. കോണ്‍ഗ്രസിന്റെ അതിജീവനം ഇന്ത്യന്‍ ജനാധിപത്യം വല്ലാതെ ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ജനാധിപത്യം കാത്തിരിക്കുന്നത് ഈ ഉത്തരത്തിന് കൂടിയാണ്.
വഴിയില്‍ കേട്ടത്: കേരള നിയമസഭ സ്പീക്കര്‍ സഭയുടെ അന്തസ്സ് കളഞ്ഞെന്ന് ചെന്നിത്തല. വലിയ കാറില്‍ വരുന്ന ഡിപ്ലോമാറ്റുകളെ ബഹുമാനിക്കെരുതെന്നാണോ ചെന്നിത്തല സാര്‍ പറയുന്നത്?
Content Highlights:
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..