സവർക്കറും ഗോൾവാൾക്കറും പാഠപുസ്തകം ആവുമ്പോൾ | വഴിപോക്കൻ


വഴിപോക്കൻ

വായിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്നും എന്നാൽ മഹത്വവത്കരിക്കാനാവില്ലെന്നും പിണറായി വിജയൻ പറയുന്നത് കൃത്യമാണ്. ഈ സൂക്ഷ്മതയും ജാഗ്രതയും ഉന്നത വിദ്യാഭ്യാസ മേഖലയിൽനിന്ന് അപ്രത്യക്ഷമാവുന്നത് ആശാവഹമല്ലെന്നും അതൊരു അപായ സൂചനയാണെന്നും പറയുക തന്നെ വേണം.

കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ പ്രതിഷേധങ്ങൾക്കിടെ പോലീസ് സഹായത്തോടെ ഓഫിസിലേക്കു പോവുന്നു | ഫോട്ടോ: മാതൃഭൂമി

ഴിഞ്ഞ വർഷം ജൂണിലാണ് ന്യൂയോർക്ക് ടൈംസിന്റെ എഡിറ്റോറിയൽ പേജിന്റെ ചുമതലയുണ്ടായിരുന്ന പ്രമുഖ പത്രപ്രവർത്തകൻ ജെയിംസ് ബെന്നറ്റ് രാജി വെച്ചത്. അമേരിക്കയിലെ മിനസോട്ടയിൽ പോലീസുകാർ ജോർജ് ഫ്ളോയിഡ് എന്ന കറുത്ത വർഗ്ഗക്കാരനെ നിർദ്ദയം കൊലപ്പെടുത്തിയതിനെത്തുടർന്നുണ്ടായ പ്രതിഷേധം കത്തിപ്പടരുന്നതിനടയിൽ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച ഒരു ലേഖനമാണ് ബെന്നറ്റിന്റെ രാജിക്ക് കാരണമായത്.

റിപ്പബ്ളിക്കൻ സെനറ്ററായ ടോം കോട്ടന്റേതായിരുന്നു ലേഖനം. സൈന്യത്തെ അയക്കൂ(Send in the troops) എന്ന ശീർഷകത്തിലുള്ള ലേഖനം പ്രതിഷേധക്കാർക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ടു. ടൈംസിനുള്ളിൽനിന്നും പൊതുസമൂഹത്തിൽനിന്നും അതിശക്തമായ എതിർപ്പാണ് ലേഖനം സൃഷ്ടിച്ചത്.

തങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ലേഖനമാണ് കോട്ടന്റേതെന്ന് ടൈംസിലെ കറുത്ത വർഗ്ഗക്കാരായ ജീവനക്കാർ പരസ്യമായി പ്രതികരിച്ചു. ഒടുവിൽ ടൈംസിലെ ജിവനക്കാർക്ക് അയച്ച കുറിപ്പിൽ പത്രത്തിന്റെ ഉടമയും പ്രസാധകനുമായ എ.ജി. സൾസ്ബർഗർ ഇങ്ങനെ എഴുതി: ''Last week we saw a significant breakdown in our editing processes, not the first we have experienced in recent years. James and I agreed that it would take a new team to lead the department through a period of considerable change.'' അതായത് എഡിറ്റിങ്ങിൽ വീഴ്ചയുണ്ടായെന്നും ഇനിയങ്ങോട്ട് പുതിയൊരു ടീമായിരിക്കും എഡിറ്റോറിയൽ വിഭാഗത്തെ നയിക്കുകയെന്നും ബെന്നറ്റ് പുറത്തുപോവണമെന്നും സാരം.

ബെന്നറ്റിന്റെ രാജി ഇപ്പോൾ ഓർക്കാൻ കാരണം കണ്ണൂർ സർവ്വകലാശാലയിലെ വിവാദമാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളായ വി.ഡി. സവർക്കർ, എം.എസ്. ഗോൾവാൾക്കർ, ദീൻദയാൽ ഉപാദ്ധ്യായ, ബൽരാജ് മഥോക്ക് എന്നിവരുടെ രചനകൾ പാഠപുസ്തകമാക്കാനുള്ള സർവ്വകലാശാലയുടെ തീരുമാനമാണ് വെടിക്കെട്ടിന് തിരി കൊളുത്തിയിരിക്കുന്നത്. സവർക്കറെയും ഗോൾവാൾക്കറെയും വെച്ച് നോക്കുമ്പോൾ ദീൻദയാലും ബൽരാജും ചെറിയ മീനുകളാണ്. അതുകൊണ്ട് നമുക്ക് കൊമ്പൻ സ്രാവുകളെ നോക്കാം.

സർവ്വകലാശാലകൾ അതിന്റെ ഘടന കൊണ്ടും സ്വഭാവം കൊണ്ടും ഒരു സവിശേഷ വർഗ്ഗത്തെയാണ് പ്രതിധീകരിക്കുന്നത്. അത്തരമൊരു സ്ഥാപനം പാഠ്യപദ്ധതി തയ്യാറാക്കുമ്പോൾ അതിൽ തീർച്ചയായും ഒരു തിരഞ്ഞെടുപ്പുണ്ട്. സവർക്കറും ഗോൾവാൾക്കറും പഠിക്കപ്പെടേണ്ടവരാണ് എന്നൊരു തീർപ്പാണത്. ഗാന്ധിജിക്കും നെഹ്‌റുവിനും കാഞ്ച ഐലയയ്ക്കുമൊപ്പം സവർക്കറെയും ഗോൾവാൾക്കറെയും പ്രതിഷ്ഠിക്കുന്ന ഈ തീരുമാനത്തിൽ പ്രശ്നമൊന്നുമില്ലെന്ന് സർവ്വകലാശാല വി.സി. പറയുന്നതിനെ അവഗണിക്കാനാവില്ല.

വളരെ കൃത്യമായൊരു രാഷ്ട്രീയം ഈ തീരുമാനത്തിലും വി.സിയുടെ ന്യായീകരണത്തിലുമുണ്ട്. ഒരുപക്ഷേ, ഈ രാഷ്ട്രീയം അതിന്റേതായ ആഴത്തിൽ വി.സി. തന്നെ തിരിച്ചറിയണമെന്നില്ല. അങ്ങിനെ ഒരു തിരിച്ചറിവ് ഉണ്ടായിരുന്നെങ്കിൽ ഇത്രയും ആവേശത്തോടെ ഈ തീരുമാനം ന്യായീകരിക്കാൻ വി.സി. ഒരുമ്പെടുമായിരുന്നില്ല. ഒരു പ്രത്യയശാസ്ത്രം അതിന്റെ വേരുകൾ പടർത്തുന്നത് എത്രമാത്രം സമർത്ഥമായാണെന്ന് തന്നെയാണ് കണ്ണൂർ സർവ്വകലാശാല പാഠ്യപദ്ധതിയിലേക്കുള്ള ഗോൾവാൾക്കറുടെയും സവർക്കറുടെയും വരവ് വിളിച്ചുപറയുന്നത്.

1943-ൽ ബി.ആർ. അംബദ്കർ മൂന്ന് പ്രശസ്തരെക്കുറിച്ച് ഒരു പ്രസംഗ പരമ്പര നടത്തി. മഹാദേവ് ഗോവിന്ദ് റാനഡെ, ഗാന്ധി, ജിന്ന എന്നിവരെക്കുറിച്ചുള്ള ഈ പ്രഭാഷണ പരമ്പരയിൽ അംബദ്കർ ഉയർത്തുന്ന ഒരു ചോദ്യം ഇതാണ്: ''ആരെയാണ് മഹാൻ എന്ന് വിളിക്കാനാവുക?''

ഈ ചോദ്യത്തിന് അംബദ്കർ നൽകുന്ന ഉത്തരം തൊട്ടു പിന്നാലെയുണ്ട്. ''ഒരു പ്രതിസന്ധിയിൽനിന്നു സമൂഹത്തെ രക്ഷിക്കാനുള്ള വഴി കണ്ടെത്തുന്നയാൾ, ഉദ്ദേശ്യശുദ്ധിയും ബുദ്ധിയും കൈമുതലായുള്ള ആൾ. സമൂഹത്തിന്റെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നയാളാണ് മഹാനായ വ്യക്തി. വെറുപ്പും ഹിംസയും പരത്തുന്നവരെ ഒരിക്കലും മഹാനെന്ന് വിളിക്കാനാവില്ല.'' അംബദ്കറുടെ വാക്കുകൾ മുൻനിർത്തി സവർക്കറെയും ഗോൾവാൾക്കറെയും പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന എ.ജി. നൂറാനിയുടെ വിശദവും സമഗ്രവുമായ ലേഖനങ്ങളുണ്ട്.

ജനാധിപത്യ ഇന്ത്യയ്ക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വങ്ങളല്ല സവർക്കറും ഗോൾവാൾക്കറും എന്ന പരികൽപനയിലേക്കാണ് വിശദവും സമഗ്രവുമായ ഈ പഠനങ്ങൾ നൂറാനിയെ എത്തിക്കുന്നത്. ജിന്ന ഏറ്റെടുക്കുന്നതിനും രണ്ട് പതിറ്റാണ്ടുകൾ മുമ്പേ ദ്വിരാഷ്ട്ര വാദം മുന്നോട്ടുവെച്ചയാളാണ് സവർക്കർ എന്ന് നൂറാനി ചൂണ്ടിക്കാട്ടുന്നുണ്ട്. ഗാന്ധി വധത്തിനു ശേഷം 1948 ഫെബ്രുവരി 27-ന് നെഹ്‌റുവിന് എഴുതിയ കത്തിൽ അന്ന് ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയായിരുന്ന സർദാർ വല്ലഭ്ഭായ് പട്ടേൽ പറഞ്ഞത് ഇതാണ്: ''ബാപ്പുവിന്റെ വധത്തെക്കുറിച്ചുള്ള അന്വേഷണം നിത്യേനയെന്നോണം ഞാൻ വിലയിരുത്തുന്നുണ്ട്. സവർക്കറുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഹിന്ദുമഹാസഭയിലെ ഒരു തീവ്രവിഭാഗമാണ് ഗൂഢാലോചന നടത്തിയതും അതിന്റെ നിറവേറൽ ഉറപ്പു വരുത്തിയതും.''

'ദേശീയ നായകൻ?' എന്ന പേരിൽ 2004-ൽ ഫ്രണ്ട്ലൈനിൽ സവർക്കറെക്കുറിച്ച് എഴുതിയ ലേഖനം നൂറാനി അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ''1942-ൽ കോൺഗ്രസിന്റെ ക്വിറ്റ് ഇന്ത്യ സമ്മേളനം അഭിസംബോധന ചെയ്തുകൊണ്ട് ഗാന്ധിജി പറഞ്ഞു: ''ഡോക്ടർ മൂഞ്ചേയെയും സവർക്കറെയും പോലുള്ള ഹിന്ദുക്കൾ വാളിന്റെ പ്രത്യയശാസ്ത്രത്തിലാണ് വിശ്വസിക്കുന്നത്. മുസ്ലിങ്ങളെ ഹിന്ദു അധീശത്വത്തിന് കീഴിൽ നിർത്താനാണ് അവരുടെ ശ്രമം. ഞാൻ അവരുടെ പ്രതിനിധിയല്ല. ''

ഗോൾവാൾക്കറും സവർക്കറും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതേതരത്വവും ബഹുസ്വരതയും നിരാകരിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കളും പ്രയോക്താക്കളുമാണവർ. ഇവരെ ഗാന്ധിജിക്കും നെഹ്‌റുവിനുമൊപ്പം പ്രതിഷ്ഠിക്കുന്ന പ്രവൃത്തി നിഷ്‌കളങ്കമാണെന്ന് കരുതാനാവില്ല.

വ്യത്യസ്ത ചിന്താധാരകൾ വിമർശനാത്മകമായി സമീപിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വി.സി. പറയുന്നത്. അങ്ങിനെയാണെങ്കിൽ 'എന്തുകൊണ്ട് ഞാൻ ഗാന്ധിയെ കൊന്നു?' എന്ന തലക്കെട്ടിലുള്ള ഗോഡ്സെയുടെ ന്യായീകരണം പാഠ്യവിഷയമാക്കുമോ? കറുത്തവരെ മാറ്റി നിർത്തിയ വർണവിവേചനത്തെ ന്യായീകരിക്കുന്ന രചനകൾ സിലബസിൽ ഉൾപ്പെടുത്തുമോ? ജനാധിപത്യം പാടേ നിരാകരിക്കുന്ന താലിബാന്റെ പ്രത്യയശാസ്ത്ര വിചാരങ്ങൾ കോളേജ് വിദ്യാർത്ഥികൾ പഠിക്കട്ടെ എന്ന് പറയുമോ? അടിമത്തം മാനവരാശിയുടെ നിലനിൽപിന് ആവശ്യമാണെന്ന നിലപാട് മുന്നോട്ടുവെയ്ക്കുന്ന കൃതികൾ പാഠ്യവിഷയമാക്കാൻ സർവ്വകലാശാല തയ്യാറാവുമോ?

ഗോൾവാൾക്കറുടെയും സവർക്കറുടെയും സൃഷ്ടികൾ നിരോധിക്കപ്പെട്ടിട്ടില്ല. വായിക്കണമെന്നുള്ളവർക്കും പഠിക്കണമെന്നുള്ളവർക്കും അത് സ്വമേധയാ ചെയ്യാവുന്നതാണ്. ഈ കൃതികൾ വായിക്കപ്പെടണ്ടവയാണ് എന്നതിലും തർക്കമില്ല. ഹിന്ദുത്വ എന്താണെന്ന് മനസ്സിലാക്കാൻ ഈ രചനകൾ വായിക്കുക തന്നെ വേണം. പക്ഷേ, ഒരു വിദ്യാഭ്യാസ പദ്ധതിയിൽ ഈ രചനകൾ ഉൾപ്പെടുത്തുമ്പോൾ അതിന്റെ മാനവും തലവും മാറുന്നു.

അങ്ങനെയുള്ളൊരു പരിസരത്തിലാണ് ന്യൂയോർക്ക് ടൈംസിൽനിന്ന് ജെയിംസ് ബെന്നറ്റിന് രാജി വെയ്ക്കേണ്ടി വന്നത്. വ്യത്യസ്ത വീക്ഷണങ്ങൾ കൊടുക്കുക എന്ന നയം മുൻനിർത്തിയുള്ള നടപടിയായിരുന്നു ടോം കോട്ടന്റെ ലേഖനം പ്രസിദ്ധീകരിച്ചതിലുണ്ടായതെന്ന ബെന്നറ്റിന്റെ വാദം അംഗീകരിക്കപ്പെട്ടില്ല. മറുവശം കൊടുക്കുന്നുവെന്ന പേരിൽ വിഷം നിറച്ച പാനപാത്രങ്ങൾ വെച്ചുനീട്ടിയാൽ അവ തിരസ്‌കരിക്കണോ സ്വീകരിക്കണോ എന്നുള്ളതാണ് അടിസ്ഥാനപരമായ ചോദ്യം.

സ്വീകരിക്കുന്നതിൽ കുഴപ്പമില്ലെന്നാണ് വി.സി. പറയുന്നത്. പക്ഷേ, കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും അതിലെ അപകടം കാണാതിരിക്കുന്നില്ല. വായിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്നും എന്നാൽ മഹത്വവത്കരിക്കാനാവില്ലെന്നും പിണറായി വിജയൻ പറയുന്നത് കൃത്യമാണ്. ഈ സൂക്ഷ്മതയും ജാഗ്രതയും ഉന്നത വിദ്യാഭ്യാസ മേഖലയിൽനിന്ന് അപ്രത്യക്ഷമാവുന്നത് ആശാവഹമല്ലെന്നും അതൊരു അപായ സൂചനയാണെന്നും പറയുക തന്നെ വേണം. സ്വാതന്ത്ര്യത്തിന്റെ വില നിതാന്ത ജാഗ്രതയാണെന്ന് നമുക്ക് ഒരിക്കലും മറക്കാനാവില്ല.

വഴിയിൽ കേട്ടത്: ലൗ ജിഹാദിന് പിന്നാലെ നാർകോട്ടിക് ജിഹാദുമെന്ന് പാലാ മെത്രാൻ. ബൈബിൾ വായിക്കേണ്ട സമയത്ത് പി.സി. ജോർജിന് പഠിക്കാൻ പോയാൽ ഇതും ഇതിലപ്പുറവും തോന്നും!

Content Highlights: When Savarkar and Golwalkar became text books | Vazhipokkan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


amritha

'സംഗീത പരിപാടിയില്ലെങ്കിലും ഞാന്‍ ജീവിക്കും'; തേയില നുള്ളി രസിച്ച് അമൃത

May 2, 2022

Most Commented