കുർദിഷ് ഭൂരിപക്ഷ നഗരമായ ഖാമിഷ്ലിയിൽ തുർക്കി നടത്തിയ ആക്രമണത്തെ അപലപിച്ച് കുർദിസ്താൻ വർക്കേഴ്സ് പാർട്ടി പ്രവർത്തകർ നടത്തിയ പ്രകടനം | Photo: AFP
നവംബര്‍ 13 വ്യാഴാഴ്ച വൈകീട്ട് 4.13-ന് തുര്‍ക്കിയുടെ സാമ്പത്തിക തലസ്ഥാനമായ ഇസ്താംബുളില്‍ ഒരു സ്ഫോടനമുണ്ടായി. ആറു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 81 പേര്‍ക്ക് പരിക്കേറ്റു. തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയ്യിബ് എര്‍ദോഗന്‍ മറിച്ചൊന്ന് ആലോചിക്കാതെ തീവ്രവാദ ആക്രമണമാണെന്ന് ആരോപിച്ചു. പിന്നില്‍, കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയാണെന്നും പീപ്പിള്‍സ് ഡിഫന്‍സ് യൂണിറ്റ്സ് ആണെന്നും തുര്‍ക്കി ഔദ്യോഗികമായി തന്നെ പ്രസ്താവിച്ചു. എന്നാല്‍, അതിര്‍ത്തി തിരിച്ച് രാജ്യം അളന്നു കിട്ടാത്ത കുര്‍ദുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടനകള്‍ ഉത്തരവാദിത്വം നിഷേധിച്ചു. സംഭവത്തെ അപലപിച്ച് അമേരിക്ക പുറത്തിറക്കിയ പ്രസ്താവന തുര്‍ക്കി തള്ളിക്കളഞ്ഞു. പീപ്പിള്‍സ് ഡിഫന്‍സ് യൂണിറ്റ്സിന് (വൈ.പി.ജി.) അമേരിക്ക സഹായം നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു തുര്‍ക്കി അമേരിക്കയുടെ പ്രസ്താവനയെ തള്ളിക്കളഞ്ഞത്.
സ്ഫോടനത്തിന് പിന്നില്‍
നവംബര്‍ 13-ന് ഉണ്ടായ ആക്രമണത്തില്‍ സിറിയന്‍ വനിതയെ തുര്‍ക്കി അറസ്റ്റ് ചെയ്തിട്ടുണ്ട്. സിറിയയില്‍നിന്ന് അനധികൃതമായി അതിര്‍ത്തി കടന്നെത്തിയ ഇവര്‍, ആക്രമണത്തിന് പിന്നില്‍ കുര്‍ദിസ്താന്‍വാദികളാണെന്ന് സമ്മതിച്ചതായി തുര്‍ക്കി അവകാശപ്പെട്ടു. സിറിയന്‍ വംശജയായ ഇവര്‍ പ്രത്യേക ഇന്റലിജന്‍സ് ഓഫീസറാണെന്ന് തുര്‍ക്കിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി(പി.കെ.കെ.)യുടെ നിര്‍ദ്ദേശപ്രകാരം വൈ.പി.ജിയുടെ പരിശീലനം ഇവര്‍ക്ക് ലഭിച്ചുവെന്ന് തുര്‍ക്കി പറയുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് മറ്റ് 46 പേർ കസ്റ്റഡിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സംഭവത്തില്‍ അറസ്റ്റിലായ അഹ്ലം അല്‍ ബാഷിര്‍ എന്ന സിറിയന്‍ വനിതയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് സിറിയന്‍ ജനാധിപത്യസേനയും വൈ.പി.ജിയും വ്യക്തമാക്കി.
അതേസമയം, 2015 മുതല്‍ തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാരയിലും സാമ്പത്തിക തലസ്ഥാനമായ ഇസ്താംബുളിലും ഉണ്ടായ സ്ഫോടനങ്ങളില്‍ 6,000-ത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവിധ സന്നദ്ധസംഘടനകളുടെ കണക്ക്. ഓരോ തവണ സ്ഫോടനമുണ്ടാകുന്നതിന് പിന്നാലെ തുര്‍ക്കി ഉത്തരവാദിത്വം പി.കെ.കെക്ക് മേൽ ആരോപിക്കും, അവര്‍ നിഷേധിക്കും.
'രാജ്യമില്ലാത്ത രാഷ്ട്രം'
പ്രധാനമായും തുര്‍ക്കി, ഇറാഖ്, ഇറാന്‍, സിറിയ, അര്‍മേനിയ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വംശീയ വിഭാഗമാണ് കുര്‍ദുകള്‍. തുര്‍ക്കിയില്‍ ഒന്നരക്കോടിക്കടുത്താണ് കുര്‍ദിഷ് ജനസംഖ്യ. ഇറാഖിലും ഇറാനിലും 60 ലക്ഷം, സിറിയയിലും അര്‍മീനിയയിലും 20 ലക്ഷം. മൂന്ന് ഭാഷകള്‍ പ്രധാനമായും സംസാരിക്കുന്ന ഇവര്‍, ഒരു ദേശീയത അവകാശപ്പെടുന്നു. പല രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഇവര്‍ കുര്‍ദിസ്താന്‍ എന്നൊരു രാജ്യം വേണമെന്നും ആവശ്യപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ 'രാജ്യരഹിത രാഷ്ട്ര'മായി ഇവര്‍ നിലകൊള്ളുന്നു. അഞ്ചു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കുര്‍ദിസ്താന്‍ മലനിരകളില്‍ അതിര്‍ത്തികളില്ലാതെയായിരുന്നു ഇവര്‍ ഒന്നാം ലോകമഹായുദ്ധകാലഘട്ടം വരെ ജീവിച്ചുപോന്നത്. പ്രാചീന വടക്കന്‍ മെസപ്പോട്ടോമിയ എന്നറിയപ്പെടുന്ന പ്രദേശത്ത് ഓട്ടോമന്‍ സാമ്രാജ്യത്തിന് കീഴിലായിരുന്നു അന്ന് വരെ.
ഒന്നാം ലോകമഹായുദ്ധത്തില്‍ വിജയിച്ച സഖ്യശക്തികള്‍ രാജ്യങ്ങള്‍ വീതംവെയ്ക്കാന്‍ തുടങ്ങിയപ്പോള്‍, കുര്‍ദുകള്‍ക്ക് കുര്‍ദിസ്താന്‍ വാഗ്ദാനം ചെയ്യപ്പെട്ടു. അത് യാഥാര്‍ഥ്യമായില്ല. ആധുനിക തുര്‍ക്കിയുടേയും അതിന്റെ അയല്‍ രാജ്യങ്ങളുടേയും അതിര്‍ത്തി നിശ്ചയിക്കപ്പെട്ടപ്പോള്‍, കുര്‍ദിസ്താന്‍ എന്നൊരു രാജ്യം ലോകഭൂപടത്തില്‍ ഇല്ലാതെപോയി. ഇതോടെ അവര്‍ ജീവിച്ചുവരുന്ന ഭൂപ്രദേശം ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍ കുര്‍ദുകള്‍ ന്യൂനപക്ഷമായി. എന്നാല്‍, ഇറാഖില്‍ മാത്രം ഇവര്‍ക്ക് സ്വയംഭരണവും പ്രദേശവും ലഭിച്ചിട്ടുണ്ട്.
പശ്ചിമേഷ്യന്‍ രാജ്യങ്ങളിലായി ഏതാണ്ട് മൂന്ന് കോടിയാണ് കുര്‍ദുകളുടെ ആകെ ജനസംഖ്യ. 7.9 കോടിവരുന്ന തുര്‍ക്കി ജനസംഖ്യയില്‍ അഞ്ചിലൊന്ന് കുര്‍ദുകളാണ്. അറബികള്‍ക്കും പേര്‍ഷ്യന്‍ വംശജര്‍ക്കും തുര്‍ക്കികള്‍ക്കും ശേഷം പശ്ചിമേഷ്യയിലെ നാലാമത്തെ ഏറ്റവും വലിയ വംശീയവിഭാഗവും കുര്‍ദുകളാണ്. കുര്‍ദുകളില്‍ പല മതവിഭാഗക്കാര്‍ ഉണ്ടെങ്കിലും സുന്നി മുസ്ലിംകളാണ് ഭൂരിപക്ഷം. മുസ്ലിംകളില്‍ തന്നെ ഷിയാ വിഭാഗവും അലവി വിഭാഗവും, മുസ്ലിംകള്‍ക്ക് പുറത്ത് യസീദികളും ക്രിസ്ത്യാനികളും കുര്‍ദുകള്‍ക്കിടയിലുണ്ട്.

പങ്കുവെച്ചപ്പോള്‍ കിട്ടാതെ പോയത്
ഒന്നാം ലോകമഹായുദ്ധത്തില്‍ വിജയികളായ സഖ്യശക്തികള്‍ പുതിയ അതിര്‍ത്തികള്‍ വരച്ച് രാജ്യങ്ങള്‍ പങ്കിട്ടെടുക്കാന്‍ തീരുമാനിച്ചു. ഫ്രാന്‍സിലെ സെവ്റെ എന്ന പ്രദേശത്ത് വെച്ച് ഒപ്പുവെച്ച ഉടമ്പടി പ്രകാരം ഓട്ടോമന്‍ സാമ്രാജ്യത്തിനു കീഴിലെ കുര്‍ദുകള്‍ക്ക് സ്വയംഭരണപ്രദേശം വാഗ്ദാനം ചെയ്യപ്പെട്ടു. എന്നാല്‍, ഉടമ്പടിയെ അന്നത്തെ തുര്‍ക്കി ഭരണാധികാരി മുസ്തഫ കെമാല്‍ അതാതുര്‍ക്ക് നിഷേധിച്ചു. 1923-ലെ ലോസാന്‍ ഉടമ്പടി പ്രകാരം തുര്‍ക്കിയുമായി പുതിയ അതിര്‍ത്തി കരാറിലെത്തി. കരാര്‍ യാഥാര്‍ഥ്യമായതോടെ കുര്‍ദുകള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട കുര്‍ദിസ്താന്‍ എവിടേയുമില്ലാതെ പോയി. ഇതോടെ രാജ്യം ആഗ്രഹിച്ചിരുന്ന ഒരു ദേശീയത, അതിര്‍ത്തികള്‍ക്കുള്ളിലും പുറത്തും ചിന്നിച്ചിതറിപ്പോയി. എന്നാല്‍, സ്വന്തം രാഷ്ട്രമെന്ന ആവശ്യത്തില്‍നിന്നു കുര്‍ദുകള്‍ പിന്നോട്ട് പോയില്ല.
സ്വയംഭരണം സ്വപ്നമായി അവശേഷിച്ച കുര്‍ദുകള്‍ അതിലേക്ക് എത്താനുള്ള ഒരു വഴിയും പാഴാക്കിയില്ല. അതിന്റെ ആദ്യപരിശ്രമമുണ്ടായത് ഇറാനിലെ കുര്‍ദുകളുടെ ഭാഗത്തുനിന്നുമായിരുന്നു. 1946 ജനുവരി 22-ന് ഇറാനിലെ കുര്‍ദുകള്‍ റിപ്പബ്ലിക്ക് ഓഫ് മഹാബാദ് എന്ന പേരില്‍ സ്വയംഭരണ പ്രദേശം സ്ഥാപിച്ചു. എന്നാല്‍, രണ്ടാം ലോകമഹായുദ്ധകാലത്ത് സോവിയറ്റ് യൂണിയന് കീഴിലാവുകയും 1946 ഡിസംബറോടെ അവര്‍ പിന്മാറുകയും ചെയ്തതോടെ ഇറാന്‍ കുര്‍ദുകളില്‍നിന്ന് റിപ്പബ്ലിക്ക് തിരിച്ചുപിടിച്ചു. ഇതിനിടയില്‍, മഹാബാദില്‍ അഭയാര്‍ഥിയായിരുന്ന, കുര്‍ദിഷ് ദേശീയതയുടെ പിതാവ് എന്നറിയപ്പെടുന്ന മുസ്തഫ ബര്‍സാനി ഇറാഖില്‍ തിരിച്ചെത്തി കുര്‍ദുകളുടെ ആദ്യത്തെ പാര്‍ട്ടി രൂപീകരിച്ചു. കുര്‍ദിഷ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി എന്ന് ആദ്യം നാമകരണം ചെയ്യുകയും കുര്‍ദിസ്താന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന് പിന്നീട് പുനര്‍നാമകരണം ചെയ്യുകയുമുണ്ടായ കെ.ഡി.പി. 1970 വരെ ഇറാഖിലെ ഏക കുര്‍ദ് പാര്‍ട്ടിയായിരുന്നു. ഇന്നും ഇറാഖിലെ പ്രബല രാഷ്ട്രീയ പാര്‍ട്ടിയാണ് കെ.ഡി.പി.
ഇതിനിടെയാണ് ഇറാഖില്‍ ജൂലൈ 14 വിപ്ലവം എന്നറിയപ്പെടുന്ന പട്ടാളവിപ്ലവമുണ്ടാവുന്നത്. ഫൈസല്‍ രാജാവ് സ്ഥാപിച്ച ഹാഷിം സാമ്രാജ്യത്തെ പുറത്താക്കി അബ്ദുള്‍ അല്‍ കരിം കാസിമിന്റെ നേതൃത്വത്തില്‍ പുതിയ ഭരണം ഇറാഖില്‍ സ്ഥാപിതമായി. അധികാരം ലഭിച്ചെങ്കിലും അബ്ദുള്‍ കരിം കാസിമിന് അത്ര എളുപ്പമായിരുന്നില്ല ഭരണം. ബാത്തിസ്റ്റുകളുടെ നേതൃത്വത്തിലുള്ള അറബ് ദേശീയവാദികളില്‍നിന്നു കടുത്ത എതിര്‍പ്പാണ് കാസിമിന് നേരിടേണ്ടി വന്നത്. ഇത് മറികടക്കാന്‍ കാസിം ഒരു എളുപ്പവഴി കണ്ടെത്തി. 12 വര്‍ഷത്തെ ഇറാന്‍ വാസം അവസാനിപ്പിച്ച് ഇറാഖിലേക്ക് തിരിച്ചുവരാന്‍ മുസ്തഫ ബര്‍സാനിയോട് കാസിം ആവശ്യപ്പെട്ടു. ഇറാഖ് ഭരണത്തില്‍ കുര്‍ദുകള്‍ക്ക് പ്രാതിനിധ്യം നല്‍കാമെന്നായിരുന്നു വാഗ്ദാനം. വൈസ് പ്രസിഡന്റ് സ്ഥാനവും സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവും രാഷ്ട്രീയവുമായ അധികാരങ്ങളും വാഗ്ദാനം ചെയ്തു.
ബാത്തിസ്റ്റുകളെ കുര്‍ദ് പിന്തുണയില്‍ നേരിടാമെന്നായിരുന്നു കാസിമിന്റെ കണക്കുക്കൂട്ടല്‍. കാസിമിനെ വിശ്വസിച്ച് സഹായവുമായെത്തിയ ബര്‍സാനി, ഇറാഖ് ഭരണകൂടത്തെ കൈയയച്ച് സഹായിച്ചു. അറബ് ദേശീയവാദികളെ വിജയകരമായിത്തന്നെ അവര്‍ നേരിട്ടു. ഇതുവഴി ഇറാഖ് ശക്തരായതോടെ കാസിം ബര്‍സാനിക്ക് നല്‍കിയ വാക്കുകള്‍ അപ്പാടെ മറക്കാന്‍ തുടങ്ങി. വാഗ്ദാനം ചെയ്യപ്പെട്ട അവകാശങ്ങള്‍ നല്‍കിയില്ലെന്ന് മാത്രമല്ല, കുര്‍ദുകളുടെ നേതാക്കന്മാരെ ജയിലിലടച്ചു. കുര്‍ദുകളുടെ പത്രങ്ങള്‍ നിരോധിച്ചു. ഒടുവില്‍ കുര്‍ദിസ്താന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സമ്മേളനം പോലും കാസിം നിരോധിച്ചു.
തുടര്‍ന്ന് ഇറാഖ് ഭരണകൂടവുമായി നിരന്തരം കുര്‍ദുകള്‍ പോരാടി. 1961-ല്‍ തുടങ്ങിയ സംഘര്‍ഷം 1974-ല്‍ ബാത്തിസ്റ്റുകള്‍ അധികാരത്തിലേറുന്നത് വരേയും പിന്നീട് മുസ്തഫ ബര്‍സാനി 1979-ല്‍ മരിക്കുന്നത് വരേയും തുടര്‍ന്നു. ഇതിനിടയില്‍ ഓരോ തവണ പ്രസിഡന്റുമാര്‍ മാറുമ്പോഴും ബര്‍സാനി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. അധികാരത്തിലുള്ളവരുമായി ചര്‍ച്ചകള്‍ക്ക് വഴി തുറക്കാനായിരുന്നു ഓരോ വെടിനിര്‍ത്തലും. എന്നാല്‍, അതൊരു അവസരമായിക്കണ്ട് ഇറാഖ് ഭരണകൂടം കുര്‍ദുകളുടെ മേഖലയില്‍ കടന്നുകയറുകയായിരുന്നു.
കുര്‍ദുകളെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ഇറാഖ് ഭരണകൂടം വീണ്ടും അനുനയനീക്കവുമായി വന്നു. 1970-ല്‍ കുര്‍ദുകള്‍ക്കും ഇറാഖില്‍ രാഷ്ട്രീയ അധികാരം അനുവദിച്ചുകൊണ്ട് കരാറിലെത്തി. പക്ഷേ, അതിനും അല്‍പായുസായിരുന്നു. എണ്ണവാണിജ്യം വഴി ലഭിച്ച മൂലധവും സോവിയറ്റ് യൂണിയന്റെ സൈനിക സഹായവും ഉപയോഗിച്ച് കുര്‍ദുകള്‍ക്കെതിരെ ഇറാഖ് രംഗത്തെത്തി. 1973-ല്‍ വീണ്ടും കുര്‍ദുകളും ഇറാഖ് ഭരണകൂടവും രണ്ടു വഴിക്ക് പിരിഞ്ഞു. കുര്‍ദുകളും ഇറാഖ് ഭരണകൂടവും നിരന്തരം ഏറ്റമുട്ടി. 1979-ല്‍ മുസ്തഫ ബര്‍സാനിയുടെ മരണത്തിന് പിന്നാലെ മകന്‍ മസൂദ് ബര്‍സാനി കെ.ഡി.പിയുടെ തലപ്പത്തെത്തി. 1970-ല്‍ സ്വയംഭരണാവകാശം ലഭിച്ചെങ്കിലും അത് ഒരിക്കലും യാഥാര്‍ഥ്യമായില്ല.
അതിനിടെ, കുര്‍ദുകള്‍ക്ക് തിരിച്ചടിയായ പല സംഭവങ്ങളും മറ്റ് രാജ്യങ്ങളിലുണ്ടായി. 1962-ല്‍ സിറിയയിലെ ഒരു ഗവര്‍ണറേറ്റില്‍ നടന്ന സെന്‍സസിന് പിന്നാലെ 1.2 ലക്ഷം കുര്‍ദുകള്‍ക്ക് പൗരത്വം നഷ്ടമായി. 1945-ന് മുമ്പ് തങ്ങള്‍ സിറിയയില്‍ ജീവിച്ചിരുന്നുവെന്ന് തെളിയിക്കാന്‍ കഴിയാതെ പോയവരായിരുന്നു വിലാസമില്ലാത്തവരായി തീര്‍ന്നത്. ഇവര്‍ക്ക് വോട്ടവകാശവും സ്വത്ത് കൈവശംവെക്കുന്നതും വ്യവസായം നടത്തുന്നതും നിഷേധിക്കപ്പെട്ടു. നിയമപരമായി വിവാഹം ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥ വന്നു. അന്നു മുതലുള്ള നിരന്തര പ്രതിഷേധങ്ങളുടെ ഫലം 2011-ല്‍ മാത്രമാണ് ലഭ്യമായിത്തുടങ്ങിയത്. 62-ല്‍ പൗരത്വം നഷ്ടമായവരില്‍ കുറച്ചു പേര്‍ക്ക് രേഖകള്‍ നല്‍കാമെന്ന് പ്രസിഡന്റ് ബഷര്‍ അല്‍ അസ്സാദ് ഉറപ്പുനല്‍കി. ഇതിനിടെ, എണ്ണയടക്കമുള്ള പ്രകൃതി സമ്പത്ത് കൂടുതലായുള്ള തുര്‍ക്കി അതിര്‍ത്തിക്ക് സമീപമുള്ള സിറിയന്‍ പ്രദേശത്ത് അറബ് ബെല്‍റ്റ് നിര്‍മ്മിക്കാന്‍ സിറിയന്‍ ഭരണാധികാരി ഹാഫിസ് അല്‍ അസ്സദ് തീരുമാനിച്ചു.
അമേരിക്കയുടെ തീവ്രവാദ വിരുദ്ധ പോരാളികള്‍, തുര്‍ക്കിക്ക് തീവ്രവാദികള്‍
വടക്ക് കിഴക്കന്‍ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ നേരിടാന്‍ വിശ്വസിക്കാവുന്ന സഖ്യകക്ഷികളെ ആവശ്യമായിരുന്നു യു.എസിന്. അറബ് ഗ്രൂപ്പുകള്‍ക്കൊപ്പം കുര്‍ദുകള്‍ക്ക് വേണ്ടി നിലകൊള്ളുന്ന വൈ.പി.ജിയുമായും അമേരിക്ക ഐ.എസിനെതിരെ കൈകോര്‍ത്തു. ഈ കൂട്ടായ്മയെ സിറിയന്‍ ജനാധിപത്യ സേനയെന്ന് അറിയപ്പെട്ടു. അമേരിക്കയ്ക്ക് പുറമേ ബ്രിട്ടനും ഫ്രാന്‍സും ഇറ്റലിയും സേനയ്ക്ക് ആയുധങ്ങള്‍ നല്‍കി. ഐ.എസിനെതിരായ അമേരിക്കന്‍ സഖ്യത്തിന്റെ മുന്നേറ്റം കുര്‍ദുകള്‍ ശക്തി നേടുന്നതായി വിലയിരുത്തിയ എര്‍ദോഗന്‍, അവര്‍ അതിര്‍ത്തി കടന്ന് തങ്ങള്‍ക്കു മുകളിലും ആക്രമണം നടത്തിയേക്കുമെന്ന് സംശയിച്ചു. തുര്‍ക്കിക്കെതിരെ നിരന്തരം ആക്രമണം നടത്തുന്ന പി.കെ.കെ. ഉള്‍പ്പെടെയുള്ളവര്‍ക്ക് അമേരിക്കന്‍ സഹായം ലഭിക്കുന്നതായി എര്‍ദോഗന്‍ സംശയിച്ചു. ഐ.എസിനെതിരായ പോരാട്ടത്തേക്കാള്‍ പ്രാധാന്യം എര്‍ദോഗന്‍ പി.കെ.കെയെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് നല്‍കി. വടക്ക്- കിഴക്കന്‍ സിറിയയിലെ കുര്‍ദുകളെ പി.കെ.കെയുമായി ബന്ധമുള്ളവരെന്നാണ് തുര്‍ക്കി കണക്കാക്കി വരുന്നത്. എന്നാല്‍, പി.കെ.കെയെ അമേരിക്ക തീവ്രവാദികളുടെ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.
.jpg?$p=3ca10ba&&q=0.8)
2019 ഒക്ടോബര്‍ ഏഴിന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു പ്രഖ്യാപനം നടത്തി. വടക്ക്- കിഴക്കന്‍ സിറിയയില്‍നിന്നു തങ്ങളുടെ സേനയെ പിന്‍വലിക്കുന്നുവെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. പ്രസിഡന്റിന്റെ ഈ തീരുമാനം അമേരിക്കയില്‍ വലിയ വിമര്‍ശനത്തിന് വഴിവെച്ചു. അമേരിക്ക മേഖലയില്‍നിന്നു പിന്മാറുന്നതോടെ മേഖലയില്‍ തുര്‍ക്കി തങ്ങളുടെ ചിരവൈരികളായ കുര്‍ദിസ്താന്‍വാദികള്‍ക്ക് മുകളില്‍ ആക്രമണം ചൊരിയുമെന്നും അത് ഐ.എസിനെതിരായ തങ്ങളുടെ പോരാട്ടത്തില്‍ വിശ്വസനീയ പങ്കാളികളെ നഷ്ടപ്പെടുത്താന്‍ മാത്രമേ സാഹായിക്കൂവെന്ന് അമേരിക്കയിലെ നിരീക്ഷകര്‍ വാദിച്ചു. എന്നാല്‍, തങ്ങള്‍ക്ക് മെച്ചമുള്ള ഇടങ്ങളില്‍ മാത്രമേ ഇനി യുദ്ധമുള്ളൂവെന്നും വിജയിക്കാന്‍ വേണ്ടി മാത്രമേ പോരാടുകയുള്ളൂവെന്നും ട്രംപ് നിലപാടെടുത്തു. വിജയിക്കാന്‍ വേണ്ടി മാത്രമേ പോരാടുകയുള്ളുവെന്ന പ്രഖ്യാപനത്തിന് മറ്റൊരു അര്‍ഥമുണ്ടായിരുന്നു, വിജയിക്കുന്ന യുദ്ധങ്ങള്‍ മാത്രമേ പോരാടുകയുള്ളൂവെന്ന്..
സിറിയന്‍ ജനാധിപത്യസേനയില്‍ (എസ്.ഡി.എഫ്) വൈ.പി.ജിയ്ക്കായിരുന്നു മുന്‍തൂക്കമെങ്കിലും അതില്‍ മറ്റ് അറബ് സേനകളും ഉണ്ടായിരുന്നു. എന്നാല്‍, എസ്.ഡി.എഫിന്റെ തുടക്കം മുതല്‍ തന്നെ അമേരിക്കന്‍ സഹായം തങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിനുള്ള മൂലധനമാക്കി കുര്‍ദുകള്‍ മാറ്റുമെന്ന് തുര്‍ക്ക് ഭയമുണ്ടായിരുന്നു. അത് ഒരു പരിധിവരെ ശരിയുമായിരുന്നു. തുര്‍ക്കിയുടെ ഈ പരാതി ഇല്ലാതാക്കാനാണ് സിറിയന്‍ ജനാധിപത്യ സേനയെന്ന് ഐ.എസ്. വിരുദ്ധ സേനയ്ക്ക് പേര് നല്‍കിയതെന്ന ഒരു കഥപോലും അമേരിക്കയില്‍ പ്രചാരത്തിലുണ്ട്.
2016 മുതല്‍ ഐ.എസിനെതിരായ യുദ്ധം അമേരിക്കന്‍ സഖ്യം വിജയിച്ചുവരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. തന്ത്രപ്രധാനമായ പല നഗരങ്ങളും ഇസ്ലാമിക് സ്റ്റേറ്റില്‍നിന്നു എസ്.ഡി.എഫ്. പിടിച്ചെടുത്തു. എന്നാല്‍, വിജയങ്ങള്‍ക്കൊപ്പം തന്നെ അമേരിക്കയുടെ കുര്‍ദ് സഹായത്തില്‍ തുര്‍ക്കിയുടെ ആരോപണങ്ങളും ഏറിവന്നു. ഐ.എസിനെതിരായ കുര്‍ദുകളെ സഹായിച്ചുവരുമ്പോള്‍ തന്നെ നാറ്റോയില്‍ തുര്‍ക്കിയുമായി സഹകരണമുള്ള അമേരിക്കയ്ക്ക് തുര്‍ക്കിയെ പൂര്‍ണ്ണമായും അവഗണിച്ചുപോകാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല ഉണ്ടായിരുന്നത്. ഒരു ഫോണ്‍ കോളില്‍ എര്‍ദോഗന്‍ തന്റെ ആശങ്ക ട്രംപിനോട് നേരിട്ട് പങ്കുവെച്ചതിന് പിന്നാലെ സിറിയയില്‍നിന്ന് അമേരിക്കന്‍ സേനയെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചുകളഞ്ഞു. ഇതിന് പിന്നാലെ വടക്ക്- കിഴക്കന്‍ അമേരിക്കയിലേക്ക് കടന്നുകയറിയ തുര്‍ക്കി സേന കുര്‍ദുകള്‍ക്കെതിരെ വ്യാപക ആക്രമണം അഴിച്ചുവിടുകയും ചെയ്തു.

കുര്‍ദുകളുടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി
തുര്‍ക്കിയുമായുള്ള കുര്‍ദുകളുടെ നിരന്തര സംഘര്‍ഷം എപ്പോള്‍ ആരംഭിച്ചു എന്ന ചോദ്യത്തിന്, പലപ്പോഴും എത്തിച്ചേരുന്ന ഉത്തരം കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ രൂപീകരണത്തോടെ എന്നാണ്. തുര്‍ക്കിയുടെ തെക്ക്- കിഴക്കായി സ്വതന്ത്ര കുര്‍ദിസ്താന്‍ സാധ്യമാക്കണമെന്ന ലക്ഷ്യത്തോടെയാണ് കുര്‍ദി ഭാഷയില്‍ 'പാര്‍ട്ടിയ കര്‍കേരന്‍ കുര്‍ദിസ്താന്‍' എന്ന് അറിയപ്പെടുന്ന പി.കെ.കെ. രൂപംകൊള്ളുന്നത്. 1978-ലാണ് അബ്ദുള്ള ഓജാലിന്റെ നേതൃത്വില്‍ പി.കെ.കെ. സ്ഥാപിതമാകുന്നത്. എല്ലാ രാജ്യത്തേയും കുര്‍ദുകളെപ്പോലെ കടുത്ത അവഗണനയും വേട്ടയാടലുമായിരുന്നു തുര്‍ക്കിയിലും കുര്‍ദുകള്‍ ഏറ്റുവാങ്ങിയത്. ഇതിനു പ്രതിരോധമായും സ്വതന്ത്ര കുര്‍ദിസ്താന്റെ രൂപീകരണം, തുര്‍ക്കിക്കുള്ളില്‍ കുര്‍ദുകള്‍ക്ക് സ്വയംഭരണമോ കൂടുതല്‍ രാഷ്ട്രീയ അധികാരങ്ങളോ അനുവദിക്കുക തുടങ്ങിയവയായിരുന്നു പാര്‍ട്ടിയുടെ ലക്ഷ്യം.
തുടക്കത്തില്‍ പാര്‍ട്ടിക്ക് സ്വീകാര്യത ലഭിച്ചില്ലെങ്കിലും തുര്‍ക്കിയിലെ കുര്‍ദുകള്‍ക്കിടയില്‍ പതിയെ സ്വാധീനം ചെലുത്താന്‍ പാര്‍ട്ടിക്കായി. വിദ്യാര്‍ഥികളും സമൂഹത്തിന്റെ താഴേക്കിടയില്‍ ഉള്ളവരുമായിരുന്നു പ്രധാനമായും പി.കെ.കെയുടെ അംഗങ്ങള്‍. 1980-ല്‍ തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ഉണ്ടായതോടെ പാര്‍ട്ടിയുടെ നേതൃത്വം ഒന്നാകെ സിറിയയിലേക്ക് പോയി. ഇവിടെവെച്ച് പലസ്തീനിയന്‍ ഗ്രൂപ്പുകളുടെ അടക്കം പിന്തുണയോടെ ഓജാല്‍ തന്റെ അനുയായികള്‍ക്ക് സൈനിക പരീശിലനം നല്‍കി. 1980-കളില്‍ കെ.ഡി.പിയുടെ സഹായത്തോടെ വടക്ക്- കിഴക്കന്‍ ഇറാഖിലെ ക്യാമ്പുകളിലേക്ക് പി.കെ.കെയുടെ കുര്‍ദുകള്‍ എത്തി. ഇവിടെനിന്നും അവര്‍ 1984-ല്‍ തുര്‍ക്കിക്കെതിരെ സൈനിക നീക്കണം നടത്തി. അന്നു മുതല്‍ തുടര്‍ച്ചയായി പി.കെ.കെ. തുര്‍ക്കിക്കെതിരെ ആക്രമണം നടത്തിക്കൊണ്ടിരുന്നു. സര്‍ക്കാര്‍ നിര്‍മ്മിതികളേയും ഓഫീസുകളേയും മറ്റും ലക്ഷ്യമാക്കി ഇവര്‍ ഗൊറില്ല ഓപ്പറേഷനുകള്‍ നടത്തി.
1980-കള്‍ക്കും 90-കള്‍ക്കുമിടയില്‍ കുര്‍ദുകളും തുര്‍ക്കിയും നിരന്തരം ഏറ്റമുട്ടി. കിഴക്കന്‍ തുര്‍ക്കി വന്‍യുദ്ധങ്ങള്‍ക്ക് തന്നെ സാക്ഷിയായി. ഇറാഖിലെ കുര്‍ദിസ്താന്‍ മേഖലയിലേക്ക് തുര്‍ക്കി ആദ്യം വ്യോമാക്രമണവും പിന്നീട് കരവഴിയും ആക്രമണം നടത്തി. ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റമുട്ടല്‍ തുടര്‍ന്നു. ഒടുവില്‍ 1999 ഫെബ്രുവരിയില്‍ പി.കെ.കെ. തലവന്‍ ഓജാല്‍ കെനിയയുടെ തലസ്ഥാനമായ നെയ്റോബിയില്‍ വെച്ച് തുര്‍ക്കിയുടെ പിടിയിലായി. തുര്‍ക്കിയിലെത്തിച്ച ഓജാലിനെ വധശിക്ഷയ്ക്ക് വിധിച്ചു. എന്നാല്‍, 2004-ല്‍ വധശിക്ഷ എടുത്തുകളഞ്ഞ തുര്‍ക്കി ഓജാലിന്റെ ശിക്ഷ ജീവപര്യന്തം തടവാക്കി മാറ്റി.
കുര്‍ദുകള്‍ക്ക് പൂര്‍ണ്ണസ്വാതന്ത്ര്യമെന്നും സ്വന്തം രാജ്യമെന്നുമുള്ള ആവശ്യവുമായി സ്ഥാപിതമായ പി.കെ.കെ. പക്ഷേ, പലപ്പോഴായി അവരുടെ ലക്ഷ്യത്തില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരുന്നു. സ്വതന്ത്രരാഷ്ട്രമെന്ന ആവശ്യം പിന്നീട് അവര്‍ തുര്‍ക്കിക്കുള്ളില്‍ തന്നെ സ്വതന്ത്രഭരണം എന്നതിലേക്ക് മാറി. തുര്‍ക്കിയില്‍ തന്നെ തുല്യപരിഗണനയെന്ന ആവശ്യത്തിലേക്കും അവര്‍ വന്നു. രാജ്യമെന്ന ആവശ്യം ഉപേക്ഷിച്ച് പ്രാദേശിക ഭരണത്തില്‍ സ്വയംഭരണം എന്ന ആവശ്യത്തിലേക്കും ഓജാല്‍ മാറി. ഓജാല്‍ പിടിയിലായതോടെ പി.കെ.കെയ്ക്ക് അവരുടെ ലക്ഷ്യത്തിലും അതുവഴി പ്രവര്‍ത്തനത്തിലും അവ്യക്തതയും അനിശ്ചിതത്വവും ഉടലെടുത്തു. എങ്കിലും അവര്‍ തുര്‍ക്കിക്കെതിരെ പോരാടിക്കൊണ്ടിരുന്നു.
ഇതിന് തിരിച്ചടിയായി 2007-ല്‍ ഇറാഖിലടക്കം കടന്നുകയറി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പി.കെ.കെക്ക് എതിരായ സൈനിക ഓപ്പറേഷന് തുര്‍ക്കി പാര്‍ലമെന്റ് അനുമതി നല്‍കി. എന്നാല്‍, 2009-ല്‍ തുര്‍ക്കിയും പി.കെ.കെ. നേതാക്കളും നടത്തിയ രഹസ്യചര്‍ച്ചകളെ തുടര്‍ന്ന സമാധാനനീക്കങ്ങള്‍ക്ക് തീരുമാനമായി. ഉടമ്പടിയുടെ ഭാഗമായി 34 പി.കെ.കെ. സൈനികരേയും അഭയാര്‍ഥികളേയും മോചിപ്പിക്കാന്‍ തുര്‍ക്കി തീരുമാനിച്ചു. ഇതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ ആഘോഷം തുര്‍ക്കി ഭരണാധികാരികളെ പ്രകോപിപ്പിച്ചു. 2011 വരെ പലപ്പോഴായി അനുനയ ചര്‍ച്ചകള്‍ നടന്നു, എന്നാല്‍ എല്ലാം ഫലമില്ലാതെ പിരിയുകയായിരുന്നു. ഇതിനിടയില്‍ തന്നെ നിയമപരമായി പ്രവര്‍ത്തിക്കുന്ന കുര്‍ദ് പാര്‍ട്ടികളുടെ നേതാക്കളെ തുര്‍ക്കി അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ തുടങ്ങി. ഭീകരപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു എന്ന് ആരോപിച്ചായിരുന്നു അറസ്റ്റുകളെല്ലാം. 2012 ഡിസംബര്‍ മുതല്‍ ആരംഭിച്ച ചര്‍ച്ചകളുടെ ഭാഗമായി, തങ്ങളുടെ പിടിയിലായിരുന്ന എട്ടു തുര്‍ക്കി സൈനികരെ പി.കെ.കെ. വിട്ടയച്ചു. തുര്‍ക്കിയുടെ തടവിലിരിക്കെ തന്നെ ഓജാല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. എന്നാല്‍, രണ്ടര വര്‍ഷത്തോളമേ അതിന് ആയുസ്സുണ്ടായിരുന്നുള്ളു.

കുര്‍ദുകള്‍ ഇറാനിലും ഇറാഖിലും
അരാരത്ത്- സാഗ്രോസ് മലനിരകള്‍ക്ക് ഇടയിലായാണ് ഇറാനിലെ കുര്‍ദിസ്താന്‍ വ്യാപിച്ചു കിടക്കുന്നത്. ഇറാഖുമായും തുര്‍ക്കിയുമായും അര്‍മേനിയയുമായും ഈ മേഖല അതിര്‍ത്തി പങ്കിടുന്നു. സുന്നി- ഷിയാ മുസ്ലിംകള്‍ക്ക് പുറമേ ഇസ്ലാമിന് മുമ്പ് ഉണ്ടായിരുന്നെന്ന് അവകാശപ്പെടുന്ന കുര്‍ദ് മതമായ യാര്‍സനില്‍പ്പെട്ടവരും ഈ മേഖലയില്‍ അധിവസിക്കുന്നു. 1979-ല്‍ ഷാ ഭരണകൂടത്തിനെതിരെ ആയത്തുള്ള ഖൊമൈനിയുടെ നേതൃത്വത്തില്‍ നടന്ന ഇസ്ലാമിക വിപ്ലവത്തില്‍ പോരാടിയെങ്കിലും, അധികാരത്തിലെത്തിയ ശേഷം ഖൊമൈനി കുര്‍ദ് ജനതയ്‌ക്കെതിരെ ജിഹാദ് പ്രഖ്യാപിച്ചു.
ഇറാനില്‍ ജനാധിപത്യവും സ്വയംഭരണാവകാശവുമായിരുന്നു കുര്‍ദുകളുടെ ആവശ്യം. എന്നാല്‍, അവര്‍ക്കെതിരെ ഖൊമൈനി ഭരണകൂടം കടുത്ത സാമ്പത്തിക- സൈനിക- മാനസിക യുദ്ധമാണ് അഴിച്ചുവിട്ടത്. ഇത് തങ്ങളെ വലിയ വംശഹത്യയിലേക്ക് വഴിവെച്ചെന്ന് കുര്‍ദ് സംഘടനകള്‍ ആരോപിക്കുന്നു. ഇറാനിലെ കുര്‍ദുകളുടെ അവസ്ഥ യാതൊരു മാറ്റവുമില്ലാതെ തുടരുന്നെന്ന് അടുത്തിടെയുണ്ടായ മഹ്‌സ അമീനിയുടെ മരണം ചൂണ്ടിക്കാട്ടി കുര്‍ദ് ഗ്രൂപ്പുകള്‍ അവകാശപ്പെടുന്നു. ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ഇറാനിലെ സദാചാര പോലീസ് ഗഷ്‌തെ ഇര്‍ഷാദ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി എന്ന 22-കാരിയുടെ മരണം വലിയ പ്രക്ഷോഭങ്ങള്‍ക്കായിരുന്നു വഴിവെച്ചത്.
താരതമ്യേന ശാന്തമായി ജീവിക്കുന്ന ജനതയെന്നാണ് ഇറാഖി കുര്‍ദുകള്‍ അറിയപ്പെടുന്നത്. കുര്‍ദുകള്‍ക്ക് ഭൂരിപക്ഷമുള്ള വടക്കന്‍ ഇറാഖില്‍ സ്വയംഭരണാധികാരമുണ്ട്. എന്നാല്‍, സദ്ദാം ഹുസൈന്റെ കാലത്ത് കടുത്ത പീഡനമായിരുന്നു കുര്‍ദ് ജനത അനുഭവിക്കേണ്ടി വന്നത്. 1988-ല്‍ കുര്‍ദ് പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സദ്ദാം ഹുസൈന്‍ രാസായുധം ഉപയോഗിക്കുകപോലും ചെയ്തു. അന്ന് അയ്യായിരം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 1991-ലും 2003-ലും യു.എസിന്റെ നേതൃത്വത്തില്‍ സദ്ദാമിനെതിരെ നടന്ന യുദ്ധങ്ങളില്‍ കുര്‍ദുകള്‍ സജീവമായി പങ്കെടുത്തു. സദ്ദാമിന്റെ പതനത്തിന് ഇടയാക്കിയ 2003-ലെ യുദ്ധത്തെത്തുടര്‍ന്നാണ് കുര്‍ദുകള്‍ക്ക് കൂടുതല്‍ മികച്ച സാഹചര്യം ലഭിക്കാന്‍ തുടങ്ങിയത്. 2005-ലാണ് ഇറാഖി കുര്‍ദിസ്താന്‍ യാഥാര്‍ഥ്യമാകുന്നത്.
പെഷ്മര്‍ഗ എന്ന പേരില്‍ സൈന്യവും ഇവര്‍ക്കുണ്ട്. കുര്‍ദിസ്താനെ വേര്‍പ്പെടുത്തി സ്വതന്ത്രരാജ്യമാക്കാന്‍ ഇറാഖ് സര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ക്കിടയിലും കുര്‍ദുകള്‍ ഹിതപരിശോധന നടത്തി. പങ്കെടുത്ത 76 ശതമാനം പേരില്‍ 93 ശതമാവും അനുകൂലമായി വിധിയെഴുതി. എന്നാല്‍, ഇറാഖിന് പുറമേ, തുര്‍ക്കിയും ഇറാനും ബ്രിട്ടനും അമേരിക്കയും എതിര്‍ത്തതോടെ കുര്‍ദുകള്‍ ആവശ്യം നിരസിച്ചു. സ്വതന്ത്ര കുര്‍ദ് രാജ്യം വരുന്നതോടെ തങ്ങളുടെ എണ്ണ സമ്പന്നമായ അഞ്ചിലൊരു ഭാഗം നഷ്ടപ്പെടുമെന്നായിരുന്നു ഇറാഖിന്റെ ആശങ്ക. അതിര്‍ത്തിവഴി തങ്ങളുടെ രാജ്യത്തെ കുര്‍ദുകളെ സംഘടിപ്പിച്ച്, വിശാല കുര്‍ദിസ്താന്‍ രൂപീകരണ ശ്രമം നടത്തുമെന്നായിരുന്നു തുര്‍ക്കിയും ഇറാനും ഭയപ്പെട്ടത്.
ഭരണത്തിലെത്തിയത് മുതല്‍ കുര്‍ദുകള്‍ക്കെതിരെ കടുത്ത നിലപാടാണ് തുര്‍ക്കി ഭരണാധികാരി എര്‍ദോഗന്‍ കൈക്കൊള്ളുന്നത്. സ്വന്തം അതിര്‍ത്തിക്കുള്ളില്‍ മാത്രമല്ല, ഇറാഖിന്റേയും സിറിയയുടേയും അതിര്‍ത്തി കടന്നും എര്‍ദോഗന്‍ കുര്‍ദ് വിരുദ്ധ ഓപ്പറേഷനുകള്‍ക്ക് സമ്മതം നല്‍കുന്നു. വടക്കന്‍ ഇറാഖുമായി ചേര്‍ന്നു കിടക്കുന്ന തുര്‍ക്കിയുടെ തെക്കന്‍മേഖലകളില്‍ കുര്‍ദുകള്‍ക്ക് എര്‍ദോഗന്‍ ഭരണത്തോട് വലിയ എതിര്‍പ്പാണുള്ളത്. ഇതിന്റെ പേരില്‍ പി.കെ.കെയും തുര്‍ക്കി സര്‍ക്കാരും നിരന്തരം ഏറ്റമുട്ടുന്നു. രാജ്യത്തെ ഭീകരാക്രമണങ്ങള്‍ക്ക് പിന്നലെല്ലാം ഈ സംഘടനയാണെന്ന് സംശയമേതുമില്ലാതെ എല്ലാ അവസരത്തിലും എര്‍ദോഗന്‍ വിളിച്ചുപറയുന്നു. എന്നാല്‍, ജീവപര്യന്തം ശിക്ഷയില്‍ 22 വര്‍ഷമായ ജയിലില്‍ കഴിയുന്ന ഓജാലിന്റെ അഭാവത്തില്‍ ലക്ഷ്യമില്ലാതെയാണ് പി.കെ.കെയുടെ നീക്കങ്ങള്‍ തുടരുന്നതും.
Content Highlights: Who are the Kurds and why don't they have their own country
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..